മുഹമ്മദ് സലീം; യൂറോപ്യൻ മണ്ണിൻ പന്തു തട്ടിയ ആദ്യ ഇന്ത്യക്കാരൻ

ജനനം മുതൽ താനനുഭവിക്കുന്ന അടിമത്തത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്തുവാനുള്ള അവസരമായായിരുന്നു സലിം കാൽപ്പന്തുകളിയെ കണ്ടത്.

മുഹമ്മദ് സലീം; യൂറോപ്യൻ മണ്ണിൻ പന്തു തട്ടിയ ആദ്യ ഇന്ത്യക്കാരൻ

ചരിത്രത്തിലൂടെയുള്ള തീർത്ഥാടനം എന്നും വിസ്മയിപ്പിക്കുന്നതാണ്. നമുക്കു മുന്നേ വന്നു പോയവർ അവശേഷിപ്പിച്ച നാൾവഴികളിലൂടെ സഞ്ചരിക്കുമ്പോൾ പലപ്പോഴും കണ്ട ചിത്രങ്ങളോട് ഈറനണിഞ്ഞ കണ്ണുകളോടെ ഞാൻ ചോദിച്ചിട്ടുണ്ട്, "എങ്ങനെയാണു സുഹൃത്തേ താങ്കളിതു സാധിച്ചത് ?". അങ്ങനെയുള്ളൊരു സഫറിൽ കണ്ടുമുട്ടിയൊരു ഫക്കീറാണ് മുഹമ്മദ്‌ സലിം എന്ന നഗ്നപാദനായ ഇന്ദ്രജാലക്കാരൻ.

"കഴിഞ്ഞ രാത്രിയിൽ നടന്ന പ്രദർശന മത്സരത്തിൽ മൊഹമ്മദ്‌ സലിം എന്ന ഇന്ത്യക്കാരൻ സെൽറ്റിക് പാർക്കിലെ കാണികളെ വശീകരിച്ചിരുത്തി. ഫുട്ബോൾ അയാളുടെ നഗ്നമായ പാദങ്ങളിലെ പത്തു വിരലുകളിലൂടെയും സഞ്ചരിക്കുന്ന മനോഹര കാഴ്ച അവരെ ആഹ്ലാദിപ്പിച്ചു. എതിർ കാണികളെ നിശ്ചലരാക്കിക്കൊണ്ട് ആ മിഡ് ഫീൽഡർ യഥേഷ്ടം പന്ത് ഫോർവേഡുകൾക്കു കൈമാറിക്കൊണ്ടേയിരുന്നു".

സ്കോട്ലൻഡിലെ പ്രശസ്തമായ സെൽറ്റിക് ക്ലബ്ബിന്റെ ബ്ലോഗിലെ വരികൾ വായിച്ച ഞാൻ അതിലേ നായകന്റെ ഭൂതകാലം തേടിയിറങ്ങി. ആദ്യമായി ഒരു യൂറോപ്യൻ ക്ലബ്ബിനുവേണ്ടി പന്തു തട്ടിയ ഇന്ത്യക്കാരനായ മുഹമ്മദ്‌ സലിം എന്ന മഹാന്റെ ജീവിതത്തിലെ ഓരോ ഏടും എന്നിലെ കായികപ്രേമിയെ വിസ്മയിപ്പിക്കുന്നതായിരുന്നു.

1904 ൽ കൽക്കട്ടയിൽ ജനിച്ച സലിം തന്റെ പതിനാലാം വയസിൽ തന്നെ കളിയോടുള്ള കമ്പം മൂലം പഠനം ഉപേക്ഷിച്ചിരുന്നു. മോഹൻ ബഗാന്റെ 1911 IFA ഷീൽഡ് വിജയത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട്‌ പ്രൊഫഷണൽ ക്ലബ്ബുകളിൽ പരിശീലനമാരംഭിച്ച സലിം 1934 ൽ മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിൽ ചേർന്നു. ആ വർഷം ആദ്യമായി കൽക്കട്ട ഫുട്ബോൾ ലീഗിൽ കളിച്ച മുഹമ്മദനു ലീഗ് കിരീടം തന്നെ നേടിക്കൊടുത്താണ് സലിം ക്ലബ്ബിലെ തന്റെ ഹരിശ്രീ കുറിച്ചത്. തുടർച്ചയായ നാലു വർഷങ്ങൾ കൂടി കൽക്കട്ട ലീഗ് കിരീടം മുഹമ്മദനു നേടിക്കൊടുത്ത സലിം അതോടെ ക്ലബ്ബിലെ ഇതിഹാസ താരങ്ങളുടെ പട്ടികയിലിടം നേടി.

ജനനം മുതൽ താനനുഭവിക്കുന്ന അടിമത്തത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്തുവാനുള്ള അവസരമായായിരുന്നു സലിം കാൽപ്പന്തുകളിയെ കണ്ടത്. ബ്രിട്ടീഷ് ക്ലബ്ബുകളെ തോൽപ്പിക്കുന്നത് അദ്ദേഹം ഒരു ലഹരിയായി കണ്ടു.

1939 IFA ഷീൽഡ് മത്സരങ്ങൾക്ക് മുൻപുള്ള ഇടവേളയായിരുന്നു സലീമിന്റെ കായികജീവിതത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ ഒരു വഴിത്തിരിവ്. ഇന്ത്യ സന്ദർശിച്ച ചൈനീസ് ദേശീയ ടീമിനെതിരെ നടന്ന ആദ്യ മത്സരത്തിലെ സലീമിന്റെ പ്രകടനം എതിരാളികളെ പോലും വിസ്മയിപ്പിച്ചു. ചൈനീസ് കോച്ചിന്റെ പോലും പ്രശംസ പിടിച്ചു പറ്റിയ സലീം പക്ഷേ രണ്ടാം മത്സരത്തിനു തലേദിവസം അപ്രത്യക്ഷനായി.

ഇങ്ങു കൽക്കട്ടയിൽ പോലീസും സഹതാരങ്ങളും ചേർന്നു തിരച്ചിൽ നടത്തവേ സലിം ഒരു കപ്പൽ യാത്രയിൽ ആയിരുന്നു. ബ്രിട്ടീഷ് ഷിപ്യാഡിൽ ഉദ്യോഗസ്ഥനായിരുന്ന തന്റെ അർദ്ധ സഹോദരൻ ഹാഷിമിന്റെ ഉപദേശപ്രകാരം യൂറോപ്പിലേക്കായിരുന്നു ആ യാത്ര.

ഈജിപ്തിലെ കെയ്‌റോയും ലണ്ടനും കടന്ന ഇരുവരും സ്കോട്ലൻഡിലെ ഗ്ലാസ്കോയിലെത്തി.

ഗ്ലാസ്കോയിലെ സെൽറ്റിക് പാർകിലെത്തിയ സലിമിനെ ഹാഷിം ക്ലബ്‌ മാനേജർക്കു പരിചയപ്പെടുത്തി. നഗ്നപാദനായ സലിം ഇവിടേ ഒന്നും കാണിക്കില്ലെന്നു പരിഹസിച്ചേങ്കിലും ഹാഷിമിന്റെ നിർബന്ധപ്രകാരം സലീമിന് ഒരവസരം നൽകുവാൻ അദ്ദേഹം തയ്യാറായി. ട്രെയിനിങ് ഗ്രൗണ്ടിലെ സലീമിന്റെ പ്രകടനത്തിൽ അത്ഭുതപ്പെട്ട മാനേജർ തൊട്ടടുത്ത ദിവസം ഹാമിൽട്ടൺ ഏസസിനെതിരെ നടന്ന മത്സരത്തിൽ സലീമിനെ കളത്തിലിറക്കി. കളിയിൽ രണ്ടു ഗോളുകൾ നേടിയാണ് സലിം തന്റെ സെലെക്ഷനെ ന്യായീകരിച്ചത്. 1938 ആഗസ്ത് 28നു നടന്ന തന്റെ ആദ്യ ഔദ്യോഗിക മത്സരത്തിൽ സെൽറ്റിക് പാർക്കിലെ കാണികളെ മുഴുവൻ വിസ്മയിപ്പിച്ച സലിം അവരുടെ ഹീറോയായി മാറി. "The Indian Juggler - New Style" എന്നായിരുന്നു തൊട്ടടുത്ത ദിവസത്തെ സ്കോട്ടിഷ് ഡെയിലി എക്സ്പ്രസ്സ്‌ പത്രത്തിലെ തലക്കെട്ട്.

സലീമിന്റെ കളി കാണാനായി കാണികൾ തിരക്കുകൂട്ടിയതോടെ ക്ലബ്ബിന്റെ വരുമാനത്തിലും ഉയർവുണ്ടായി. സ്കോട്ടിഷ് കാലാവസ്ഥയോടും കേളീശൈലിയോടും പെട്ടന്നുതന്നെ ഇഴുകിച്ചേരാൻ സലീമിന് സാധിച്ചു. പക്ഷേ ഏതൊരു പ്രവാസിയെയും പോലെ തന്നെ ഗൃഹാതുരത്വം അദ്ദേഹത്തെ വളരെയധികം അലട്ടി. വെറും രണ്ടുമാസത്തെ യൂറോപ്യൻ കരിയർ അവസാനിപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും അതുതന്നെയായിരുന്നു. ഇതിനുള്ളിൽ തന്നെ സ്കോട്ലൻഡിൽ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കുവാൻ സലീമിന് സാധിച്ചു. സലിം ഇന്ത്യയിലേക്കു തിരിച്ചതിനു ശേഷം അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ഒരു പ്രദർശനമത്സരം സംഘടിപ്പിച്ച ക്ലബ്‌ വരുമാനത്തിന്റെ അഞ്ചു ശതമാനം തുക സലീമിന് നൽകാൻ തീരുമാനിച്ചു. പക്ഷേ ഈ തുക ഗ്ലാസ്‌കോയിലെ അനാഥരായ കുട്ടികളുടെ പഠനത്തിനും പരിശീലനത്തിനുമായി നീക്കിവയ്ക്കാൻ ക്ലബ്ബിനോട്‌ നിർദേശിച്ച ആ മനുഷ്യസ്നേഹി ഒരിക്കൽകൂടി ബ്രിട്ടീഷ് ജനതയെ വിസ്മയിപ്പിച്ചു.

തിരികെ ഇന്ത്യയിലെത്തി മുഹമ്മദൻ സ്പോർട്ടിങ്ങിനുവേണ്ടി തന്റെ കായികജീവിതം പുനരാരംഭിച്ച സലിം 1938 വരെ ക്ലബ്ബിൽ തുടർന്നു. ജീവിത സായാഹ്നം പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും വിനിയോഗിച്ച ആ മഹാൻ 1980ൽ തന്റെ എഴുപത്തിയാറാം വയസിൽ ഈ ലോകത്തോട് വിട പറഞ്ഞു.

മറക്കാൻ കഴിയാത്തൊരു വികാരമായിരുന്നു സെൽറ്റികിനു സലിം. അദ്ദേഹത്തിന്റെ കളി അവരെ വശീകരിച്ചുവെന്നു പറയുന്നതിൽ യാതൊരു അതിശയോക്തിയും ഉണ്ടാകില്ല. അവസാന നാളുകളിലെ സലീമിന്റെ അവസ്ഥ വിവരിച്ചുകൊണ്ട് സെൽറ്റികിനു എഴുതുമ്പോൾ അദ്ദേഹത്തിന്റെ മകൻ റാഷിദിന് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. പക്ഷേ റാഷിദിനെ അദ്‌ഭുതപ്പെടുത്തിക്കൊണ്ട് ദിവസങ്ങൾക്കുള്ളിൽ അവരുടെ പ്രിയപ്പെട്ട ഇന്ദ്രജാലക്കാരനുള്ള സ്നേഹ സമ്മാനമെത്തി. നൂറു ബ്രിട്ടീഷ് പൗണ്ടിന്റെ ഒരു ചെക്ക്!!. ആ ചെക്ക് ഇന്നും റാഷിദ്‌ സൂക്ഷിച്ചു വെച്ചിരിക്കുന്നു, വെള്ളക്കാരന്റെ ബൂട്ടിനെയും ഹൃദയത്തെയും വെറും നഗ്നപാദനായി ഒരു പന്തുകൊണ്ടു കീഴ്പ്പെടുത്തിയ തന്റെ ബാപ്പയുടെ ഇന്ദ്രജാലങ്ങളുടെ തിരുവവശേഷിപ്പായി.

Read More >>