അതുതാനല്ല ഇത്: അദ്വാനി പാക്കിസ്ഥാനിൽ പോയതും; പ്രണബ് ആർഎസ്എസ് വേദിയിൽ പോയതും!

"അവരുടെ മടയില്‍ കയറി അവരെ തന്നെ കണക്കിനു പറഞ്ഞു. നിങ്ങള്‍ ചെയ്യുന്നതല്ല ദേശീയത എന്ന് ദേശീയതയുടെ മൊത്തകച്ചവടക്കാരെ തന്നെ പഠിപ്പിക്കുക- എന്താ കഥ! എന്താണ് ഇദ്ദേഹം അവിടെ സംസാരിച്ചത് എന്ന് മനസിലായവര്‍ ആരും പ്രണബ് മുഖര്‍ജി ആ പരിപാടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിക്കും എന്ന് തോന്നുന്നില്ല"- മാത്യു സാമുവൽ എഴുതുന്നു

അതുതാനല്ല ഇത്: അദ്വാനി പാക്കിസ്ഥാനിൽ പോയതും; പ്രണബ് ആർഎസ്എസ് വേദിയിൽ പോയതും!

2010 ലെ കോൺഗ്രസ് പാർട്ടി പ്ലീനറി സെഷൻ ഡൽഹിക്കടുത്ത് ഒരു സ്ഥലത്ത് വച്ചാണ് നടന്നത്. ആ സെഷനിൽ വ്യത്യസ്തമായ ഒരു പ്രമേയം അവതരിപ്പിക്കപ്പെട്ടു- ആർഎസ്എസിനെ ഭീകരവാദം സംബന്ധിച്ച് ഒരു അന്വേഷണം വേണമെന്നായിരുന്നു പ്രമേയത്തിൻറെ ആവശ്യം. ഈ പ്രമേയം കൊണ്ടുവന്നത് മുന്‍ രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖർജിയാണ്. എല്ലാവരും ഒരു പോലെ അംഗീകരിക്കുന്നത് ആയിരുന്നില്ല ആ പ്രമേയം അപ്പോള്‍. ഈ പ്രമേയത്തെ എതിർത്തു സംസാരിച്ചതില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് എ.കെ ആൻറണിയായിരുന്നു. ന്യൂനപക്ഷ പ്രീണനവും പിന്നോക്ക വിഭാഗത്തോടുള്ള സമീപനവും പോലെ ഒരു 'മൃദുഹിന്ദുത്വ' നിലപാടും കോൺഗ്രസ് സ്വീകരിക്കണം എന്ന് ആന്റണി അന്ന് ആവശ്യപ്പെട്ടു. മുന്നോക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുണ്ടെന്നും അതിനെ കോൺഗ്രസ് പരിഗണിക്കണം എന്നും ആൻറണി ആവശ്യപ്പെട്ടു. പ്ലീനറി സെഷന് മുന്‍പ് കൊല്ലത്ത് നടന്ന മത്തായി മാഞ്ഞൂരാന്‍ പ്രഭാഷണ പരിപാടിയിൽ വച്ചാണ് ആൻറണി ആദ്യമായി ഇതേ ആവശ്യം ഉന്നയിച്ചിരുന്നത്.

ആന്റണിയുടെ ഈ നിലപാടിനോട് അനുയോജ്യമായ നിലപാടാണ് ദിഗ്‌വിജയ് സിംഗും കൈക്കൊണ്ടത്. പ്രമേയത്തെ എതിർത്താണ് യോഗത്തില്‍ പലരും സംസാരിച്ചതെങ്കിലും പ്രമേയം പാസായിരുന്നു. ചിദംബരത്തെ പോലെ ചില സീനിയര്‍ നേതാക്കന്മാര്‍ പ്രണബ് മുഖർജി മുന്നോട്ടുവച്ച പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു എന്നുള്ളത് വിസ്മരിക്കുന്നില്ല.

പറഞ്ഞുവരുന്നത് ഇതാണ്, ഇന്ത്യയും കോൺഗ്രസും കാത്തു സൂക്ഷിച്ചു വരുന്ന സോഷ്യൽ എഞ്ചിനീയറിങ് സ്ട്രക്ച്ചർ അപകടപ്പെടുത്താനുള്ള ശ്രമമല്ല ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് വഴി പ്രണബ് കഴിഞ്ഞ ദിവസം ചെയ്തത്. അടിസ്ഥാനപരമായി പ്രണബ് മുഖർജിയുടെ രാഷ്ട്രീയം എന്നു പറയുന്നത് കോൺഗ്രസും ഈ പാര്‍ട്ടിയുടെ മതേതര സോഷ്യലിസ്റ്റ് നിലപാടുകള്‍ക്കും ഒപ്പമാണ്. കോൺഗ്രസിന്റെ മതനിരപേക്ഷ കാഴ്ചപ്പാടുകൾ കെട്ടിപ്പടുക്കുന്നതിൽ നല്ലൊരു പങ്ക് വഹിച്ച ആളാണ് പ്രണബ് മുഖർജി.

കഴിഞ്ഞദിവസം ആർഎസ്എസിന്റെ പരിപാടിയിൽ പങ്കെടുത്ത് പ്രണബ് നടത്തിയ പ്രസംഗം ഏറ്റവും നിലവാരമുള്ള ഒരു പ്രഭാഷണം ആയിട്ടാണ് ഞാൻ കാണുന്നത്. അതു മനസിലാക്കണം എങ്കില്‍ ഇന്ത്യയുടെ ചരിത്രമറിയണം. രണ്ടായിരം വര്‍ഷങ്ങള്‍ കാത്തു സ്വീകരിച്ച ബഹുസ്വരത, നാനാത്വത്തില്‍ ഏകത്വം അറുനൂറിലധികം ഭാഷകള്‍, ഏകദേശം നൂറ്റിയിരുപത് ഉപഭാഷകള്‍ ഏഴിലധികം പ്രധാന മതവിശ്വാസങ്ങള്‍... എന്നിങ്ങനെ പലതാണ്. ഇതൊക്കെയാണ് എങ്കില്‍ കൂടിയും എല്ലാവരും ഒരേ കൊടിക്കീഴില്‍ അഭിമാനത്തോടെ അണിനിരക്കുന്നു- അതാണ്‌ ഇന്ത്യ! അതിക്രമങ്ങള്‍ ഓരോ ദിവസവും രാജ്യത്ത് വര്‍ധിക്കുന്നു. ഈ അക്രമങ്ങള്‍ ഇരുട്ടിൻറെ രൂപമാണ്. നമ്മുടെ മാതൃഭൂമി സമാധാനവും സന്തോഷവുമാണ് ആഗ്രഹിക്കുന്നത്, കലാപമല്ല. എന്നും ഇദ്ദേഹം ആര്‍എസ്എസിനെ ഉപദേശിക്കുന്നു.സർദാർ പട്ടേൽ ഇന്ത്യയെ ഏകീകരിച്ച വ്യക്തിയാണ്. ജനാധിപത്യം നമ്മുടെ ഐശ്വര്യമാണ്. ജനാധിപത്യം ജനങ്ങള്‍ക്ക്‌ നല്‍കുന്ന ഒരു ദാനമല്ല, മറിച്ച് ഒരു വിശുദ്ധ മാർഗമാണ്. അസഹിഷ്ണുത നമ്മുടെ രാഷ്ട്രത്തിന്റെ വൈവിധ്യത്തെ കുറച്ചുകാണിക്കും. നമ്മുടെ രാഷ്ട്രത്തെ ഏതെങ്കിലും ഒരു മതമോ, വിശ്വാസമോ, അസഹിഷ്ണുതയോ വഴി നിർവ്വചിക്കുന്നതിനുള്ള ഏതൊരു ശ്രമവും നമ്മുടെ നിലനിൽപ്പിനെ അസ്ഥിരപ്പെടുത്തും. ഞങ്ങൾ സഹിഷ്ണുതയിൽ നിന്ന് ഞങ്ങളുടെ ശക്തി നേടുന്നു. നമ്മുടെ ബഹുസ്വരതയെ മാനിക്കുന്നു. സ്വന്തം ജനതയെ തിരിച്ചറിയുന്നതിനെയും ദേശീയതയായിട്ടാണ് നിർവചിക്കുവാന്‍ കഴിയുന്നത്‌. ഇങ്ങനെയെല്ലാം സധൈര്യം ആര്‍എസ്എസ്നിറെ വേദിയില്‍ നിന്നും സംസാരിച്ച വിവേകമാണ് പ്രണബ് മുഖര്‍ജി. അവരുടെ മടയില്‍ കയറി അവരെ തന്നെ കണക്കിനു പറഞ്ഞു. നിങ്ങള്‍ ചെയ്യുന്നതല്ല ദേശീയത എന്ന് ദേശീയതയുടെ മൊത്തകച്ചവടക്കാരെ തന്നെ പഠിപ്പിക്കുക- എന്താ കഥ! എന്താണ് ഇദ്ദേഹം അവിടെ സംസാരിച്ചത് എന്ന് മനസിലായവര്‍ ആരും പ്രണബ് മുഖര്‍ജി ആ പരിപാടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിക്കും എന്ന് തോന്നുന്നില്ല. അതല്ലേ ആദ്യം വിമര്‍ശനം ഉയര്‍ത്തിയവര്‍ പെട്ടെന്ന് എങ്ങോട്ടില്ലാതെ അപ്രത്യക്ഷമായത്.

'ഭാരത്‌ മാതാ കീ ജയ്‌' എന്നും മറ്റുമുള്ള പദങ്ങള്‍ ഒന്നും നാളിതുവരെ ആലങ്കാരികമായി പ്രണബ് മുഖര്‍ജീ തന്റെ പ്രഭാഷണത്തില്‍ പറഞ്ഞിട്ടില്ല. കാരണം അടിസ്ഥാനപരമായും പ്രണബ് ഒരു കോണ്ഗ്രസുകാരനാണ്. ഇന്ദിരാഗാന്ധിയുടെ കാലയളവില്‍ പാര്‍ട്ടിയിലെ രണ്ടാമത്തെ അധികാരശക്തിയായിരുന്നു ഇദ്ദേഹം. കോൺഗ്രസ് എങ്ങനെയാകണം എന്ന് വിഭാവനം ചെയ്യുകയും അതു നടപ്പിലാക്കുകയും ചെയ്ത നേതൃപാടവവും പ്രണബ് പ്രകടിപ്പിച്ചു.

റാവു ഭരണത്തിലും മന്‍മോഹന്‍സിംഗ് ഭരണത്തിലും പ്രണബിന്റെ ഭരണതന്ത്രങ്ങള്‍ക്ക് നല്ലൊരു ദിശാബോധം സൃഷ്ടിക്കുവാന്‍ കഴിഞ്ഞു. ആര്‍എസ്എസിനോടും ബിജെപിയോടും ഒരു മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും സഖ്യം ചേരാന്‍ മടിക്കുന്ന രീതിയില്‍ കാര്യങ്ങളെ എത്തിച്ചതിലും പ്രണബിന്റെ തന്ത്രങ്ങള്‍ ചെറുതല്ല. ആര്‍എസ്എസ് വേദിയില്‍ നടത്തിയ പ്രണബിന്റെ പ്രഭാഷണം അസ്വസ്ഥമാക്കിയത് എല്‍.കെ അദ്വാനിയെ പോലെയുള്ളവര്‍ക്കാണ് എന്നും ശ്രദ്ധിക്കണം. പാകിസ്താനില്‍ പോയി മുഹമ്മദാലി ജിന്നയും മാഹാത്മാ ഗാന്ധിയും തുല്യരാണ് എന്നും ഇന്ത്യയുടെ രാഷ്ട്രപിതാവാകേണ്ടിയിരുന്നത് ജിന്നയാണ് എന്നും വിളമ്പിയ അദ്വാനിയേക്കാള്‍ എത്രയോ വിവേകമാണ് പ്രണബ് മുഖര്‍ജീ ഇന്നലെ ആര്‍എസ്എസ് കോട്ടയില്‍ കൂളായി പറഞ്ഞിറങ്ങിയത്.

അന്ന് ആര്‍എസ്എസ് ഹിന്ദുത്വ തീവ്രവാദത്തെ കുറിച്ച് അന്വേഷണം വേണം എന്ന പ്രണബ് ആവശ്യപ്പെട്ട പ്രമേയത്തെ എതിര്‍ത്തിരുന്നവരുടെ പക്കലാണ് ഇന്ന് കോണ്ഗ്രസിന്റെ അധികാരസ്ഥാനങ്ങള്‍ ഉള്ളത്. രാഷ്ട്രപതിയായതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്നും പ്രണബ് മാറി നിന്നു. എന്നാല്‍ രസകരമായൊരു കാര്യമുണ്ട്- ബംഗാളിലെ ഒരു പഞ്ചായത്തില്‍ പോലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ഈ മനുഷ്യന്‍ ജയിക്കണം എന്നില്ല. കാരണം പൊതുജനത്തിനിടയില്‍ അത്രയധികം സ്റ്റാര്‍ഡും ഉണ്ടാക്കിയെടുക്കാന്‍ ടിയാന് കഴിഞ്ഞിട്ടില്ല.


Read More >>