ബാഡ് ലോണ്‍ എന്ന സമ്പ്രദായം തന്നെ ഇല്ലാതാകണം; ഇതെല്ലാം സാധ്യമാകാന്‍ ദേശീയ ബാങ്കുകളുടെ സ്വഭാവത്തില്‍ തന്നെ മാറ്റമുണ്ടാകണം

ഉല്പാദന മേഖലയിലും ഉയര്‍ച്ചയുണ്ടായി. കർഷകന് അവന്റെ കൃഷിയുടെ മൂല്യത്തിനാനുപാതികമായി പണം ലഭിക്കുവാന്‍ തുടങ്ങി. തൊഴിലുറപ്പു പദ്ധതിയിൽ തൊഴിൽ ചെയ്യുന്നവര്‍ അവകാശത്തോടെ തങ്ങളുടെ കൂലി ചോദിച്ചു വാങ്ങാന്‍ തുടങ്ങി. മാറ്റങ്ങൾ ശരിക്കും പ്രകടമായിരുന്നു. പറഞ്ഞിട്ടെന്ത്?- നാരാദാ ന്യൂസ് എഡിറ്റർ ഇൻ ചീഫ് മാത്യു സാമുവൽ എഴുതുന്നു.

ബാഡ് ലോണ്‍ എന്ന സമ്പ്രദായം തന്നെ ഇല്ലാതാകണം; ഇതെല്ലാം സാധ്യമാകാന്‍ ദേശീയ ബാങ്കുകളുടെ സ്വഭാവത്തില്‍ തന്നെ മാറ്റമുണ്ടാകണം

ആരായിരിക്കണം ഇന്ത്യയുടെ പ്രധാനമന്ത്രിയാകേണ്ടത്? കൃത്യമായ ഒരു മാനദണ്ഡം ഇക്കാര്യത്തില്‍ സാധ്യമല്ലാതിരിക്കെ, നാളിതുവരെ ആ സ്ഥാനം അലങ്കരിച്ച ചിലരുടെ പശ്ചാത്തലം നോക്കാം. പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി. ദേവഗൗഡ താന്‍ ഒരു എളിയവനായ സാധാരണ കർഷകനാണ് എന്നു വിവരിച്ചിരുന്നു. ഇപ്പോഴത്തെ പ്രധാനമന്ത്രി താനൊരു ചെറിയ ചായക്കട നടത്തി ഉപജീവനം നടത്തിയ കഥകളും കണ്ണുനീരോടെ പറയാറുണ്ട്‌. ഇങ്ങനെ എളിമ നിറഞ്ഞ കഥകള്‍ പറയുന്നതെല്ലാം കൊള്ളാം, പക്ഷെ ഭരണത്തില്‍ ഇരിക്കുമ്പോള്‍ അറിയേണ്ടതും പ്രവര്‍ത്തിക്കേണ്ടതും പലതുണ്ട്.

ഒരാള്‍ അസുഖബാധിതനായാല്‍ ആദ്യം ഡോക്ടറെ കാണിക്കും. അവിടം കൊണ്ടുമാറിയില്ലെങ്കില്‍ പല പല ടെസ്റ്റുകളായി, സ്പെഷ്യലിസ്റ്റ് ഡോക്ടറുമാരുടെ സേവനം തേടുകയായി. കണ്ണിനും ചെവിയ്ക്കും രോഗമുള്ളവര്‍ ഓർത്തോയെയും, ഹൃദയ സംബന്ധ രോഗമുള്ളവര്‍ യൂറോളോജിസ്റ്റിനേയുമല്ല കാണേണ്ടത്. ജനറൽ ഫിസിഷ്യൻ ഒരിക്കലും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്യില്ല. ഇന്ത്യൻ സമ്പദ് വ്യവസ്ഥയില്‍ ഒരു ക്ലിനിക്കൽ സർജറി അവസ്ഥയിലാണ് രഘുറാം രാജനെ സര്‍ക്കാര്‍ റിസർവ് ബാങ്കിന്റെ ഗവർണ്ണറായി നിയമിക്കുന്നത്. ഭരണമേറ്റെടുത്ത അദ്ദേഹം പറഞ്ഞത് തന്റെ കയ്യിൽ മാജിക് വടിയൊന്നുമില്ല, പക്ഷെ അവയെ അഭിമുഖീകരിക്കുവാനുള്ള ശ്രമമുണ്ടാകും എന്നായിരുന്നു. ഹാർപർ കോളിൻസ് പ്രസിദ്ധീകരിച്ച രഘുറാം രാജന്‍റെ പുസ്തകത്തില്‍ അദ്ദേഹം റിസർവ് ബാങ്ക് ഗവർണ്ണറായ ശേഷം നടത്തിയ പ്രസംഗങ്ങളുണ്ട്‌, ഒപ്പം അദ്ദേഹത്തിന്റെ ഒരു കുറിപ്പും-' I do what I do'.

രണ്ടാം യുപിഎ സർക്കാർ സാമ്പത്തിക ഞെരുക്കത്തിലായിരുന്ന സമയത്ത് ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യം തുടരുകയാണ്. ഇന്ത്യൻ രൂപയുടെ വില കണക്കു കൂട്ടിയതിലും പതിന്മടങ്ങ് വേഗത്തിൽ ഇടിഞ്ഞു. 17000 ജീവനക്കാരുള്ള റിസർവ് ബാങ്കിന്റെ തലപ്പത്ത് ഇരുന്നു രഘുറാം രാജന്‍ ആദ്യം ചെയ്യേണ്ടത് രൂപയുടെ മൂല്യം പിടിച്ചു നിർത്തുക എന്നുള്ളതായിരുന്നു. വിദേശത്തുനിന്നുള്ള നിക്ഷേപം ഉണ്ടാകണമെങ്കില്‍ അവര്‍ക്ക് നമ്മളില്‍ ഒരു ആത്മവിശ്വാസം വളര്‍ത്തണം. അങ്ങനെ വരുമ്പോള്‍ ഇന്ത്യയുടെ ആത്മാവായ ഗ്രാമങ്ങളില്‍ ഉപജീവനം നടത്തുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടും. അവരെ കൊള്ള പലിശക്കാരിൽ നിന്നും മോചിപ്പിക്കണം. അതിനായി ബാങ്ക് ലോണെടുത്ത കോർപ്പറേറ്റുകളിൽ നിന്നും പണം തിരിച്ചു പിടിക്കണം. ബാഡ് ലോണ്‍ എന്ന സമ്പ്രദായം തന്നെ ഇല്ലാതാകണം. ഇതെല്ലാം സാധ്യമാകാന്‍ ദേശീയ ബാങ്കുകളുടെ സ്വഭാവത്തില്‍ തന്നെ മാറ്റമുണ്ടാകണം.

ഇതിനെല്ലാം വേണ്ടി പല കമ്മറ്റികൾ പലപ്പോഴുമായി രൂപീകരിച്ച കാര്യവും രഘുറാം രാജന്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. പക്ഷെ ഒന്നും നടന്നിട്ടില്ല. പൊടി പിടിച്ചു മൃതിയടയാന്‍ വിധിക്കപ്പെട്ട സര്‍ക്കാര്‍ ഫയലുകളില്‍ ഇവയും വിശ്രമിച്ചു. അതിനെക്കുറിച്ചു കൂടുതൽ പഠിക്കാൻ വേണ്ടി സബ്കമ്മറ്റികളെയും നിയമിച്ചു. അവര്‍ മുന്നോട്ടു വച്ച ചില നിർദേശങ്ങൾ കടുകട്ടിയാണ്. അത് നടപ്പിലാക്കിയാൽ ചില മേഖലകളില്‍ നമ്മൾ തകരും. അതുകൊണ്ട് അവയെയും താല്‍ക്കാലികമായി തടഞ്ഞു വച്ചു. മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരു മേഖലയിലും തകർച്ചയുണ്ടാകരുത്. അതിനായി നടപ്പില്‍ വരുത്താന്‍ കഴിയുന്നവയും ജനങ്ങളെ ബുദ്ധിമുട്ടിക്കാത്തതുമായ നയങ്ങള്‍ പടിപടിയായി നടപ്പില്‍ വരുത്തി. ഈ സർജറി ഫലം എല്ലാ മേഖലകളിലും പ്രകടമായി തുടങ്ങി. രൂപയുടെ മൂല്യം പിടിച്ചു നിർത്താനായി. ഉല്പാദന മേഖലയിലും ഉയര്‍ച്ചയുണ്ടായി. കർഷകന് അവന്റെ കൃഷിയുടെ മൂല്യത്തിനാനുപാതികമായി പണം ലഭിക്കുവാന്‍ തുടങ്ങി. തൊഴിലുറപ്പു പദ്ധതിയിൽ തൊഴിൽ ചെയ്യുന്നവര്‍ അവകാശത്തോടെ തങ്ങളുടെ കൂലി ചോദിച്ചു വാങ്ങാന്‍ തുടങ്ങി. മാറ്റങ്ങൾ ശരിക്കും പ്രകടമായിരുന്നു. പറഞ്ഞിട്ടെന്ത്? അഴിമതിയിൽ കുളിച്ചു നിൽക്കുന്ന യു.പി.എ മന്ത്രിസഭയ്ക്കു മേല്‍ അവയൊന്നും തിളക്കമായില്ല. "ഞാൻ ഏറ്റെടുത്ത ജോലി ചെയ്തു തീരാൻ ഇനിയും ബാക്കിയുണ്ട്...പുതിയതായി അധികാരത്തില്‍ എത്തിയ സര്‍ക്കാര്‍ അതിനുള്ള സമയം എനിക്ക് അനുവദിക്കും എന്നു തോന്നി. അല്ലെങ്കില്‍ ഞാന്‍ അങ്ങനെ പ്രതീക്ഷിച്ചു...പക്ഷെ അവർക്ക്‌ എന്നെ വേണ്ടായിരുന്നു." രഘുറാം രാജന്റെ വരികളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വേണ്ടിയിരുന്ന ചികിത്സയുണ്ടായിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആ പോസ്റ്റിന് യോഗ്യനല്ല. ട്രംപ് വന്നശേഷം ന്യൂനപക്ഷങ്ങള്‍ക്കിടയിലുണ്ടാക്കിയ ജീവഭയവും സമ്മര്‍ദ്ദങ്ങളും ഭയാനകമാണ്. കൊട്ടിഘോഷിക്കുന്ന വളര്‍ച്ചയൊന്നും അമേരിക്കയിലുണ്ടായിട്ടില്ല. ലോകം മുഴുവന്‍ അമേരിക്കന്‍ വിരുദ്ധതയാണ് പടര്‍ന്നത്. ഇതുപോലെയായിരുന്നു നരസിംഹ റാവുവിന്റെ കാലത്ത് തകര്‍ന്ന സമ്പദ്ഘടനയ്ക്ക് പുതുജീവന്‍ നല്‍കാൻ സാമ്പത്തിക ശാസ്ത്രജ്ഞൻ മാത്രമായ മന്‍മോഹന്‍ സിങ്ങിനെ കൊണ്ടുവന്നത്. ആ തീരുമാനം കൃത്യമായിരുന്നു. അവിടെ സാധാരണ ഒരു ഇക്കണോമിസ്റ്റല്ല വേണ്ടത്. സിങ്ങിനെ പോലെ ശാസ്ത്രജ്ഞനായ ഒരാള്‍ തന്നെ വേണം. വാജേപേയ് ഒരു സ്റ്റേറ്റ്സ്‌മാനായിരുന്നു. മോഡി എടുത്തതു പോലുള്ള ഒരു തീരുമാനവും വാജ്‌പേയ് എടുത്തിട്ടില്ല. പിന്നീടാണ് പലരും മനസിലാക്കുന്നത് വാജ്‌പേയ് സെക്കുലര്‍ ആയിരുന്നുവെന്ന്. അതുകൊണ്ട് ഇത്തരത്തില്‍ ഉപദ്രവകരമായ തീരുമാനങ്ങള്‍ എടുക്കില്ല. സ്റ്റേറ്റ്സ്‌മാന്‍മാരുടെ തീരുമാനങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടിയാണ്. അതുകൊണ്ട് ഇവരുടെ തീര്‍മാനങ്ങള്‍ക്ക് കൃത്യതയുണ്ടായിരുന്നു. ഝടിതിയില്‍ തീരുമാനമെടുത്ത് വെറും കയ്യടി നേടുന്നവരല്ല അവര്‍. ഇവിടെ പട്ടിണിയും പരിവട്ടവുമുണ്ട്. വികസിത രാജ്യങ്ങളിലെ പരിഷ്‌ക്കരണ തന്ത്രങ്ങള്‍ ഇവിടെ നടപ്പാവില്ല. മൈക്രോയും മാക്രോയും ചേര്‍ന്ന സമ്പദ്ഘടനയാണിവിടം. ആഹാരത്തിനു വേണ്ടിയാണ് ഇവിടെ ഏറ്റവും കൂടുതല്‍ പണം ചെലവാകുന്നത്. സുഖിക്കാന്‍ വേണ്ടിയല്ല. ആ സമ്പദ്ഘടനയിലെ എടുത്തുചാടിയുള്ള തീരുമാനങ്ങള്‍ ഏറ്റവും ബാധിക്കുന്നത് താഴെക്കിടയിലുള്ളവരേയുമാണ്. അതുകൊണ്ടാണ് രഘുറാം രാജന്‍ എടുത്തു ചാടി തീരുമാനങ്ങളെടുക്കാതിരുന്നത് എന്നും പുസ്തകത്തില്‍ പറയുന്നു. നോട്ട് തീരുമാനം ഝടിതിയിലാണ്- നടുവൊടിഞ്ഞതും അത്രതന്നെ ഝടിതിയിലായി. ദാ കിടക്കുന്നു എല്ലാം കൂടി പൊളിഞ്ഞു താഴെ!