ബിജെപി വേണ്ടാ,പക്ഷെ അതിനര്‍ത്ഥം കോണ്ഗ്രസ് വേണമെന്നാണോ?

കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ച് മറ്റൊരു വലിയ ന്യൂനത ഇപ്പോഴുള്ള നേതൃത്വം വച്ചുപുലര്‍ത്തുന്നുണ്ട്. ബിജെപി വിരുദ്ധത ഒന്നു കൊണ്ടു മാത്രം എല്ലാ സംസ്ഥാനങ്ങളിലും തങ്ങൾക്ക് തിരിച്ചു അധികാരത്തിൽ എത്താന്‍ കഴിയുമെന്ന് അവർ എങ്ങനെയോ കണക്കുകൂട്ടുന്നു. ഇതല്ലാതെ മറ്റൊരു കാരണം അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നുമില്ല. എന്നിരുന്നാലും ഇക്കാരണങ്ങള്‍ കൊണ്ടു മാത്രം കോണ്ഗ്രസിന് അധികാരം നിലനിര്‍ത്താന്‍ കഴിയുന്ന സംസ്ഥാനമായിരുന്നു കര്‍ണ്ണാടക

ബിജെപി വേണ്ടാ,പക്ഷെ അതിനര്‍ത്ഥം കോണ്ഗ്രസ് വേണമെന്നാണോ?

കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഫലം കോണ്ഗ്രസിന് അപ്രതീക്ഷിത ആഘാതമാണ് എന്ന് കരുതാന്‍ കഴിയുമോ? ഇല്ലെന്നാണ് എന്റെ വിലയിരുത്തല്‍. കാരണം, ഇത് കോണ്ഗ്രസ് പാര്‍ട്ടി ആദ്യമായി ചോദിച്ചു വാങ്ങുന്ന പരാജയമല്ല എന്നുള്ളതു കൊണ്ടാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഒരു ആവര്‍ത്തമായിരുന്നു കോണ്ഗ്രസിന് കര്‍ണ്ണാടകയിലും ലഭിച്ചത് എന്ന് പറയാം. 'സംവരണം' വാഗ്ദാനം ചെയ്യുമ്പോള്‍ കോണ്ഗ്രസ് ഇനിയുമേറെ പഠിക്കാനുണ്ട് എന്ന് സാരം!

ഗുജറാത്തില്‍ പട്ടേല്‍ വിഭാഗത്തിനു സംവരണം നല്‍കാമെന്നു കോണ്ഗ്രസ് പറഞ്ഞപ്പോള്‍, അതിനെ വിശാല ചിന്താഗതിയില്‍ ഉള്‍ക്കൊള്ളാന്‍ തങ്ങളുടെ ഉറച്ച വോട്ടു ബാങ്കിന് കഴിയുമോ എന്ന് കോണ്ഗ്രസ് ചിന്തിച്ചില്ല. ഗുജറാത്തിലെ ഏറ്റവും ധനികരായ ഒരു വിഭാഗമാണ് പട്ടേല്‍ വിഭാഗം. ഗോസംരക്ഷണ വിഷയത്തിലും ദളിത്‌ പീഡനത്തിന്റെ പശ്ചാത്തലത്തിലും ഭീതിയില്‍ കഴിയുന്ന പിന്നോക്ക വിഭാഗമായ ജനത തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് തന്നെ കോണ്ഗ്രസ് കരുതി. അവരുടെ മുന്നില്‍ മറ്റു സാധ്യതകള്‍ ഇല്ലായെന്ന് ഈ പാര്‍ട്ടി നേതൃത്വം വെറുതെ വിശ്വസിച്ചു പോയി. എന്നാല്‍ ധനികന് നല്‍കുന്ന വിരുന്ന് എന്റെ ആത്താഴമാണോ എന്ന അവരുടെ ആശങ്കയെ ദുരീകരിക്കാന്‍ കോണ്ഗ്രസിന് കഴിഞ്ഞില്ല.

സുപ്രീംകോടതിയുടെ വിധി അനുസരിച്ച് ഒരു ജനതയുടെ 50 ശതമാനത്തിലധികം ജാതി സംവരണം നൽകാൻ പാടില്ലാത്തതാണ്. ധനികരായ ഒരുകൂട്ടമാളുകൾക്ക് കോണ്ഗ്രസ് സംവരണം വാഗ്ദാനം ചെയ്തപ്പോള്‍ നാളിതുവരെയായി തങ്ങൾ അനുഭവിച്ചുവന്നിരുന്ന ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടു പോകുമോ എന്ന് ഇക്കൂട്ടര്‍ ചിന്തിക്കുവാൻ തുടങ്ങി. നിങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യമാണ് കോൺഗ്രസ് അവർക്ക് വാഗ്ദാനം ചെയ്തതെന്ന് ബിജെപി പ്രചരിപ്പിച്ചപ്പോൾ സ്വാഭാവികമായി പിന്നാക്ക വിഭാഗക്കാരായ ആളുകൾ വിശ്വസിച്ചു. പുതിയതായി ആർക്കെങ്കിലും സംവരണം നൽകണം എന്നുണ്ടെങ്കിൽ നിലവിൽ കൈപ്പറ്റുന്നവര്‍ക്ക് അതു നഷ്ടപ്പെടണം എന്നുള്ളത് പൊതുതത്വമല്ലേ? ഇത് കോണ്ഗ്രസിന്റെ ഉറച്ച വോട്ടുകള്‍ക്കിടയില്‍ പോലും ആശങ്ക ജനിപ്പിച്ചു.കാലാകാലങ്ങളായി കോൺഗ്രസിന് വോട്ടു ചെയ്യുന്ന ആദിവാസി സമൂഹവും തിരിച്ചു ചിന്തിച്ചു. സൂററ്റ് ബെൽറ്റിൽ ഇത്തവണ ബിജെപി ജയിച്ചത് ഇക്കാരണങ്ങൾ കൊണ്ടാണ്. ജീവിച്ചിരുന്നാല്‍ ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാന്‍ അവര്‍ ആഗ്രഹിച്ചില്ല.

ഒപ്പം കൂട്ടാന്‍ മോഹന വാഗ്ദാനം നല്‍കിയിട്ടും പട്ടേല്‍ വിഭാഗം കോണ്ഗ്രസിന് വോട്ടു നല്‍കിയതുമില്ല. കർണാടകയിൽ ഉപമുഖ്യമന്ത്രിയായി ശ്രീരാമലൂവിനെ ഉയര്‍ത്തി കാണിക്കുക വഴി ബിജെപി ദളിത വോട്ടുകളുടെ വിശ്വാസം ആര്‍ജ്ജിച്ചു. ഉപമുഖ്യന്ത്രി സ്ഥാനത്തിലേക്ക് ഒരു പിന്നോക്ക വിഭാഗക്കാരനെ ഉയർത്തിക്കാണിക്കുക വഴി കോൺഗ്രസ് ഉന്നതർക്ക് വാഗ്ദാനം ചെയ്ത് സംവരണ വാഗ്ദാനത്തെ ചോദ്യം ചെയ്യുവാൻ ബിജെപിക്ക് കഴിഞ്ഞു എന്ന് വേണം കരുതുവാൻ. ദലിത്-മുസ്ലിം വിഭാഗങ്ങള്‍ അധികമുള്ള മൈസൂര്‍ ബെൽറ്റിൽ കോൺഗ്രസ് വളരെയധികം പിന്നിൽ പോയി എന്ന് കാണാന്‍ കഴിയും. അവിടെ ജെ.ഡി.യു വളരെയധികം മുന്നിലെത്തുകയും ചെയ്തു.

ആരാണ് തങ്ങളുട്ടെ യഥാര്‍ത്ഥ ശത്രു എന്ന് കോണ്ഗ്രസ് പലപ്പോഴും വൈകിയാണ് തിരിച്ചറിയുന്നത്‌. പലപ്പോഴും തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റു കഴിയുമ്പോള്‍ മാത്രമാണ് നേതൃത്വം അതു മനസിലാക്കുന്നത്‌. കര്‍ണ്ണാടകയിലെ അവരുടെ നിലപാടുകള്‍ നോക്കൂ- ജെഡിയുവിനെ ബിജെപിയുടെ 'ബി' ടീമായിട്ടാണ് കോൺഗ്രസ് ആദ്യം അവതരിപ്പിച്ചിരുന്നത്. അതായത് ബിജെപിയെ പിന്തുണയ്ക്കാൻ പോകുന്ന ഒരു പാർട്ടി എന്നൊരു ഇമേജ് അവര്‍ക്ക് തുടക്കം മുതല്‍ നല്‍കി. അമിതമായ ആത്മവിശ്വാസം പലപ്പോഴും യഥാര്‍ത്ഥ ശത്രുവിന് നല്‍കുന്ന ആയുധമാണ് എന്ന് ഇനിയും കോണ്ഗ്രസ് തിരിച്ചറിഞ്ഞില്ല.

17 ശതമാനത്തിനടുത്ത് വോട്ട് സമാഹരിക്കുവാന്‍ ജെഡിയുവിനു കഴിഞ്ഞു. കൂടാതെ ഒവൈസിയുടെ സംഘടനയും എസ്ഡിപിഐ പോലെയുള്ള മുസ്ലീം സംഘടനകളും തെറ്റില്ലാത്ത ഒരു സംഖ്യയിൽ അവിടെ വോട്ടുകൾ നേടി. എന്നും തങ്ങളെ പിന്തുണയ്ക്കുന്ന മുസ്ലീം ദളിത് കമ്മ്യൂണിറ്റിയുടെ വോട്ടുകൾ തന്നെ 35 ശതമാനത്തിലധികം ഉണ്ട്. ഇത് തങ്ങൾക്ക് ഉറച്ച വോട്ടാണ് എന്ന് തന്നെ കോൺഗ്രസ് വിശ്വസിച്ചു. ഇതര പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണ കൂടി നേടുന്നതോടെ കർണാടകയിൽ ഒരു ഉറച്ചഭരണം അവർ പ്രതീക്ഷിച്ചത് സ്വാഭാവികം ഈ വോട്ടുകള്‍ സമാഹരിച്ചു നിര്‍ത്തുക എന്നുള്ളത് മുൻ മുഖ്യമന്ത്രിയായിരുന്ന ഗുണ്ട് റാവുവിന്റെ ഒരു വിജയ് തന്ത്രമായിരുന്നു. ഇത് പ്രയോഗിച്ചാണ് കോൺഗ്രസ് നാളിതുവരെ കര്‍ണ്ണാടകയില്‍ അധികാരത്തില്‍ എത്തിയതും. എന്നാൽ ലിംഗായത്ത് വിഭാഗത്തിന് സംവരണം നൽകണമെന്നു സിദ്ധരാമയ്യ താല്പര്യപ്പെട്ടതോടെ ഈ പറയുന്നവരടക്കമുള്ള പിന്നോക്ക വിഭാഗക്കാർക്ക് കോണ്ഗ്രസില്‍ ഉണ്ടായിരുന്ന പ്രതീക്ഷ നശിച്ചു.

ലിംഗായത്ത് വിഭാഗത്തിനോട് എതിര്‍ത്തു നില്‍ക്കുന്ന വൊക്കലിംഗ വിഭാഗത്തിന് കോണ്ഗ്രസിന് വോട്ടു ചെയ്യാനുള്ള കാരണങ്ങള്‍ അധികം ഉണ്ടായിരുന്നില്ല. സിദ്ധരാമയ്യയുടെ ലിംഗായത്ത് പ്രീണന നയം പാര്‍ട്ടിയ്ക്ക് ഗുണം ചെയ്തില്ലെന്ന് മാത്രമല്ല, അപകടത്തിലാക്കുകയും ചെയ്തു.

കർണാടക തിരഞ്ഞെടുപ്പിന്റെ ഏറ്റവും മുഖ്യമായ ഒരു തെരഞ്ഞെടുപ്പ് തന്ത്രമാണ്- ക്യാഷ് ടആന്‍ഡ് കാസ്റ്റ് എന്നുള്ളത്.

ഇതിൽ കാസ്റ്റ് എന്ന വിഭാഗത്തെ കൈകാര്യം ചെയ്യുവാൻ കോൺഗ്രസിന് ആയില്ല എന്ന് തന്നെ വേണം കരുതുവാൻ. ഇതിൽ ഏതെങ്കിലും ഒരു ഘടകം തെറ്റിയാൽ ഈ പറയുന്ന പാർട്ടി അവിടെ അടിപതറി എന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. കാസ്റ്റ് പറയുന്ന ഘടകത്തെ ശരിയായി മാനേജ് ചെയ്യാന്‍ കോൺഗ്രസിനു കഴിഞ്ഞില്ല. ഈ അമർഷം ദളിതർക്കിടയിൽ ഉണ്ടായി. വൊക്കലിംഗക്കാര്‍ക്കിടയിലും ദളിത്-മുസ്‌ലീം വിഭാഗങ്ങള്‍ക്കിടയിലും ഈ ഉണ്ടായിരുന്നു എന്നു വേണം കരുതാൻ. മുസ്ലിം വിഭാഗത്തിലെ ചെറിയ ചെറിയ പാർട്ടികൾ കോൺഗ്രസ്സിനുള്ള വോട്ടുകൾ ദുർബലമാക്കി.

ലിംഗായത്ത് വിഭാഗത്തെ ചേർത്തുനിർത്താൻ ശ്രമിച്ചതും പരാജയപ്പെട്ടു ഇവർ ഭൂരിപക്ഷമുള്ള പ്രദേശത്ത് നോക്കിക്കഴിഞ്ഞാൽ ഇവരുടെ വോട്ടുകൾ കൂടുതലും പോയിരിക്കുന്നത് ബിജെപിക്കാണ് എന്ന് മനസ്സിലാക്കുവാൻ കഴിയും. ബിജെപിയുടെ ഉറച്ച വോട്ടുകളാണ് എന്നും ലിംഗായത്ത് വിഭാഗക്കാർ. ഇവരെയാണ് കോണ്ഗ്രസ് വിശ്വാസത്തിലെടുക്കാന്‍ ശ്രമിച്ചത്‌.

കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ച് മറ്റൊരു വലിയ ന്യൂനത ഇപ്പോഴുള്ള നേതൃത്വം വച്ചുപുലര്‍ത്തുന്നുണ്ട്. ബിജെപി വിരുദ്ധത ഒന്നു കൊണ്ടു മാത്രം എല്ലാ സംസ്ഥാനങ്ങളിലും തങ്ങൾക്ക് തിരിച്ചു അധികാരത്തിൽ എത്താന്‍ കഴിയുമെന്ന് അവർ എങ്ങനെയോ കണക്കുകൂട്ടുന്നു. ഇതല്ലാതെ മറ്റൊരു കാരണം അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നുമില്ല. എന്നിരുന്നാലും ഇക്കാരണങ്ങള്‍ കൊണ്ടു മാത്രം കോണ്ഗ്രസിന് അധികാരം നിലനിര്‍ത്താന്‍ കഴിയുന്ന സംസ്ഥാനമായിരുന്നു കര്‍ണ്ണാടക. ദളിത് പീഡന വിഷയത്തിലും ഗോവധ വിഷയത്തിലുമെല്ലാം ബിജെപിയുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു ദളിത് വിഭാഗങ്ങൾ. എന്നാല്‍ ലിംഗായത്ത് സംവരണത്തിന്റെ പേരില്‍ കോണ്ഗ്രസിനെ വിശ്വസിക്കുവാനും ഇവര്‍ തയ്യാറായില്ല. പാര്‍ട്ടി അനുഭാവികളുടെ വികാരത്തെ കാണാന്‍ കോണ്ഗ്രസിനും കഴിഞ്ഞില്ല.

ഇതിന് സമാനമായ ഒരു ക്ലാസ്സിക് ഉദാഹരണം നമ്മുടെ മുന്നിലുണ്ട് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ദേവസ്വംബോർഡില്‍ നായര്‍ സംവരണം നടപ്പിലാക്കാന്‍ ആലോചിക്കുന്നതായി സൂചന ലഭിച്ചപ്പോള്‍ തന്നെ സിപിഎമ്മിനുള്ളിലുള്ള പിന്നോക്ക വിഭാഗക്കാർ അടക്കമുള്ളവര്‍ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. ഇതിനെത്തുടർന്നാണ് ആ ചർച്ചകൾ മുന്നോട്ടു പോകാതിരുന്നത്. ഇത്തരത്തിലുള്ള അമർഷം കർണാടക കോൺഗ്രസിനുള്ളിൽ ഉണ്ടായിരുന്നു എന്നുവേണം മനസിലാക്കാന്‍. സ്വന്തം നിലനില്‍പ്പിനേക്കാള്‍ പ്രധാനമാണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രം എന്ന് മനസിലാക്കാന്‍ സാധാരണക്കാരന് കഴിഞ്ഞെന്നു വരില്ല. .

Read More >>