നോക്കൂ ഞങ്ങളുടെ പ്രതിഷേധങ്ങളെല്ലാം എത്ര നിറമുള്ളതാണെന്ന്, പണ്ടു ഞങ്ങൾ നട്ടു വളർത്തിയ നാലുമണിപ്പൂക്കൾ പോലെ!

ഒന്നാലോചിച്ചു നോക്കൂ, നടക്കുന്ന വഴികളിലുടനീളം നിങ്ങൾക്ക് നിങ്ങളുടെ ശരീരത്തെക്കുറിച്ച് ബോധവാനാകേണ്ടി വരുന്നതിനെക്കുറിച്ച്! അസഹനീയമായ അനുഭവമാണത്. നിങ്ങളെ കടന്നു പോകുന്ന ഓരോ നോട്ടങ്ങൾക്കും ഒരു ഒത്ത ആണിനെ നൽകേണ്ട ബാധ്യതയായി നിങ്ങൾ മാറുന്ന അവസ്ഥ. ഓരോ നിമിഷവും ഒരു കൂട്ടിലിട്ട് നിങ്ങൾ നിങ്ങളെ സ്വയം പീഡിപ്പിക്കുന്ന പോലെ- മുഹമ്മദ് സുഹ്റാബി എഴുതുന്നു

നോക്കൂ ഞങ്ങളുടെ പ്രതിഷേധങ്ങളെല്ലാം എത്ര നിറമുള്ളതാണെന്ന്, പണ്ടു ഞങ്ങൾ നട്ടു വളർത്തിയ നാലുമണിപ്പൂക്കൾ പോലെ!

"ഇയ്യെവിട്ന്നാ ഈ ഡാൻസ് പഠിച്ചേ??"

ഞാൻ നല്ലൊരു ഡാൻസർ അല്ല എന്ന ഉത്തമ ബോധ്യത്തോടെ പറഞ്ഞു തുടങ്ങട്ടെ! അന്ന് ജീവിതത്തിൽ ആദ്യമായായിരുന്നു ഞാൻ അത്തരം ഒരു ചോദ്യത്തെ നേരിടാൻ തുടങ്ങിയത്. കാരണം പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ എത്തുന്നത് വരെ ജീവിതത്തിൽ ഒരിക്കൽ പോലും ഞാൻ ഡാൻസ് ചെയ്യാൻ വേദിയിൽ കയറിയിട്ടുണ്ടായിരുന്നില്ല. ഡാൻസ് ചെയ്യണം എന്നാഗ്രഹമുണ്ടന്ന് കാര്യമായി ഒരാളോടു പോലും പറഞ്ഞിട്ടും ഉണ്ടായിരുന്നില്ല. വേറൊന്നും കൊണ്ടല്ല, പേടിയായിരുന്നു. പാട്ടുകൾ കേൾക്കുമ്പോൾ അറിയാതെ 'പെണ്ണിനെപ്പോലെ' അനങ്ങുന്ന ശരീരത്തെ നിലക്ക് നിർത്താൻ ഞാൻ ആ കാലം കൊണ്ട് പഠിച്ചിരുന്നു എന്നതാണ് മറ്റൊരു കാര്യം.

പക്ഷെ ഇങ്ങനെയൊക്കെയാണെങ്കിലും ഒറ്റക്കാവുന്ന സമയങ്ങളിൽ ഞാൻ 'ഞാൻ' മാത്രമായിരുന്നു. അടച്ചിട്ട മുറികളിൽ താത്തയുടെ വസ്ത്രങ്ങൾ മോഷ്ടിച്ച് രാത്രികാലങ്ങളിൽ വെറുതെ ചുവടു വെക്കുമായിരുന്നു. ഞാനെന്താണ് ചെയ്യുന്നതെന്നോ, എന്റെ ചുവടുകൾക്ക് ആകർഷണീയതയോ പെർഫക്ഷനോ ഉണ്ടോ എന്നൊന്നും അന്നും ഇന്നും ചിന്തിച്ചിരുന്നില്ല. പക്ഷെ ഒന്നെനിക്കറിയാമായിരുന്നു, ജീവിതത്തിൽ ഞാൻ ഏറ്റവും സന്തോഷം കണ്ടെത്തിയിരുന്നത് അത്തരം 'പെണ്ണിനെപ്പോലുള്ള' കളികളിലായിരുന്നു. ഇത് മണിക്കൂറുകളോളം നീളുമായിരുന്നു. പക്ഷെ ഒരിക്കൽ പോലും ആ മുറി വിട്ടിറങ്ങാൻ അതിനു പേടിയായിരുന്നു എന്നതാണ് സത്യം.

എനിക്ക് മുന്നിൽ ഒരായിരമാളുകൾ ഞാൻ ചെയ്യുന്നതെല്ലാം ആസ്വദിക്കുന്നുണ്ട് എന്ന പോലെ ഞാൻ ആടും; ആരും കാണാനില്ലെങ്കിൽ പോലും. അതായിരുന്നു എന്റെ ഡാൻസ് ക്ലാസ്! ഞാൻ തന്നെയായിരുന്നു എന്റെ ഗുരു! കണ്ണാടിക്ക് മുന്നിൽ കാണുന്ന എന്റെ പ്രതിബിംബമായിരുന്നു എന്റെ ഓഡിയൻസ്! അവിടെ നിന്നാണ് പേടിയെ മാറ്റിവെച്ച് ഒരു വേദിയിൽ കയറാനുള്ള ധൈര്യം കണ്ടെത്തുന്നത്.

ജീവിതത്തിൽ എല്ലാ പരീക്ഷണങ്ങൾക്കും തുറന്നു പറച്ചിലുകൾക്കും ഇടം തന്ന് ആശ്ലേഷിച്ച പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ ആയിരുന്നു അത്. ഒരു സെന്റ് ഓഫ് പരിപാടിയായിരുന്നു. ആദ്യമായി വേദിയിലേക്ക് കയറുമ്പോൾ കാലുകൾ വിറക്കുന്നുണ്ടായിരുന്നു. പക്ഷെ തളരാതെ പിടിച്ച് നിൽക്കണമായിരുന്നു. ഇന്നിതു ഞാൻ ചെയ്തില്ലെങ്കിൽ പിന്നൊരിക്കലുമില്ലെന്നു മനസ്സിനെ ബോധ്യപ്പെടുത്തി ആടി. പിന്നെയും പല വേദികളിൽ അത് തുടർന്നു. അങ്ങനെ ഞാൻ 'ഞാനായി'ത്തുടങ്ങി. പക്ഷെ എവിടെ നിന്നായിരുന്നു ഞാൻ 'എന്നെ' പേടിച്ച് തുടങ്ങിയതെന്ന് ചോദിച്ചാൽ അത് ചെന്നെത്തുക പേടിച്ച് ജീവിച്ച മറ്റൊരു കുട്ടിയുടെ കൂടെ കഥയിലേക്കാണ്.

എന്റെ നാട്ടിൽ ഒരു പയ്യനുണ്ടായിരുന്നു (ഇപ്പോഴുമുണ്ട്). കറുത്തു തടിച്ച ശരീരമുള്ള, വിടവുള്ള വെളുത്തുന്തിയ പല്ലുകളുള്ള, കാണുമ്പോൾ എപ്പോഴും വെളുക്കെ ചിരിക്കുന്ന ഒരുത്തൻ. സ്കൂളിൽ ഞങ്ങൾ ഒരേ ക്ലാസുകാരായിരുന്നു. ഉച്ചക്കഞ്ഞിക്ക് ബെല്ലടിക്കുമ്പോൾ ഞങ്ങൾ രണ്ടു പേരും അവന്റെ വീട്ടിലേക്കോടും. അവൻ അയൽ വീടുകളിൽ നിന്നും ശേഖരിച്ച് നട്ടു വളർത്തിയുണ്ടാക്കിയ പൂന്തോട്ടത്തിൽ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കും. പൂവുകളോട് കിന്നരിച്ചിരിക്കും. തിരികെ പോരുമ്പോൾ പുതിയതായി കിട്ടിയ നാലുമണിപ്പൂവിന്റെ ഒരു ചെടി പറിച്ച് കൈയ്യിൽ തരും. വീട്ടിൽ ഉമ്മയും മൂന്ന് പെങ്ങൾമാരും കഴിഞ്ഞാൽ അവനു ആ സമയത്തുണ്ടായിരുന്ന ഒരേയൊരു കൂട്ട് ഞാനായിരുന്നു. വേറൊന്നും കൊണ്ടല്ല, 'മൂട് കുലുക്കികൾ' എന്നു കുട്ടികൾ വിളിച്ച് കളിയാക്കിയിരുന്ന രണ്ടു പേരായിരുന്നു ഞങ്ങൾ.

"ഇജ്ജെന്തടാ പെണ്ണ്ങ്ങളെപ്പൊലെ നട്ക്ക്ണ്ത്??" എന്ന് ചോദിച്ച് പിറകെ കൂടിയിരുന്ന കൂട്ടുകാർ ഏറെയുണ്ടായിരുന്നു. ചുറ്റുപാടുകളിൽ നിന്നും ഏറ്റുവാങ്ങിയ പരിഹാസവും അപമാനവുമായിരുന്നു ഞങ്ങളെ കൂട്ടുകാരാക്കിയത്. അങ്ങനെ നാലുമണിപ്പൂക്കൾ എന്റെ പൂന്തോട്ടത്തിലും വളർന്നു തുടങ്ങി. രാത്രി പൂത്തു വാടിയ നിശാഗന്ധി കാണിക്കാൻ അവനെന്നെയും വിളിച്ചോടിയതാണ് അവനെക്കുറിച്ചുള്ള എന്റെ അവസാനത്തെ നല്ല ഓർമ്മ.

വർഷങ്ങൾക്ക് ശേഷം അവനെ വീണ്ടും കണ്ടുമുട്ടുന്നത് ഒരു കൂൾബാറിലെ ജോലിക്കാരനായിട്ടാണ്. പെങ്ങൾമാരുടെ കല്ല്യാണം കഴിഞ്ഞതിനെക്കുറിച്ചും പത്താം ക്ലാസിൽ കിതച്ച് നിന്ന് പഠിത്തം നിർത്തിയതിനെക്കുറിച്ചും ഒക്കെ പറഞ്ഞപ്പോഴേക്കും മുതലാളി അവനെ അടുത്ത പണി ഏൽപ്പിച്ചു. അവൻ തിരക്കുകളിലേക്ക് മൂട് കുലുക്കിയോടി. നാലുമണിപ്പൂക്കളുടെ ഇടയിലിരുന്നു ഒരിക്കലെങ്കിലും അവനെ ഒറ്റക്ക് കിട്ടിയാൽ ചോദിക്കാൻ വെച്ചിരുന്ന ചോദ്യങ്ങൾ ഞാൻ ലൈം കുടിച്ച് താഴേക്കിറക്കി. എണീറ്റ് പോന്നു!

'പെണ്ണുങ്ങളെപ്പോലെ' സംസാരിക്കുന്നത് കൊണ്ട്, 'പെണ്ണുങ്ങളെപ്പോലെ' നടക്കുന്നത് കൊണ്ട്, 'പെണ്ണുങ്ങളെപ്പോലെ' ഡാൻസ് കളിക്കുന്നത് കൊണ്ട്, 'പെണ്ണുങ്ങളെപ്പോലെ' കരയുന്നത് കൊണ്ട് ഒറ്റയാക്കപ്പെട്ട എത്രയോ കുട്ടികൾ ഇങ്ങനെ ജീവതത്തിലൂടെ കയറിയിറങ്ങിപ്പോയിട്ടുണ്ട്. ആ 'പെണ്ണിനെ' ആയിരുന്നു ഞാനും അവനുമെല്ലാം പേടിച്ചത്. വീട്ടിലും നാട്ടിലും സ്കൂളിലും നിസ്കാരപ്പായയിലുമെല്ലാം ഞാൻ നിന്നിരുന്ന ഒരു 'നിൽപ്പുണ്ട്'. വലതു കാലിലേക്ക് ഭാരം കൊടുത്ത് വലതു കൈമുട്ട് അരക്കെട്ടിലേക്ക് തട്ടിച്ച് 'പെണ്ണുങ്ങളെപ്പോലെയുള്ള' നിൽപ്പ്. പണ്ടൊരു നാടകത്തിന്റെ ഗ്രൂപ്പ് ഫോട്ടോ എടുത്തു നോക്കിയപ്പോൾ എല്ലാവരും വാരിയെല്ലിൽ നിവർന്ന് നിൽക്കുമ്പോൾ ഞാൻ മാത്രമങ്ങനെ ഒടിഞ്ഞു കുത്തിയിരിപ്പാണ്.

ഒരു പ്രായമെത്തിയപ്പോഴാണ് വീട്ടുകാരും നാട്ടുകാരുമിത് ശ്രദ്ധിച്ച് തുടങ്ങിയത്. അങ്ങനെയാണവർ ഞങ്ങളെ 'ശരിയാക്കി'ത്തുടങ്ങിയത്. മുകളിൽ പറഞ്ഞ നിൽപ്പിനെയായിരുന്നു അവർ ആദ്യം നേരെയാക്കാൻ നോക്കിയത്. അതിലെ ആദ്യത്തെ ഓർമ്മ നിസ്ക്കാരപ്പായയിൽ കൈകെട്ടിയിരിക്കുമ്പോൾ വളഞ്ഞിരിക്കുന്ന വലത് മുട്ടുകാലിനു കാക്ക തന്ന അടിയാണ്. വളരെ സ്വാഭാവികമായുണ്ടായിരുന്ന എന്നിലെ ഒന്നിനെ ഞാൻ അസ്വാഭാവികമായി കാണാൻ തുടങ്ങിയത് അങ്ങനെയാണ്. ഓരോ വക്തിനും ഈ നേരെയാക്കൽ പ്രക്രിയ തുടർന്നു പോന്നതിന്റെ അനന്തരഫലമായാണ് ഞാൻ 'ആണുങ്ങളെപ്പോലെ' നിൽക്കാൻ പഠിച്ചത്. പിന്നെ 'ശരിയാക്കേണ്ടത്' നടത്തമായിരുന്നു. കുലുങ്ങിക്കുലുങ്ങിയുള്ള നടത്തം. മൂട് കുലുക്കിയുള്ള നടത്തം. ചാന്തുപൊട്ടെന്നും രാധയെന്നും വിളിച്ച് ചുറ്റുമുള്ള മനുഷ്യർ കളിയാക്കാൻ തുടങ്ങിയപ്പോൾ ഞാൻ തന്നെ എന്റെ 'കുലുക്കലുകളെ' ഒതുക്കിയെടുത്തു! സംസാരം, ചേഷ്ടകൾ, ആംഗ്യങ്ങൾ അങ്ങനെ ഒരു പതിനേഴു വയസ്സാകുന്നതിനു മുന്നെ ഞാൻ എന്റേതായ എല്ലാത്തിനേയും സംശയത്തോടെയും അറപ്പോടേയും നോക്കിക്കാണാൻ തുടങ്ങി.

ഒന്നാലോചിച്ചു നോക്കൂ, നടക്കുന്ന വഴികളിലുടനീളം നിങ്ങൾക്ക് നിങ്ങളുടെ ശരീരത്തെക്കുറിച്ച് ബോധവാനാകേണ്ടി വരുന്നതിനെക്കുറിച്ച്! അസഹനീയമായ അനുഭവമാണത്. നിങ്ങളെ കടന്നു പോകുന്ന ഓരോ നോട്ടങ്ങൾക്കും ഒത്ത ആണിനെ നൽകേണ്ട ഒരു ബാധ്യതയായി നിങ്ങൾ മാറുന്ന അവസ്ഥ. ഓരോ നിമിഷവും ഒരു കൂട്ടിലിട്ട് നിങ്ങൾ നിങ്ങളെ സ്വയം പീഡിപ്പിക്കുന്ന പോലെ (പുതുമയുള്ള ഉപമയൊന്നും കയ്യിലില്ല!).

അങ്ങനെ സ്വയമായും മറ്റുള്ളവരാലും പരുവപ്പെടുത്തിയ ശരീരഭാഷ കൊണ്ടു ജീവിക്കുന്ന ആണുങ്ങളുണ്ട്. ഞാനങ്ങനെയൊരു ആണാണ്. അങ്ങനെ എനിക്ക് പരുവപ്പെടുത്താൻ കഴിയുന്നില്ലെന്ന് പറഞ്ഞ് തോളത്ത് ചാഞ്ഞ് കരഞ്ഞ ഒരാൺകുട്ടിയുണ്ട്. അവനോട് 'നീ ജിമ്മിനൊക്കെ പോ, അപ്പൊ ആങ്കുട്ട്യോളെപ്പോലെ ആവും, ഒരു പെങ്കുട്ടിനെം കൂടെ നോക്കിക്കൊ, ഒക്കെ നേരെയാവും' എന്നു ഉപദേശിച്ച സ്കൂളിലെ കൗൺസിലർമാരുണ്ട്. അവൻ പഠിച്ച നൃത്തത്തിന്റെ മുദ്രകൾ അവന്റെ കൈകളിൽ നിന്നും അറിയാതെ പുറത്തേക്ക് ചാടുന്നത് ഞാൻ കണ്ടിട്ടുണ്ട്.

ഇങ്ങനെയൊരാണാവണ്ടായിരുന്നു എന്നു സങ്കടപ്പെട്ട വേറൊരാളെ എനിക്കറിയാം. നിനക്ക് അടിയിൽ 'സാധനം' ഉണ്ടോടാ എന്നു ചോദിച്ച് തുണിയുരിക്കപ്പെട്ട മറ്റൊരാൺകുട്ടിയെ എനിക്കറിയാം. ഉടുക്കാനോ നടക്കാനോ ചിരിക്കാനോ പറയാനോ പാടാനോ ആടാനോ സമ്മതിക്കാതെ ഞങ്ങളെ വെറും ആണുങ്ങളാക്കിയതിനോടുള്ള 'ഞങ്ങളുടെ' ഒരു പ്രതിഷേധമായിരുന്നു അന്നാദ്യമായി ഞാനാ വേദിയിൽ കാണിച്ചത്. ജീവിതത്തിന്റെ ഓരോ സന്തോഷങ്ങളിൽ നിന്നും ആട്ടിയോടിക്കപ്പെട്ട, 'പെണ്ണിനെപ്പോലുള്ള' മുഴുവൻ ആണുങ്ങൾക്കും വേണ്ടിയുള്ളതാണത്. ഇത്രയും നാളും ഞങ്ങളുടെ ശരീരത്തോട് നിങ്ങൾ കാണിച്ച വയലൻസിനോട് ഞങ്ങൾക്ക് പ്രതികരിക്കാനുള്ളത് ഇങ്ങനെയാണ്. ഒരു ചെറിയ അനുഭവം കൂടി പറഞ്ഞു നിർത്താം.

ഡിപ്പാർട്ട്മെന്റിൽ വെച്ച് നടന്ന ഒരു പരിപാടിയിൽ ഡാൻസ് എന്നു വിളിക്കപ്പെടുന്ന ഈ പ്രകടനം ചെയ്തു കൊണ്ടിരിക്കെ മുന്നിൽ ഒരാൾ അസ്വസ്ഥനാകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഡിപ്പാർട്ട്മെന്റ് ഡീനായിരുന്നു അത്. അങ്ങേയറ്റം അറപ്പോടെ അയാൾ അസ്വസ്ഥാനായി മുഖം കുനിച്ചിരിക്കുന്ന ആ കാഴ്ച്ചയാണ് ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം. നിങ്ങളെ അസ്വസ്ഥരാക്കാൻ തന്നെയാണീ ചെയ്തു കൂട്ടുന്നതെല്ലാം. നിങ്ങളെ അസ്വസ്ഥനാക്കൻ വേണ്ടിയാണ് ഞങ്ങൾ ലിംഗം നോക്കാതെ ചുംബിക്കുന്നത്. തെരുവിൽ ആഘോഷപൂർവ്വം അഭിമാനത്തോടെ നടക്കുന്നത്. നോക്കൂ ഞങ്ങളുടെ പ്രതിഷേധങ്ങളെല്ലാം എത്ര നിറമുള്ളതാണെന്ന്. പണ്ടു ഞങ്ങൾ നട്ടു വളർത്തിയ നാലുമണിപ്പൂക്കൾ പോലെ!

വാൽ: 'സ്ത്രൈണത' ഉള്ള ആണുങ്ങളെല്ലാം ഗേയോ ട്രാൻസോ ആണ് ഭാഷ്യം ഇതിനില്ലെന്ന് ഇതിനാൽ അറിയിക്കുന്നു. 'പെണ്ണുങ്ങളെപ്പോലെ'യല്ലാത്തവരും ഞങ്ങൾക്കിടയിലുണ്ട്. അങ്ങനെയാവുന്നതിലോ ആവാത്തതിലോ ഞങ്ങൾ പ്രത്യേകിച്ച് അഭിമാനം കൊള്ളുന്നൊന്നുമില്ല. കാരണം, ഞങ്ങൾ വ്യത്യസ്തതകളെ പേടിക്കാത്തവരാണ്. അത് തുടരാൻ അനുവദിക്കാത്ത വ്യവസ്ഥക്കെതിരെയാണ് ഞങ്ങളുടെ സമരമെല്ലാം.

വാൽ രണ്ട്: 'അപ്പൊ നീയാരാടാ, ആണോ പെണ്ണോ അതോ രണ്ടു കെട്ടതോ??' എന്ന ചോദ്യം മനസ്സിൽ മുളക്കുന്നവർ ഇവിടെ വരിക. ഞാനും ഒരു ആണാണ്. പക്ഷെ, നിങ്ങളുടെ തണ്ടും തടിയും ഉള്ള 'ഒത്ത' ആണല്ല. ഉള്ളിലും പുറത്തും ഒരു 'പെണ്ണു' കൂടിയുള്ള ആണാണ്. ആണിനെ പ്രേമിക്കുന്ന ആണാണ്!