ആഘാതം എന്താകും? ദുല്‍ഖര്‍ സെക്കന്റ് ഷോയിലും പ്രണവ് 'ആദി'ഷോയിലും വരുമ്പോള്‍

ആദ്യ സിനിമ വരുന്നതിനു മുന്‍പേ ഗ്ലോബല്‍ പ്രണവ് ഫാന്‍സ് അസോസിയേഷന്‍ നിലവില്‍ വന്നു കഴിഞ്ഞു. താര'രാജാവിന്റെ' മകന് ആശംസ നേരാന്‍ മനോരമ പരസ്യ പേജും ഒരുക്കി- പ്രണവിന്റെ ആദി പാളാനുള്ള സാധ്യതകള്‍ ഇവയാണ്

ആഘാതം എന്താകും? ദുല്‍ഖര്‍ സെക്കന്റ് ഷോയിലും പ്രണവ് ആദിഷോയിലും വരുമ്പോള്‍

മലയാളിക്ക് പ്രിയപ്പെട്ട രണ്ട് 'മ'ക്കള്‍- മമ്മൂട്ടിയും മോഹന്‍ലാലും. 1971ല്‍ അനുഭവങ്ങള്‍ പാളിച്ചകളിലൂടെ സിനിമയിലെത്തിയ മമ്മൂട്ടിയും ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷം 1980ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വിടര്‍ന്ന മോഹന്‍ലാലും വ്യക്തിക്കപ്പുറം പ്രസ്ഥാനമാണ്. മമ്മൂട്ടിയെയാണോ, മോഹന്‍ലാലിനെയാണോ ഇഷ്ടം എന്ന വിധം മലയാളി രണ്ടാണ്. ഓരോ അഭിമുഖങ്ങളിലും സിനിമക്കാര്‍ നേരിടുന്ന കുഴയ്ക്കുന്ന ചോദ്യമാണ് ഇവരിലാരെയാണ് ഇഷ്ടമെന്നത്. പ്രണവ് ബാലതാരമായി സിനിമയില്‍ എത്തിയപ്പോള്‍ മുതല്‍ ആളുടെ ഏരിയ സിനിമയെന്ന് ഉറപ്പിച്ചിരുന്നതാണ്. എന്നാണ് വരവെന്നേ അറിയേണ്ടിയിരുന്നുള്ളു. ചാര്‍ളിയിലെ ദുല്‍ഖറിനെ പോലെ ലോകം ചുറ്റുന്ന സഞ്ചാരിയാണ് പ്രണവ് എന്ന ഉത്തരത്തില്‍ മലയാളി സംതൃപ്തമായി പോവുകയായിരുന്നു. ചെരിപ്പിടാതെ ഒറ്റ വേഷത്തില്‍ അലഞ്ഞു തിരിയുന്ന ദേശാടനക്കിളിയായി പ്രണവ് മനസുകളില്‍ പതിഞ്ഞു. പക്ഷെ, സിനിമ പ്രവേശം ഉറപ്പിച്ച് പ്രണവ് ജിത്തു ജോസഫിന്റെ സഹസംവിധായകനായി. ഇപ്പോള്‍ അതേ ജിത്തു സംവിധാനം ചെയ്യുന്ന ആദിയിലൂടെ പ്രണവ് നായകനമുമാകുന്നു.

ഒച്ചബഹളങ്ങളില്ലാതെ സിനിമാ തീയറ്ററിലെത്തുകയും പ്രേക്ഷകരുടെ കയ്യടിയില്‍ പ്രണവ് ഉയരുന്നതുമാണ് ഉറപ്പുള്ള സമവാക്യം. പക്ഷെ, ആദിയുടെ പിന്നണിക്കാര്‍ പ്രണവിനെ എടുത്തുയര്‍ത്തുന്നത് കാണുമ്പോള്‍, വീണാലുണ്ടാകുന്ന ആഘാതം കൈയ്യെത്തും ദൂരത്തുണ്ട്.

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. ചില കുടുംബ ചിത്രങ്ങളില്‍ കാണാറുണ്ടെന്നു മാത്രം. കുറേ പുതുമുഖ കലാകാരന്മാരുടെ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സിനിമയിലേയ്ക്ക് വരുന്നു. ആളാരവങ്ങളില്ലാതെ തികച്ചും സാധാരണമായ ഒരു വരവ്. ഇന്‍ട്രൊഡക്ഷന്‍ സീന്‍ പോലുമില്ലാതെ നൈസായി നേര്‍ത്തൊരു ഇരുട്ടില്‍ നിന്ന് വന്നു കയറി. മകന്റെ വരവറിയിച്ച് മമ്മൂട്ടി പോസ്റ്റിട്ടില്ല. സിനിമ വരും മുന്‍പ് ഗ്ലോബല്‍ ദുല്‍ഖര്‍ ഫാന്‍സ് അസോസിയേഷന്‍ ഉണ്ടായില്ല. ആ ചെറിയ സിനിമ ആവശ്യപ്പെടുന്നത്ര ലളിതമായ പ്രചാരണം മാത്രം. സിനിമ കണ്ടവരാണ് ഇഷ്ടപ്പെട്ടെന്ന് പറഞ്ഞത്. ദക്ഷിണേന്ത്യയിലെ യുവതാര നിരയിലെ വിലപിടിച്ച താരമാണ് ദുല്‍ഖറിന്ന്. മകന്റെ കരിയറില്‍ ഒരിക്കലും ഇടപെടാത്ത അച്ഛനാണ് മലയാളിയെ സംബന്ധിച്ച് മമ്മൂട്ടി. പൃഥിരാജും ഫഹദും ഇതേ നിലയ്ക്ക് പ്രേക്ഷകരുടെ കയ്യടി നേടിയാണ് കരിയറുറപ്പിച്ചത്.


എന്നാല്‍, പ്രണവിന്റെ കാര്യം അങ്ങനെയല്ല. മമ്മൂട്ടിയും മോഹന്‍ലാലും നടുക്കു നിര്‍ത്തി പ്രണവിനെ ആനയിക്കുന്നു. ഗ്ലോബല്‍ പ്രണവ് ഫാന്‍സ് അസോസിയേഷന്റെ പോസ്റ്ററാണ് ആദ്യം പതിഞ്ഞത്. ജിത്തു ജോസഫിന്റെ വമ്പന്‍ സിനിമയിലൂടെയാണ് പ്രണവ് വരവുറപ്പിച്ചത്. ജിത്തുവാകട്ടെ ദൃശ്യത്തിനു ശേഷം മലയാളിയെ തുടര്‍ച്ചയായി നിരാശപ്പെടുത്തുകയും ചെയ്തു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സെക്കന്റ് ഷോ പോലെ സംവിധായകനടക്കം പുതുമുഖങ്ങളായ പരീക്ഷണ സിനിമയായിരുന്നു. സെക്കന്റ് ഷോയിലേതിനു സമാനമായ വില്ലന്‍ വേഷമായിരുന്നു മോഹന്‍ലാലിന്.

താരരാജാവിന്റെ മകന്റെ വരവിന് ആശംസ നേരാന്‍ മലയാള മനോരമ പ്രത്യേക പരസ്യ പേജടക്കം ഒരുക്കുന്നു. പ്രണവിന്റെ വരവ് വലിയ ആഘോഷത്തോടെയാണ്. പ്രതിഭ തെളിയിക്കുന്നതിനു മുന്‍പ്, മോഹന്‍ലാലിന്റെ 'ചെലവില്‍' നടക്കുന്ന ഈ പ്രണവോത്സവം ആദിയ്ക്ക് ഗുണകരമാകില്ല. പുലിമുരുകനിലെ ഡാഡി ഗിരിജയെ തന്നെ സിനിമയില്‍ വില്ലനാക്കിയതടക്കം അനാവശ്യ പ്രതീക്ഷ സിനിമയ്ക്കായി ഒരുങ്ങി. ഇങ്ങനെ അമിത പ്രതീക്ഷ നല്‍കിയാണ് ഫാസില്‍ ഫഹദിനെ കയ്യെത്തും ദൂരത്തിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. ആ വരവാണ് പ്രണവ് ഇപ്പോള്‍ ഓര്‍മ്മിപ്പിക്കുന്നത്.

പ്രണവ് മലയാളി യുവത്വത്തെ സംബന്ധിച്ച് ലോകസഞ്ചാരിയാണ്. ആ സഞ്ചാരങ്ങള്‍ തന്നെ യുവതയുടെ ഹരമാക്കിയ വ്യക്തിത്വമാണ് പ്രണവ്. ഒച്ചബഹളങ്ങളില്ലാതെ സിനിമാ തീയറ്ററിലെത്തുകയും പ്രേക്ഷകരുടെ കയ്യടിയില്‍ പ്രണവ് ഉയരുന്നതുമാണ് ഉറപ്പുള്ള സമവാക്യം. പക്ഷെ, ആദിയുടെ പിന്നണിക്കാര്‍ പ്രണവിനെ എടുത്തുയര്‍ത്തുന്നത് കാണുമ്പോള്‍, വീണാലുണ്ടാകുന്ന ആഘാതം കൈയ്യെത്തും ദൂരത്തുണ്ട്.

Read More >>