സംഭവിക്കാൻ പോകുന്നത്: ഇറച്ചി സുലഭമാകും; പക്ഷെ തുള്ളി കുടിക്കാൻ പാലുണ്ടാവില്ല

മാംസത്തിനു വിപണി ഉള്ളകാലത്തോളം മാംസവില്പനയും മാംസത്തിനായുള്ള മൃഗങ്ങളുടെ കടത്തും നടന്നുകൊണ്ടേയിരിക്കും. നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നതോടെ ഇതൊരു വന്‍ വ്യവസായമായി വളരും. മിക്കവാറും ഇത് വമ്പന്‍ മാഫിയാകളുടെ നിയന്ത്രണത്തിലുള്ള നിയമവിരുദ്ധ പ്രസ്ഥാനമായിട്ടാവും വളരുക. ഇവര്‍ക്ക് സ്വയം പ്രഖ്യാപിത 'ഗോസംരക്ഷകരുടെ' ആക്രമണം ഉണ്ടാവില്ലേ എന്ന ചോദ്യം ന്യായമായും ഉയരാം.

സംഭവിക്കാൻ പോകുന്നത്: ഇറച്ചി സുലഭമാകും; പക്ഷെ തുള്ളി കുടിക്കാൻ പാലുണ്ടാവില്ല

പകുതിയോളം ഇന്ത്യക്കാരുടെ അടിസ്ഥാന ഭക്ഷണം വളഞ്ഞവഴിയിലുള്ള ഒരു സര്‍ക്കുലര്‍ മുഖാന്തിരം അവസാനിപ്പിക്കാമെന്ന വ്യാമോഹത്തോടെ കഴിഞ്ഞ ദിവസം കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ആദ്യഘട്ടത്തില്‍ ആശങ്കയോടെയാണ് 'ബീഫ് ഈറ്റേഴ്‌സ്' വീക്ഷിച്ചത്.

പക്ഷേ അത്തരം ആശങ്കകള്‍ ദിനംപ്രതി കുറഞ്ഞുവരികയാണ്. ഈ സംഭവ പരമ്പരകള്‍മൂലം ബീഫിന്റെ ലഭ്യത കൂടാന്‍പോലും ഇടയുണ്ടെന്നു ചിലര്‍ വിലയിരുത്തുന്നുണ്ട്. അതിനു പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഒന്നാമതായി, ഇതില്‍ ആവിര്‍ഭവിച്ചിരിക്കുന്ന നിയമപ്രശ്‌നങ്ങളാണ്. കണ്‍കറന്റ് ലിസ്റ്റില്‍ പെടുന്ന മൃഗസംരക്ഷണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷിയമായി നടപടിയെടുത്തതിനെ കേരളമടക്കം അനേക സംസ്ഥാനങ്ങള്‍ ചോദ്യംചെയ്തു കഴിഞ്ഞു. മനുഷ്യര്‍ക്ക് ഭക്ഷണലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയല്ലാതെ അവരുടെ ഭക്ഷ്യ സംസ്‌കാരത്തെ നിരോധിക്കുവാന്‍ സര്‍ക്കാരിന് അധികാരമില്ലന്നു സമീപകാലത്ത് അലഹബാദ് ഹൈക്കോടതി വിധിച്ചിട്ടുണ്ട്. ഉത്തരപ്രദേശിനെ സമ്പൂര്‍ണ്ണ മാംസരഹിത സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി സമീപകാലത്ത് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവു റദ്ദാക്കിയാണ് രൂക്ഷമായ ഭാഷയിലുള്ള ഈ വിധി പ്രഖ്യാപിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ സമാനമായ കരിനിയമങ്ങള്‍ക്കെതിരെ അനേക കേസുകള്‍ നിലവിലുണ്ട്. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശലംഘനം എന്ന നിലയില്‍ ഇത് ഗഹനമായ നിയമയുദ്ധത്തിനു വഴിവെക്കും എന്നത് ഉറപ്പാണ്. ഒരുപക്ഷേ, വന്യമൃഗങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളവ ഒഴികെയുള്ള ജീവികളെ വളര്‍ത്താനും, വില്‍ക്കാനും, വാങ്ങാനും, കൊല്ലാനും, ഭക്ഷിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട് എന്നൊരു അന്തിമ വിധി വന്നെങ്കിലും അത്ഭുതത്തിന് അവകാശമില്ല.

രണ്ടാമതായി, മാംസത്തിനു വിപണി ഉള്ളകാലത്തോളം മാംസവില്പനയും മാംസത്തിനായുള്ള മൃഗങ്ങളുടെ കടത്തും നടന്നുകൊണ്ടേയിരിക്കും. നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നതോടെ ഇതൊരു വന്‍ വ്യവസായമായി വളരും. മിക്കവാറും ഇത് വമ്പന്‍ മാഫിയാകളുടെ നിയന്ത്രണത്തിലുള്ള നിയമവിരുദ്ധ പ്രസ്ഥാനമായിട്ടാവും വളരുക. ഇവര്‍ക്ക് സ്വയം പ്രഖ്യാപിത 'ഗോസംരക്ഷകരുടെ' ആക്രമണം ഉണ്ടാവില്ലേ എന്ന ചോദ്യം ന്യായമായും ഉയരാം. ഒന്നുമാത്രം പറയാം. മയക്കുമരുന്നുകള്‍ മതപരമായി അതീവ നികൃഷ്ടമായ അഫ്ഗാന്‍ തീവൃവാദികളാണ് ലോകത്ത് ഏറ്റവുമധികം ഹെറോയിന്‍ ഉല്പാദിപ്പിക്കുന്നതും കള്ളക്കടത്തു നടത്തുന്നതും! അല്ലെങ്കില്‍ത്തെന്നെ എത്രകാലംകൂടി അത്തരം സംഘടിത ക്രിമിനല്‍ നടപടികള്‍ തുടരാനാവും?

മൂന്നാമതായി, മാംസം ഭക്ഷിക്കുന്നതിനോ വില്ക്കുന്നതിനോ വിലക്കില്ല എന്നതാണ് വസ്തുത. മഹാരാഷ്ട്രാ നിയമത്തിലെ ഭക്ഷിക്കുന്നതും കൈവശംവെയ്ക്കുന്നതും കുറ്റകരമാക്കിയ വകുപ്പ് ബോബേ ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മാംസവിപണി സജീവമായിരിക്കും. ഈ രംഗത്ത് കോര്‍പ്പറേറ്റുകള്‍ ഉടന്‍ കടന്നുവരുമെന്ന് ഉറപ്പ്. ഈ നിയമംതന്നെ അതിനുള്ള വഴിയൊരുക്കലാണോ എന്നു സംശയിക്കുന്നവരുണ്ട്. മാഗി ന്യൂഡില്‍സ് നിരോധിച്ചതും അനന്തര സംഭവങ്ങളുമാണ് അവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.

നാലാമതായി, കാര്‍ഷിക ആവശ്യത്തിനുള്ളവ ഒഴികെയുള്ള മൃഗങ്ങളുടെ വില്പനയോ, കാര്‍ഷിക കാലിച്ചന്തയിലുടെ അല്ലാതെ നേരിട്ടുള്ള വിപണനവും നിരോധിച്ചിട്ടില്ല എന്നതാണ്. അനേക സാദ്ധ്യതകള്‍ ഉള്ള ഒരു മേഖലയാണിത്. ഉദാഹരണത്തിന് കേരളത്തില്‍ കാളവണ്ടിയോ, ഉഴവുകാളകളോ ഇപ്പോള്‍ ഇല്ല. പ്രത്യുത്പാദനം നടത്തുന്നത് സര്‍ക്കാര്‍ മൃഗാശുപത്രികള്‍ വഴിയും! അതിനാല്‍ കേരളത്തില്‍ ജനിച്ചുവിഴുന്ന എല്ലാ മൂരിക്കുട്ടികളും കാര്‍ഷികേതരമാണ്. കാര്‍ഷികേതര കാലിച്ചന്തകളും കേരളത്തിലുണ്ട്. ഉദാഹരണത്തിന് പ്രതിവാരം ആയിരക്കണക്കിനു കാലികളുടെ വ്യാപാരം നടക്കുന്ന പെരുവന്താനം പഞ്ചായത്തിലെ കൊടികുത്തി ചന്തയില്‍ കാര്‍ഷികാവശ്യത്തിനായി ഒരൊറ്റ ഉരു പോലും കൈമറിയുന്നില്ല. ഇത്തരം സാഹചര്യങ്ങളെ 'നേരിടാന്‍' പുതിയ നിയമത്തില്‍ സംവിധാനം ഇല്ല.

ചുരുക്കത്തില്‍ ആളും അര്‍ത്ഥവും സ്വാധിനവുമുള്ള വമ്പന്‍ കോര്‍പ്പറേറ്റുകളുടെ ബ്രാന്‍ഡഡ് ബീഫ് ഇനി പായ്ക്കുചെയ്ത് ഇന്ത്യന്‍ വിപണിയില്‍ സുലഭമാകും. പിടിയാവില കൊടുത്ത് ഗുണമേന്മയൊന്നും നോക്കാതെ അതുവാങ്ങി സുഭിക്ഷമായി ഭക്ഷിക്കാം. വാസുവേട്ടന്റെ കശാപ്പുകടയില്‍നിന്നും 'ഇത്തിരി പോത്തും കുറച്ചു ലിവറും ലേശം കറിയെല്ലും' ചൂടോടെ വാങ്ങാനാവില്ലന്നു മാത്രം. ഒരുപക്ഷേ ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലേയ്ക്ക് വിദേശത്തുനിന്നും പായ്ക്കുചെയ്ത ഇന്ത്യന്‍ ബീഫ് ഇറക്കുമതി ചെയ്താലും അത്ഭുതപ്പെടേണ്ട.

അഞ്ചാമതായി, ഈ ഉത്തരവ് ഉയര്‍ത്തുന്ന അനേക മനുഷ്യാവകാശ - മൗലികാവകാശ ലംഘനങ്ങളുടെ പരമ്പരയാണ്. പോഷകാഹാരക്കുറവുകൊണ്ട് പൊറുതിമുട്ടുന്ന ഇന്ത്യാ മഹാരാജ്യത്തെ പകുതിയോളം ജനങ്ങളുടെ ചിലവുകുറഞ്ഞ പോഷകാഹാരം ഒറ്റയടിക്ക് ഇല്ലാതാക്കുന്നത് നഗ്നവും ക്രൂരവുമായ മനുഷ്യാവകാശ ലംഘനമാണ്. മാംസ - തുകല്‍ വ്യവസായവുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെട്ട തൊഴിലുകള്‍ ചെയ്ത് ജീവിക്കുന്നത് ദശലക്ഷങ്ങളാണ്. അവരുടെ തൊഴില്‍ ഇല്ലാതാക്കുന്നതിലെ മൗലികാവകാശ ലംഘനവും അവരുടെ കുടുംബങ്ങളോടു കാട്ടുന്ന മനുഷ്യാവകാശ നിഷേധവും വേറെ.

ഇന്ത്യയില്‍ മാംസാവശ്യത്തിനായി കാലിവളര്‍ത്തല്‍ ഇല്ല. കാര്‍ഷിക-ക്ഷീര മേഖലയുടെ ഉപോല്പന്നമാണ് എക്കാലത്തും ഇന്ത്യയിലെ മാംസ വിപണിയില്‍ എത്തുന്നത്. അതു തടയപ്പെട്ടാല്‍ പുതിയൊരു കാര്‍ഷിക മേഖല ഇന്ത്യയില്‍ വളര്‍ന്നുവരും. മാംസാവശ്യത്തിനായുള്ള കന്നുകാലി വളര്‍ത്തല്‍. അതിനോടുള്ള മനോഭാവം എന്തായിരിക്കും എന്നു കാത്തിരുന്ന കാണേണ്ടിവരും. ഹോര്‍മോണ്‍ കുത്തിവെച്ചു തടിപ്പിച്ച ബ്രോയിലര്‍ മാട്ടിറച്ചി തിന്നാനും രോഗങ്ങള്‍ക്ക് അടിപ്പെടാനുമാവുമോ ഇന്ത്യാക്കാരന്റെ വിധി?

ഈ നിയമം ഏറ്റവും ദോഷകരമായി ബാധിക്കുന്നത് കൃഷിയാവശ്യത്തിനും പാലുല്പാദനത്തിനുമായി മാടുകളെ വളര്‍ത്തുന്ന കര്‍ഷകരെയാണ് എന്ന വസ്തുത ഈ ഈ ചര്‍ച്ചകളിലൊന്നും കാര്യമായി പ്രതിഫലിച്ചില്ല. മാംസഭക്ഷകരേക്കാള്‍ വില്പന നിരോധനം ബാധിക്കുക കര്‍ഷകരെയാണ്. അതിന്റെ സാങ്കേതിക വശങ്ങളിലേയ്ക്കു കടക്കുംമുമ്പ് ഈ നിയമം എങ്ങിനെ കര്‍ഷകരുടെ മൗലികാവകാശം ലംഘിക്കുന്നു എന്നു നോക്കാം.

ഒരു ചെറുനാരക കര്‍ഷകന്റെ സ്വന്തം സ്വാതന്ത്ര്യത്തില്‍ പെട്ട കാര്യമാണ് അത് വില്‍ക്കണോ, പിഴിഞ്ഞു കുടിക്കണമോ, അതോ അച്ചാറിടണമോ എന്നത്. അതില്‍ ആര്‍ക്കും കൈകടത്താന്‍ അവകാശമില്ല. അതേപോലെ വില നല്‍കി അതു വാങ്ങുന്നവരോട് ഇന്ന ആവശ്യത്തിനു മാത്രമേ അത് ഉപയോഗിക്കാവു എന്നു നിഷ്‌ക്കര്‍ഷിക്കാനുമാവില്ല.

കര്‍ഷകര്‍ക്കുമാത്രമേ കര്‍ഷകര്‍ കാലികളെ വില്കാവു എന്ന ഭാഗവും മൗലികാവകാശലംഘനമല്ലേ എന്നു പരിശോധിക്കണം. അതു പുതുതായി ക്ഷീരകൃഷിക്ക് ഇറങ്ങാനുള്ള ഒരു ഇന്ത്യന്‍ പൗരന്റെ സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുകല്ലേ? ഇതൊരു ഭരണഘടനാലംഘനമല്ലേ?സംസ്ഥാന അതിര്‍ത്തികളില്‍നിന്നും 25 കിലോമീറ്ററിനുള്ളില്‍ കാലിച്ചന്ത പാടില്ലന്ന നിബന്ധനയും അന്തര്‍സംസ്ഥാന കാലികടത്തു നിരോധനവും ഭരണഘടനാപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലേ എന്നു ചിന്തിക്കണം.

ക്ഷിരമേഖലയിലാണ് വന്‍ ഇടിവുണ്ടാവുക. ഉത്പാദനശേഷി ഇല്ലാത്തവയെ വിറ്റുമാറി പകരം പുതിയ പശുക്കളെ വാങ്ങാനുള്ള സാദ്ധ്യത ഇല്ലാതാവുന്നതോടെ ഓരോ മാടും കര്‍ഷകരുടെ ജീവിതകാല ബാദ്ധ്യതയാകും. സ്വന്തം കുടുംബം പോറ്റാന്‍പോലും പാടുപെടുന്ന ഇന്ത്യന്‍ കര്‍ഷകന്‍ ഈ അധിക ബാദ്ധ്യത ഏറ്റെടുക്കുക എന്നത് അസംഭാവ്യം. സ്വാഭാവികമായും കര്‍ഷകര്‍ പതിയെ കാലിവളര്‍ത്തലില്‍നിന്നും പിന്മാറും. പിന്നെ രൂക്ഷമായ പാല്‍ക്ഷാമമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

ഈ പ്രതിഭാസം മലയാളിക്ക് മനസിലാക്കന്‍ എളുപ്പമാണ്. റബര്‍ കൃഷിചെയ്താല്‍ ഏഴുവര്‍ഷത്തിനുശേഷമാണ് ആദായം ലഭിച്ചുതുടങ്ങുക. 25 - 30 വര്‍ഷമാണ്. റബറില്‍ നിന്നും ആദായം ലഭിക്കുക. അതിനുശേഷം റബര്‍മരങ്ങള്‍ വെട്ടിമാറ്റി പുനര്‍കൃഷിനടത്തുകയാണ് ചെയ്യുന്നത്. അപ്രകാരം വൃക്ഷങ്ങള്‍ വെട്ടിമാറ്റുന്നത് നിരോധിച്ചാലോ? റബര്‍കൃഷി അവിടെ അവസാനിക്കും. അതുതന്നെയാണ് ആസന്നഭാവിയില്‍ ഇന്ത്യയുടെ ക്ഷീര വിപണിയിലും സംഭവിക്കാന്‍ പോകുന്നത്. അല്ലങ്കില്‍ സര്‍ക്കാര്‍ മതിയായ വിലനല്‍കി അവയെ കര്‍ഷകരില്‍നിന്നു വാങ്ങണം. അത് എത്രമാത്രം പ്രായോഗികമാണ്? അതും മനുഷ്യര്‍ക്കുപോലും മതിയായ ഭക്ഷണം ലഭിക്കാത്ത ഇന്ത്യ പോലൊരു രാജ്യത്ത്! കാലികളുടെ എണ്ണം ദശകോടികളിലെത്തി നില്‍ക്കുന്ന രാജ്യത്ത്!

കാര്‍ഷികവൃത്തിക്ക് കാലികളെ മാത്രം ആശ്രയിച്ചിരുന്ന ഒരു കാലത്ത് കാര്‍ഷികോദ്പാദനം ഉഴവുമാടുകളുടെ കുറവുകൊണ്ട് ഇടവുണ്ടാകരുതന്ന ലക്ഷ്യത്തോടെയാണ് ദശവര്‍ഷങ്ങള്‍ക്കുമുമ്പ് മൃഗസംരക്ഷണ നിയമങ്ങള്‍ ആവിഷ്‌ക്കരിച്ചതെന്നു ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേപോലെതന്നെ ക്ഷിരോദ്പാദനവും. ഇന്ത്യയില്‍ കൃഷി യന്ത്രവല്‍കൃതമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അത്തരം നിയമങ്ങള്‍തന്നെ അപ്രസക്തമാണന്നാണ് അവരുടെ പക്ഷം. ഉത്പാദനക്ഷമമായ ഉരുക്കളെ സംരക്ഷിക്കാന്‍ ഒരു നിയമമേ ആവശ്യമില്ലന്നു 'കറക്കുന്ന പശുവിനെ വിറ്റ് ആരെങ്കിലും തൊഴിക്കുന്ന കാളയെ വാങ്ങുമോ' എന്ന മലയാളം പഴഞ്ചൊല്ലില്‍ നിന്നും വ്യക്തമാണ്.

ഇനി പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് മാടുകളെ വളര്‍ത്തുക എന്നതുതന്നെ ഏതാണ്ട് അപ്രായോഗികമാണ്. കാലിവളര്‍ത്തലിനെപ്പറ്റി യാതൊരു പ്രായോഗിക ജ്ഞാനവുമില്ലാത്തവരാണ് നിയമം തയാറാക്കിയതെന്നു ചില കര്‍ഷകര്‍തന്നെ ചൂണ്ടിക്കാണിക്കുന്നു. ചുരുക്കത്തില്‍ ഈ നിയമംകൊണ്ടു ഇന്ത്യയില്‍ കാലിവളര്‍ത്തല്‍തന്നെ ഇല്ലാതായാലും അത്ഭുതപ്പെടേണ്ട.

വിവാദ ബീഫ് നിരോധന നിയമത്തിന്റെ ഉദ്ദേശശുദ്ധി എന്തായാലും അത് ഉയര്‍ത്തിവിടുന്നത് അതി സങ്കീര്‍ണ്ണമായ നിയമ-സാമൂഹിക-സാമ്പത്തിക-മൗലികാവകാശ പ്രശ്‌നങ്ങളാണ്. അതുകൊണ്ടുതന്നെ അതിന്റെ നിലനില്പും സന്നിഗ്ദാവസ്ഥയിലാണ്.

പുതിയ നിയമം ഇന്ത്യിലെ കോടിക്കണക്കിനു കര്‍ഷകരെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുക എന്ന യാഥാര്‍ത്ഥ്യം സാമൂഹിക-ശാസ്ത്രജ്ഞരും, നിയമജ്ഞരും, രാഷ്ട്രീയക്കാരും തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്. ആ രീതിയിലുള്ള ഒരു കാല്‍വയ്പ്പ് ഇന്നത്തെ പ്രക്ഷുബ്ദ്ധാന്തരീക്ഷത്തിന്റെ സ്വഭാവം തന്നെ മാറ്റിമാറിക്കും.

ഈ കോലാഹലത്തില്‍ കേരള സര്‍ക്കാരിന്റ മുമ്പില്‍ രണ്ടു അനന്ത സാദ്ധ്യതകളാണ് തുറന്നു വരുന്നത്. കേരളത്തില്‍ തരിശുകിടക്കുന്ന ആയിരക്കണക്കിന് ഏക്കര്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും മാംസാവശ്യത്തിനായുള്ള കാലിവളര്‍ത്തലിന് ഉപയോഗിക്കാം. കുടുംബശ്രീയെ ഇതിനായി പ്രാദേശികമായി ചുമതലപ്പെടുത്താം. തരിശുഭൂമിക്ക് ഉപയോഗമായി, പ്രകൃതിയെ ഹനിക്കുന്നില്ല, സ്ത്രീകള്‍ക്ക് വരുമാനമായി, കേരളത്തിനു ഭക്ഷണമായി.

കൂത്താട്ടുകുളത്തെ 'മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ' എന്ന അന്തര്‍ദേശീയ നിലവാരമുള്ള മാംസസംസ്‌കരണ ശാല കേരള സര്‍ക്കാരിനുണ്ട്. അവിടുത്തെ സംസ്‌കരണ-വിപണന ശേഷി പരമാവധി ഉപയോഗിച്ചാല്‍ ഇന്ത്യയില്‍ വളരാന്‍ പോകുന്ന 'ബ്രാന്‍ഡഡ് മീറ്റ്' വിപണിയില്‍ പിടിമുറുക്കാം. കുറഞ്ഞപക്ഷം കേരളത്തിലേയ്ക്ക് നിലവാരമില്ലാത്ത അത്തരം ഉല്പന്നങ്ങളുടെ കടന്നുകയറ്റവും വിലവര്‍ദ്ധനയും പിടിച്ചുനിര്‍ത്താനാവും. കേരളാ സര്‍ക്കാരിനു വരുമാനവും ലഭിക്കും. 'ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പ് എറിയുവാന്‍' ഇപ്പോള്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി തയാറാവണം എന്നു മാത്രം.

വാല്‍ക്കഷണം - ഭക്ഷണം പാഴാക്കുന്നത് കുറ്റകരമാക്കുമെന്നും ശിക്ഷ നല്‍കുമെന്നും അതിനായി നിയമനിര്‍മ്മാണം നടത്തുമെന്നും ഈയിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. അങ്ങിനെയെങ്കില്‍ ഇന്ന് അത്തരത്തിലുള്ള ഏറ്റവും വലിയ കുറ്റവാളി കേന്ദ്രസര്‍ക്കാരാണ്. എത്ര ദശലക്ഷം ടണ്‍ ഭക്ഷ്യവസ്തുവാണ് ഈയൊരൊറ്റ ഉത്തരവുകൊണ്ട് പാഴാക്കുന്നത്?


Story by