പറമ്പേ... പ്രിയപ്പെട്ട കളത്തിപ്പറമ്പേ, നിന്നെ ബൈജുവേട്ടനും ഇഷ്ടമാകും <3

രക്ഷാധികാരി ബൈജു ഒപ്പിട്ടത് ഉള്ളിലാണ്. ജീവിതത്തില്. സിനിമ കണ്ടുകഴിയുമ്പോ നമ്മുടെയൊക്കെ ആ പറമ്പിലേയ്ക്ക് ഓടിച്ചെല്ലാന്‍ തോന്നും. എനിക്കൊരു പറമ്പുണ്ട്. ഉളവയ്പില്‍- നാരദ ഫീച്ചര്‍ എഡിറ്റര്‍ ലാസര്‍ ഷൈന്‍ എഴുതുന്നു

പറമ്പേ... പ്രിയപ്പെട്ട  കളത്തിപ്പറമ്പേ, നിന്നെ ബൈജുവേട്ടനും ഇഷ്ടമാകും <3

ചലതങ്ങനെയാണ്. നമ്മളെ അങ്ങോട്ട് വിളിക്കും. അത്തരമൊരു വിളിയാണ് ബൈജു വിളിച്ചത്. രക്ഷാധികാരി ബൈജുവിന്റെ ട്രെയ്‌ലറോ പാട്ടോ കണ്ടപ്പോഴാകാം വിളി കിട്ടിയത്. ആദ്യ ദിവസം ഫസ്റ്റ്‌ഷോയ്ക്ക് സരിത തിയറ്ററിലെത്തുമ്പോള്‍ സീറ്റുകളൊന്നും നിറഞ്ഞിരുന്നില്ല. അതൊരു രസമാണ്. നമ്മള് നമ്മളോട് തന്നെ നടത്തുന്ന ഒരു ഉരച്ചു നോക്കല്‍. തോന്നല്‍ ശരിയാണോയെന്നറിയണമല്ലോ. സ്ഥിരം സിനിമാ കൂട്ടായ മായയുമുണ്ട്. കഴിഞ്ഞ ദിവസം സൈറബാനു കാണാന്‍ പോയപ്പോള്‍, അതില്ലാത്തതിനാല്‍ ഗ്രേറ്റ് ഫാദര്‍ കണ്ടാലോ എന്നു ചോദിച്ചപ്പോ ഞാനില്ലെന്നു പറഞ്ഞ ടീമാ. രക്ഷാധികാരി ബൈജു കണ്ടാലോയെന്ന് ചോദിച്ചപ്പോ ഒന്നും പറഞ്ഞില്ല. അവക്കും തോന്നലുണ്ടായിക്കാണും.


സിനിമ തുടങ്ങുകയാണ് സൂര്‍ത്തുക്കളെ. ദേശീയഗാനം കഴിഞ്ഞാണ് കയറാനൊത്തത് ;) രക്ഷാധികാരി ബൈജു ട്രോഫിയുമായി വീട്ടിലേയ്ക്ക് വരുകയാണ്. ഒന്നാം മിനിറ്റില്‍ തന്നെ സിനിമയിലേയ്ക്ക് വീണു. വീട്, ഭാര്യ, അമ്മ, മകള്‍, അച്ഛന്‍ എന്നിവരെ കാണിച്ചു തന്നു. പിന്നെ നേരെ ആളങ്ങ് പോയി കൂട്ടുകാരെയും പിന്നാലെ അവരുടെ വീടുകളും നാടും കാണിച്ചു തന്നു. കൊച്ചിയിലാണ് ഞാനുള്ളത്. ആമേനിലെ കുമരങ്കരിയാണ് എന്റെ നാട്- ഉളവയ്പ്. ഇടയ്‌ക്കേ പോകാനാകു. ശരിക്കും നാട്ടിലേയ്ക്ക് ചെന്ന ഫീല്‍. ആ ഒരു പച്ചപ്പും ഹരിതാഭേം. നല്ല ചിരിപ്പിക്കുന്ന മനുഷ്യരും. മായേടെ നാടുണ്ട് വൈക്കത്ത് തോട്ടകം. അവിടത്തെ ചേട്ടന്മാരൊക്കെ അങ്ങനെയാണ് ഫുള്‍ടൈം കോമഡി. മരണവീടായാലും അപകടത്തിപ്പെട്ടയാളുമായി ആശുപത്രിയിലേയ്ക്ക് പോകുകയാണെങ്കിലും കോമഡി വിട്ടൊരു കളിയുമില്ലാത്ത മനുഷ്യര്‍. സിനിമയിലൊക്കെ ചിരിയെഴുതുന്നവരെയൊക്കെ തോല്‍പ്പിക്കുന്നവര്‍. ഇപ്പോഴും നാട്ടില്‍ തന്നെ ജീവിക്കാന്‍ കഴിയുന്ന മനുഷ്യരുടെ തമാശകള്‍. എന്തിലും ചിരി കണ്ടെത്തുന്ന മിടുമിടുക്ക്. അതിനാലാവണം ആരും അഭിനയിക്കുകയല്ല, കുമ്പളങ്ങി എന്ന നാട്ടിലേയ്ക്ക് നമ്മളങ്ങ് ചെന്നതാണെന്നു വിശ്വസിപ്പിച്ചു കളഞ്ഞു ആദ്യം തന്നെ.


കാണികളെന്താകും ചിന്തിക്കുക എന്നു കണക്കു കൂട്ടി നടത്തുന്ന കളിയുണ്ടല്ലോ... ട്വിസ്റ്റും ത്രില്ലും ഒളിച്ചു വെക്കലും പിന്നിലൂടെ വന്നു പേടിപ്പിക്കലും- അതൊന്നുമില്ല.അതിനിടയില് നമ്മുടെ ദിലീഷ് പോത്തന്റെ ഒരു വരവും പോക്കുമുണ്ട്. അയാളാ കാറില് കേറി അമേരിക്കയ്ക്ക് മടങ്ങുമ്പോ, അയാക്കു മാത്രമല്ല നമുക്കും മിസ്സാകുന്നൊരു നാടുണ്ട്. ആ മിസ്സാകല് ഇല്ലാത്തവര് ആരാണ് ചങ്ങായി. കണ്ണങ്ങു നിറഞ്ഞു പോയെന്നേ. ശരിക്കുമങ്ങ് വിങ്ങി. ഞാനപ്പോ ശരിക്കും കളത്തിപ്പറമ്പ് ഓര്‍ത്തു. എന്റെ നാട്ടിലാണ്. ആ പറമ്പിന്റെ അതിരിലാണ് വീട്.

ഓര്‍മ്മയിലവിടെ ഫുട്ബോള് കളിയാണ്. പട്ടാളത്തീന്നു പിരിഞ്ഞെത്തിയ കൃഷ്ണന്കുട്ടി ചേട്ടന്‍ റെഡ് വോളന്റിയേഴ്സിനെ പരേഡ് പഠിപ്പിക്കുന്നതും ഓര്‍ക്കുന്നു. ചുറ്റും ചെളിനിറഞ്ഞ പാടങ്ങള്‍ക്കു നടുവില്‍ പഞ്ചാരമണലുള്ള ഇടമാണിത്. ചാത്തങ്കേരി പടിഞ്ഞാറു വശം പ്രദേശത്തെ ഉയരമുള്ള ഭൂമി. വെള്ളപ്പൊക്കത്തില്‍ തലയുയര്‍ത്തി നില്‍ക്കും. മുകളിലുള്ള ചിത്രം ആ പറമ്പാണ്.പണ്ട് പാലക്കാരുടേതായിരുന്നു കൃഷിയിടമെല്ലാം. അവരുടെ കളമായിരുന്നു, നെല്ല് സൂക്ഷിക്കുകയും മെതിക്കുകയുമൊക്കെ ചെയ്യുന്നത്. നെല്ല് സൂക്ഷിക്കുന്ന അറകളായതിനാല്‍ ജനാലകളില്ലായിരുന്നു. ഞാനിവിടെ നെല്ല് മെതിച്ചിട്ടുണ്ട്.

മഴക്കാലമായാല്‍ തോട്ടില്‍ നിന്ന് തെന്നിക്കയറുന്ന അണ്ടികള്ളി മീനുകളെ പിടിച്ചിട്ടുണ്ട്. നല്ല ടേസ്റ്റാണ്.പറമ്പിലാണ് കളിച്ചു വളര്‍ന്നത്. അടുക്കളക്കാരന്‍ എന്നു വിളിക്കുന്ന സൂക്ഷക്കാരന്‍, ദേവസ്യവല്യപ്പനുണ്ടായിരുന്നു- രക്ഷധികാരി ബൈജു സിനിമയിലെ ജനാര്‍ദ്ദനന്റെ കഥാപാത്രത്തെ പോലെ കുട്ടികളുടെ ശത്രുവായി. ഞങ്ങളവിടെ കളിക്കാതിരിക്കാന്‍ പുള്ളി കപ്പ നട്ടു. കപ്പ വലുതായപ്പോ ഞങ്ങളാ കപ്പ മാന്തി. തൈനട്ടു. അതു പിഴുതു വെച്ചു. പുള്ളിക്കാരനുമായി ഫൈറ്റോട് ഫൈറ്റായിരുന്നു.കളത്തിപ്പറമ്പ് സര്‍ക്കാരിന്റേതല്ല. ഇപ്പോ അത് ജോണിസാറിന്റേതാണ്. ഒന്നാംക്ലാസ് ടീച്ചര്‍ റൂബിസാറിന്റെ ഭര്‍ത്താവാണ് ജോണിസാര്‍. പുള്ളിയും ഹെഡ്മാസ്റ്ററായിരുന്നു. ഇപ്പോഴും കുട്ടികളും വലിയവരും അവിടെ കളിക്കുന്നു. ഈ കളത്തിന്റെ ഭിത്തിയില്‍ ആണിയടിച്ചാണ് കുട്ടന്‍ ചേട്ടന്‍ ബാനറുകളെഴുതിയിരുന്നത്. കലേഷ്, കണ്ണന്‍, ലാലന്‍, ശെല്‍വന്‍- എല്ലാവരും പണികഴിഞ്ഞു വന്ന് പാര്‍ട്ടിക്കായി ഇവിടെ ബാനറെഴുതി. നാടകത്തിന് സീനറി കര്‍ട്ടനുകള്‍ വരച്ചു.


നാട്ടിലെ പശുവിനെ മുഴുവന്‍ കെട്ടി. കൊട്ടക്കെണിയുണ്ടാക്കി പ്രാവുകളെ പിടിച്ചു. കൂവ കുത്തി. ഓണത്തിന് തുമ്പയും ഈച്ചപ്പൂവും പറിച്ചു. അതിരിലെ മാവിലെ മാങ്ങ എറിഞ്ഞിട്ടു. കാട്ടുചെറി ധാരാളമായി കിഴക്കേ അതിരില്‍ വളര്‍ന്നു. പറമ്പിലെ കുളത്തില്‍ നിന്ന് വെള്ളം കോരി കുളിച്ചു. അലക്കി. പാത്രം കഴുകി. സോപ്പിട്ട് കുളത്തിലിറങ്ങരുതെന്ന നിയമം ആരും തെറ്റിച്ചില്ല. കളത്തിപ്പറമ്പ് പോലെ എല്ലാവര്‍ക്കുമുണ്ടാകും സ്വന്തം മൈതാനമായ ആരുടെയോ പറമ്പ്. ആ പറമ്പാണ് 'രക്ഷാധികാരി ബൈജു'വിന്റെ കളി നടക്കുന്ന സ്ഥലം. രക്ഷാധികാരി ബൈജുമാര്‍ക്ക് അവസാനം എഴുതേണ്ടി വരുന്നതു പോലൊരു കത്ത് എഴുതേണ്ടി വരും മുഖ്യമന്ത്രിക്ക്. ഭൂമിയുടെ രാഷ്ട്രീയം നൈസായി പറയുകയാണ് സിനിമ.

ജീവിതത്തില്‍ സ്വന്തമായി മൈതാനമുള്ളവരുടേയും ഇല്ലാത്തവരുടേയും മാത്രമല്ല, അമേരിക്കയില്‍ റോള്‍സ് റോയ്സ് കാറുള്ളവരുടേയും ഉള്ളിന്റുള്ളില്‍ മൈതാനം വിശാലമായി ഇങ്ങനെ പരന്നു കിടക്കും. അതിലെപ്പോഴും നിലയ്ക്കാത്ത ഒരു പന്തുണ്ടാകും. പിന്നാലെ ഓടുന്ന നമ്മളും- കുമ്പളം ബ്രദേഴ്സിലെ... ആ കളിപ്പറമ്പിലെ ആരൊക്കയോ ആണ് നമ്മളെല്ലാം.ബൈജു സ്വയം ഒരു മൈതാനവുമാണ്, നമ്മളാരും അതല്ലെങ്കിലും. ചിലരതാണ്- ആരാണ് എന്റെ ബൈജു... സിനിമ കണ്ടുകൊണ്ടിരിക്കെ പലവട്ടം ഓര്‍ത്തു.കുഞ്ഞെന്നോ വലുതെന്നോ പെണ്ണെന്നോ ആണെന്നോ പശുവെന്നോ കിളിയെന്നോയില്ലാതെ എല്ലാവരോടും ബൈജുവിന്റെ ഒരു പെരുമാറ്റമുണ്ട്. ഒന്നും അയാളറിയാതെ ചെയ്യുന്നതല്ല. എല്ലാം അറിഞ്ഞുറപ്പിച്ച ചെയ്ത്താണ്.

സിനിമ തീരുക, എന്ന ഒന്നുണ്ടല്ലോ. ആകപ്പാടെ ഞെട്ടിക്കുന്ന ഒരു കലാശം- വില്ലമ്മാരെ ഇടിച്ചു തോപ്പിക്കുന്ന ആ എന്‍ഡ്. അങ്ങിനെയൊന്ന് ജീവിതത്തിലില്ലല്ലോ ഭായ്. ഈ സിനിമയ്ക്കും അതില്ല. വെറുതെ കാര്യമില്ലാത്ത വെപ്രാളങ്ങളിലിങ്ങനെ ആര്‍ക്കോ വേണ്ടി പായുന്നതിനിടയില് ഇത്തിരി നേരം ജീവിച്ചു എന്നു തോന്നും. ഇല്ലാത്ത കുമ്പളങ്ങിയില് പോണമെന്നും ബൈജുവേട്ടനേയും കൂട്ടുകാരേയും നാട്ടുകാരേയും കാണണമെന്ന് തോന്നും. അയ്യോ അത് സിനിമയാണല്ലോ എന്നപ്പോഴോര്‍ക്കും- നന്ദി രഞ്ജന്‍ പ്രമോദ്, സിനിമയാണെന്നു പറഞ്ഞു പറ്റിച്ച് കുറേ നേരം ജീവിതത്തിലേയ്‌ക്കൊരു ട്രിപ്പ് തന്നതിന്!

സിനിമ കഴിഞ്ഞു. ആകെ സാധിക്കുന്നത് കളത്തിപ്പറമ്പില് പോകലാണ്. അവധി കിട്ടിയാലുടന്‍ ഒന്നു പോണം. അവിടെ ഒന്ന് ഓടിക്കളിക്കണം!