ദേശീയതയും ഇസ്ലാമികഭീതിയും: ഇംഗ്ലീഷ് വാർത്താ ചാനലുകളുടെ മാർക്കറ്റിംഗ് തന്ത്രങ്ങള്‍

പൊതുവേ ഹിന്ദി ന്യൂസ്‌ ചാനലുകള്‍ ദേശീയതയാണ് തുറുപ്പുചീട്ടായി ഉപയോഗിക്കുന്നത്. ഒരു വർഗ്ഗീയ കലാപം നടന്നാല്‍ അവിടെ നിഷ്പക്ഷ റിപ്പോർട്ടിംഗ് ഒരിക്കലും ചെയ്യില്ല. പക്ഷപാതപരമായ റിപ്പോർട്ടിംഗ് ആയിരിക്കും മിക്കപ്പോഴും നടക്കുക.

ദേശീയതയും ഇസ്ലാമികഭീതിയും: ഇംഗ്ലീഷ് വാർത്താ ചാനലുകളുടെ   മാർക്കറ്റിംഗ് തന്ത്രങ്ങള്‍

അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് കൂടി വന്നതോടെ, ദേശീയ വാർത്തകൾക്കായി ഇപ്പോൾ ഏഴ് ഇംഗ്ലീഷ് ന്യൂസ് ചാനലുകളായി. ഇവയുടെ ഉടമസ്ഥത, രാഷ്ട്രീയ താല്പര്യങ്ങൾ, മറ്റു വ്യവസായങ്ങള്‍ എന്നിവയൊക്കെ പരിശോധിക്കാം.

NDTV: കൊൽക്കത്തയിൽ ജനിച്ചു ഡൂൺ സ്കൂളും കടന്ന് വിദേശത്തുനിന്നും ബിരുദാനന്തര ബിരുദവും നേടിയ ഒരു ചാർട്ടേഡ് അക്കൗണ്ടന്‍റാണ് പ്രണോയ് റോയ്. അദ്ദേഹമാണ് NDTVയ്ക്കു തുടക്കം കുറിച്ചത്. രാഷ്ട്രീയ വാര്‍ത്തകളും മാനുഷികമൂല്യങ്ങളുള്ള വാര്‍ത്തകളും വികസനം മുന്‍ നിര്‍ത്തിയുള്ള വാര്‍ത്തകളുമാണ് ഇന്ത്യയിലെ ഈ മുഖ്യധാരാ ചാനലിന്റെ ഉള്ളടക്കം. ഇതാണ് അവരുടെ എഡിറ്റോറിയൽ പോളിസി.

ഒരു കാരണവശാലും മസാല ന്യൂസുകൾ അവരെടുക്കില്ല. അനാവശ്യമായ സെൻസേഷണൽ അല്ലെങ്കിൽ ന്യൂസ് ഹൈപ് ഇതൊന്നും അവിടെയില്ല. അതിനാല്‍ അവരുടെ റേറ്റിങ് താരതമേന്യ വളരെ പുറകിലാണ്. പ്രത്യേകിച്ച് ഒരു രാഷ്ട്രീയപാർട്ടിയെയും അകാരണമായി അവർ പിന്തുണയ്ക്കാറില്ല. വാര്‍ത്തയുടെ ആധികാരികതയും അവര്‍ക്കു പ്രധാനമാണ്.

cnn-ibn: ndtvയില്‍ ജോലി ചെയ്തിരുന്ന രാജ്‌ദീപ് സർദേശായി, tv -18 ഉടമ രാഘവ ബഹൽ, സമീർ മാഞ്ചണ്ട തുടങ്ങിയവർ ചേർന്നു cnn-ibn ചാനൽ ലോഞ്ച് ചെയ്തു. നല്ല തുടക്കം കിട്ടിയെങ്കിലും അതെല്ലാം പെട്ടെന്ന് മാറിമറിഞ്ഞു. കടത്തിനു മുകളിൽ കടമാണ് അവശേഷിച്ചത്. മുകേഷ് അംബാനിയോടു നിക്ഷേപം കടം വാങ്ങി ഒടുവില്‍ മുകേഷിന്റെ സ്വാധീനം പ്രകടമാകുന്ന നിലയിലേക്കു കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

ഈ ഗ്രൂപ്പിന് സർക്കാരിനെതിരെ ഒരു വാര്‍ത്ത അതായതു "ഹാർഡ് ഹിറ്റിംഗ്' നല്‍കാന്‍ കഴിയില്ല. വാര്‍ത്താ പ്രക്ഷേപണം അവർക്ക് ഒരു ലാഭക്കച്ചവടമല്ല, മറിച്ചു കുന്നുകൂടിയിരിക്കുന്ന ഇതര വ്യവസായങ്ങള്‍ക്ക് ഒരു കുടമറയാണ്. അതിനു താഴെ പലതും നടക്കും.

ഘോരഘോരം സംസാരിക്കുന്ന ഇന്ത്യയിലെ ഒരു വലിയ കൂട്ടം പത്രപ്രവർത്തരെ കൂടെ നിർത്തുന്നതില്‍ ഉപരിയായി വാര്‍ത്തകളെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു തന്ത്രമില്ല. പൊതുജനാഭിപ്രായം ഇവരുടെ നാവിന്റെ വ്യാഖ്യാനങ്ങള്‍ ആയിരിക്കുന്നത് സ്വാഭാവികമായിരിക്കുമല്ലോ. മറ്റൊന്നുണ്ട്, തങ്ങള്‍ക്ക് അനൂകൂലമായി സർക്കാരിനെ കൊണ്ട് നയങ്ങൾ സൃഷ്ടിക്കുവാനോ തിരുത്തുവാനോ കഴിയും. എല്ലാ സംസ്ഥാനങ്ങളിലും ചാനൽ പല വമ്പൻ ന്യൂസ് വെബ് സൈറ്റ് തുറന്നു കൂടുതല്‍ പേരിലേക്ക് എത്താന്‍ ശ്രമമായി. പിന്നെ ഒടുവിലായി 'ജിയോ' ടിവിയും.120 കോടി ജനങ്ങളിലേക്ക് ഇവരുടെ വാര്‍ത്തകള്‍ കൂടുതലായി എത്താനുള്ള എല്ലാ തന്ത്രങ്ങളും ആവിഷ്ക്കരിച്ചു.

ഇന്ത്യ ടുഡേ: 'ഹെഡ്‍ലൈൻസ് ടുഡേ' എന്നായിരുന്നു തുടക്കത്തിൽ ചാനലിന്റെ പേര്. അരുൺ പുരിയുടെ tv ടുഡേയാണ് ഉടമസ്ഥർ. ഇക്കൂട്ടരുടെ ആദ്യകാല ഹിന്ദി ചാനലായ 'aajtakല്‍ ഒരു സമയത്ത് ജോലി ചെയ്തിരുന്നവരില്‍ നല്ലൊരു ശതമാനം മുന്‍ എബിവിപി നേതാക്കന്മാര്‍ ആയിരുന്നു. അറിഞ്ഞോ അറിയാതെയോ ചാനൽ എപ്പോഴും ആന്റി കോൺഗ്രസ് സ്റ്റാൻഡ് എടുത്തു പോരുകയും ചെയ്തു. ഒപ്പം ബിജെപി നേതാക്കന്മാര്‍ക്ക് നല്ല നിലയില്‍ പ്രൊമോഷൻസ് നല്‍കിയും വന്നു.

ഇവരില്‍ അധികം റിപ്പോർട്ടേഴ്‌സ് അല്ലെങ്കിൽ സീനിയർ എഡിറ്റോറിയൽ സ്റ്റാഫുകൾ ബീഹാറികള്‍ ആയിരിക്കും. യുവതീ യുവാക്കള്‍ ബിഹാറിൽ നിന്നും സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ഡൽഹിയിൽ എത്തുകയും നടക്കാതെ വരുമ്പോള്‍ ഹിന്ദി വിഷ്വല്‍ മീഡിയയിലേയ്ക്കു തിരിയുകയും ചെയ്യുന്നതു പതിവാണ്. ഇതുകൊണ്ടാണ് ഹിന്ദി വിഷ്വല്‍ മീഡിയയിൽ ദലിതനെയും ആദിവാസിയെയും കാണാന്‍ കഴിയാത്തതും. ഈ മേഖലയിലാകെ മേൽജാതി മയമാണ്. ഒപ്പം ഇവര്‍ നല്ല കച്ചവടക്കാരുമാണ്.ഹിന്ദി ചാനലുകളിൽ പത്തുവർഷം ഡൽഹിയിൽ മാത്രം ജോലി ചെയ്ത് മിനിമം 20 കോടി മുതൽ 50 കോടി വരെ രൂപയുടെ ആസ്തി നേടിയവരെ ഈയുള്ളവന് നേരിട്ട് അറിയാം.

ടൈംസ്‌നൗ: ടൈംസ് ഓഫ് ഇന്ത്യയുടെ മുതൽമുടക്കിൽ മുംബൈയിൽ നിന്നും സംപ്രേഷണം നടത്തുന്നു. തുടക്കത്തിൽ ഇടം കണ്ടെത്താന്‍ ഇവര്‍ നന്നേ പാടുപെട്ടിരുന്നു. മറ്റുള്ള ചാനലുകൾ മുഴുവൻ ലിബറൽ ചിന്തകള്‍ക്ക് പിന്നാലെ പോയപ്പോള്‍ ഇവര്‍ കളം മാറ്റി ചവുട്ടി 'ദേശീയത'യില്‍ ഊന്നിയുള്ള ഒരു നയം സ്വീകരിക്കാന്‍ തുടങ്ങി. ഹൈന്ദവ വികാരങ്ങൾ, മുംബൈ ആക്രമണം, ഇസ്ലാമിക തീവ്രത, ഇന്ത്യൻ സൈന്യം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ചര്‍ച്ചകളില്‍ ഇടം പിടിച്ചു. തങ്ങളുടെ ആശയത്തിന് എതിരു നില്‍ക്കുന്നവരെ തീവ്രവാദികളാക്കാന്‍ അവതാരകര്‍ക്ക് അനുമതി നല്‍കി.

അണ്ണാ ഹസാരെയേ ഐകോണിക് ആക്കി മാറ്റിയ ഇവര്‍ ഇന്ത്യയുടെ അഴിമതിക്കെതിരെ യുദ്ധവും സ്വയമേവ പ്രഖ്യാപിച്ചു. അവിടെയും 'ഹൈന്ദവ വികാരം' അവര്‍ സംരക്ഷിക്കുവാന്‍ ശ്രമിച്ചു. ഒരു ആന്റി മുസ്ലിം മനോഭാവം പ്രകടമാക്കാനും അവര്‍ മടിച്ചില്ല. ഇവരിലൂടെ അർണാബ് ഗോസ്വാമി ഒരു വിഭാഗത്തിന്റെ ദേശീയ വികാരം പ്രകടിപ്പിക്കുന്ന മുഖമായി മാറി.

തങ്ങള്‍ക്കു മനസിലാക്കാത്ത ദേശീയത ചര്‍ച്ചയില്‍ വരുമ്പോള്‍ അതിഥികളോടു "എന്റെ മുന്നില്‍ നിന്നും ഇറങ്ങി പോകൂ..." എന്ന് ആക്രോശിക്കുന്നതിലും ഇവര്‍ക്ക് ലജ്ജയുണ്ടായില്ല. അപമര്യാദകരമായ ഈ വാര്‍ത്താ അവതരണം സോഷ്യൽ മീഡിയയില്‍ പ്രത്യേകിച്ച് ട്വിറ്ററില്‍ അവരെ വിമര്‍ശനവിധേയരാക്കി. മോദിയെ പ്രധാനമന്ത്രിയാക്കാൻ സോഷ്യൽ മീഡിയയിൽ കൂടി അർണബ് ഗോസ്വാമിയെ ഉപയോഗിക്കുകയും ചെയ്തു. ദേശീയതയും ഇസ്ലാമിക വിരോധവും തന്നെയായിരുന്നു മാർക്കറ്റിങ് തന്ത്രങ്ങള്‍.

newsx: പീറ്റർ മുഖർജിയാണ് പ്രാരംഭ സംരംഭകന്‍. സാമ്പത്തിക പ്രശ്ങ്ങൾ കുഴഞ്ഞു മറിഞ്ഞപ്പോൾ ഉടമസ്ഥത പലവുരു കൈമാറി അവസാനം ഹരിയാന സ്വദേശിയായ കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ വിനോദ് ശർമ്മയുടെ കൈയിലെത്തി. ജെസ്സിക്ക ലാൽ കൊലക്കേസിൽ പ്രതിയായിരുന്ന ഇദ്ദേഹത്തിന്റെ മകൻ മനു ശർമ്മ ബിജെപിയുടെ നേതാവായിരുന്നു. മനുശർമ്മ ഇപ്പോൾ ജയിലിലാണ്. ഇദ്ദേഹത്തിന്റെ സഹോദരൻ സിദ്ധാർഥാണ് ഇപ്പോള്‍ ചാനൽ ഉടമ. പ്രൊ ബിജെപി ചാനൽ എന്ന് ഇനിയും പറയേണ്ടതില്ലെല്ലോ.

ZEE News: ഉടമ സുഭാഷ് ചന്ദ്ര, wion ന്യൂസ് ചാനൽ തുടങ്ങി ഏഴു മാസങ്ങള്‍ പിന്നിട്ടിട്ടും എവിടെയും എത്തിയില്ല. ഇദ്ദേഹം ഹരിയാനയിൽ നിന്നുള്ള ബിജെപിയുടെ രാജ്യസഭാ എംപി യാണ്. ഇക്കൂട്ടരും ബിജെപിയുടെ സ്വന്തം ചാനൽ എന്ന നിലയിൽ പ്രവർത്തിക്കുന്നു. നാലു വര്‍ഷങ്ങള്‍ക്കു മുൻപ് ജിൻഡാൽ സ്റ്റീൽ ഗ്രൂപ്പില്‍ നിന്നും 100 കോടി രൂപ വാങ്ങിയെന്ന കാരണത്തില്‍ ഡൽഹി പോലീസ് പണാപഹരണ കുറ്റത്തിന് ചാർജ് ഷീറ്റ് കൊടുത്തിരിക്കയാണ്.

Republic: ബിജെപി എംപി രാജീവ് ചന്ദ്രശേഖർ മുഖ്യനിക്ഷേപകനായ അർണബ് ഗോസ്വാമിയുടെ ചാനല്‍. ദേശീയത, ഇസ്ലാം വിരുദ്ധത, സൈന്യം, യുദ്ധം, ബിജെപി അല്ലാത്തവരുടെ അഴിമതി, ഇങ്ങനെയുള്ള കാര്യങ്ങളില്‍ ആയിരിക്കും ഫോക്കസ്. ഇവരുടെ ബ്രേക്കിംഗ് സ്റ്റോറി തന്നെ ഉദാഹരണം. ലാലു പ്രസാദ് യാദവ്, ജയിലിലുള്ള ഷഹാബുദീനുമായി നടത്തുന്ന ഫോണ്‍ സംസാരമാണ് വിഷയം. ജയിലിൽ കിടക്കുന്ന ഗുണ്ടാ നേതാവിനോട് ലാലു ഫോണിൽ സംസാരിച്ചത് വലിയ തെറ്റ് തന്നെയെന്നു ചര്‍ച്ച മുന്നേറുമ്പോള്‍ പെട്ടെന്നു ചർച്ചയിലുള്ളവർ ടോപ്പിക്ക് മാറ്റി- "ഷഹാബുദീൻ ഇസ്ലാമിക് സ്റ്റേറ്റ് എജന്റാണ്, ഇസ്ലാമിക ഭീകരതയുടെ പുതിയ മുഖം. അങ്ങനെ പോയി കാര്യങ്ങള്‍. പോരെ പൂരം? ഇതാണ് ട്വിസ്റ്റ്! അല്ലെങ്കില്‍ മാർക്കറ്റിങ്!

ഈ ചാനലുകൾ എല്ലാം ഇനി ദേശീയത പറഞ്ഞു കൊണ്ടേയിരിക്കും. കാഴ്ചക്കാർ വൈകാതെ അവരുടെ ദേശീയത കണ്ടു ബോറടിക്കും. അടുത്ത തന്ത്രം ഉടനെ പ്രതീക്ഷിക്കാം.

പൊതുവേ ഹിന്ദി ന്യൂസ്‌ ചാനലുകള്‍ ദേശീയതയാണ് തുറുപ്പുചീട്ടായി ഉപയോഗിക്കുന്നത് ഒരു വർഗ്ഗീയ കലാപം നടന്നാല്‍ അവിടെ നിഷ്പക്ഷ റിപ്പോർട്ടിംഗ് ഒരിക്കലും ചെയ്യില്ല. റിപ്പോർട്ടുകളെല്ലാം പക്ഷപാതപരമായിരിക്കും. ഹിന്ദി ചാനലിൽ സീനിയർ പോസ്റ്റില്‍ ഇരുന്ന അനുഭവത്തില്‍ പറയുകയാണ്‌.

ഗുജറാത്ത്‌ കലാപം തന്നെ നോക്കാം. ഒരു ഹിന്ദി ചാനലും അവിടെ യാഥാര്‍ത്ഥ്യം റിപ്പോർട്ട്‌ ചെയ്തില്ല. പക്ഷെ ndtv സത്യം റിപ്പോർട്ട്‌ ചെയ്തു. അങ്ങനെ ലോകം അതറിഞ്ഞു. അവിടെയാണ് ഇംഗ്ളീഷ് ചാനലുകളുടെ പ്രസക്തി. അത്‌ ഇപ്പോൾ മാറ്റാനുള്ള വ്യഗ്രതയാണ് പലരിലും മുന്നിട്ടു നില്‍ക്കുന്നത്.