ജാതിക്ക് അടിത്തറ നൽകുന്ന പ്രമാണങ്ങൾ ഇസ്ലാമിനോ ക്രിസ്തുമതത്തിനോ ഇല്ല; എന്നാൽ മുസ്ലിം സമുദായത്തിനടക്കം ബ്രാഹ്മണ്യം പൊതുബോധമായ ഒരു സമൂഹമാണ് ഇവിടെ നിലവിലുള്ളത്

മാർക്സിസം അടക്കമുള്ള ദർശനങ്ങളിൽ ബ്രാഹ്മണ്യം ആരോപിക്കുന്ന ആളുകൾക്ക് നൂറ്റാണ്ടുകളായി ബ്രഹ്മണ്യവുമായി സമ്പർക്കത്തിൽ കഴിഞ്ഞ ഇസ്ലാമിന് അത് സംഭവിച്ചിട്ടില്ല എന്ന് എങ്ങനെ പറയാനാവും?. മുഹമ്മദ് മിറാഷ് എഴുതുന്നു

ജാതിക്ക് അടിത്തറ നൽകുന്ന പ്രമാണങ്ങൾ ഇസ്ലാമിനോ ക്രിസ്തുമതത്തിനോ ഇല്ല; എന്നാൽ മുസ്ലിം സമുദായത്തിനടക്കം ബ്രാഹ്മണ്യം പൊതുബോധമായ ഒരു സമൂഹമാണ് ഇവിടെ നിലവിലുള്ളത്

ഇസ്ലാമിൽ ജാതിയുണ്ടോ എന്ന ചോദ്യത്തിൽ നടക്കുന്നുകൊണ്ടിരിക്കുന്ന ചർച്ചകളാണ് ഈ കുറിപ്പിനാധാരം. കെവിൻ ജോസഫ് എന്ന ദളിത് ക്രിസ്ത്യൻ യുവാവിന്റെ കൊലപാതകത്തിൽ നിന്ന് തുടങ്ങിയ ചർച്ച ആദ്യം ക്രിസ്തു മതത്തിലെയും പിന്നീട് ഇസ്ലാമിലെയും ജാതീയതയെ കുറിച്ച് ആയി. നീനു ചാക്കോ എന്ന സുറിയാനി ക്രിസ്ത്യൻ പെൺകുട്ടിയെ പ്രണയിച്ചു വിവാഹം ചെയ്തതിന് പെൺകുട്ടിയുടെ ബന്ധുക്കളാൽ കൊല്ലപ്പെടുകയായിരുന്നു കെവിൻ. പെൺകുട്ടിയുടെ പിതാവ് സുറിയാനി ക്രിസ്ത്യാനിയും അമ്മ മുസ്ലീമും ആയിരുന്നു. കേസിലെ പ്രതികൾ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ആണ്. കേരളത്തിലെ ക്രിസ്ത്യാനികൾക്കിടയിലെ ജാതീയത നേരത്തെ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതായതിനാൽ അതിലേക്ക് കടക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.

ജാതി സവിശേഷമായ ഒരു ഇന്ത്യൻ പ്രശ്നമാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ എല്ലാം ജാതി ആചരിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഉപഭൂഖണ്ഡത്തിന് പുറത്ത് രൂപം കൊണ്ട ഇസ്ലാമിന്റെയോ ക്രിസ്തു മതത്തിന്റെയോ പ്രമാണങ്ങളിൽ ജാതി സംബന്ധിച്ച പരാമർശങ്ങൾ നമുക്ക് കാണാൻ സാധിക്കില്ല. ബ്രാഹ്മണ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ വേദോപനിഷത്തുകളിലൂടെയും മനുസ്മൃതിയിലൂടെയും ആണ് ജാതി അടിച്ചേല്പിക്കപ്പെടുന്നത്. ഇതിനെ സ്ഥാപനവൽക്കരിക്കപ്പെട്ടതാകട്ടെ ശേഷം എഴുതപ്പെട്ട പുരാണ- ഇതിഹാസങ്ങളിലൂടെ. ചാതുർവർണ്യത്തിന് പുറത്തുള്ള ദളിത് ബഹുജനങ്ങളെ മനുഷ്യപദവി പോലും ഇല്ലാത്തവരായി കല്പിച്ചാണ് ഹിന്ദു പുരാണങ്ങളും രാമായണവും മഹാഭാരതവും എഴുതപ്പെട്ടത്. അതുകൊണ്ടു തന്നെയാണ് ഹിന്ദുമതത്തിന്റെ പ്രമാണങ്ങളെ തകർക്കണം എന്ന് അംബേദ്‌കർ പറയുന്നതും. ഇത്തരത്തിൽ ജാതിക്ക് അടിത്തറ നൽകുന്ന പ്രമാണങ്ങൾ ഇസ്ലാമിനോ ക്രിസ്തുമതത്തിനോ ഇല്ല. ഖുർആനിലോ ബൈബിളിലോ ജാതി അയിത്തം ആചരിക്കാനുള്ള ആഹ്വാനങ്ങളും ഇല്ല. തന്നെയുമല്ല വർണ്ണ വിവേചനത്തിനും അടിമത്തത്തിനും എതിരെ ഇസ്ലാം നിലപാട് എടുത്തതായും കാണാൻ സാധിക്കും. എന്നിരുന്നാലും അടിമത്വത്തിനെതിരായ സംഘടിത സമരമല്ല അടിമയെ പണം നൽകി മോചിപ്പിക്കുക എന്ന മിതവാദ നിലപാടായിരുന്നു ഇസ്ലാമിന്റേത്.

ഇത്തരത്തിൽ വർണ്ണവിവേചനത്തിനെതിരായ ഇസ്ലാം മത ദർശനമാണ് ആ മതത്തിന് ആഫ്രിക്കൻ രാജ്യങ്ങളിൽ വലിയ പ്രചാരം നേടിക്കൊടുത്തത്. ഇന്ത്യൻ സാഹചര്യവും വ്യത്യസ്തമല്ല. ഇന്ത്യയിൽ പ്രധാനമായും രണ്ട് രീതിയിലാണ് ഇസ്ലാം മത പ്രചാരണം നടന്നത്. ഉത്തരേന്ത്യയിൽ മുസ്ലിം ഭരണം ആരംഭിച്ചതിന് ശേഷം നടന്ന മതപ്രചാരണമാണ് ഒന്ന്. എന്നാൽ ഇന്ത്യയിൽ ആദ്യമായി ഇസ്ലാം മതം പ്രചരിച്ചത് കേരളത്തിൽ ആയിരുന്നു. ഇസ്ലാമിന്റെ ഉത്ഭവത്തിന് മുമ്പ് തന്നെ കേരളവുമായി അറബികൾക്കുണ്ടായിരുന്ന കച്ചവട ബന്ധങ്ങളായിരുന്നു ഇതിനു സഹായിച്ചത്. പ്രവാചകനായ മുഹമ്മദിന്റെ ജനനത്തിന് മുമ്പ് തന്നെ കേരളത്തിൽ കച്ചവടത്തിനെത്തിയ അറബികൾ ഇവിടെ സെറ്റിൽമെന്റുകൾ ഉണ്ടാക്കിയതായി വാദങ്ങൾ ഉണ്ട്. ഇവരായിരിക്കാം കേരളത്തിൽ ആദ്യം മതപരിവർത്തനം നടത്തിയത്. അങ്ങനെയാണെങ്കിൽ കേരളത്തിൽ ജാതി ഘടന പൂർണ്ണ വളർച്ച എത്തുന്നതിന് മുമ്പാണ് ഇസ്ലാമിന്റെ വരവ്. ആരംഭത്തിൽ മന്ദീഭവിച്ചിരുന്ന ഇസ്ലാം മത പ്രചാരണം ശക്തമാവുന്നത് പതിനാറാം നൂറ്റാണ്ടിന് ശേഷമാണ് എന്ന് കാണാൻ സാധിക്കും, കേരളത്തിൽ ജാതീയത അതിന്റെ വികാസം പൂർത്തിയാക്കുന്നതും ഇതേ കാലത്താണ്. അതിന് ശേഷം നടന്ന മത പരിവർത്തനങ്ങളിൽ ഭൂരിഭാഗവും ദളിതരും മറ്റ് പിന്നോക്ക ജാതികളുമാണ്. ക്രിസ്തു മതത്തിലേക്കുള്ള മതം മാറ്റവും ശക്തമാവുന്നത് പോർച്ചുഗീസുകാരുടെ വരവിനു ശേഷമുള്ള ഇതേ കാലത്താണ്. ജാതി വ്യവസ്ഥിതിയിൽ നിന്നുമുള്ള മോചനമായിരുന്നു ഇസ്ലാമിനെയും ക്രിസ്തുമതത്തെയും അവർണ്ണർക്ക് പ്രിയപ്പെട്ടതാക്കിയത്.

എന്നാൽ, ആ മോചനം സാധ്യമായോ എന്ന ചോദ്യമാണ് ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ ഉയർത്തപ്പെടേണ്ടത് എന്ന് തോന്നുന്നു. ബ്രാഹ്മണ്യത്തിന്റെ ഒപ്പം വളർച്ച പ്രാപിച്ച ഇസ്ലാം മതം സമ്പർക്കം കൊണ്ട് ഇന്ത്യൻ സാഹചര്യത്തിൽ ബ്രഹ്മണ്യവൽക്കരിക്കപ്പെട്ടിട്ടുണ്ട് എന്നത് സംശയാതീതമാണ്. മാർക്സിസം അടക്കമുള്ള ദർശനങ്ങളിൽ ബ്രാഹ്മണ്യം ആരോപിക്കുന്ന ആളുകൾക്ക് നൂറ്റാണ്ടുകളായി ബ്രഹ്മണ്യവുമായി സമ്പർക്കത്തിൽ കഴിഞ്ഞ ഇസ്ലാമിന് അത് സംഭവിച്ചിട്ടില്ല എന്ന് എങ്ങനെ പറയാനാവും?

മുസ്ലിം സമുദായത്തിനടക്കം ബ്രാഹ്മണ്യം പൊതുബോധമായ ഒരു സമൂഹമാണ് ഇവിടെ നിലവിൽ ഉള്ളത്. കാരണം ജാതി കേവലം തൊഴിൽ വിഭജനമല്ല, വിവാഹബന്ധം വഴി സ്ഥാപനവൽക്കരിക്കപ്പെടുന്നതും സാമൂഹികമായ മാറ്റി നിർത്തലുകളിലൂടെ പ്രയോഗിക്കപ്പെടുന്നതുമാണ് അത്. മുസ്ലിം സമുദായത്തിലെ ഉച്ചനീചത്വങ്ങൾ കേവലം വരേണ്യതയും സാമ്പത്തീക നിലയുമായി ബന്ധപ്പെട്ടതാണ് എന്നാണ് ഇസ്ലാമിൽ ജാതിയില്ല എന്ന വാദക്കാർ ഉയർത്തുന്നത്. ഇതിനെ നമുക്ക് ജാതീയതയുമായി ബന്ധപ്പെട്ട് പരിശോധിക്കാം.

ജാതി തൊഴിൽ വിഭജനമാണെങ്കിൽ മുസ്ലിം സമുദായത്തിനകത്ത് തൊഴിൽ വിഭജനം ഉണ്ടോ? ഉണ്ട് എന്നാണ് യാഥാർഥ്യം. പ്രത്യക്ഷത്തിൽ നമുക്ക് കാണാൻ സാധിക്കുന്ന തൊഴിൽ വിഭജനങ്ങൾ മുടിവെട്ടും ചേലാകർമ്മം ചെയ്യലും കുലത്തൊഴിലാക്കിയ ഒസ്സാന്മാർ, മത്സ്യത്തൊഴിലാളികളായ തീരദേശ മുസ്ലിങ്ങൾ, ഇറച്ചി വെട്ട് കുലത്തൊഴിലാക്കിയ മുസ്ലിംങ്ങൾ എന്നിവരുടേതാണ്. മറ്റ് മുസ്ലിം കുടുംബങ്ങൾ ഈ ജോലികളെ താഴേക്കിടയിലുള്ളതായി കാണുന്നുമുണ്ട്.

വിവാഹത്തിന്റെ കാര്യം എടുക്കാം, ഒസ്സാൻ വിഭാഗത്തിൽ പെട്ട, അല്ലെങ്കിൽ മുക്കുവ വിഭാഗത്തിൽ പെട്ട ഒരു മുസ്ലിമിന് ഉന്നത കുടുംബത്തിൽ ജനിച്ച ഒരു മുസ്ലിമുമായി സ്വാഭാവികമായ ഒരു വിവാഹബന്ധം സാധ്യമാണോ? അല്ല എന്ന് തന്നെ ഉത്തരം. ഒരു ദളിതനും മുസ്ലിം സ്ത്രീയും പ്രണയത്തിൽ ആയി എന്ന് കരുതുക, അല്ലെങ്കിൽ ദളിത് സ്ത്രീയും മുസ്ലിം പുരുഷനും തമ്മിൽ, അവരിൽ ഒരു പങ്കാളി ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്താൻ തയ്യാറാണ് എന്നും കരുതുക , അവിടെ കുടുംബത്തിന്റെയോ സമുദായത്തിന്റെയോ അംഗീകാരത്തോടുകൂടിയുള്ള ഒരു വിവാഹ ബന്ധം സാധ്യമാണോ? ആക്ഷേപങ്ങൾ ഉണ്ടാവാം എന്നാൽ ഭൂരിഭാഗം കേസുകളിലും സാധ്യമാവാറില്ല. നേരെ മറിച്ച് നായരോ നമ്പൂതിരിയോ ആണെന്ന് കരുതുക. അവിടെ ഈ പ്രശ്നം ഉദിക്കുന്നില്ല. ജാതിയുടെ സവിശേഷതയാണ് അത് അടുത്ത തലമുറയിലേക്ക് പകരുന്നത് ഗർഭപാത്രം വഴിയാണ് എന്നത്. അത് കൊണ്ട് തന്നെ ഒരു നമ്പൂതിരിക്ക് നായർ സ്ത്രീയിൽ ജനിക്കുന്ന കുട്ടി ഒരിക്കലും നമ്പൂതിരി ആകുന്നില്ല. ഇതേ അവസ്ഥ തന്നെയാണ് മുസ്ലിം സമുദായത്തിനകത്ത് വരേണ്യ സ്ഥാനത്തുള്ള തങ്ങൾ വിഭാഗത്തിന്റെ, അതായത് സയ്യിദ് വിഭാഗത്തിന്റെ ഇടയിലും കാണാൻ സാധിക്കുന്നത്. ഒരു തങ്ങൾ മറ്റ് മുസ്ലിം കുടുംബങ്ങളിൽ നിന്നും വിവാഹം ചെയ്യുകയാണെങ്കിൽ ജനിക്കുന്ന കുട്ടികൾ തങ്ങൾ ആവുന്നില്ല. അതേ സമയം തങ്ങൾ പെൺകുട്ടികളെ മറ്റ് മുസ്ലിം കുടുംബങ്ങളിലേക്ക് വിവാഹം ചെയ്യാൻ അനുവദിക്കുന്നതും പരിമിതമാണ്. ഒരു ഒസാനോ മുക്കുവനോ തങ്ങൾമാരുമായി വിവാഹ ബന്ധം സാധ്യമാകുന്ന കാലം വിദൂരമാണെന്നാണ് യാഥാർഥ്യം.

സാമൂഹികമായ മാറ്റി നിർത്തലുകൾ മുസ്ലിം സമുദായത്തിനകത്ത് ഉണ്ടോ? ഒസ്സാന്മാർ, മത്സ്യത്തൊഴിലാളികൾ, കശാപ്പ് ജോലിയിൽ ഏർപ്പെടുന്നവർ എന്നിവരോട് ഈ നിലപാട് ഏറിയും കുറഞ്ഞും പല ഭാഗങ്ങളിലും കാണുന്നുണ്ട്. ആരാധനാലയങ്ങളിൽ ഇത് പ്രകടമാകാത്തത് ഇസ്ലാമിൽ ആശയപരമായ ജാതീയത ഇല്ല എന്ന കാരണത്താലാണ്. എന്നാൽ ഇന്ത്യൻ മുസ്ലിം സമൂഹത്തിൽ വ്യത്യസ്ത ജാതി വിഭാഗങ്ങൾ ഉള്ളതായി സച്ചാർ കമ്മറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. മുസ്ലിങ്ങൾക്കിടയിലെ ഈ ഉച്ചനീചത്വങ്ങളുടെ അടിത്തറ ബ്രഹ്മണ്യത്തിൽ നിന്നും സ്വീകരിക്കപ്പെട്ട ജാതീയതയാണ് എന്നാണ് ഈ വിശകലനത്തിൽ നിന്നും വ്യക്തമാവുന്നത്. അതായത് ആശയ തലത്തിൽ ജാതീയത ഇല്ലാത്ത ഇസ്ലാമിന്റെ ഇന്ത്യൻ പ്രയോഗത്തിൽ ബ്രാഹ്മണ്യം കടന്നുകൂടിയിട്ടുണ്ട്.

കെവിന്റെ കൊലപാതകം ജാതി കൊലപാതകമാകുന്നത് ഈ വസ്തുതകളുടെ വെളിച്ചത്തിലാണ്. എന്നിരുന്നാലും ഇവിടെ പ്രതിക്കൂട്ടിൽ നിർത്തേണ്ടത് ഇസ്ലാമിനെയല്ല ബ്രഹ്മണ്യത്തെയാണ്. അതുകൊണ്ടു തന്നെ ബ്രഹ്മണ്യത്തിന്റെ അടിച്ചമർത്തലുകൾ നേരിടുന്ന വിഭാഗങ്ങൾക്ക് ഈ വസ്തുതകൾ ഐക്യത്തിന് തടസ്സമാകുന്നില്ല. എന്ന് മാത്രമല്ല യോജിച്ച മുന്നോട്ടുപോക്കിനായി തിരുത്തലുകൾക്ക് മുസ്ലിം സമുദായത്തിനുള്ള അവസരം കൂടിയാകും ഇത്.

Read More >>