ആരാണ് ഹിന്ദുവിന്റെ ശത്രു?

ഇന്ന് ശ്രീരാമനെന്നു കേൾക്കുമ്പോൾ ഗുജറാത്തില്‍ ത്രിശൂലം ഏന്തി ജയ് ശ്രീരാം വിളിക്കുന്നവരെ ഓർമ വരുന്ന തരത്തിലേക്ക് ഈ മതത്തിന്റെ ഇമേജിനെ എത്തിച്ചു- -മുഹമ്മദ്‌ ജൗഹര്‍ എഴുതുന്നു.

ആരാണ് ഹിന്ദുവിന്റെ ശത്രു?

ഇനിയെങ്കിലും ഹിന്ദു മതത്തിന്റെ ഏറ്റവും വലിയ ശത്രു ആരാണ് എന്ന് തിരിച്ചറിയാനാവണം ഈ രാജ്യത്തിന്. ലോക മാധ്യമങ്ങളില്‍ വാര്‍ത്ത നിരന്നു തുടങ്ങി. ക്ഷേത്രത്തില്‍ നടന്ന പീഡന കൊലപാതക കഥ എന്ന നിലയില്‍. ഒരു മത വിശ്വാസ സംഹിതയുടെ സഹസ്രാബ്ദങ്ങളുടെ സഹിഷ്ണുതയുടെ ചരിത്രത്തെ ആണ് അത് കളങ്കപ്പെടുതുന്നത്.

ഇറാഖില്‍ യസീടികളെ ആക്രമിക്കുന്ന ഐസിസുകാരോട് മുല്സിം പണ്ഡിതര്‍ പറയുന്നത് കേട്ടിരുന്നു.

" "യസീടികള്‍ ആയിരത്തിലേറെ വര്‍ഷങ്ങള്‍ ആയി ആ നാട്ടില്‍ സുരക്ഷിതരായി ജീവിക്കുകയായിരുന്നു. ലോകത്ത് മുഴുവന്‍, അതാത് നാടുകളിലെ ന്യൂനപക്ഷങ്ങൾക്കു നേരെ ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ പോലും ഇറാഖിലെ ന്യൂനപക്ഷങ്ങൾക്കു ചരിത്രത്തില്‍ ഒരു കാലത്തും ആക്രമിക്കപ്പെട്ടിട്ടില്ല എന്ന ചരിത്രം ഒരഭിമാനമായി നിലവിലുണ്ടായിരുന്നു.നിങ്ങള്‍ മുസ്ലിംകളെ കൊല്ലുന്നത് പോലെയല്ല മറ്റുള്ളവരെ കൊല്ലുന്നത്‌. മറ്റുള്ളവരെ കൊല്ലുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ മതത്തെ ആണ് അപമാനിക്കുന്നത്. അതിന്റെ ചരിത്രത്തെയാണ്" ".

ഖലീഫ ഉമര്‍ തന്റെ ഗവര്‍ണര്‍ക്കെഴുതിയ കത്തിനെ ഓർമ്മിപ്പിച്ചു മുന്നറിയിപ്പ് നൽകി പണ്ഡിതർ. "നിങ്ങള്‍ ആക്രമിക്കപ്പെടുന്നതിനേക്കാള്‍ അപകടം നീ അക്രമി ആവുന്നതാണ്. കാരണം നീ അക്രമി ആവുമ്പോള്‍ നിന്റെ മതതെയാണ് അപമാനിക്കുന്നത്".

മുസ്ലിംകൾ ഇന്ന് ആ പ്രശ്നത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഏറ്റു വാങ്ങികൊണ്ടിരിക്കുകയാണ്. അള്ളാഹു അക്ബര്‍ കേള്‍ക്കുമ്പോള്‍ മനസ്സുകളില്‍ ആത്മീയതയെ- ദൈവത്തെ ഓർമ വന്നിരുന്ന കാലം മാറി, ഐഎസ്സ്കാര്‍ കത്തിയുമായി കഴുത്തറുക്കാന്‍ നില്‍ക്കുന്നത് ഓർമ വരും വിധം ഒരു മതത്തെ അപമാനിക്കുകയായിരുന്നു അവര്‍. ലോകത്തെ മറ്റോരു രാഷ്ട്രത്തിനും, എത്ര വലിയ ആയുധങ്ങള്‍ക്കും, എത്ര വലിയ ശത്രുവിനും ഏല്പിക്കാന്‍ ആവുന്നതിലും വലിയ പരിക്കാണ് ഇസ്ലാമിനു ഐസിസിൽ നിന്ന് ഏറ്റത്.

ഒരു മത വിശ്വാസം ക്രൂരമായി പെരുമാറുന്നു എന്ന് വാര്‍ത്തകളില്‍ പ്രചരിച്ചു കഴിഞ്ഞാല്‍ അതോടെ ആ മതത്തിന്റെ അഭിമാനത്തിന് കളങ്കമെല്‍ക്കുന്നുണ്ട്. ഹിന്ദു മതവിശ്വാസികള്‍ കൊല ചെയ്യപ്പെടുന്നത് ഹിന്ദുവിന്റെ വര്‍ഗപരമായ പ്രശ്നമാണ് എന്ന പോലെ ഹിന്ദു മതം പ്രാകൃതമായി ലോക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ഹിന്ദു നേരിടുന്ന പ്രത്യയശാസ്ത്രപരമായ പ്രശ്നമാണ്. ഈ പ്രത്യയശാസ്ത്ര പ്രശ്നവും ഹിന്ദു നേരിടുന്ന പ്രശ്‍നം തന്നെയാണ്.

ഇന്ന് പവിത്രമായി ലോകം കാണുന്നവയാണ് ഹിന്ദുമത ചിഹ്നങ്ങള്‍. അതിന്റെ ആത്മീയതയെയും യോഗയെയും ഒക്കെ മനസ്സിന്റെ ശാന്തിക്ക് വേണ്ടി യൂറോപ്യന്‍ നാടുകളില്‍ പോലും ആളുകള്‍ സ്വീകരിക്കുനതായി കാണുന്നുണ്ട്. ഹിന്ദു എന്നത് ഇന്ത്യയില്‍ മാത്രം നിലവിലുള്ള ഒരു സംഹിതയല്ല. മലേഷ്യയിലും ഇന്തോനേഷ്യയിലും ശ്രീലങ്കയിലും നേപ്പാളിലും ഉള്‍പ്പെടെ തങ്ങളുടെ സഹിഷ്ണുതയുടെ നൂറ്റാണ്ടുകളുടെ ചരിത്രത്തില്‍ അഭിമാനിക്കുന്ന ഹിന്ദുക്കള്‍ ഉണ്ട്. ആധുനിക സെകുലര്‍ ജനാധിപത്യങ്ങള്‍ക്കും ഒരു പടി കൂടി മുകളില്‍ നിലനില്‍ക്കുന്ന ഹിന്ദു മൂല്യങ്ങള്‍ ഉള്ള രാമരാജ്യം തന്നെയായിരുന്നു ഗാന്ധിജിയുടെ ഇന്ത്യ. ഗാന്ധിജി രാമരാജ്യത്തെ കുറിച്ച് സംസാരിച്ചപ്പോൾ അതിനെ ലോകത്തെ ഏറ്റവും മനോഹരമായ രാഷ്ട്ര സങ്കല്പമായി കണ്ടവർക്ക് പക്ഷെ, ഇന്ന് ശ്രീരാമനെന്നു കേൾക്കുമ്പോൾ ഗുജറാത്തില്‍ ത്രിശൂലം ഏന്തി ജയ് ശ്രീരാം വിളിക്കുന്നവരെ ഓർമ വരുന്ന തരത്തിലേക്ക് ഈ മതത്തിന്റെ ഇമേജിനെ അപരിഷ്കൃതവും അസഹിഷ്ണുത നിറഞ്ഞതും ആക്കി മാറ്റിയവര്‍ ആരാണോ, അവര്‍ തന്നെയാണ് ഈ മതത്തിന്റെ ഒന്നമത്രേ ശത്രുക്കള്‍.

മണ്ണില്‍ വിഷം കലര്‍ത്തി ഭൂരിപക്ഷ വര്‍ഗീയത ഇളക്കി വിട്ടാല്‍ അധികാരത്തിലേക്ക് എളുപ്പം കേറിവരാം എന്ന് കണക്കു കൂട്ടി ചതുരംഗം കളിക്കുന്ന രാഷ്ട്രീയ ശക്തികള്‍ ആണ് ഹിന്ദുക്കളുടെ ഒന്നാമത്രേ ശത്രുക്കള്‍.Story by
Read More >>