സർക്കാർ വെറുതെ 'മകരവിളക്ക്' കത്തിച്ച് കോടതി കയറരുത്: ഇങ്ങനെയും ചിലത്...

എന്തിനാണ് സംസ്ഥാനം ഭരിക്കുന്ന സർക്കാർ ഇതിലെ ഒരു നിർണായക പാർട്ടി ആകുന്നത്? എന്തിനാണ് ശബരിമല ഭരിക്കുന്ന ദേവസ്വം ബോർഡ് അംഗങ്ങളെ സംസ്ഥാനം ഭരിക്കുന്ന സർക്കാർ നിയമിക്കുന്നത്? -മാത്യു സാമുവൽ എഴുതുന്നു

സർക്കാർ വെറുതെ മകരവിളക്ക് കത്തിച്ച് കോടതി കയറരുത്: ഇങ്ങനെയും ചിലത്...

ക്ഷേത്രപ്രവേശന വിളംബരം നടന്ന നാടാണ് കേരളം. അതിനെ തുടർന്നു പല കീഴ്‌ജാതിക്കാരും തുടക്കത്തിൽ അമ്പലത്തില്‍ പോയില്ല. അവർ പലരും പുറത്തു നിന്നും തൊഴുത്തിട്ടാണ് പോയത്. കാലക്രമേണ അതിൽ മാറ്റം ഉണ്ടായി. സുപ്രീംകോടതിയുടെ നിർണായക വിധിയെ തുടര്‍ന്ന് ശബരിമലയിലെ സ്ത്രീപ്രവേശനം ദേശീയ തലത്തിലും കേരളത്തിലും ചർച്ചകൾ ചൂടുപിടിക്കുമ്പോള്‍ നിലനിൽപിന്റെ മതരാഷ്ട്രീയത്തില്‍ പലരും ചുവടു മാറ്റുന്നു.

അതായത് ഇന്ത്യയിൽ മതരാഷ്ട്രീയം എപ്പോഴും ജനവിധി വിധി നിർണയിക്കുന്നതിൽ പ്രധാനമാണ്. ഇന്ത്യ ഭരിക്കുന്ന പാർട്ടിയും നല്ലതുപോലെ പെട്ടു. കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റുകാരും തപ്പിത്തടയുന്നു. പലർക്കും ഒരു എത്തും പിടിയും കിട്ടുന്നില്ല ഇത് അങ്ങനെ അതിജീവിക്കുമെന്ന്! സ്ത്രീ സമത്വം എന്നൊക്കെ മൈക്കിനു മുമ്പിൽ അല്ലെങ്കിൽ പത്രസമ്മേളനത്തിൽ വിളിച്ചുകൂവാം. ശബരിമലയിൽ സ്ത്രീ കയറുന്നു എന്ന് ചിന്തിക്കുമ്പോൾ തൊട്ടു മുമ്പിൽ "ഭദ്രകാളി" നിൽക്കുന്നു. എന്ത് ചെയ്യും? ബിജെപി, അതായത് ഇന്ത്യ ഭരിക്കുന്ന പാർട്ടി പ്രതിപക്ഷത്തായിരുന്നെങ്കില്‍ ഈ രണ്ടു വിധിയെയും എതിർത്തേനെ. അതാണ് അവരുടെ മതരാഷ്ട്രീയം. ആ രാഷ്ട്രീയം കേരളത്തിലെ കോൺഗ്രസ് പയറ്റുവാൻ ശ്രമിക്കുന്നു. അതിൽ പലതും നിർണായകമായതാണ്, അതിൽ പലതും മാറിമറയും. അതാണല്ലോ സോഷ്യൽ re-structuring.

ഐപിസി 497 എടുത്തു തോട്ടിൽ കളഞ്ഞു. എന്നിട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞ ഒരു വാക്ക് ശ്രദ്ധേയം - husband is not the master of wife". ഒന്ന് വ്യക്തം 'sex' ഒരു കുറ്റമല്ല. അതായതു ഇതൊരു ബയോളജിക്കൽ ആവശ്യമാണ്. അതായത് മാര്യേജ് എന്ന ഇൻസ്റ്റിറ്റ്യൂഷൻസ് ലോജിക്കലി ഇല്ലാതായി. ശബരിമല വിധിയിൽ എന്റെ തമിഴ് ബ്രാഹ്മണ സുഹൃത്ത് എനിക്ക് ഒരു മെസ്സേജ് അയച്ചു. അതിൽ അദ്ദേഹം പറയാൻ ഉദേശിച്ചത്‌ ഈ വിധി പറഞ്ഞ വിധികർത്തകളായ ജഡ്ജിമാർ, വിദേശത്തു പഠിച്ചതാണ്, അവർക്കു ഇന്ത്യ എന്നുള്ളത് അറിയില്ല. അതാണ് കാരണം എന്നായിരുന്നു അദ്ദേഹത്തിന്റെ വിശകലനം. ഈ സന്ദേശം അയച്ച ആളുടെ മകൻ ഈ രണ്ടു വിധികളെയും സ്വാഗതം ചെയ്തും മെസ്സേജ് അയച്ചു. അതാണ്‌ തലമുറകള്‍ തമ്മിലുള്ള അന്തരം. അടുക്കളയിലും വീടിനുള്ളില്‍ മാത്രമല്ല സ്ത്രീ, അവളും പൂർണ സ്വതന്ത്രയാണ്, അതായത് അവൾക്കും പറയാം "നിനക്ക് അത് ആവാമെങ്കിൽ എനിക്കും ആകാം പുരുഷാ" എന്ന്!

ശബരിമല വിഷയത്തിലേക്കു കടക്കാം- എന്തിനാണ് സംസ്ഥാനം ഭരിക്കുന്ന സർക്കാർ ഇതിലെ ഒരു നിർണായക പാർട്ടി ആകുന്നത്? എന്തിനാണ് ശബരിമല ഭരിക്കുന്ന ദേവസ്വം ബോർഡ് അംഗങ്ങളെ സംസ്ഥാനം ഭരിക്കുന്ന സർക്കാർ നിയമിക്കുന്നത്? ഇതൊരു മതസ്ഥാപനമാണ്. നൂറു ശതമാനം ശബരിമലയും അയ്യപ്പനുമുള്ള മതപരമായ ഒരു ഇൻസ്റ്റിറ്റ്യൂഷൻ. അതിനെ മതവിശ്വാസികൾക്ക് ഭരിക്കാൻ കൊടുക്കുക. സംസ്ഥാന സർക്കാർ അവിടെ ഒരു ഫെസിലിറ്റേറ്റർ മാത്രമാകുക. ഒരു റിട്ടയേർഡ് ഹൈകോടതി ജഡ്ജിനെ നിയമിച്ചു ഹൈന്ദവരീതിയിലുള മത, ജാതി തിരിവിൽ അവർ തന്നെ അതിനുള്ള മാനേജിങ് കമ്മിറ്റിയെ തീരുമാനിക്കട്ടെ. അവർ ഭരിക്കട്ടെ, ഒരു ചോദ്യം നാളെ മറ്റൊരു ആപ്ലിക്കേഷന്‍ വരുന്നു- "മകര- വിളക്ക്" സംബന്ധിച്ചുള്ളത്. സർക്കാർ എന്ത് സത്യവാങ്മൂലം കൊടുക്കും? സർക്കാർ സ്‌പോൺസേർഡ് പരിപാടിയാണ് = വിളക്ക് തെളിയുക്കുന്നത് എന്നോ? അപ്പോൾ കോടതി ചോദിക്കും സർക്കാർ ആണോ അന്ധവിശ്വാസം വളർത്തുന്നത്? എന്ന്. അതിനാൽ അത് മത വിശ്വാസികൾ, നേരിടട്ടെ. അവർക്കു അതിനു ഉത്തരം കൊടുക്കാൻ സാധിക്കും!

Read More >>