അക്കാദമിയെ രക്ഷിക്കാന്‍ ജോണി എംഎല്‍: അശാന്തനെ തിണ്ണയില്‍ കിടത്തിയത് കുഴിച്ചു മൂടാനുള്ള തന്ത്രം; ഒടുവില്‍ കുറ്റം ബിനാലേയ്ക്ക്

ദര്‍ബാര്‍ ഹാളിലെ പന്തല്‍ ഒഴിവാക്കി പിന്‍ ഗേറ്റിലൂടെ പ്രവേശിപ്പിച്ച് തിണ്ണയില്‍ കിടത്തി അശാന്തനെ അപമാനിച്ചത് കേരള ലളിത കലാ അക്കാദമിയാണ്- ഇത് മറച്ചു വെയ്ക്കാന്‍ ജോണി എം.എല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നല്‍കിയ അഭിമുഖം ബിനാലെയാണ് എല്ലാത്തിനു കാരണം എന്നു വരുത്താന്‍ ശ്രമിക്കുന്നു- നാരദാദ എഴുതുന്നു

അക്കാദമിയെ രക്ഷിക്കാന്‍ ജോണി എംഎല്‍: അശാന്തനെ തിണ്ണയില്‍ കിടത്തിയത് കുഴിച്ചു മൂടാനുള്ള തന്ത്രം; ഒടുവില്‍ കുറ്റം ബിനാലേയ്ക്ക്

ജോണി എംഎല്‍,

അശാന്തനല്ല, ബിനാലെയുടെ കണ്ണീരാണ് നിങ്ങള്‍ക്ക് മുഖ്യം?

നിങ്ങളിന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അശാന്തന്റെ മരണത്തെ വളച്ചൊടിച്ചത് വായിച്ചു- ലളിതകലാ അക്കാദമിയെ രക്ഷിക്കാനുള്ള ക്വട്ടേഷന്‍ കയ്യിലിരിക്കട്ടേട്ടോ.

1. അശാന്തന്റെ മൃതദേഹം തടഞ്ഞത് ഒരു ഭക്തസംഘം മാത്രമാക്കി നിങ്ങള്‍ ചുരുക്കി- 'ആര്‍എസ്എസ് പിള്ളേരുടെ അപ്പന്മാ'രായ സവര്‍ണ്ണഗുണ്ടകളാണ് അവരെന്ന് നിങ്ങള്‍ പറഞ്ഞില്ല. പേടിച്ചൂറിപ്പോയോ? (ഭക്തി, അശാന്തന്റെ ചിത്രവും ആദരാഞ്ജലി എന്നെഴുതിയ ബാനറും നശിപ്പിച്ചു എന്ന് കാവ്യാത്മകമായി പറയുകയാണ് ജോണി)

2. മറ്റൊരു പുരയിടത്തില്‍ എന്ത് ചെയ്യണമെന്നു തീരുമാനിക്കാന്‍ ഒരു ചെറിയ അക്രമി സംഘം ശഠിച്ചു. കുറച്ചു മുദ്രാവാക്യം മുഴക്കി. പൊലീസ് ഓട്രാ-ന്ന് പറഞ്ഞാല്‍ ഓടുന്ന സംഘം. പക്ഷെ സംഭവിച്ചത് അതല്ല. സംഭവത്തെ ലളിതകലാ അക്കാദമി തര്‍ക്ക വിഷയമാക്കുന്നു. (തര്‍ക്കം എന്നു തന്നെ ജോണിയും പറയുന്നു) ശേഷം സര്‍ക്കാര്‍ 'ഒത്തുതീര്‍പ്പു'ണ്ടാക്കുന്നു.

തീര്‍പ്പുകള്‍

1. പ്രധാന കവാടത്തിലൂടെ പ്രവേശിപ്പിക്കില്ല.

2. ശുചിമുറിയുടെ സമീപത്തു കൂടിയുള്ള പിന്‍വാതിലിലൂടെ പ്രവേശിപ്പിച്ചോളാം.

3. ദര്‍ബാര്‍ ഹാളിനു മുന്നില്‍ ഒരുക്കിയ പന്തലില്‍ മൃതദേഹം കിടത്തില്ല.

4. പകരം ഹാളിന്റെ അരികിലുള്ള തിണ്ണയില്‍ കിടത്തും

- ഇത് ലളിത കലാ അക്കാദമി നടപ്പാക്കി. ജോണി എംഎല്‍ അഭിമുഖത്തില്‍ ഇത് വിഴുങ്ങി. ഇതിന് സാക്ഷിയാണ് ടിയാന്‍.


കുറച്ചു സവര്‍ണ്ണ ഗുണ്ടകള്‍ വന്ന് നിയമത്തിനു നിരക്കാത്തതു പറഞ്ഞപ്പോള്‍ 'പ്രധാന കവാടത്തിലൂടെയുള്ള പ്രവേശനവും പന്തലും നിഷേധിച്ച്' തിണ്ണയില്‍ കിടത്തി അപമാനിച്ചതു കൂടാതെ അനുശോചന യോഗമെന്ന പേരില്‍ വീണ്ടും അപമാനിച്ചു- കലാധരന്‍ എന്ന സവര്‍ണ്ണ ഗുണ്ടയാണ് അത് ചെയ്തത്. കലാധരന്റെ പേരും ആ സംഭവവും അഭിമുഖത്തില്‍ വിഴുങ്ങി.

വടയമ്പാടിയിലെ ദളിത് സമര സ്ഥലത്തു നിന്ന് ജോണി തിണ്ണയില്‍ കിടത്തി അപമാനിക്കപ്പെട്ട അശാന്തന്റെ മൃതദേഹത്തിനടുത്ത് എത്തുകയാണ്. പന്തല്‍ നിഷേധിച്ചതോ, തിണ്ണയില്‍ കിടത്തിയതോ, പിന്‍ഗേറ്റിലൂടെ പ്രവേശിപ്പിച്ചതോ ജോണിക്ക് പ്രശ്‌നമല്ല. ജീവനോടെ അവിടെയുണ്ടായിട്ടും ചോദ്യം ചെയ്യാതെ, ഇപ്പോഴും അഭിമുഖം കൊടുക്കാന്‍ ജീവിച്ചിരിക്കുന്നുണ്ട് ടിയാന്‍.

ജോണിയടക്കം അവിടെയുണ്ടായിരുന്ന ഒരാളും അശാന്തനെ തിണ്ണയില്‍ കിടത്തി അപമാനിച്ചത് ചോദ്യം ചെയ്തില്ല. ദര്‍ബാര്‍ ഹാളിനുള്ളില്‍ അശാന്തനെ പ്രവേശിപ്പിച്ച് അന്തിമോപചാരമര്‍പ്പിച്ച് ആദരിക്കു എന്നു പോലും പറഞ്ഞില്ല. നാവ് പൊങ്ങിയില്ല.

കളക്ടറും പൊലീസും അക്കാദമി ഭാരവാഹികളും ഒത്തുതീര്‍പ്പുണ്ടാക്കി നടത്തിയ അപമാനമാണ് ജനാധിപത്യസംവിധാനത്തില്‍ ഒരു ദളിതന്‍ നേരിട്ട ഏറ്റവും ക്രൂരമായ അപമാനം. സവര്‍ണ്ണഗുണ്ടകള്‍ ഇത്തിരി ഒച്ച ഉയര്‍ത്തിയതു കേട്ടതും ഭയന്നു പോയത് സ്‌റ്റേറ്റാണ്. സവര്‍ണ്ണരെ പ്രീതിപ്പെടുത്താന്‍ അശാന്തനെ പന്തലൊഴിവാക്കി തിണ്ണയില്‍ കിടത്തിയ സ്റ്റേറ്റ് സൂപ്പറാണ്, എന്ന ഭാവമാണ് ജോണിക്ക്. ആ അപമാനമാകെ ജോണി മറച്ചു വെച്ചു. ഒരു ദളിത് ചിത്രകാരനാണ് ജോണിയെ അഭിമുഖം ചെയ്യുന്നതെന്ന് ആഴ്ചപ്പതിപ്പ് പറയുന്നു- തോലില്‍ സുരേഷ്. ഈ അപമാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും തോലില്‍ സുരേഷിന്റെ ചോദ്യങ്ങളില്‍ ഈ സംഭവമില്ല. ജോണി നുണ പറഞ്ഞിട്ടും സുരേഷിന് ചോദ്യങ്ങളില്ല.


അശാന്തനെ അപമാനിച്ചതിലെ മുഖ്യപ്രതി ലളിതകലാ അക്കാദമിയാണെങ്കിലും ദളിത് വിരുദ്ധം എന്ന പേരില്‍ ബിനാലെയുടെ നെഞ്ചിലേയ്ക്ക് കയറുകയാണ് ജോണി. അക്കാദമി അശാന്തനെ തിണ്ണയില്‍ കിടത്തുന്ന... പിന്‍വാതിലിലൂടെ കയറ്റുന്ന... പന്തലില്‍ കിടത്താത്ത അപമാനം ചെയ്തതും അശാന്തന്‍ ദളിതനായതു കൊണ്ടു തന്നെയല്ലേ?

കേരളത്തിലെ എല്ലാ അക്കാദമികളുടേയും ഭാരവാഹികളാകുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ നോമിനികളാണ്. ആ സ്ഥാനം ലഭിക്കാന്‍ പലതും ചെയ്യേണ്ടി വരും. ലളിതകലാ അക്കാദമി ഒരു ദളിത് ചിത്രകാരനെ അപമാനിക്കുന്ന ഒത്തു തീര്‍പ്പുണ്ടാക്കിയത് കാണാതെ, വിമര്‍ശിക്കാതെ, ചോദ്യം ചെയ്യാതെ- എല്ലാത്തിനും കാരണം ബിനാലെയാണ് എന്നു പറയുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല ഭായ്. ദളിത് ചിത്രകാരന്മാര്‍ക്ക് 10 പേജുകളില്‍ നടത്തുന്ന ഉപദേശം കൂടാതെ, അഭിമുഖം നടത്തുന്ന സുരേഷിനും ഉപദേശം ആവശ്യത്തിലധികമുണ്ട്.


ജോണി എം.എല്‍ ഒരു കാര്യം മനസിലാക്കുക, ജെഎന്‍യുവില്‍ നിന്ന് ദളിത് പരിപ്രേക്ഷ്യത്തില്‍ ഡോക്ടറേറ്റെടുത്ത ഡോ. സാംകുട്ടി പട്ടങ്കരിയടക്കം ഒട്ടനേകം കലാകാരന്മാര്‍ ഉള്ള ഇടമാണിത്. അവരുടെ പേരുകളൊന്നും പറയാതെ, ദളിതരെ അങ്ങ് ഉപദേശിക്കുന്ന നമ്പര്‍ പരിപാടിയും ദളിത് ബന്ധുത്വാഭിനയവും ഇരട്ടത്താപ്പായി തോന്നി, ഇരയ്‌ക്കൊപ്പം ഓടുകയും അക്കാദമി എന്ന വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന 'ആര്‍ട്ടിക്കുലേഷന്‍' മോശമായിപ്പോയി.

ബിനാലെയല്ല, കേരള ലളിത കലാ അക്കാദമിയാണ് അശാന്തനെ അപമാനിച്ച് തിണ്ണയില്‍ കിടത്തിയത്. അതില്‍ പ്രതിഷേധിച്ച് ഒരംഗം, കവിത ബാലകൃഷ്ണന്‍ അക്കാദമി അംഗത്വം രാജിവെച്ചതും അഭിമുഖത്തില്‍ ജോണി വിട്ടു കളഞ്ഞു. സിപിഐഎം ജില്ലാ സെക്രട്ടറി പി. രാജീവ് തിണ്ണയില്‍ അപമാനിക്കപ്പെട്ടു കിടക്കുന്ന അശാന്തന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയെങ്കിലും പ്രതികരിക്കാതിരുന്നതും ജോണിക്ക് കാണാനായില്ല. റിയാസ് കോമു അംബേദ്കറെ വരച്ചതാണ് ജോണിക്ക് പ്രശ്‌നം. അശാന്തനെ അക്കാദമി അപമാനിച്ചത് എല്ലാവര്‍ക്കും മനസിലായിട്ടും ദളിത് ബന്ധു ജോണി എംഎല്ലിനു മാത്രം മനസിലാകാതെ പോകുന്നത്, സ്വാഭാവികമല്ല- തികച്ചും ബോധപൂര്‍വ്വം!

ഗൂഢസംഘങ്ങളുടെ അജണ്ട നടപ്പാക്കാന്‍ അശാന്തന്റെ മൃതദേഹം വിട്ടു കിട്ടുമെന്ന് ആരും കരുതണ്ടട്ടോ- അയ്യങ്കാളിയുടെ കൊച്ചുമക്കള്‍ വില്ലുവണ്ടിയില്‍ വരും. 😉

എന്ന്,

ഒട്ടും സ്‌നേഹമില്ലാതെ

നാരദാദ


നാരദാദയെ ഇവിടെ പിന്തുടരാം

Read More >>