ആദിവാസി വഞ്ചന; മഞ്ജു വാര്യർ തെളിവുകൾ സഹിതം വ്യക്തമാക്കി അവതരിപ്പിക്കാനുള്ള ധൈര്യം കാട്ടുമോ ?: സി എസ് മുരളിശങ്കർ

മഞ്ജു വാര്യർ ഫൗണ്ടേഷൻ ശേഖരിച്ച തുകയെക്കുറിച്ച് സർക്കാർ അന്വേഷിക്കുകയും, ആദിവാസി മേഖലയിൽ സന്നദ്ധ സംഘടനാ പ്രവർത്തനം നടത്തുന്നതിന്റെ മറവിൽ കോടികൾ തട്ടിയെടുക്കുന്ന എല്ലാ സംഘടനകൾക്കും മാതൃകയാകുന്ന തരത്തിൽ, ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നുമുള്ള ആദിവാസി/ദലിത് സംഘടനകളുടെ ആവശ്യം അതുകൊണ്ടുതന്നെ തികച്ചും ന്യായയുക്തമാണ്. വടയമ്പാടി ജാതിമതിൽ വിരുദ്ധ സമര നേതാവ് സി എസ് മുരളിശങ്കർ എഴുതുന്നു

ആദിവാസി വഞ്ചന; മഞ്ജു വാര്യർ തെളിവുകൾ സഹിതം വ്യക്തമാക്കി അവതരിപ്പിക്കാനുള്ള ധൈര്യം കാട്ടുമോ ?: സി എസ് മുരളിശങ്കർ

"ലീഗൽ സർവീസ് അതോറിറ്റിക്ക് മഞ്ജുവാര്യർ നൽകിയ സത്യവാങ്മൂലത്തിൽ മഞ്ജുവാര്യർക്കെതിരെ ഉന്നയിക്കപ്പെട്ട ഒരു ആരോപണം പോലും അവർ നിഷേധിച്ചിട്ടില്ല!. പദ്ധതി നടപ്പാക്കാൻ കഴിയാതെ പോയത് സാമ്പത്തിക പരാധീനത കൊണ്ടാണെന്നും അവർ ഒരിടത്തും പറഞ്ഞിട്ടില്ല. മാത്രമല്ല പദ്ധതി നടപ്പാക്കാൻ ഒരു വ്യക്തിയെന്ന നിലയിൽ (ഒരു വ്യക്തി മാത്രമുള്ള "ട്രസ്റ്റ് "ആയി രജിസ്റ്റർ ചെയ്ത ഒരു മഞ്ജു വാര്യർ ഫൗണ്ടേഷൻ എന്നത് എത്രയോ വിചിത്രമാണ് !) ബുദ്ധിമുട്ടുകൾ ഉണ്ടെന്നും, ഇതിനകം 3.5 ലക്ഷം രൂപ ചെലവാക്കിയിട്ടുണ്ടെന്നും, 10 ലക്ഷം രൂപ മാത്രമേ തുടർന്ന് നൽകാൻ കഴിയൂ എന്നും, കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തന്നെയും തന്റെ പ്രതിനിധികളെയും ഒഴിവാക്കണമെന്നും മാത്രമേ ലീഗൽ സർവീസ് അതോറിറ്റി മുമ്പാകെ അഭ്യർത്ഥിച്ചിട്ടുളളു.

പനമരം ഗ്രാമപഞ്ചായത്തിലെ പരക്കുനി കോളനിയിലെ ആദിവാസികൾ ആരുംതന്നെ തങ്ങളെ രക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മഞ്ജുവാര്യർ ഫൗണ്ടേഷനെ സമീപിച്ചിരുന്നില്ല. മഞ്ജു വാര്യർ ഫൗണ്ടേഷൻ ആണ് പരക്കുനി കോളനി സന്ദർശിച്ചു പനമരം ഗ്രാമ പഞ്ചായത്തിന്റെയും വയനാട് ജില്ലാകളക്ടറുടെയും അനുവാദം വാങ്ങി പ്രസ്തുത പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ സാങ്കേതിക/നിയമ സഹായങ്ങളും ഗ്രാമപഞ്ചായത്തും ജില്ലാ ഭരണകൂടവും ഒരുക്കിക്കൊടുക്കുകയുമുണ്ടായി. ഇതിനെ തുടർന്ന് പത്രദൃശ്യമാധ്യമങ്ങളിൽ വൻ വാർത്ത വരികയും ഉണ്ടായി.

മൂടിവയ്ക്കാൻ കഴിയാത്തത്ര തെളിവുകൾ ഇക്കാര്യത്തിൽ ഉള്ളതുകൊണ്ട് "മഞ്ജു വാര്യർ ഫൗണ്ടേഷൻ എന്ന സംഘടനയുടെ പ്രവർത്തനങ്ങൾ ഒരു കമ്പനിയെ (ഏത് കമ്പനി ? എന്തായിരുന്നു ആ പ്രവർത്തനങ്ങൾ ? ) ഏൽപ്പിച്ചിരുന്നു. അവർ കോളനിയിൽ സർവേ (എന്തു സർവ്വേ ? കോളനിയിൽ പട്ടികവർഗ്ഗ വിഭാഗത്തിൽ 52 കുടുംബങ്ങളും, ജനറൽ വിഭാഗത്തിൽ 5 കുടുംബങ്ങളും ഉള്ളത് ആർക്കാണ് അറിയാത്തത് ? പഞ്ചായത്തിലും, എസ് ടി കോർഡിനേറ്ററുടെ കയ്യിലും, പട്ടികവർഗ്ഗ ഓഫീസിലും ഉള്ള ഈ വിവരം അറിയാൻ പുതിയ സർവേ നടത്തണോ ?) നടത്തി" എന്ന മട്ടിൽ ഇപ്പോൾ "മഞ്ജുവാര്യരുമായി അടുത്തവൃത്തങ്ങൾ"അവതരിപ്പിച്ചിട്ടുള്ളത്.

ആദിവാസികളുടെ ഉദ്ധാരണത്തിന് വേണ്ടി അവതാര വേഷം കെട്ടുക, ഒരു കോളനി തന്നെ ദത്തെടുത്തതായി പ്രഖ്യാപിക്കുക, എന്നിട്ട് പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാതെ ഇരിക്കുക, പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കോളനി നിവാസികളിൽ നിന്നും ശക്തമായ വിമർശനം ഉയർന്നുവന്നപ്പോൾ

ഏതാനും പ്ലാസ്റ്റിക് കൂടുകൾ നിർമ്മിക്കുക അതിന് 3.5 ലക്ഷം രൂപ ചെലവായി എന്ന് അവകാശപ്പെടുക, "ഫൗണ്ടേഷൻ" ആയി തുടങ്ങി ഒടുവിൽ മുഴുവൻ പദ്ധതിയും ഒറ്റയ്ക്കു ചെയ്തുതീർക്കാൻ കഴിയില്ല എന്ന് പറയുക,(മഞ്ജുവാര്യർ വൃത്തങ്ങൾ അവതരിപ്പിച്ച "കമ്പനി" ഇപ്പോൾ ഇല്ലെ...?!)ഈ വിഷയത്തിൽ തന്നെ "ശല്യം ചെയ്യാനോ" "അപമാനിക്കാനോ" മുതിരുന്നില്ലെങ്കിൽ, "എല്ലാ ബാധ്യതകളിൽ നിന്നും" തന്നെ "കുറ്റവിമുക്തയാക്കു"മെങ്കിൽ ഈ പദ്ധതി സർക്കാർ നടത്തുകയാണെങ്കിൽ താൻ 10 ലക്ഷം രൂപ നൽകാൻ തയ്യാറാണെന്ന് ഉദാരമനസ്കയായി രേഖാമൂലം തന്നെ അറിയിക്കുക. എന്നിങ്ങനെ പോകുന്നു മഞ്ജു വാര്യർ ഫൗണ്ടേഷന്റെ ആദിവാസി സന്നദ്ധ പ്രവർത്തനങ്ങൾ. വയനാട്ടിൽ നടക്കുന്ന സന്നദ്ധ സംഘ ആദിവാസി ക്ഷേമ പ്രവർത്തനങ്ങളുടെ ഒന്നാംതരം മാതൃകയാണ് ഇത്.

"മുഴുവൻ പദ്ധതിയും ഒറ്റയ്ക്ക് ചെയ്തുതീർക്കാൻ എനിക്ക് കഴിയാത്ത സാഹചര്യമുണ്ട് " എന്നാണ് മഞ്ജു വാര്യർ സത്യവാങ്മൂലത്തിലെ രണ്ടാം പാരഗ്രാഫിൽ പറയുന്നത്. എന്നുവച്ചാൽ പനമരം ഗ്രാമപഞ്ചായത്ത് മെമ്പർ എം എ ചാക്കോ തന്റെ പരാതിയിൽ വിശദമായി അവതരിപ്പിച്ചിട്ടുള്ള പദ്ധതികൾ തന്നെ.! അതിനർത്ഥം മുഴുവൻ പദ്ധതികളും പ്രഖ്യാപിച്ചത് മഞ്ജു വാര്യർ ഫൗണ്ടേഷൻ തന്നെയാണ് എന്നതാണ്. ഗ്രാമപ്പഞ്ചായത്തും, ജില്ലാ ഭരണകൂടവും അതിനാവശ്യമായ സഹായസഹകരണങ്ങൾ ഒരുക്കിക്കൊടുത്തു എന്നുമാത്രം. അതിനുശേഷം മഞ്ജു വാര്യർ പറയുന്നു: "മേൽപ്പറഞ്ഞ എന്റെ കഴിവില്ലായ്മ നിരവധി പ്രാവശ്യം ഞാൻ അറിയിച്ചിട്ടുള്ളതാണ് " ആരെയാണ് അറിയിച്ചത് ? പനമരം പഞ്ചായത്തിനെയാണോ, അതല്ലെങ്കിൽ ജില്ലാ ഭരണകൂടത്തെയാണോ അല്ലെങ്കിൽ സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കൂടിയായ എ കെ ബാലനേയോ ? ഇക്കാര്യങ്ങൾ മഞ്ജു വാര്യരും ഫൗണ്ടേഷൻ വൃത്തങ്ങളും കൂടുതൽ വ്യക്തമാക്കേണ്ടതാണ്. കാരണം സിനിമാരംഗത്തെ നാലു പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ട് സാംസ്കാരിക വകുപ്പ് മന്ത്രി കൂടിയായ പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽപ്രശ്നം ഒത്തുതീർപ്പാക്കി/പരാതിക്കാരനായ സിപിഐ എം മെമ്പർ കൂടിയായ എം എ ചാക്കോവിനെ നിശബ്ദനാക്കി എന്നൊരു കഥ പനമരം പഞ്ചായത്തിൽ ആദിവാസികളുടെ ഇടയിൽ പ്രചരിക്കുന്നുണ്ട്.!

" ഇതുസംബന്ധിച്ച എല്ലാ പ്രശ്നങ്ങളും ലീഗൽ സർവീസ് അതോറിറ്റിയിൽ ചർച്ച ചെയ്ത് പരിഹരിച്ചതാണ് " എന്ന മഞ്ജു വാര്യർ വൃത്തങ്ങളുടെ അവകാശവാദം കണ്ടു. എന്ത് ചർച്ചയാണ് അവിടെ നടന്നത് ? എന്നിട്ട് എന്തായി തീരുമാനം ? തെളിവുകൾ സഹിതം വ്യക്തമാക്കി അവതരിപ്പിക്കാനുള്ള ധൈര്യം കാട്ടുമോ ?

പ്രളയം നിരന്തരം നാശം വിതക്കുന്ന വയനാട് പരക്കുനി കോളനിയുടെ പുനരധിവാസം മഞ്ജു വാര്യർ ഫൗണ്ടേഷൻ സ്വയം ഏറ്റെടുത്ത പശ്ചാത്തലത്തിൽ, 2018-ലും 2019-ലും പ്രളയക്കെടുതികൾ ആവർത്തിച്ചിട്ടും ഫൗണ്ടേഷൻ വാഗ്ദാനം നിലനിൽക്കുന്നതിനാൽ കോളനി നിവാസികൾക്ക് യാതൊരുവിധ സർക്കാർ സഹായവും ലഭിക്കുകയുണ്ടായില്ല. മഞ്ജു വാര്യർ ഫൗണ്ടേഷൻ ഭാരവാഹികൾ അവരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടിയുള്ള യാതൊരു നടപടികളും സ്വീകരിച്ചതും ഇല്ല. കേരള സർക്കാരിന്റെ മാത്രമല്ല പ്രമുഖ ജ്വല്ലറി സ്ഥാപനങ്ങളുടെയും ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ "വിശ്വാസ്യതയുടെ പ്രതീകമായി" പ്രവർത്തിച്ചുവരുന്ന മഞ്ജു വാര്യർ തങ്ങളെ ചതിക്കുമെന്ന് ആദിവാസികൾ കരുതിയിരുന്നുമില്ല.

മഞ്ജു വാര്യർ ഫൗണ്ടേഷൻ വിശ്വാസവഞ്ചന നടത്തി, സിനിമാ രംഗത്ത് സജീവമായി തുടരുന്ന മഞ്ജുവാര്യരുടെ പേര് ഉപയോഗപ്പെടുത്തി ആദിവാസികളുടെ പേരിൽ വമ്പിച്ച ധനസമാഹരണം നടത്തിയെന്നു തന്നെയാണ് ആദിവാസികൾ കരുതുന്നത്. ഈ പണം ആദിവാസി ക്ഷേമത്തിനുവേണ്ടി വിനിയോഗിക്കാൻ മഞ്ജു വാര്യർ ഫൗണ്ടേഷൻ തയ്യാറാവുന്നില്ലെങ്കിൽ, മഞ്ജു വാര്യർ ഫൗണ്ടേഷൻ ശേഖരിച്ച തുകയെക്കുറിച്ച് സർക്കാർ അന്വേഷിക്കുകയും, ആദിവാസി മേഖലയിൽ സന്നദ്ധ സംഘടനാ പ്രവർത്തനം നടത്തുന്നതിന്റെ മറവിൽ കോടികൾ തട്ടിയെടുക്കുന്ന എല്ലാ സംഘടനകൾക്കും മാതൃകയാകുന്ന തരത്തിൽ, ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നുമുള്ള ആദിവാസി/ദലിത് സംഘടനകളുടെ ആവശ്യം അതുകൊണ്ടുതന്നെ തികച്ചും ന്യായയുക്തമാണ്. അവർ പ്രക്ഷോഭത്തിന്റെ മാർഗത്തിലൂടെയും, നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു കൊണ്ട് മുന്നോട്ടു പോവുക തന്നെ ചെയ്യും.

Read More >>