ഇന്റർനാഷനൽ ടോർച്ച് തന്ന തീവ്രവാദ ഫണ്ടിങ് പട്ടികയും ഇന്ത്യയാകെ നടത്തിയ ‍'ഞെട്ടിക്കുന്ന' അന്വേഷണവും

ആദ്യം എന്റെതായ രീതിയിൽ ഒരു അന്വേഷണം നടത്തുവാനും തുടര്‍ന്ന് ഇവരോട് ചോദിക്കാമെന്നും ഞാന്‍ ആദ്യം തന്നെ തീരുമാനിച്ചിരുന്നു. ഒരിക്കല്‍ എന്റെ കാഴ്ചപാട് ഇസ്ലാമിക തീവ്രവാദമെന്ന ഒന്നിനെ സാധൂകരിക്കുന്നതായിരുന്നു. അതിനു പ്രേരകമായത് നോർത്ത് ഇന്ത്യൻ പത്രപ്രവർത്തകർ തന്നെയാണ് എന്നും പറയാതെ വയ്യ

ഇന്റർനാഷനൽ ടോർച്ച് തന്ന തീവ്രവാദ ഫണ്ടിങ് പട്ടികയും ഇന്ത്യയാകെ നടത്തിയ ‍ഞെട്ടിക്കുന്ന അന്വേഷണവും

ഏകദേശമൊരു പത്തു വര്‍ഷങ്ങള്‍ക്കു മുൻപ് ഒരു അമേരിക്കന്‍ മലയാളി എന്നും അതിരാവിലെ എന്നെ ഫോണിൽ വിളിക്കുന്നത് പതിവായിരുന്നു. ഇന്റർനാഷണൽ ടോര്‍ച് എന്ന സംഘടനയുടെ ഭാഗമാണ് ഇദ്ദേഹം. 'തീവ്രവാദ ഫണ്ടിംഗ്' എന്നതാണ് പതിവ് ചര്‍ച്ചാ വിഷയം. എന്റെ മെയിൽ ഇന്‍ബോക്സില്‍ അക്കാലത്ത് മുഴുവൻ ഇദ്ദേഹം അയച്ചു തന്ന ഡോക്യൂമെറ്സ് കൊണ്ട് നിറഞ്ഞിരുന്നു. അതില്‍ ഇന്ത്യയിലെ മുസ്ലിം എൻജിഓയ്ക്കു ലഭിക്കുന്ന ഫണ്ടുകൾ തുടങ്ങിയും പ്രതിപാദിച്ചിരുന്നു. ഈയുള്ളവൻ അതിലെ പത്തോളും അഡ്രസുകൾ എടുത്തു അവരെ കുറിച്ചു അനേഷിക്കുവാൻ തീരുമാനിച്ചു. എന്നെ അന്ന് സഹായിച്ചത് ഹരിയാന ഡിജിപി ആയിരുന്ന ഡോ:ജോൺ വി ജോർജ് ആണ് അദ്ദേഹത്തിന് അറിയാവുന്ന ഉത്തർ പ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പോലീസ് ഓഫീസർമാരെ ടെലിഫോണിൽ പരിചയപ്പെടുത്തി നല്‍കി.

ആദ്യം എന്റെതായ രീതിയിൽ ഒരു അന്വേഷണം നടത്തുവാനും തുടര്‍ന്ന് ഇവരോട് ചോദിക്കാമെന്നും ഞാന്‍ ആദ്യം തന്നെ തീരുമാനിച്ചിരുന്നു. ഒരിക്കല്‍ എന്റെ കാഴ്ചപാട് ഇസ്ലാമിക തീവ്രവാദമെന്ന ഒന്നിനെ സാധൂകരിക്കുന്നതായിരുന്നു. അതിനു പ്രേരകമായത് നോർത്ത് ഇന്ത്യൻ പത്രപ്രവർത്തകർ തന്നെയാണ് എന്നും പറയാതെ വയ്യ.

ഏതായാലും ഈ അഡ്രസുകൾ തപ്പി ഞാന്‍ യാത്ര ചെയ്തു. ലോക്കൽ ട്രെയിനിലും തിരക്കേറിയ ലൈൻ ബസ്സിന്റെ മുകളിലും ട്രാക്ടറിലും ഒക്കെ യാത്ര ചെയ്തു. ഗ്രാമമെന്നു പോലും പറയാന്‍ കഴിയില്ല ചിലതെല്ലാം കുഗ്രാമങ്ങള്‍ ആയിരുന്നു. വൈദ്യുതി പോലും എത്താത്ത ഗ്രാമങ്ങളിലാണ് ഞാന്‍ പലപ്പോഴും ചെന്നെത്തിയത്. ചെറിയ മദ്രസകളുടെതാണ് മേല്‍വിലാസത്തില്‍ പലതും. മുപ്പതും നാല്പതും കുട്ടികൾ പഠിക്കുന്ന മേൽക്കൂര പോലും ഇല്ലാത്ത ചെറിയ മദ്രസകള്‍. അത് നടത്തുന്നത് പട്ടിണിപാവങ്ങളായ ഈ ദരിദ്രന് എവിടുന്നു പണം കിട്ടുന്നു എന്നും ഞാന്‍ അന്വേഷിച്ചു. കുട്ടികൾ കൊടുക്കുന്ന തുച്ഛമായ ഫീസാണ് പ്രധാനവരുമാനം. കുറച്ചു കുട്ടികൾ ക്ലാസിനു പുറത്തു നില്‍ക്കുന്നതും കണ്ടു. കഴിഞ്ഞ രണ്ടു മാസമായി ഫീസ് കൊടുത്തിട്ടില്ലാത്തതിനാലുള്ള ശിക്ഷയാണ് ഇതെന്നും ചോദിച്ചപ്പോള്‍ അറിഞ്ഞു.

ഇന്റർനാഷണൽ ടോര്‍ച് സംഘടനയിൽ നിന്നും എനിക്ക് കിട്ടിയ വിവരം അവർക്കു 20 ലക്ഷം കിട്ടിയെന്നാണ്. എങ്കിലും കിട്ടിയ വിവരവും അന്വേഷിക്കണമല്ലോ, രാജസ്ഥാൻ പൊലീസില്‍ നിന്നും വിരമിച്ച പോലീസായ കരൺ എന്നെ ഇക്കാര്യത്തില്‍ സഹായിച്ചു. മദ്രസ നടത്തുന്ന ആളുടെ മകൻ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നുണ്ട്. മദ്രസയില്‍ വരുന്ന കുട്ടികൾക്ക് ഒരു നേരത്തെ ഭക്ഷണത്തിനുള്ള പണം ചിലപ്പോള്‍ ഈ യുവാവ് കൊടുക്കുന്നുണ്ട് എന്ന് അപ്പോള്‍ അറിഞ്ഞു. ബാങ്ക് അക്കൗണ്ട് ഡീടെയില്‍സും എടുത്തു- അമേരിക്കയിൽ നിന്നും തന്നതും ഇപ്പോള്‍ ഈ പോലീസുകാരൻ തന്നതും ഒന്നു തന്നെയാണ്. ഈ അക്കൗണ്ടില്‍ ആകെ വന്നിട്ടുള്ളത് ഒന്നര ലക്ഷം രൂപയാണ്. (സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ബ്രാഞ്ചില്‍). അമേരിക്കക്കാരൻ പറയുന്നു ഇതില്‍ ഇരുപതു ലക്ഷമാണ് ക്രെഡിറ്റ് ചെയ്തിട്ടുള്ളത് എന്ന്. എങ്ങനെയുണ്ട് കാര്യങ്ങള്‍?

അവിടെ നിന്നും യാത്ര തുടരുന്നതിനു മുൻപ് പ്രാദേശിക ബിജെപി നേതാവിനെ കൂടി സമീപിച്ചു. കിട്ടിയ വിവരങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു. ആ ലോക്കൽ നേതാവ് എനിക്ക് ആദ്യം ചായ തന്നു സത്കരിച്ചു, അത് കുടിച്ചു തീര്‍ന്ന പാടെ എഴുന്നേൽക്കാൻ പറഞ്ഞു, എന്നിട്ടു പച്ചതെറി വിളിച്ചു. കാരണം അയാള്‍ക്ക് ഈ മനുഷ്യനെ കഴിഞ്ഞ നാൽപതു വര്ഷമായി അറിയാവുന്നതാണ്. പിന്നെങ്ങനെ എന്നോട് കലിപ്പ് തോന്നാതിരിക്കും? രാജസ്ഥാനിലെ ടാങ്കസ് എന്ന സ്ഥലത്ത് നടന്ന സംഭവമാണ് ഈ പറഞ്ഞത്. സവായ് മദേഹപുരയിൽ നിന്നും നൂറു കിലോമീറ്റര് മാറിയുള്ള ഒരു സ്ഥലമാണ് ഇത്.

യാത്ര തുടർന്ന് കയ്യിലുള്ള മറ്റൊരു അഡ്രസ് തപ്പി അവിടെയെത്തി. അങ്ങനെയൊരു അഡ്രസ് പോലും അവിടെ ഇല്ല. പോലീസിനെ സമീപിച്ചു, അവരും ഉറപ്പിച്ചു പറഞ്ഞു- അങ്ങനെ ഒരു അഡ്രസ് നിലവില്‍ ഇല്ല.ചുരുക്കി പറയട്ടെ, ഈ പറഞ്ഞ എല്ലാ ഇടങ്ങളിലും പോയി. ഇന്റർനാഷണൽ ടോർച്ച കെട്ടിപൊക്കിവന്ന കഥകള്‍ എല്ലാം പച്ച കള്ളമാണ് എന്ന് നേരിട്ട് ബോധ്യപ്പെട്ടു.

എന്റെ പുറകെ നടന്നു എന്നെ സ്ഥിരം വിളിച്ചു സ്റ്റോറി ചെയ്യണം എന്ന് ആവശ്യപ്പെട്ട മഹാനെ ഞാൻ ഡൽഹിയിൽ വിളിച്ചു വരുത്തി- എല്ലാം ശരിയായിട്ടുണ്ട്, നേരില്‍ വന്നാൽ കാണിക്കാം എന്ന് പ്രലോഭിപ്പിച്ചു ഡൽഹിയിൽ എത്തിച്ചു. അദ്ദേഹം എത്തി ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ താമസവുമായി. ഏകദേശം 60 വയസു വരുന്ന അയാളെ ഞാൻ എനിക്കറിയാവുന്ന എല്ലാ ഭാഷയിലും അറിയാവുന്ന രീതിയിലും തെറി വിളിച്ചു. ഞാൻ പറഞ്ഞു ഞാൻ പോലീസിനെ വിളിക്കും, എനിക്ക് കാര്യം അറിയണം, എന്താണ് ഈ നീക്കത്തിന് പിന്നിൽ? നിങ്ങൾ ആരാണ്? അയാൾ അകെ വിരണ്ടു പോയിരുന്നു- തിരുവനന്തപുരംവഴുതക്കാട് സ്വദേശിയായ ഒരു നായരാണ്. അമേരിക്കയിൽ പോസ്റ്റ് ഓഫീസിലായിരുന്നു ജോലി റിട്ടയർ ചെയ്ത ശേഷം ഒരു ഇന്റർനാഷണൽ ടോർച്ചിൽ പാർട്ട് ടൈം ജോലിയ്ക്കു കയറി. ഇയാൾക്കു കൊടുത്ത ജോലി ഇന്ത്യയിൽ മുസ്ലിംകൾ ഭീകരപ്രവർത്തനം നടത്തുന്നു അതിനു ഗൾഫ് രാജ്യങ്ങളിൽ നിന്നും ഫണ്ട് വരുന്നു അത് ഇന്ത്യയിലെ മീഡിയകളിൽ എന്നിങ്ങനെ പ്രചരിപ്പിക്കുക എന്നുള്ളതായിരുന്നു. പത്രക്കാരെ പണം കൊടുത്തു വേണമെങ്കിലും കയ്യിലെടുക്കണം എന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട് പോലും.

കേരളത്തിലെ ഒരു കോണ്‍ഗ്രസ് നേതാവില്‍ നിന്നാണ് ഇപ്പറഞ്ഞ നായര്‍ക്ക് എന്റെ റഫറന്‍സ് കിട്ടിയത്. അങ്ങനെയാണ് ഈ നായരെന്നെ കോണ്‍ടാക്ട് ചെയ്യുന്നത്. ഹേമന്ത് ശര്‍മ്മ അന്ന് ഇന്ത്യാ ടീവിയില്‍ എന്റെ എഡിറ്ററാണ്. പുള്ളിക്കാണ് ഞാന്‍ സംഭവം വിവരിച്ചു കൊടുത്തത്. ഉള്ള ഡോക്കുമെന്റ്‌സ് വെച്ച് സ്‌റ്റോറി പബ്ലിഷ് ചെയ്യാന്‍ പറഞ്ഞ് ഹേമന്ത് ശര്‍മ്മ എന്റെ പിന്നാലെയായി. ഡോക്കുമെന്റ്‌സ് കയ്യിലുണ്ടല്ലോ, പബ്ലിഷ് ചെയ്‌തോളാന്‍ എഡിറ്ററാണ് പറയുന്നത്. എന്റെ ടീമില്‍ അഞ്ചുപേരുണ്ട്. നാലുപേരും മുസ്ലീങ്ങള്‍. അവരെ ഇതന്വേഷിക്കാന്‍ വിടണ്ടെന്ന് ഹേമന്ത് ശര്‍മ്മ പറഞ്ഞു. അപ്പോഴാണ് ഞാനിത് ഒറ്റയ്ക്ക് അന്വേഷിക്കാം കാത്തിരിക്കാന്‍ പറഞ്ഞത്. അങ്ങനെ ഒറ്റയ്ക്കന്വേഷണം തുടങ്ങി അവസാനിച്ചതാണ് ഈ വിവരിച്ചത്. അവസാനമിപ്പോള്‍ ഹേമന്ത് ശര്‍മ്മ യുപിയിലെ ഇല്ലാത്ത ആശുപത്രിക്ക് മെഡിക്കല്‍ കോളേജിനുള്ള അനുവാദം മേടിച്ചു കെടുത്തു എന്ന സിബിഐ കേസില്‍ ജയിലിലാണ്

ഇനിയും അനേഷിക്കാം ആരാണ് ഇന്ത്യയിൽ ബോംബ് സ്ഫോടനം നടത്തുന്നതിന് ഫൈനാൻസ് ചെയ്യുന്നത്? അത്‌ എവിടെ നിന്നും ഇവിടെ എത്തുന്നു? കൌണ്ടർഫിറ്റ്‌ കറൻസികളാണ്,പിന്നെ ബ്ലാക്ക്‌ മണിയും.ഇന്ത്യൻ ഏജൻസികൾ അനേഷണം ആരംഭിച്ചു,എന്നിട്ട് ചെന്ന് നിന്നതു ഡൽഹി കരോൾ ബാഗിലുള്ള ഡ്രൈഫ്രൂട്ട് മെർച്ചന്റ്സിന്റെ അടുത്താണ്. അവർ അവർ ഡ്രൈഫ്രൂട്ട്സ് പാകിസ്താനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ശേഖരിക്കുന്നു, ഈ കച്ചവടം ചെയ്യുന്നത് അധികവും മാർവാടികളാണ്.

ദുബായിൽ നിന്നും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നും പണം വരുന്നു എന്ന് പറയുന്നത് ഏത് അടിസ്ഥാനത്തിലാണ്? മതപഠനത്തിനു ഏറ്റവും കൂടുതൽ ഇന്ത്യയിലേക്ക്‌ പണം വരുന്നത്‌ ക്രൈസ്തവർക്കാണ് എന്നു ആർക്കാണ് അറിയാത്തത്? അത്‌ കഴിഞ്ഞാൽ വിവിധ ഹിന്ദു ഗ്രൂപ്പുകൾക്കും പിന്നെ സിഖുകൾക്കും ശേഷമാണ് മുസ്ലിം ഗ്രൂപുകൾക്ക്!

ഈ ഒരു സംഭവത്തെ തുടർന്ന് എനിക്കു എന്നോട് കലിപ്പായി എന്റെ ചിന്താഗതികളും ശരിക്കും മാറി. അടുത്ത ദിവസം നായരെ ഞാൻ തന്നെ ഡൽഹി എയർപോർട്ടിൽ കൊണ്ടുപോയി കയറ്റിവിട്ടു. ഒരു കാര്യം പറയാനും മറന്നില്ല- എന്തായിരിക്കും ഈയുള്ളവൻ പറഞ്ഞത് എന്ന് ഊഹിക്കാമോ.?


Read More >>