മുസ്ലിം ലീഗിന് മുസ്ലീങ്ങളുടെ പ്രശ്നം പോലും ഏറ്റെടുക്കാനാവില്ല: മന്ത്രി കെ ടി ജലീൽ

ഉത്തരേന്ത്യയില്‍ ഭൂരിപക്ഷ - ന്യൂനപക്ഷ സമുദായങ്ങളാല്‍ ബഹിഷ്‌കരിക്കപ്പെട്ട ഒരു സംഘടനയാണ് മുസ്ലിം ലീഗ്. മുസ്ലിം വിഷയങ്ങളില്‍ ഇടപെട്ട് സംസാരിക്കുമ്പോള്‍ അത് വേറൊരു രീതിയിലാണ് വ്യാഖ്യാനിക്കപ്പെടുക എന്ന ഭയം ലീഗിനെ അലട്ടുന്നുണ്ട്. അതുകൊണ്ടു തന്നെ ലീഗ് ഒരു വിഷയത്തില്‍ പ്രതികരിക്കുന്നതും സിപിഐഎം പ്രതികരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീൽ എഴുതുന്നു...

മുസ്ലിം ലീഗിന് മുസ്ലീങ്ങളുടെ പ്രശ്നം പോലും ഏറ്റെടുക്കാനാവില്ല: മന്ത്രി കെ ടി ജലീൽ

പശുക്കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ 29 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഈ കൊലപാതകങ്ങളിലൊന്നിലും തന്നെ ലീഗിന് വേണ്ട വിധത്തില്‍ ഇടപെടാന്‍ കഴിഞ്ഞിട്ടില്ല. ഈ വിഷയത്തില്‍ ഇടപെടുന്നതിന് മുസ്ലിം ലീഗിന് അവരുടെ പ്രസ്ഥാനത്തിന്റെ പേരുതന്നെ യഥാവിധി ഇടപെടുന്നതില്‍ വലിയൊരു പ്രശ്‌നമാണ്. ബിജെപി ഇപ്പോള്‍ ഉയര്‍ത്തുന്ന ഈ ഭീഷണിയെ ന്യൂനപക്ഷങ്ങളുടെ ഒരു സംഘടനയ്ക്ക് മാത്രം പ്രതിരോധിക്കുക എന്ന് പറയുന്നത് ഒരു വിഡ്ഢിത്തമാണ്. ഈ തിരിച്ചറിവ് മറ്റാരേക്കാളും അധികം ലീഗ് നേതൃത്വത്തിനുണ്ട്. എന്നാല്‍ ഈ വിഷയം തുറന്നു പറയാന്‍ ലീഗ് നേതൃത്വം തയ്യാറല്ല. സ്വന്തം അണികളോട് ഇതാണ് ലീഗിന്റെ പരിമിതി എന്ന് തുറന്നുപറയാന്‍ സാധിക്കുന്നില്ല. ലീഗ് മുന്‍പ് പേര് മാറ്റുന്നതിനെക്കുറിച്ചൊക്കെ ആലോചിച്ചിരുന്നു. 'ഇന്ത്യന്‍ യൂണിയന്‍ മൈനോറിറ്റി ലീഗ്' എന്ന രീതിയിലൊക്കെ പേരുമാറ്റാനൊക്കെ നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.

ഉത്തരേന്ത്യയെ സംബന്ധിച്ചിടത്തോളം രാജ്യവിഭജനത്തിനു കളമൊരുക്കിയ ഒരു പ്രസ്ഥാനത്തിന്റെ പേരാണ് മുസ്ലിം ലീഗ് എന്നുള്ളത്. തങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും കാരണം വിഭജനമാണെന്നാണ് ഉത്തരേന്ത്യയിലെ മുസ്ലിങ്ങള്‍ കരുതുന്നത്. ആവിഭജനത്തിനു കാരണമായത് മുസ്ലിം ലീഗ് ആണെന്നാണ് അവര്‍ കരുതുന്നത് കരുതുന്നത്. അതുകൊണ്ടുതന്നെ ആ പേരുള്ള ഒരു പ്രസ്ഥാനത്തോട് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവരാരും തയ്യാറല്ല. വിഭജനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ട ഒരു പേര് എന്ന നിലയില്‍ ഭൂരിപക്ഷ സമുദായത്തിനിടയിലും ലീഗിനോട് ഒരു ചതുര്‍ഥി ഉണ്ടാക്കിയിട്ടുണ്ട്.

ഏറ്റവുമധികം മുസ്ലിങ്ങളുള്ള ഉത്തര്‍പ്രദേശില്‍ നിന്നുപോലും ഒരു ഘട്ടത്തില്‍ പോലും ഒരു എംപിയെ ജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പലപ്പോഴായി ഒന്നോ രണ്ടോ എംഎല്‍എമാരെ ജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞു എന്നത് മാറ്റിനിര്‍ത്തിയാല്‍ ഈ മേഖലയില്‍ ഒരു രാഷ്ട്രീയപ്രവര്‍ത്തനവും നടത്താന്‍ ലീഗിന് കഴിഞ്ഞിട്ടില്ല. ലീഗിന് ഏറ്റവുമധികം ജനപ്രതിനിധികളെ ജയിപ്പിച്ചെടുക്കാന്‍ സാധിച്ചിട്ടുള്ളത് കേരളത്തിലും തമിഴ്‌നാട്ടിലുമാണ്. ബംഗാളില്‍ നിന്നും ഒരിക്കല്‍ പോലും ഒരു പ്രതിനിധിയെ പാര്‌ലമെന്റിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഉത്തരേന്ത്യയില്‍ ഭൂരിപക്ഷ - ന്യൂനപക്ഷ സമുദായങ്ങളാല്‍ ബഹിഷ്‌കരിക്കപ്പെട്ട ഒരു സംഘടനയാണ് മുസ്ലിം ലീഗ്. മുസ്ലിം വിഷയങ്ങളില്‍ ഇടപെട്ട് സംസാരിക്കുമ്പോള്‍ അത് വേറൊരു രീതിയിലാണ് വ്യാഖ്യാനിക്കപ്പെടുക എന്ന ഭയം ലീഗിനെ അലട്ടുന്നുണ്ട്. അതുകൊണ്ടു തന്നെ ലീഗ് ഒരു വിഷയത്തില്‍ പ്രതികരിക്കുന്നതും സിപിഐഎം പ്രതികരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. സിപിഐഎമ്മിന്റെ പ്രതികരണം പൊതുസമൂഹത്തിന്റെ അഭിപ്രായപ്രകടനമായാണ് കാണുന്നത്.

ജുനൈദിന്റെ വീട്ടില്‍ ആദ്യം ചെല്ലുന്നത് ലീഗ് അല്ല. സിപിഐഎം പോളിറ്റ്ബ്യുറോ അംഗം വൃന്ദ കാരാട്ട് ആണ്. സമാനമായ മറ്റ് അക്രമണങ്ങളിലും സിപിഐഎം ആണ് ആദ്യം ആശ്വാസവും പ്രതികരണവും ആയി എത്തിയിട്ടുള്ളത്. കോണ്‍ഗ്രസ് നേതാക്കള്‍ പോലും അതിനു തയ്യാറായിട്ടില്ല. രാഹുല്‍ ഗാന്ധിപോലും ജുനൈദിന്റെ വീട്ടില്‍ പോവുകയോ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. കാരണം കോണ്‍ഗ്രസിന് ഈ വിഷയത്തില്‍ ഒരു ആത്മാര്‍ത്ഥതയും ഇല്ല. പത്തൊന്‍പതു സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം നടപ്പിലാക്കിയത് കോണ്‍ഗ്രസ് ആണ്. ഗോ രാഷ്ട്രീയത്തിന് വഴിമരുന്നിട്ടുകൊടുത്തത് കോണ്‍ഗ്രസ് ആണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് ഇപ്പോഴത്തെ വിഷയങ്ങളില്‍ നിസ്സഹായരായി നോക്കിനില്‍ക്കുകയാണ്. അതിനാല്‍ തന്നെ ലീഗിന് കോണ്‍ഗ്രസില്‍ നിന്നും ഈ വിഷയത്തില്‍ യാതൊരു രാഷ്ട്രീയ പിന്തുണയും ലഭിക്കുന്നില്ല. ഒരു മതേതരപ്രസ്ഥാനം എന്ന് വിളിക്കപ്പെടുന്ന കോണ്‍ഗ്രസില്‍ നിന്നും ഒരു തരത്തിലുള്ള പിന്തുണയും ലീഗിന് ഉണ്ടാകുന്നില്ല. ഇത് ലീഗിന്റെ പ്രതികരണങ്ങളെ കൂടുതല്‍ ദുര്‍ബലമാകുന്നു.

പ്രത്യേക മതവിഭാഗങ്ങള്‍ക്കുവേണ്ടി മാത്രം പ്രതികരിക്കുന്ന ആളുകള്‍ക്ക് സമൂഹം കാത്തുകൊടുക്കാത്ത കാലമാണ് വരാന്‍ പോകുന്നത്. ബിജെപിയുടെ രാഷ്ട്രീയം കുറച്ചുകാലത്തേക്കു കൂടിയേ നിലനില്‍ക്കൂ. ആത്യന്തികമായി ജനങ്ങള്‍ ആഗ്രഹിക്കുന്നത് സമാധാനം തന്നെയാണ്. മുസ്ലിം വൈകാരികതയെ ഉദ്ധീപിപ്പിച്ച് നിര്‍ത്താനാണ് ലീഗ് ഈ സന്ദര്‍ഭങ്ങളെ ഉപയോഗിക്കുന്നത്. ഇത് അധികാരം ലഭിക്കാനായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഇരകളെ സഹായിക്കാനായി പണപ്പിരിവ് നടത്തുന്നു. ഗുജറാത്ത് കലാപത്തിലെ ഇരകളെ സഹായിക്കാനായി പിരിച്ച പണം മറ്റുപല ആവശ്യങ്ങള്‍ക്കുമായി വകമാറ്റി ചെലവഴിക്കുകയാണ് ചെയ്തത്. കയ്യും കണക്കുമില്ലാത്ത ഫണ്ടുപിരിവാണ് നടത്തുന്നത്.

കുഞ്ഞാലിക്കുട്ടിയെ ലോക്‌സഭാ അംഗമായി ഡല്‍ഹിയിലേക്ക് പറഞ്ഞയക്കുമ്പോള്‍ ലീഗ് അണികള്‍ ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരു പ്രകടനവും ഇതുവരെ കുഞ്ഞാലിക്കുട്ടിയില്‍ നിന്നും ഉണ്ടായിട്ടില്ല. കുഞ്ഞാലിക്കുട്ടിയുടെ പ്രകടനത്തെ ഇ അഹമ്മദ്, ബനാത്വാല തുടങ്ങിയ നേതാക്കളോട് താരതമ്യപ്പെടുത്താന്‍ പോലും കഴിയില്ല. പഴയ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നും വേറിട്ട ഒരു രാഷ്ട്രീയ അവസ്ഥയാണ് ഇന്ത്യയില്‍ ഇന്ന് ഉണ്ടായിട്ടുള്ളത്. ഭൂരിപക്ഷ വര്‍ഗീയത ഇത്രയധികം ആളിക്കത്തിയ ഒരു സാഹചര്യം ഇതിനുമുന്‍പ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. മതാടിസ്ഥാനത്തില്‍ നാട് വിഭജിക്കപ്പെട്ടപ്പോള്‍ പോലും ഇത്തരം ഒരു സാഹചര്യം ഉണ്ടായിട്ടില്ല. ഇപ്പോള്‍ രാഷ്ട്രീയാന്തരീക്ഷം മൊത്തത്തില്‍ മാറി. നിലവിലെ സാഹചര്യത്തില്‍ മുസ്ലിം ലീഗിന് മുസ്ലിംകളുടെ പ്രശ്‌നം പോലും ഏറ്റെടുക്കാന്‍ കഴിയുന്നില്ല, അപ്പോള്‍ എങ്ങനെയാണ് പൊതുസമൂഹത്തിന്റെ വിഷയങ്ങള്‍ അവര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുക?

തയ്യാറാക്കിയത്: പി സി ജിബിന്‍


Read More >>