സമയമാകുമ്പോള്‍ കുരച്ച് ചാടുന്ന സദാചാരഭടന്മാര്‍ തുറക്കുന്നത് ഏത് കാലത്തിലേയ്ക്കുള്ള വാതിലാണ്?

രണ്ട് പേര്‍ ഫോണില്‍ സംസാരിച്ചത് ഒളിച്ച് കേട്ട് അത് നാട്ടുകാരോട് വിളമ്പുന്നതെല്ലാം വികലമായ മനസ്സുകളുടെ കുഴപ്പമാണ്. അതിനെ ന്യായീകരിക്കാന്‍ പോകുന്നതും അതേ വികലമനസ്സുകളാണ്. കള്ളനേക്കാള്‍ കേമനൊന്നുമല്ല കള്ളന് കഞ്ഞിവയ്ക്കുന്നവന്‍- സീനിയർ സബ് എഡിറ്റർ എസ് ജയേഷ് എഴുതുന്നു.

സമയമാകുമ്പോള്‍ കുരച്ച് ചാടുന്ന സദാചാരഭടന്മാര്‍ തുറക്കുന്നത് ഏത് കാലത്തിലേയ്ക്കുള്ള വാതിലാണ്?

ഫോണ്‍ ചോര്‍ന്ന സംഭവത്തില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ രാജി വെച്ചതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍, മാധ്യമധര്‍മ്മവും രാഷ്ട്രീയക്കാരുടെ ഉത്തരവാദിത്തവും തര്‍ക്കത്തില്‍ പെടുമ്പോള്‍, ചിലര്‍ ഒളിഞ്ഞിരുന്ന് ചോര കുടിക്കുന്നതും കാണാവുന്നതാണ്.

അത്തരക്കാരുടെ പ്രധാനരോഗം സദാചാരം ആണെന്നത് അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ അറിയാന്‍ കഴിയും. ആ സിന്‍ഡ്രോം ഇടയ്ക്ക് ഓക്കാനം പോലെ തികട്ടി വരുമെന്ന മെച്ചവുമുണ്ട്.

ലൈംഗികത എല്ലാ ജീവജാലങ്ങളുടെയും അവകാശമാണ്. മനുഷ്യന് അല്പം കൂടി ആസ്വദിക്കാവുന്ന രീതിയിലാണ് പ്രകൃതിയുടെ ചിട്ടപ്പെടുത്തല്‍. ഏത് സമയത്തും ലൈംഗികത ആസ്വദിക്കാന്‍ കഴിയുന്ന ഒരേയൊരു ജീവി മനുഷ്യനാണത്രേ. അത് ശരീരങ്ങള്‍ കൊണ്ടാകാം, പോണ്‍ വീഡിയോ കണ്ടുകൊണ്ടാകാം, ഫോണില്‍ സംസാരിച്ചുമാകാം. തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ് അവയെല്ലാം. പരസ്പരസമ്മതത്തോടെ രണ്ട് പേര്‍ ലൈംഗികത ആസ്വദിക്കുന്നതില്‍ രോഷം കൊള്ളുന്നത് അവസരം കിട്ടാത്തവരാണെന്നും പറയാം.

രണ്ട് പേര്‍ ഫോണില്‍ സംസാരിച്ചത് ഒളിച്ച് കേട്ട് അത് നാട്ടുകാരോട് വിളമ്പുന്നതെല്ലാം വികലമായ മനസ്സുകളുടെ കുഴപ്പമാണ്. അതിനെ ന്യായീകരിക്കാന്‍ പോകുന്നതും അതേ വികലമനസ്സുകളാണ്. കള്ളനേക്കാള്‍ കേമനൊന്നുമല്ല കള്ളന് കഞ്ഞിവയ്ക്കുന്നവന്‍ എന്ന്. അതിനെ സാരോപദേശത്തിന്റെ ഭാഷയിലാക്കിയാലൊന്നും ദുര്‍ഗന്ധം മാറില്ല.

ഒരാള്‍ കാമത്തീയില്‍ ആളിക്കത്തിയാല്‍ രോഷം കൊള്ളുന്നത് ഏത് സദാചാരരോഗത്തിന്റെ ഭാഗമാണെന്ന് അധികം ആലോചിക്കുകയൊന്നും വേണ്ട. പൊതുപ്രവര്‍ത്തകന്‍ ആയത് കൊണ്ട് ചോദനകള്‍ മാറ്റി വയ്‌ക്കേണ്ട കാര്യമൊന്നുമില്ല. അവരും മനുഷ്യരാണ്. അവര്‍ക്കും വികാരങ്ങളുണ്ട്. അത് സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ സ്വന്തം മനസ്സിലെ തുരുമ്പ് ഇളകുന്നതാണെന്ന് മനസ്സിലാക്കാന്‍ സാധിക്കേണ്ടതുണ്ട്.

ശശീന്ദ്രന്‍ സംഭവം രാഷ്ട്രീയക്കുരുക്കായിരുന്നോ മാധ്യമക്കെണിയായിരുന്നോ എന്നെല്ലാം അത് അന്വേഷിക്കുന്നവര്‍ കണ്ടെത്തട്ടെ.

സമയമാകുമ്പോള്‍ കുരച്ച് ചാടുന്ന സദാചാരഭടന്മാര്‍ തുറക്കുന്നത് ഏത് കാലത്തിലേയ്ക്കുള്ള വാതിലാണെന്ന് തിരിച്ചറിഞ്ഞാല്‍ കൊള്ളാം.