പുതിയ രാഷ്ട്രീയകാലത്ത് പുതിയ സമരങ്ങളും പുതിയ പ്രതിരോധങ്ങളുമുണ്ടാവും; ചരിത്രം ആവശ്യപ്പെടുന്ന മുറക്ക് അവരെക്കുറിച്ച് പാട്ടുകളും കഥകളുമുണ്ടാകും

. ഇവന്‍റ് മാനേജ്മന്‍റ് കമ്പനിക്കാരുടെ കാച്ചിംഗ് ഇമേജറികള്‍ ഉണ്ടാവില്ല. പുതിയകാലത്തെ പലതരം സങ്കരകലകളുടെ ഫോക്ക്ലോര്‍ പോലെയാകും അത്. ക്യാമറാ വൈഭവങ്ങളോ, എഡിറ്റിംഗ് എഫക്ടുകളോ ഉണ്ടാകില്ല. കലാനിലവാരം ഒട്ടുമുണ്ടാകില്ല. പക്ഷേ അതിന് പിന്നിലുള്ള ജനശക്തിയുടെ ആരവം ആര്‍ക്കാണ് അവഗണിക്കാനാവുക? പി ജയരാജനെ കുറിച്ച് സംസ്ഥാന മാധ്യമ പുരസ്കാര ജേതാവ് ബിജു മുത്തത്തി എഴുതുന്നു

പുതിയ രാഷ്ട്രീയകാലത്ത് പുതിയ സമരങ്ങളും പുതിയ പ്രതിരോധങ്ങളുമുണ്ടാവും; ചരിത്രം ആവശ്യപ്പെടുന്ന മുറക്ക് അവരെക്കുറിച്ച് പാട്ടുകളും കഥകളുമുണ്ടാകും

ഫാസിസ്റ്റ് ഇന്ത്യയുടെ സമകാലിക ജീവിതത്തെ എ‍ഴുതിയ കെആര്‍ മീരയുടെ ഒരു കഥയുണ്ട്- ഭഗവാന്‍റെ മരണം. നമ്മുടെ കെഎസ് ഭഗവാനെ പോലുള്ള ഒരു എ‍ഴുത്തുകാരന്‍ തന്നെയാണ് കേന്ദ്ര കഥാപാത്രം. കൊല്ലാനെത്തിയ അക്രമിയും എ‍ഴുത്തുകാരനും തമ്മിലുള്ള പിടിവലിയില്‍ ബുക്ക്ഷെല്‍ഫ് മറിഞ്ഞ് വീണ് അക്രമിക്ക് പരുക്കേല്‍ക്കുന്നു. എ‍ഴുത്തുകാരന്‍ അയാളെ സ്നേഹിക്കുന്നു. പരിചരിക്കുന്നു. ബസവണ്ണയുടെ വചനങ്ങള്‍ പറഞ്ഞ് അയാള്‍ക്ക് മനപരിവര്‍ത്തനമുണ്ടാക്കുന്നു. ചെയ്യുന്നതെല്ലാം തെറ്റാണെന്ന് അക്രമിക്ക് ബോധ്യമാകുന്നു. അയാള്‍ ഫാസിസ്റ്റ് വിരുദ്ധമുന്നണിയുടെ ശക്തിയാവുന്നു. ശത്രു പരുക്കേറ്റ് ദുര്‍ബലനായപ്പോള്‍ എ‍ഴുത്തുകാരന് ആ അക്രമിയെ ഇല്ലാതാക്കാമായിരുന്നു. പകരം മറിച്ചൊരു ശക്തി തെളിയിച്ച് അയാളുടെ ജീവനെയല്ല അയാളിലെ ഫാസിസ്റ്റിനെ ഇല്ലാതാക്കുകയായിരുന്നു. ശത്രുവിനെ കീ‍ഴടക്കാനുള്ള പുതിയൊരു രാഷ്ട്രീയമാര്‍ഗ്ഗമാണ് അത്. സഖാവ് പി ജയരാജന്‍ കണ്ണൂരില്‍ തുടങ്ങിയ രാഷ്ട്രീയ വിപ്ലവമാണ് അത്. നേരിട്ടുള്ള യുദ്ധത്തിന്‍റെയും ഏറ്റുമുട്ടലിന്‍റെയും എവറസ്റ്റായിരുന്ന ഒരു നാടിനെ ഇന്ന് വ്യത്യസ്തമായ രാഷ്ട്രീയ ഇടപെടലുകളിലൂടെ അയാള്‍ പക്വവും ശാന്തവുമായൊരു സമതലമാക്കിക്ക‍ഴിഞ്ഞിട്ടുണ്ട്.

ശ്രീകൃഷ്ണനും ശബരിമല അയ്യപ്പനുമെല്ലാം ഇന്ന് ഏറെക്കുറേ കണ്ണൂരിലെ ആര്‍എസ്എസ് സേവാഗ്രാമങ്ങള്‍ വിട്ടുപോയിക്ക‍ഴിഞ്ഞു. ആള്‍ ദൈവങ്ങളുടെ ഔദാര്യങ്ങള്‍ക്ക് കാത്തുനിന്ന പാവങ്ങള്‍ക്ക് ഇവിടെ ജനകീയമായ സാന്ത്വന പരിചരണ സംവിധാനങ്ങള്‍ ആശ്വാസമായിത്തുടങ്ങി. അതുകൊണ്ടൊക്കെയാണ് പറയുന്നത് വര്‍ഗ്ഗീയ ഫാസിസത്തിന് കണ്ണൂരില്‍ ഏതാണ്ട് കഥക‍ഴിയുന്ന മട്ടാണെന്ന്. എത്രയധികം സംഘപരിവാരങ്ങളാണ് ക‍ഴിഞ്ഞ കുറേകാലം കൊണ്ട് തങ്ങളുടെ പാളയമുപേക്ഷിച്ച് ചെങ്കൊടിയുടെ കീ‍ഴെ അണിനിരന്നിരിക്കുന്നത്? എത്രമാത്രം ദുര്‍ബലമാണ് ഇന്ന് വര്‍ഗ്ഗീയരാഷ്ട്രീയത്തിന്‍റെ കണ്ണൂരിലെക്കോട്ടകളും കിടങ്ങുകളും. കഥയിലെ ഭഗവാനെപ്പോലെ സഖാവ് പി ജയരാജന്‍ ആ കോട്ടകള്‍ കീ‍ഴടക്കേണ്ടതിന്‍റെ പല രാഷ്ട്രീയസമരങ്ങളുടെ മണ്ണൊരുക്കുകയായിരുന്നു ഇവിടെ കണ്ണൂരില്‍. കണ്ണൂര്‍ നമുക്ക് എപ്പോ‍ഴും രാഷ്ട്രീയമായി തിരിച്ചുപോകാനുള്ള ഒരു നാടായി നിലനില്‍ക്കുന്നത് ഇങ്ങനെ ചില മനുഷ്യര്‍ ഇവിടെ കാവല്‍ നില്‍ക്കുന്നതുകൊണ്ടാണ്...

കെ ആര്‍ മീരയുടെ ഭഗവാന്‍റെ മരണം എന്ന കഥയുടെ പ്രതിരോധശക്തി തിരിച്ചറിഞ്ഞ ഗൗരീ ലങ്കേഷ് ഈ കഥ തന്‍റെ ഗൗരീ ലങ്കേഷ് പത്രികയില്‍ പരിഭാഷചെയ്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ജെ ദേവിക ഇംഗ്ളീഷിലേക്കും മൊ‍ഴിമാറ്റിയിട്ടുണ്ട്. കഥ കേട്ട ഫാസിസ്റ്റുകള്‍ കലി കൊണ്ടു. കഥ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഗൗരി ലങ്കേഷിന്‍റെ തലയിലേക്ക് വെടിയുണ്ട പായിച്ചവരുടെ കലിക്ക് പിന്നില്‍ ഈ ചെറുകഥയുമുണ്ട്. മതേതര-രാഷ്ട്രീയ ചിന്തയുടെ പുതിയ ഭഗവാന്മാരെ രാജ്യമാകെ ആവശ്യപ്പെടുന്ന കാലത്താണ് ഇവിടെ പി ജയരാജന്‍ എന്ന പേര് ജനങ്ങള്‍ ഏറ്റവും ഉച്ചത്തില്‍ പറയുന്നത്. ഈ `കണ്ണൂര്‍ രാഷ്ട്രീയ മാതൃക' കേരളമാകെയും രാജ്യമാകെയും കത്തിപ്പടരണം എന്ന പ്രതിരോധ ചിന്ത ഒന്നുകൊണ്ട് മാത്രമാണത്. അതിന്‍റെ ആവിഷ്ക്കാരങ്ങള്‍ ജനങ്ങളില്‍ നിന്ന് നൈസര്‍ഗ്ഗീകമായി ഉണ്ടാകുന്നതാണ്. അതിന് കെ ആര്‍ മീരയുടെ കഥ പോലെ സാഹിത്യസൗഷ്ഠവം കാണില്ല. പുതിയ ഭാവനകളോ ഭാഷഭംഗികളോ കാണില്ല. ഇവന്‍റ് മാനേജ്മന്‍റ് കമ്പനിക്കാരുടെ കാച്ചിംഗ് ഇമേജറികള്‍ ഉണ്ടാവില്ല. പുതിയകാലത്തെ പലതരം സങ്കരകലകളുടെ ഫോക്ക്ലോര്‍ പോലെയാകും അത്. ക്യാമറാ വൈഭവങ്ങളോ, എഡിറ്റിംഗ് എഫക്ടുകളോ ഉണ്ടാകില്ല. കലാനിലവാരം ഒട്ടുമുണ്ടാകില്ല. പക്ഷേ അതിന് പിന്നിലുള്ള ജനശക്തിയുടെ ആരവം ആര്‍ക്കാണ് അവഗണിക്കാനാവുക?

നാല്‍പ്പതുകളിലും അമ്പതുകളിലും കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളായ സുബ്രഹ്മണ്യ ഷേണായിയെയും കേരളീയനെയും കെപിആറിനെയും കുറിച്ച് ഞങ്ങളുടെ നാട്ടില്‍ നാട്ടിപ്പാട്ടുകളുണ്ടായിട്ടുണ്ട്. ഞാറുനടുമ്പോള്‍ തച്ചോളി ഒതേനന്‍റെ വീരകഥ പാടുന്നതിന് പകരം ഞങ്ങളുടെ അമ്മൂമ്മമാര്‍ പാടിയത് ആ വിപ്ലവകാരികളെക്കുറിച്ചുള്ള പാട്ടുകളാണ്. ശത്രുക്കളും പാടിയിട്ടുണ്ട് ചില പാട്ടുകള്‍. അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസുകാര്‍ ഞങ്ങളുടെ ഗ്രാമത്തിലെ കമ്മ്യൂണിസ്റ്റുകാരനും തെയ്യംകലാകാരനുമായ കോരന്‍ വൈദ്യരെക്കുറിച്ച് പാടിയ പാട്ട് ജാതി വിളിച്ച് ആക്ഷേപിച്ചാണെന്ന് കേട്ടിട്ടുണ്ട്- `ചോരച്ചെങ്കൊടി എന്തിന് കൊള്ളാം, വണ്ണാന്‍ കോരന് കോണകമുടുക്കാം'- എന്നായിരുന്നു ആ പാട്ട്. കമ്മ്യൂണിസ്റ്റുകാരുടെ എതിര്‍പാട്ട് ഇങ്ങനെയായിരുന്നു- `മൂവര്‍ണ്ണക്കൊടി എന്തിന് കൊള്ളാം മൂന്നായിക്കീറി കോണമുടുക്കാം'

അതുകൊണ്ട് പുതിയ രാഷ്ട്രീയകാലത്തും പുതിയ സമരങ്ങളും പുതിയ പ്രതിരോധങ്ങളും ഉണ്ടാകും. പുതിയ ജനസഞ്ചയങ്ങളും നേതാക്കളുമുണ്ടാകും. അവര്‍ക്ക് മുന്നില്‍ നടക്കാന്‍ പുതിയ നെടുനായകത്വങ്ങള്‍ ഉണ്ടാകും. ചരിത്രം ആവശ്യപ്പെടുന്ന മുറക്ക് അവരെക്കുറിച്ച് പാട്ടുകളും കഥകളുമുണ്ടാകും. അത്ര തന്നെ.