റാഫേൽ കരാർ സംബന്ധിച്ച് അന്വേഷിക്കാനിരിക്കുന്നത് കേന്ദ്രം പുറത്താക്കിയ ഇതേ അലോക് വർമ

വിജയ മല്യ, മെഹുൽ ചോസ്കി ഉൾപ്പെടെയുള്ളവർ ഇന്ത്യ വിടാൻ കാരണം രാകേഷ് അസ്താനയാണ് എന്ന് അലോക് വർമയുടെ കത്തിലുണ്ട്. അവരെ പുറത്തുവിടാൻ അസ്താനയ്ക്ക് ആരാണ് അനുമതി കൊടുത്തത്? ഉറപ്പായും അദ്ദേഹത്തിന്റെ ‘ഗോഡ് ഫാദർ‘ മാത്രം- മാത്യു സാമുവൽ എഴുതുന്നു

റാഫേൽ കരാർ സംബന്ധിച്ച് അന്വേഷിക്കാനിരിക്കുന്നത് കേന്ദ്രം പുറത്താക്കിയ ഇതേ അലോക് വർമ

സിബിഐയുടെ തലപ്പത്തുണ്ടായിരുന്ന അലോക് വർമ്മയെ നിശ്ചയിച്ചത് സുപ്രീംകോടതിയുടെ തീരുമാനപ്രകാരമാണ്. അപ്രകാരം സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന ഒരു 'എംപവർ' കമ്മിറ്റി ചേർന്നാണ് സിബിഐ തലവനെ നിശ്ചയിക്കേണ്ടത്. അങ്ങനെ ആദ്യമായി തലപ്പത്തു എത്തുന്നത് അലോക് വർമ്മ. രണ്ടു വർഷമാണ് അദ്ദേഹത്തിന്റെ കാലാവധി. ഏതെങ്കിലും അടിയന്തര ഘട്ടത്തിൽ മാറ്റാനാണെങ്കിൽ തന്നെ ഈ 'എംപവർ' കമ്മിറ്റിക്ക് മാത്രമേ അധികാരമുള്ളൂ. പിന്നെ അങ്ങനെ അദ്ദേഹത്തെ മാറ്റി?

രസകരമായ കാര്യം കൂടിയുണ്ട്. അതായത് സിവിസി (സെൻട്രൽ വിജിലൻസ് കമ്മീഷൻസ്) യാണ് സിബിഐ തലവന്റെ ഓഫീസ് സീൽ ചെയ്തത്. സിവിസി ഒരു ഉപദേശക സമിതിയാണ്! അവർക്ക് അതുമായി ബന്ധപ്പെട്ട മന്ത്രാലയത്തോട് ഉപദേശിക്കാം, അത്രമാത്രം അധികാരമേ ഉള്ളൂ. അവരാണ് ഇന്ത്യയിലെ പ്രീമിയർ ഇൻവെസ്റ്റിഗേറ്റിങ്‌ ഏജൻസിയായായ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻസ് ഓഫീസ് തലവന്റെ ഓഫീസ് അടച്ചു മുദ്രവയ്ക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സംഭവം.

തലവന് രണ്ടു ഓഫീസാണ് ഡൽഹിയിൽ ഉള്ളത്. ഒന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഓഫീസ് നോർത്ത് ബ്ലോക്കിൽ രണ്ടാം ഫ്ലോറിൽ. രണ്ടാമത്തേത് സിജിഓ കോംപ്ലക്‌സിൽ, സിബിഐ ഹെഡ്ക്വാർട്ടേഴ്‌സിൽ. എന്താണ് ശരിക്കും സംഭവിച്ചത്? മോയിൻ ഖാൻ എന്ന മാംസ കയറ്റുമതി കച്ചവടക്കാരനെതിരെ ഒരു മണി ലോൺഡറിങ് കേസ്. അതായത് 'പിഎംഎൽഎ' കേസ്. ആദ്യം റിസേർച് ആൻഡ് അനാലിസിസ് വിങ്ങിലെ ഒരു സീനിയർ ഓഫീസറാണ് എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റിൽ സംഭവം അറിയിച്ചത്.

ഇ.ഡി ഓഫീസർ രാജേശ്വർ റാവു അതിലെ ക്രിമിനൽ മിസ്‌‌കണ്ടക്ട് അനേഷിക്കാൻ സിബിഐയെ സമീപിച്ചു. ഒരു കാര്യം മനസിലാക്കണം, രാജേശ്വർ റാവുവിനെതിരെ (ഡിഎ) കേസുകൾ നേരത്തെ നിലവിലുണ്ട്. മോയിൻ ഖാൻ കേസ് സിബിഐ രജിസ്റ്റർ ചെയ്‌തു. രാകേഷ് അസ്താനയുടെ സിബിഐ ആന്റി കറപ്ഷൻ യൂണിറ്റ്- എസിയു അന്വേഷണം ആരംഭിച്ചു,

ഡിവൈഎസ്‌പി രാജേന്ദ്രകുമാർ ആയിരുന്നു അന്വേഷണോദ്യോഗസ്ഥൻ. കേസിന്റെ തീവ്രത കുറയ്ക്കാൻ മോയിൻ ഖാൻ, ഇത് റിപ്പോർട്ട് ചെയ്ത RAW ഓഫീസർ മുഖാന്തരം ശ്രമം ആരംഭിച്ചു. അതിന്റെ ഭാഗമായി മൂന്ന് കോടി രൂപ ആവശ്യപ്പെട്ടു. ഇതിന്റെ ടെലിഫോൺ സംഭാഷണങ്ങൾ, മെസ്സേജുകൾ വാട്സ്ആപ്പ് സന്ദേശങ്ങൾ മുതലായവ ആഭ്യന്തര സുരക്ഷാ ഏജൻസി റെക്കോർഡ് ചെയുന്നുണ്ടായിരുന്നു.

അവർ അത് സിബിഐ തലവൻ അലോക് വർമയെ അറിയിച്ചു. തുടർന്ന് സിബിഐയും ഐബിയും സംയുക്തമായി ഇതിനെ 'ട്രേസ്' ചെയ്തു. അതിൽ മോയിൻ ഖാന്റെ അനുയായി 1.75 കോടി രൂപ അഡ്വാൻസുമായി രാകേഷ് അസ്താനയ്ക്കു കൊടുക്കുവാൻ വരുന്നു എന്നറിഞ്ഞു. അയാളെ സിബിഐ പൊക്കി! അപ്രകാരം പ്രധാനമന്ത്രിയുടെ 'blue eye boy' സിബിഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന പെട്ടു. ഇതാണ് ഈ കേസ്.

അലോക് വർമ്മയെ പല രീതിയിലും കുടുക്കുവാൻ രാകേഷ് അസ്താന ശ്രമിച്ചു. അതിൽ പ്രധാനപ്പെട്ടത് സിവിസിയിൽ രാകേഷ് അസ്താന പരാതി അയക്കുന്നതാണ്. പല കേസുകളിലും പല ഉന്നതരെയും സഹായിക്കുവാൻ അലോക് വർമ്മ കൂട്ടുനിൽക്കുന്നു അങ്ങനെ പലതും. ഇവർ തമ്മിലുള്ള അടിപിടി തുടങ്ങിയിട്ട് ഒരു വർഷത്തിൽ അധികമായി. അന്യോന്യം പാരവയ്പ്പുകൾ അതിന്റെ എല്ലാ സീമകളും ലംഘിച്ചു. അതിലൂടെ പലരും രക്ഷപെട്ടു- വിജയ മല്യ, മേഹുൽ ചോസ്കി എന്നിങ്ങനെ. ആരാണ് ഇവർക്ക് ഇന്ത്യ വിടാൻ അനുമതി കൊടുത്തത്?

അലോക് വർമ സിവിസിക്കു എഴുതിയ കത്തിൽ പറയുന്നത് ഇതിനെല്ലാം കാരണം രാകേഷ് അസ്താനയാണ് എന്ന്. സമയവും തീയതിയും വെച്ചാണ് അദ്ദേഹം ഈ കത്ത് എഴുതിയത്. അവരെ പുറത്തുവിടാൻ അസ്താനയ്ക്ക് ആരാണ് അനുമതി കൊടുത്തത്?

ഉറപ്പായിട്ടും അദ്ദേഹത്തിന്റെ 'ഗോഡ് ഫാദർ' മാത്രം! സിബിഐയിൽ അസ്താനക്കെതിരെ വളരെ പ്രമാദമായ കേസുകൾ നിലനിൽക്കുമ്പോൾ ആരാണ് അയാൾക്ക് സിബിഐയിൽ രണ്ടാം സ്ഥാനം കൊടുത്തത്? സെലക്ഷൻസ് കമ്മിറ്റി അസ്താനയെ നിയമിക്കാൻ എതിരായിരുന്നു. നിയമനത്തിനെതിരെ അലോക് വർമ സിവിസിക്കു കത്തും എഴുതി!

അസ്താനക്കെതിരെ നീങ്ങരുത് എന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ കത്ത് പിൻവലിക്കണമെന്നും അലോക് വർമയോട് പലതവണ പ്രധാനമന്തി നരേന്ദ്ര മോദി ആവശ്യപ്പെട്ടെങ്കിലും, അലോക് വർമ്മ അതിനു തയ്യാറായില്ല. ഇത് മോദിയെ വളരെയധികം വിഷമത്തിലാക്കി.

അസ്താനയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മൂന്നുതവണയാണ് മന്ത്രാലയത്തിന് അലോക് വർമ്മ കത്ത് നൽകിയത്. ഒന്നിനുപോലും ഉത്തരം കിട്ടാതായപ്പോൾ, അനുമതിക്കായി കോടതിയെ സമീപിക്കുമെന്ന് അലോക് വർമ്മ തുറന്നെഴുതി. ഈ ഭീഷണിയിൽ കേന്ദ്രസർക്കാർ വീണു. ഇതിലെല്ലാം പ്രധാനമായ മറ്റൊരു കാര്യമുണ്ട്. റാഫേൽ യുദ്ധവിമാനക്കരാർ സംബന്ധിച്ച് അന്വേഷിക്കാനിരിക്കുന്നത് ഇതേ അലോക് വർമയുടെ നേതൃത്വത്തിലാണ്!

ഈയുള്ളവൻ 23 സിബിഐ കേസുകളിൽ സാക്ഷിയാണ്. സാക്ഷികളും തെളിവുകളും എതിർകക്ഷികൾക്ക് എത്രമാത്രം അലോസരമുണ്ടാക്കുമെന്നു നേരിട്ടറിയാം. അപ്പോൾ കാര്യങ്ങളെല്ലാം ഒരുവിധം പിടികിട്ടിയെന്നു കരുതുന്നു.

Read More >>