ഇ ശ്രീധരന്റെ പ്രസ്താവന പരിപൂര്‍ണമായും പിന്താങ്ങുന്നു; ടൂറിസ്റ്റുകള്‍ക്ക് വേണ്ടി ഉള്ളതാണോ കൊച്ചി മെട്രോ?

എന്തിനാണ് മെട്രോ കൊച്ചിയില്‍ വന്നത്? റോഡിലെ ട്രാഫിക്ക് കുറയ്ക്കുക, പൊതുജനത്തിന് സമയത്ത് ഓഫീസിലോ നിര്‍ദ്ദിഷ്ട സ്ഥാനത്തോ എത്തുക എന്നിങ്ങനെ ആയിരുന്നു പ്രഖ്യാപിത ലക്ഷ്യങ്ങള്‍. കൊച്ചി മെട്രോ ഇക്കാര്യത്തില്‍ 5% പോലും ജനകീയമല്ല.- നാരദാ ന്യൂസ് എഡിറ്റർ ഇൻ ചീഫ് മാത്യു സാമുവേൽ എഴുതുന്നു.

ഇ ശ്രീധരന്റെ പ്രസ്താവന പരിപൂര്‍ണമായും പിന്താങ്ങുന്നു; ടൂറിസ്റ്റുകള്‍ക്ക് വേണ്ടി ഉള്ളതാണോ കൊച്ചി മെട്രോ?

സാങ്കേതിക കഴിവുള്ളവരെയാണ്‌ നിര്‍മ്മാണ ചുമതലകളുടെ ഉത്തരവാദിത്തം ഏല്‍പ്പിക്കേണ്ടത്. അല്ലാതെ ഐ.എ.എസുകാരെ അല്ല-മെട്രോമന്‍ ഇ.ശ്രീധരന്റെ പ്രസ്താവന പരിപൂര്‍ണമായും പിന്താങ്ങുന്നു. കൊച്ചി മെട്രോയുടെ കാര്യമെടുക്കാം. പാലാരിവട്ടം മുതല്‍ ആലുവ വരെ എത്താന്‍ മെട്രോ 40 രൂപ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ആ റൂട്ടില്‍ ഓടുന്ന പ്രൈവറ്റ് ബസ്സില്‍ ഇത് 13 രൂപയാണ്. ആലുവയിലും അതിന്‍റെ പരിസര പ്രദേശത്തും ഉള്ളവര്‍ ജോലിക്ക് പോയി തിരിച്ചു വരാന്‍ ഒരു ദിവസം 80 രൂപയാകും. ഇതാണോ ഏലിയാസ് ജോര്‍ജ് ഉദ്ദേശിച്ച Mass rapid Transport System? എന്തിനാണ് മെട്രോ കൊച്ചിയില്‍ വന്നത്? റോഡിലെ ട്രാഫിക്ക് കുറയ്ക്കുക, പൊതുജനത്തിന് സമയത്ത് ഓഫീസിലോ നിര്‍ദ്ദിഷ്ട സ്ഥാനത്തോ എത്തുക എന്നിങ്ങനെ ആയിരുന്നു പ്രഖ്യാപിത ലക്ഷ്യങ്ങള്‍. കൊച്ചി മെട്രോ ഇക്കാര്യത്തില്‍ 5% പോലും ജനകീയമല്ല.

ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള റോഡ്‌ ട്രാഫിക്ക് അതേ പോലെ നിലനില്‍ക്കുന്നു, ജോലിക്ക് പോകേണ്ടവര്‍ ലാഭകരമായ ഗതാഗത മാര്‍ഗ്ഗം തുടരുന്നു. അപ്പോള്‍ പിന്നെ മെട്രോ ടൂറിസ്റ്റുകള്‍ക്ക് വേണ്ടി ഉള്ളതാണോ? ആലുവയില്‍ നിന്നും ഒരു ഊബര്‍ ടാക്സി വിളിച്ചാല്‍ ഇടപ്പള്ളി വരെ പോകുവാന്‍ 90രൂപയെ ഉള്ളൂ. അടിസ്ഥാനപരമായി കൊച്ചി മെട്രോ അധികാരികള്‍ക്ക് തുടക്കത്തിലെ ലാഭം ഉണ്ടാക്കുവാന്‍ വേണ്ടി ഒരു എലൈറ്റ് ക്ലാസിനെ മാത്രം ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കുന്നു എന്നു വേണം മനസിലാക്കാന്‍. പാലാരിവട്ടത്ത് നിന്ന് ആലുവ വരെ 10രൂപയും മിനിമം ചാര്‍ജ്ജ് 5 രൂപയുമാക്കിയാല്‍ ഇത് ജനകീയമാകും. ഇതായിരുന്നു ഡല്‍ഹി മെട്രോ തുടക്കത്തില്‍ ചെയ്തത്.

6000 മുതല്‍ 7000 രൂപ വരെ ശമ്പളം കിട്ടുന്ന ഒരാള്‍ക്ക്‌ 25 ദിവസം ഓഫീസില്‍ പോയി വരാന്‍ 2000രൂപ മെട്രോയ്ക്ക് കൊടുക്കണം. മെട്രോ പ്രയോജനപ്പെടുത്താന്‍ സാധ്യതയുള്ള ഒരാളുടെ എന്തു സാമ്പത്തിക സ്ഥിതി അറിഞ്ഞിട്ടാണ് ഇങ്ങനെ ഒരു താരീഫ് ഇട്ടത്? മെട്രോ ജനകീയമായതിനു ശേഷമുള്ള ചെറിയ വര്‍ധനവ് ജനങ്ങള്‍ അംഗീകരിക്കും. കൊച്ചി ജനതയുടെ തലയ്ക്കു മുകളിലൂടെ പായുന്ന മെട്രോയുടെ അധികാരികള്‍ ഇടയ്ക്ക് താഴേക്കു നോക്കുന്നതില്‍ തെറ്റൊന്നുമില്ല.


Read More >>