സഭയെ പിടിക്കാന്‍ ടീം കുമ്മനം; കേരളത്തിലെ ക്രിസ്ത്യാനി പിടിയില്‍ വീഴുമോ?

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ ഇന്നലെ ക്രൈസ്തവ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ന്യൂനപക്ഷ വോട്ട് നേടാന്‍ ബിജെപി നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. കേരളം പിടിക്കാനുള്ള ബിജെപിയുടെ തന്ത്രത്തില്‍ കത്തോലിക്ക സഭ കുരുങ്ങുമോ എന്നാണ് ചോദ്യം. നാരദാന്യൂസ് ഡിബേറ്റ്

സഭയെ പിടിക്കാന്‍ ടീം കുമ്മനം; കേരളത്തിലെ ക്രിസ്ത്യാനി പിടിയില്‍ വീഴുമോ?

വെറും സൗഹൃദ സന്ദർശനമെന്നു നിഷ്ങ്കളങ്കമായി വിലയിരുത്തുന്നതിനപ്പുറമാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ക്രൈസ്തവ മേലദ്ധ്യക്ഷന്മാരുമായി നടന്ന കൂടിക്കാഴ്ചയുടെ പ്രസക്തി. കുറച്ചുകാലമായി ബിജെപി അദ്ധ്യക്ഷന്റേയും മറ്റ് പ്രധാന നേതാക്കളുടേയും കേരള സന്ദർശനത്തിനിടെ ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ചകൾ പതിവുള്ളതാണ്. കേരളം പിടിക്കാൻ ന്യൂനപക്ഷ വിഭാഗത്തെ കൂട്ടുപിടിക്കണമെന്ന തിയറിയ്ക്ക് ബിജെപി ദേശീയ നേതൃത്വം നേരത്തെ തന്നെ രൂപം കൊടുത്തതാണ്.

കേരളത്തിൽ കൂടെ നിർത്താൻ എളുപ്പം കഴിയാവുന്ന വിഭാഗമെന്ന കണ്ടെത്തലാണ് ബിജെപിയുടെ നോട്ടം ക്രൈസ്തവസഭകൾക്കു മുകളിൽ എത്താൻ ഇടയാക്കിയത്. ആർഎസ്എസ്സ് നിയന്ത്രിക്കുന്ന ബിജെപി രാജ്യത്ത് പൊതുവായി സ്വീകരിച്ചു വരുന്ന മുസ്ലീം വിരുദ്ധ സമീപനം അവരെ കേരളത്തിലെ മുസ്ലീം സമുദായത്തിൽ നിന്നും അകറ്റി നിർത്തിയിട്ടുമുണ്ട്. നിലവിലെ ദേശീയ-സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയോട് സഭ അടുക്കുന്നുവെന്ന ഊഹാപോഹങ്ങളെ പൂർണമായും തള്ളിക്കളയാനുമാകില്ല.

കേരളത്തിൽ ഒരു മുന്നണിയിലുമില്ലാത്ത കെ എം മാണിയുടെ ഭാവി രാഷ്ട്രീയം എങ്ങോട്ടെന്ന ചോദ്യത്തിനു ബിജെപിയെന്ന ഉത്തരം പലപ്പോഴായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ കൂടിയാണ് അമിത് ഷായും ക്രൈസ്തവ സഭാ മേധാവികളുമായുള്ള ചർച്ച പ്രാധാന്യമർഹിക്കുന്നത്. നാരദാന്യൂസ് ഡിബേറ്റ് ഇക്കാര്യമാണ് ചർച്ച ചെയ്യുന്നത്.

സിസ്റ്റർ ജെസ്മി


സിസ്റ്റർ ജെസ്മി

എന്റെ ചെറിയ ഓര്‍മ്മയില്‍ നിന്നൊരു കാര്യം പറയാം. ഞാന്‍ അകത്തുള്ള സമയത്താണ്, ഒരു കാലഘട്ടത്തില്‍ ഭയങ്കര പ്രശ്‌നങ്ങള്‍ രാഷ്ട്രീയമായി ഉണ്ടായപ്പോള്‍ പല അച്ചന്‍മാരും, ചെറുപ്പക്കാര്‍ പറയാറുണ്ട്. ബിജെപി വരട്ടെ, നമുക്കൊന്നു കാണാന്നേ എന്നൊക്കെ. ഇങ്ങനെ പേടിച്ചു പേടിച്ചിരിക്കുന്നതിനെക്കാളും ഒരു മാറ്റം വരട്ടേ എന്നൊക്കെ. ചില കാലഘട്ടത്തില്‍ പറയും മിലിട്ടറി റൂള്‍ വരട്ടെ എന്ന്. ആ കാലഘട്ടം ബുദ്ധിമുട്ടുള്ളതായിരിക്കും, പക്ഷെ ഒരു മാറ്റം...അപ്പോള്‍ മറ്റ് രണ്ട് പാര്‍ട്ടിക്കാര്‍ക്കൊക്കെ ഒരു പേടി തട്ടുമെന്ന് ഒക്കെ അവര്‍ പറയും. അങ്ങനെ ചില അച്ചന്മാര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെ പറയുന്ന ഒരു ട്രെന്‍ഡ് ഉണ്ടായിരുന്നു.

ആ സമയത്ത് നടന്ന തെരഞ്ഞെടുപ്പില്‍ അവരില്‍ ചിലരൊക്കെ മാര്‍ക്‌സിസ്റ്റുകള്‍ക്കാണ് വോട്ട് ചെയ്തത്. അന്ന് ഇടത്പക്ഷത്തിനു കുറെ ക്രിസ്ത്യന്‍ വോട്ട് ലഭിച്ചിരുന്നു. ഇത്തവണയും കുറെ ക്രിസ്ത്യാനികളുടെ വോട്ട് കിട്ടിയിട്ടുണ്ടാകണം. എന്നാല്‍ സഭയ്ക്ക് അത്ര പിടിയില്ലല്ലോ മാര്‍ക്‌സിസ്റ്റ് സര്‍ക്കാരില്‍. അവരുടെ കുറെ കാര്യങ്ങള്‍ ഇപ്പോഴും നടക്കാത്ത പോലുണ്ടല്ലോ. അപ്പോള്‍ അങ്ങനെ ഒരു സാധ്യത ഇല്ലാതില്ല.

ദൈവം എന്നൊക്കെയുള്ള കാര്യങ്ങള്‍ ഇവരുടെ മനസ്സില്‍ നിന്നൊക്കെ പോയിട്ടുണ്ട്. എന്തിനാണ് ഇവര്‍ കാത്തലിക്‌സിന്റെ എണ്ണം കൂട്ടുന്നത്. അത് വോട്ടിനാണ്. വോട്ടും പണവും... പണം അത്രയും പേരുടെ നേര്‍ച്ചക്കാഴ്ചയും, അത്രയും പേരുടെ വീട്ടിലൊക്കെ പോയി ഡൊണേഷന്‍ മേടിക്കാം. പണമുണ്ട് പണത്തിന്റെ തൊട്ടപ്പുറത്ത് അധികാരവും ഉണ്ട്. അതും ഞാനകത്തുള്ളപ്പോഴുള്ള ചര്‍ച്ചയിലുണ്ടായിരുന്നു. നമുക്കിപ്പോല്‍ ഒരുപാട് പണമുണ്ട്. പണം മാത്രമായിട്ട് കാര്യങ്ങള്‍ ഈ നാട്ടില്‍ നേടില്ല. അടുത്ത സ്റ്റെപ്പ് പവര്‍ കിട്ടാനെന്ത് വഴിയെന്ന് അന്വേഷിക്കണം. യൂണിവേഴ്‌സിറ്റിയിലുള്ളവരൊക്കെ അക്കാദമിക് കൗണ്‍സിലില്‍ കയറാന്‍ നോക്കണം....അങ്ങനെയൊക്കെയാണ് ഞങ്ങള്‍ക്ക് ഉപദേശം തന്നത്. ഇതൊക്കെ അകത്ത് ഞാന്‍ കേട്ടിട്ടുള്ളതാണ്.

ഒരു മാറ്റത്തിനു ബിജെപി വന്നാല്‍ എന്താ കുഴപ്പമെന്നു ചോദിക്കുന്ന ചെറുപ്പക്കാരായ അച്ചന്മാരെ കേട്ടിട്ടുണ്ട്. രണ്ടാമത് പണം, വോട്ട് ബാങ്ക് വെച്ച് അവര്‍ വില പേശുകയാണ്. ബിജെപിയ്ക്ക് വോട്ട് ചെയ്താല്‍ അവര്‍ ഇത്രയിത്ര കാര്യങ്ങള്‍ തരുമെന്നു പറഞ്ഞാല്‍ അവര്‍ കേള്‍ക്കും. കാരണം ലക്ഷ്യം, യേശുക്രിസ്തു, ദൈവവിശ്വാസം എന്നതില്‍ നിന്നൊക്കെ മാറിയിട്ടുണ്ട്.

ബിജെപിയോട് അടുപ്പം കാണിച്ചാല്‍ സഭയ്ക്ക് വിശ്വാസികളെ കൂടെ കൂട്ടാനും സാധിക്കും. അവര്‍ ഇങ്ങനെ വിശ്വാസികളോട് പറയും, എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ നിന്നും നമുക്കൊന്നും കിട്ടിയില്ല. നമുക്കെന്താ ഒന്നു മാറിചിന്തിച്ചാല്‍? സഭയുടെ ഇടങ്ങളില്‍ ഇതൊക്കെ പറഞ്ഞാല്‍ ഏറാന്‍മൂളികളായവരുണ്ട്. ചിലര്‍ വിചാരിക്കും, നമുക്ക് പവര്‍ കിട്ടിയാല്‍ അവരുമായി ബന്ധം ആയിക്കൂടെ എന്ന്. നിങ്ങള്‍ക്കിതൊക്കെ തരാം എന്നു വിലപേശി പറഞ്ഞാല്‍ കോംപ്രമൈസ് ചെയ്യാന്‍ ഒരു വിഷമവുമുണ്ടാകില്ല.

ഫാ. പോൾ തേലക്കാട്, സീറോ മലബാർ സഭ


ഫാ. പോൾ തേലക്കാട്

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ ക്രൈസ്തവ മെത്രാന്‍മാരെ കാണുന്നതില്‍ രാഷ്ട്രീയ താത്പര്യമുണ്ട് എന്നു കരുതുന്നതില്‍ കഴമ്പുണ്ട്. കേരളത്തിലെ ക്രൈസ്തവരെ പ്രത്യേകിച്ചു പരമ്പരാഗത ക്രൈസ്തവരെ ബിജെപി ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു എന്നു കരുതുന്നതില്‍ തെറ്റില്ല. ജനാധിപത്യത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി സമുദായ നേതാക്കളെ കാണുന്നതും നല്ല ബന്ധങ്ങള്‍ ഉണ്ടാക്കുന്നതും സ്വാഭാവികമാണ്.

എന്നാല്‍ കേരളത്തിലെ ക്രൈസ്തവ സമൂഹവും അതിന്റെ നേതാക്കളും ചിന്തിക്കേണ്ടതുണ്ട്. ബിജെപിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രവും ക്രൈസ്തവ വിശ്വാസവും തമ്മില്‍ വൈരുദ്ധ്യമുണ്ടോ? ഒറ്റക്കാര്യത്തിലാണ് പ്രതിസന്ധിയിരിക്കുന്നത്. അതു ക്രൈസ്തവര്‍ പുലര്‍ത്തുന്ന മനുഷ്യദര്‍ശനത്തിലാണ്. സകല മനുഷ്യരേയും സമത്വസ്വാതന്ത്ര്യ സാഹോദര്യത്തില്‍ കാണുകയും മനുഷ്യന്റെ മഹത്വം ദൈവികമാണെന്ന് അവര്‍ വിശ്വസിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ഭരണഘടനയില്‍ ഇതുപോലുള്ള ഒരു മനുഷ്യദര്‍ശനം ഉള്‍ക്കൊള്ളുന്നുണ്ട്. ഈ മനുഷ്യദര്‍ശനം അംഗീകരിക്കുമ്പോള്‍ ഒരു മൃഗത്തെ മനുഷ്യനെക്കാള്‍ മഹത്തായി അംഗീകരിക്കാനാകുമോ? മനുവിന്റെ ജാതി വ്യവസ്ഥയിലേക്കു ഘര്‍വാപസി നടത്താനാകുമോ? മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നവര്‍ക്കു വോട്ട് ചെയ്യാനാകുമോ? മതസ്പര്‍ദ്ധയുണ്ടാക്കുന്നവരെ അധികാരത്തിലേറ്റാന്‍ കഴിയുമോ?

ഈ മൗലിക കാര്യം മറന്നു സമുദായ താത്പര്യമെന്ന വെള്ളക്കാശിനു ക്രൈസ്തവികത ഒറ്റിക്കൊടുക്കാനാവില്ല. ഈ മൗലിക കാര്യം സമുദായത്തിന്റെ സാമുദായികകാര്യം മാത്രമല്ല, എല്ലാവരുടേയും പൊതുകാര്യമാണ്.

പി സി ജോർജ് എം എൽ എ


പി സി ജോർജ് എം എൽ എ

ഞാനതിനെ വലിയ ആനക്കാര്യമായി കാണുന്നില്ല. പല ആളുകളേയും കാണണമെന്ന് അമിത് ഷാ പാർട്ടിയോട് ആവശ്യപ്പെട്ടു. കർദ്ദിനാളും ബിഷപ്പുമാരും അവരുടെ ക്ഷണമനുസരിച്ച് കാണാൻ പോയി. ബിഷപ്പുമാരെ സംബന്ധിച്ചടത്തോളം വിദേശ പണമൊക്കെ വരുന്നുണ്ടല്ലോ. അപ്പോൾ അവർ കേന്ദ്രം ഭരിക്കുന്ന കക്ഷികളോട് എപ്പോഴും വാലാട്ടിയായിരിക്കും. ഇത്രയും കാലം കോൺഗ്രസിന്റെ വാലാട്ടിയായിരുന്നു. ഇപ്പോഴത് ബിജെപിയുടെ വാലാട്ടിയായി. വലിയ അർത്ഥമൊന്നുമില്ലാത്ത കാര്യമാണ്. മൈൻഡ് ചെയ്യാൻ പോകാത്തതാണ് നല്ലത്.

അതുമല്ല, ഈ കര്‍ദ്ദിനാളുമാരും ബിഷപ്പുമാരും പറഞ്ഞാല്‍ വോട്ട് ചെയ്യുന്ന ഒരു ക്രിസ്ത്യാനിയും കേരള സംസ്ഥാനത്തില്ല. കത്തോലിക്കര്‍ എട്ട് ശതമാനമേ ഉള്ളൂ. ബാക്കി പതിനൊന്ന് ശതമാനം പെന്തക്കോസ്തു, യാക്കോബായ വിഭാഗങ്ങളൊക്കെയാണ്. ഈ പിതാക്കന്മാര്‍ എന്തോ ചെയ്യാനാ, ഇവരെ ആര് മൈന്‍ഡ് ചെയ്യാനാ? മാണിയെ കൂട്ടിയിട്ട് അവര്‍ക്കെന്തു കാര്യമെന്നേ? മാണിക്ക് പൊളിറ്റിക്കല്‍ ഡിസ്‌കഷന്‍ നടത്താന്‍ വേറെ വേറെ വേദിയില്ലേ...ഈ മെത്രാന്റെ ഔദാര്യം വേണോ?

കര്‍ദ്ദിനാള് പറഞ്ഞാല്‍ മനുഷ്യന്റെ കയ്യില്‍ വോട്ടിരുപ്പുണ്ടോ? വെറുതെ മെത്രാന്മാര്‍ പറഞ്ഞാല്‍ കത്തോലിക്കര്‍ വോട്ട് ചെയ്യുമോ? മാണി അതില്‍ ലാഭമുണ്ടാക്കാന്‍ നോക്കുകയാണ്. മാണിയുടെ ആളുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയാണ്. കര്‍ദ്ദിനാള്‍ കണ്ടത് മാണിയ്ക്കു വേണ്ടിയാണെന്ന്. അതൊക്കെ വിവരക്കേടാണ്. ബിജെപി അത്രയും വിവരം കെട്ടവരല്ല. മാണിയെ കൂടെക്കൂട്ടി അബദ്ധത്തില്‍ ചാടുമെന്ന് കരുതുന്നില്ല. കൂട്ടിയാല്‍ ബിജെപിയുടെ കഷ്ടക്കാലം.

ഫാ. ജേക്കബ് നാലുപറയിൽ, ദൈവശാസ്ത്രജ്ഞൻ


ഫാ. ജേക്കബ് നാലുപറയിൽ

ക്രൈസ്തവ സഭയ്ക്ക് പ്രാദേശികമായ ഒരു നയം ദേശീയ പാര്‍ട്ടിയുമായിട്ട് രൂപീകരിക്കാനായി ബുദ്ധിമുട്ടുണ്ട്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോട് ദേശീയ നയമാണുള്ളത്. അത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യ ഭരിക്കുന്ന ഒരു ദേശീയ പാര്‍ട്ടിയോടുള്ള ക്രൈസ്തവരുടെ നയം എന്നു പറയുന്നത് ഭാരതത്തിലെ ക്രൈസ്തവര്‍ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. ആ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ എന്നു പറയുന്നത് പലതാണ്. കാന്ധമാല്‍, ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ മതപീഡനങ്ങള്‍ ആരു ഭരിച്ചാലും മനുഷ്യാവകാശ പ്രശ്‌നങ്ങളാണ്. ആ പ്രശ്‌നങ്ങള്‍ ഇവിടെ നേരിടുന്നുണ്ട്.

ഈയൊരു പ്രശ്‌നം രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അദ്ധ്യക്ഷനോട് സംസാരിക്കാനും അവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും സഭാ നേതൃത്വത്തിനു താത്പര്യമുണ്ട്. ക്രൈസ്തവ മതത്തിനു പ്രത്യേകമായി ഒരു പാര്‍ട്ടി രാഷ്ട്രീയമില്ല. രാഷ്ട്രീയമുണ്ട്, പക്ഷെ പാര്‍ട്ടി പൊളിറ്റിക്‌സില്ല. ഈ പാര്‍ട്ടിയ്ക്കു മാത്രമേ വോട്ട് ചെയ്യൂ എന്നൊരു നിലപാട് സഭയ്ക്കില്ല. അത് സഭയിലെ അംഗങ്ങളായ വിശ്വാസികളുടെ മനഃസാക്ഷിയ്ക്ക് വിട്ടുകൊടുത്തിരിക്കുന്ന കാര്യമാണ്.

ഏത് പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്യണമെന്നത് വ്യക്തി തീരുമാനിക്കേണ്ട കാര്യമാണ്. അതിനകത്ത് പാര്‍ട്ടി പൊളിറ്റിക്‌സിന് പ്രത്യേക നയം സഭയ്ക്കില്ല. അതു കൊണ്ടു തന്നെ സഭാ നേതാക്കളും ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളും തമ്മിലുള്ള സംഭാഷണത്തിലൂടെ ഈ സഭാ വിശ്വാസികളെ മുഴുവന്‍ ഒരു പാര്‍ട്ടിയിലേക്കു കൊണ്ടു പോകാം എന്നു ചിന്തിക്കുന്നത് നടക്കുന്ന കാര്യമല്ല. സഭാ നേതൃത്വവും വിശ്വാസികളും ഇക്കാര്യത്തില്‍ സമ്മതിക്കുന്ന കാര്യമല്ല. സഭാ നേതൃത്വത്തിനും വിശ്വാസികള്‍ക്കും അങ്ങനെയൊരു ലക്ഷ്യമില്ല.

സെബാസ്റ്റ്യൻ വടശ്ശേരി, കത്തോലിക്ക കോൺഗ്രസ്

സെബാസ്റ്റ്യൻ വടശ്ശേരി

നമ്മള്‍ ചില കാര്യങ്ങള്‍ പറഞ്ഞു. അതൊക്കെ ചിന്തിക്കാമെന്ന് അവര്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലേയും മത്സ്യബന്ധനമേഖലയിലെ കാര്യവും മറ്റും പറഞ്ഞു. വേറൊന്നും കാര്യമായി ഉണ്ടായില്ല. ന്യൂനപക്ഷങ്ങള്‍ക്കുള്ള അതിക്രമങ്ങളെക്കുറിച്ച് സംസാരിച്ചു. അവര്‍ക്ക് എന്തെങ്കിലും അജണ്ടയുണ്ടോ എന്ന് നമ്മള്‍ അന്വേഷിച്ചിട്ടില്ല. അജണ്ടയുണ്ടെങ്കില്‍ അതിനു നിന്നുകൊടുക്കാന്‍ താത്പര്യവുമില്ല. ബിഷപ്പുഹൗസിലോ മറ്റോ കൂടിക്കാഴ്ച നടത്തിയിട്ടില്ലല്ലോ.

ബീഫ് വിഷയം ഉയര്‍ത്തിയില്ല, അത് അത്ര വലിയ കാര്യമായി തോന്നിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യമാണത്. വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയതല്ലേ ഉള്ളൂ. സഭ സഭയുടെ രീതിയില്‍ മുന്നോട്ട് പോകും. സഭാദ്ധ്യക്ഷമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ബിജെപിയ്ക്ക് ലക്ഷ്യങ്ങളുണ്ടാകാം. നമ്മളത് കണക്കാക്കേണ്ട കാര്യമില്ല. ഒരു രാജ്യം ഭരിക്കുന്ന ഒറ്റ കക്ഷിയായ പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ വന്ന് കാണാന്‍ വന്നാല്‍ പറ്റില്ലെന്നു പറയുന്നതെങ്ങനെ? കോട്ടയത്ത് ചടങ്ങില്‍ മുമ്പ് ക്ഷണിച്ചപ്പോള്‍ കഴിയില്ലെന്നു പറഞ്ഞിരുന്നു. ആരെയും വിരോധിയായി മാറ്റി നിര്‍ത്താന്‍ പറ്റില്ലല്ലോ. ഏത് മതവിഭാഗമായായലും ആരായാലും തള്ളിക്കള്ളയാന്‍ നമുക്കാകില്ല. ആ രീതിയില്‍ മാത്രമാണ് എടുത്തിട്ടുള്ളൂ.