ഫേസ്ബുക്കില്‍ നിന്നും ഇറങ്ങിയ ഹര്‍ത്താലിനു പിന്നിലെ 'തീവ്രവാദികളെ' കണ്ടെത്തി കഴിഞ്ഞു!

ഫേസ്ബുക്ക് കൂട്ടായ്മയുടെ മറവില്‍ 'മുസ്ലീം ഭീകര സംഘടനകള്‍' കേരളത്തില്‍ അക്രമം നടത്തി എന്നാണ് സംഘപരിവാറിന്റെ പ്രചാരണം. ഇത് വാസ്തവമാണോ?

ഫേസ്ബുക്കില്‍ നിന്നും ഇറങ്ങിയ ഹര്‍ത്താലിനു പിന്നിലെ തീവ്രവാദികളെ കണ്ടെത്തി കഴിഞ്ഞു!

കത്വയിലും ഉനാവോ ക്രൂര പീഡനങ്ങളില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ആഹ്വാനം ചെയ്യപ്പെട്ട ഹര്‍ത്താലില്‍ പങ്കെടുത്തവരില്‍ നിന്ന് മുസ്ലീങ്ങളെ തെരഞ്ഞു പിടിച്ച് കസ്റ്റഡിയിലെടുത്തിരിക്കുകയാണല്ലോ. ഫേസ്ബുക്ക് കൂട്ടായ്മയുടെ മറവില്‍ 'മുസ്ലീം ഭീകര സംഘടനകള്‍' കേരളത്തില്‍ അക്രമം നടത്തി എന്നാണ് സംഘപരിവാറിന്റെ പ്രചാരണം. ഇത് വാസ്തവ വിരുദ്ധമാണ്. ഇന്ത്യയില്‍ വംശഹത്യ ലക്ഷ്യമിട്ട് ഹിന്ദു തീവ്രവാദികള്‍ നടത്തുന്ന ബലാത്സംഗങ്ങള്‍ക്കെതിരെ മുസ്ലീങ്ങളും ദളിതരും മാത്രമാണ് സംഘടിക്കുന്നത് എന്ന സംഘപരിവാര്‍ വാദം, അവര്‍ ആരെ ലക്ഷ്യമിടുന്നു എന്നതിന്റെ ഉദാഹരണം മാത്രമാണ്. ചാതുര്‍വര്‍ണ്യത്തിനു പുറത്തു നിര്‍ത്തി കൊന്നു തീര്‍ക്കാന്‍ സംഘപരിവാര രാഷ്ട്രീയം തീരുമാനിച്ചിരിക്കുന്ന എല്ലാവരും സംഘടിക്കുകയാണ്. അതൊരു ഒറ്റക്കരുത്തായി മാറുകയാണ്. ജനകീയമായ ചെറുത്തു നില്‍പ്പിന്റെ പലനാളങ്ങള്‍ ചേരുകയാണ്- കത്വ ഹര്‍ത്താല്‍ അത്തരത്തില്‍ ഒന്നാണ്.

കേരളത്തിലെ മുസ്ലീം സംഘടനകള്‍ക്ക് ഒരു ഹര്‍ത്താല്‍ നടത്താന്‍ ഫേസ്ബുക്ക് കൂട്ടായ്മ എന്ന ടൈറ്റിലിന്റെ ആവശ്യമില്ല. ദളിതര്‍ക്കുമില്ല. കേരളമൊട്ടാകെ ദളിത് ഹര്‍ത്താല്‍ നടത്തി വിജയിച്ചു കഴിഞ്ഞു. ഇന്നലെ നടന്ന ഹര്‍ത്താലിന്റെ വേരു വീഴുന്നത് നില്‍പ്പു സമരത്തില്‍ നിന്നാണ്. ആദ്യമായി ഫേസ്ബുക്ക് കൂട്ടായ്മ എന്ന ബാനര്‍ ഉയര്‍ത്തി സൈബര്‍ സ്ഥലത്തു നിന്നും ആളിറങ്ങിയത് ആദിവാസികളുടെ അടിസ്ഥാന സമരത്തിന് ഒപ്പം നില്‍ക്കാനാണ്. എല്ലാ മീഡിയയും അവഗണിച്ച നില്‍പ്പു സമരത്തിന്റെ മീഡിയയായി സോഷ്യല്‍ മീഡിയ പ്രവര്‍ത്തിച്ചതും സമരം വിജയിച്ചതും കേരളത്തിനു മാതൃകയായി. ആ തീയുടെ പടര്‍ച്ചയിലാണ് സദാചാര ഗുണ്ടായിസത്തിനെതിരെ കിസ് ഓഫ് ലവ് ആഹ്വാനം ചെയ്യപ്പെട്ടത്. ആരാണ് നേതാവ് എന്നായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസിന്റെ ചോദ്യം. നേതാക്കളില്ല, ആഹ്വാനം മാത്രമേയുള്ളു എന്നു പറഞ്ഞിട്ടും അവര്‍ക്കത് മനസിലായില്ല. കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ആലപ്പുഴയിലും വീണ്ടും കൊച്ചിയും കിസ് ഓഫ് ലവ് നടന്നു. നരേന്ദ്ര മോദി അധികാരത്തിലെത്തി നൂറാം ദിനം, ഫാസിസത്തിന് എതിരെ എന്നു പറഞ്ഞു തന്നെയായിരുന്നു സമരം. ഇന്ത്യയിലെമ്പാടും പിന്നീട് കിസ് ഓഫ് ലവ് സമരങ്ങള്‍ നടന്നു. ആര്‍ത്തവ പരിശോധന നടത്തിയ ഇടത്തേയ്ക്ക് നാപ്കിനുകള്‍ അയച്ചും ചലോ മുതലമടയിലൂടെ പരിസ്ഥിതി സമരത്തിലും ഇരിക്കല്‍ സമരത്തിലൂടെ സെയില്‍സ് ജോലി ചെയ്യുന്നവര്‍ക്കും വേണ്ടി സോഷ്യല്‍ മീഡിയയില്‍ നിന്നിറങ്ങി വന്നവരോടും ചോദിച്ചത് ഇതേ ചോദ്യമാണ്- ആരാണ് നിങ്ങള്‍?

ആ ചോദ്യമുണ്ടല്ലോ, ആരാണ് സമരം നടത്തുന്ന നിങ്ങളെന്ന്... അതിനുത്തരമില്ല. അപ്പോള്‍ ആദ്യഘത്തില്‍ രമേശ് ചെന്നിത്തലയുടെ പൊലീസ് സമരത്തിനിറങ്ങിയ ആ കൂട്ടത്തെ മാവോയിസ്റ്റുകളാക്കി. വീട്ടിലും നാട്ടിലും ചെന്ന് പറഞ്ഞു- നിങ്ങളുടെ സന്തതി മാവോയിസ്റ്റാണെന്ന്. ആ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തല്‍ ഭീഷണിയൊന്നും ചെലവായില്ല. മന്ത്രി മാണിയുടെ കോഴയെത്തിയപ്പോള്‍. ആദ്യത്തെ ഹാഷ്ടാഗ്- എന്റെ വക 500 വീണു. പ്രതിപക്ഷത്തിനു പോലും കഴിയാതിരുന്ന വിധം ജനകീയമായിരുന്നു പ്രതിരോധം. മണിയോര്‍ഡര്‍ അയച്ചും മാണിയ്ക്കായി പിച്ചതെണ്ടിയും സോഷ്യല്‍ മീഡിയ തെരുവിലിറങ്ങി. എല്ലാവരും തിരഞ്ഞെടുപ്പിലായതിനാല്‍ കൊല്ലപ്പെട്ട് അഞ്ചു ദിവസം കഴിഞ്ഞാണ് ജിഷയുടെ കൊലപാതകം പുറത്തെത്തിയത്- അതും സോഷ്യല്‍ മീഡിയയിലൂടെ. ജസ്റ്റീസ് ഫോര്‍ ജിഷ, എന്ന മൂവ്‌മെന്റിന്റെ തുടര്‍ച്ചയില്‍, ജാതി കോളനികള്‍ വേണ്ട എന്ന അതിശക്തമായ രാഷ്ട്രീയ മുദ്രാവാക്യം ഉയര്‍ന്നു. ജിഷ്ണുവിനെ കൊന്നത് പ്രമുഖ കോളജല്ല, നെഹ്‌റു കോളേജെന്ന് പറഞ്ഞത്, വിനായകനെ കൊന്നത് ദൡതനായതു കൊണ്ടെന്ന സത്യം പറഞ്ഞത്, വാളയാറിലെ പെണ്‍കുട്ടികളുടെ കൊലപാതകവും പുറത്തു കൊണ്ടുവന്നത്, സോഷ്യല്‍ മീഡിയയാണ്.

പുതുവൈപ്പിന്‍, ഗോവിന്ദാപുരം, വടയമ്പാടി, കീഴാറ്റൂര്‍ തുടങ്ങി എത്രയോ സമരങ്ങളെ മുക്കി കൊല്ലാനാവാതെ പോയതും ഇതേ മീഡിയയുടെ ഇടപെടലിലൂടെയാണ്. നില്‍പ്പു സമരം മുതലിങ്ങോട്ട് സോഷ്യല്‍ മീഡിയ നടത്തിയിട്ടുള്ള ജനകീയ ഇടപെടലുകളുടേയും സമര വിജയങ്ങളുടേയും ചരിത്രമെടുക്കുക. അതിലെ സോഷ്യല്‍ മീഡിയയുടെ പോരാട്ട വീര്യം അറിയുക.

ലോകം നടുങ്ങിയ ബലാത്സംഗ കൊലപാതകങ്ങള്‍ക്കെതിരെ ഇന്ത്യയിലെമ്പാടും പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. പ്രതികരിക്കാതിരിക്കാനാവാത്ത സന്ദര്‍ഭം. ഞായറാഴ്ച കേരളത്തിലെ ഓരോ തെരുവിലും ലക്ഷങ്ങള്‍ കൂടി നിന്നു. രാഷ്ട്രീയ പാര്‍ട്ടികളോ മത- ജാതി സംഘടനകളോ വിളിച്ചിട്ടു വന്നവരായിരുന്നില്ല അവര്‍. അതിന്റെ തുടര്‍ച്ചയിലാണ് സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യപ്പെട്ടത്. ആ ഹര്‍ത്താലിന്റെ നേതാവിനെ തിരക്കി പോയ പൊലീസിന് മുസ്ലീം ചെറുപ്പക്കാരെ തെരഞ്ഞു പിടിക്കാന്‍ കഴിഞ്ഞു. നോക്കു, നിങ്ങള്‍ രാഷ്ട്രീയ പ്രേരിതമല്ലാതെ സ്വയം പ്രേരണയാല്‍ ഹര്‍ത്താലിന് ഇറങ്ങിയ കൂട്ടത്തെ യുദ്ധത്തിലെന്ന വിധം ക്രൂരമായി നേരിടുന്നത് കണ്ടു. കേരളത്തിലെ പൊലീസ് ഇസ്ലാമോഫോബിയ ഉള്ളതാണെന്ന് തിരിച്ചറിയുന്ന ദിവസമാണിത്. അക്രമ സംഭവങ്ങള്‍ നിരവധിയുണ്ടായി. അക്രമികളെ നിലയ്ക്കു നിര്‍ത്താനാണ് അന്യായമായ അറസ്റ്റുകള്‍ സംസ്ഥാനത്തെമ്പാടും നടന്നത് എന്നു പറയരുത്.

നാരദയിലേയ്ക്ക് പല ഫോണ്‍കോളുകള്‍ വന്നു. ഏറെയും ഹര്‍ത്താല്‍ അനുകൂലികളുടേതാണ്. പലരേയും അറസ്റ്റ് ചെയ്തിരിക്കുന്നു. ഹര്‍ത്താലിന്റെ പേരില്‍ സംഘടിച്ചതിനാണ് അറസ്റ്റെന്നാണ് പറയുന്നത്. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ദളിത് നേതാക്കളെ അറസ്റ്റ് ചെയ്തത് നമ്മള്‍ കണ്ടു. ഇപ്പോള്‍, മുസ്ലീങ്ങളേയും തെരഞ്ഞു പിടിച്ച് അറസ്റ്റു ചെയ്യുന്നതും കണ്ടു. ആര്‍ക്കു വേണ്ടിയാണ് ഈ അറസ്റ്റുകളെന്ന് കേരളത്തിലെ സര്‍ക്കാര്‍ ചിന്തിക്കണം. സംഘപരിവാര്‍ അഴിഞ്ഞാടുന്ന ഹര്‍ത്താലുകള്‍ നിരവധി കണ്ടതാണ്. കഴിഞ്ഞ ദിവസം വരാപ്പുഴയിലും കണ്ടു. അപ്പോഴൊന്നുമില്ലാത്ത വിധം ഉയരുന്ന നിങ്ങളുടെ ലാത്തിയ്ക്ക് കുഴപ്പമുണ്ട്- അത് സംവരണീയരായ മനുഷ്യരോടുള്ള സവര്‍ണ്ണ ബോധമാണ്.

ഞങ്ങള്‍ തന്തമാരായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു മാത്രമേ ഹര്‍ത്താലടക്കം സമരം ചെയ്യാനാവൂ എന്ന ശാഠ്യം ഇനിയങ്ങ് നടക്കണമെന്നില്ല. ഒരു വലിയ ജനക്കൂട്ടം കാസര്‍ഗോഡ് നിന്നും പുറപ്പെട്ടിട്ടുണ്ട്... നിങ്ങള്‍ നടത്തുന്ന കേരള മാര്‍ച്ച് പോലല്ല അത്. സെക്രട്ടറിയേറ്റിനെ ചുറ്റി എത്ര രാപ്പകലിരുന്നാലും പിരിഞ്ഞു പോകാത്ത ഒരു കൂട്ടം. അവര്‍ കേരളത്തെ മാറ്റിയെഴുതും. ആ കൂട്ടത്തിന്റെ രാഷ്ട്രീയം സ്‌നേഹത്തിന്റേതാണ്. അത് സമാധാനത്തിന്റെ സമരമാണ്.

ഇന്നത്തെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് ആരാണെന്ന് സംശയം ബാക്കി വെയ്ക്കണ്ട, അത് കത്വയിലെയും ഉനാവോയിലേയും പെണ്‍ജീവനുകള്‍ ആഹ്വാനം ചെയ്തതാണ്. ആ ആഹ്വാനം കേള്‍ക്കാന്‍ ചെവിയുള്ള രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ ഇല്ലായിരിക്കാം. പക്ഷെ, കേള്‍ക്കുന്നലക്ഷങ്ങളുണ്ട്. ഇന്നലെ, പ്രതിഷേധിക്കാന്‍ തടിച്ചു കൂടിയവരുടെ മുന്നില്‍, കൊച്ചി മറൈന്‍ ഡ്രൈവില്‍ മരത്തറയിലേയ്ക്ക് കയറി നിന്ന് ഒരു പെണ്‍കുട്ടി പറഞ്ഞു, ഞാന്‍ ബലാത്സംഗത്തിന്റെ ഇരയാണ്. അവള്‍ കൂടി ആഹ്വാനം ചെയ്തതാണ് ഈ ഹര്‍ത്താല്‍. സ്തംഭിക്കപ്പെട്ട ഒരു രാജ്യത്തെ ഹര്‍ത്താല്‍ നടത്തി സ്തംഭിപ്പിച്ചു എന്നു പറയരുത്- ഹര്‍ത്താല്‍, കല്യാണമൊന്നും അല്ലല്ലോ വീട്ടില്‍ വന്ന് പറഞ്ഞ്, മുന്നേ അറിയിച്ച് നടത്താന്‍. നിന്ന നില്‍പ്പില്‍ ഹര്‍ത്താല്‍ നടത്താത്തവരല്ലല്ലോ ഇന്നത്തെ ഹര്‍ത്താലിനെ പ്രത്യേകം ആക്രമിക്കുന്നത്. കത്വയില്‍ മരിച്ചത് ആദിവാസി മുസ്ലീം പെണ്‍കുട്ടിയായതിനാല്‍ ഹര്‍ത്താല്‍ നടത്തിയത് മുസ്ലീങ്ങള്‍ എന്നത് റേപ്പ് ചെയ്തവരുടെ രാഷ്ട്രീയമല്ലേ. കത്വയിലെയും ഉനാവോയിലേയും കുഞ്ഞുങ്ങള്‍ക്കായി നിങ്ങളൊഴുക്കിയ ഉള്ളിത്തൊലി കണ്ണീര്‍ ഇനി വീഴ്ത്തണ്ട. ദളിതരും മുസ്ലീങ്ങളും ആദിവാസികളും തീരവാസികളും നിങ്ങളെ സംബന്ധിച്ച് അല്ലെങ്കിലും വഴിമുടക്കികളാണല്ലോ. ആ തടസ്സങ്ങളെ റേപ്പ് ചെയ്ത് ഭയപ്പെടുത്തി ഓടിക്കാന്‍ നിങ്ങള്‍ ഹിന്ദു തീവ്രവാദികള്‍ക്ക് സാധിക്കുന്നത്, സംഘപരിവാറിന്റെ ഉള്ളില്‍ മാത്രമല്ല നിങ്ങള്‍ ഉള്ളതെന്നതിനാലാണ്.

ബിജെപിക്ക് വോട്ട് ചെയ്ത 31 ശതമാനം പേരിലധികം വരും സംഘപരിവാര്‍ ബോധമുള്ളവര്‍. അവരെ ആര്‍എസ്എസില്‍ മാത്രം തെരഞ്ഞിട്ട് എന്തിന്? ഇന്ന് കേരളത്തിലെ പൊലീസ് അന്യായമായി പിടിച്ചു കൊണ്ടു പോയ ഓരോ ജീവനും ആഹ്വാനം ചെയ്യുന്ന ഒന്നുണ്ട്- സമരം. ആ സമരം ഹിന്ദു തീവ്രവാദത്തിന് എതിരാണ്.

നിങ്ങള്‍ വിചാരിക്കാത്ത ഒരു കൂട്ടം സമരത്തിന് ഇറങ്ങുമ്പോള്‍ അവരുടെ ഭാഷ മനസിലാകാത്തത് അവരുടെ കഴുപ്പമല്ല. നിങ്ങളുടെ കുഴപ്പമാണ്. ബാനറിനു മുന്നില്‍ നിരന്നു നില്‍ക്കുന്ന നേതാക്കളില്ലാത്ത ഒരു ജനപ്രളയം വരുന്നതു നോക്കു- നിങ്ങള്‍ക്കാകെ അറിയാവുന്നത് അവരുടെ നേരെ നിറയൊഴിക്കാന്‍ മാത്രമാണ്. സര്‍ സിപി രാമ സ്വാമി അയ്യര്‍ ഇതു തന്നെയാണ് ചെയ്തത്. വെടിയേറ്റ ആ കൂട്ടം, 1957ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്നതാണ് ചരിത്രം.


Read More >>