പശുവിന്റെ പേരിൽ പട്ടിണിക്കാരെ തെരുവിൽ കൊല്ലുമ്പോൾ ഓർക്കണമായിരുന്നു

ഇത് കർഷകന്റെ നിലനില്‍പ്പിന്റെ പ്രശ്നമായി. നിലനിൽപ്പ് തന്നെ ഭയപ്പാടിലായപ്പോള്‍ അവൻ തിരിഞ്ഞു. അവൻ സർക്കാരിനെ തെരുവിൽ തടഞ്ഞു. അവസാനം സർക്കാർ മുട്ടുമടക്കി- നാരദ ന്യൂസ് എഡിറ്റർ ഇൻ ചീഫ് മാത്യു സാമുവൽ എഴുതുന്നു

പശുവിന്റെ പേരിൽ പട്ടിണിക്കാരെ തെരുവിൽ കൊല്ലുമ്പോൾ ഓർക്കണമായിരുന്നു

അവസാനം കേന്ദ്രസർക്കാർ മുട്ടുമടക്കി. കന്നുകാലി കശാപ്പു നിരോധനം പിൻവലിക്കാൻ പരിസ്ഥിതി മന്ത്രാലയം നിയമവകുപ്പിനു ഫയൽ അയച്ചു. കേന്ദ്ര സർക്കാരിന്റെ വകതിരിഞ്ഞ ഒരു തീരുമാനം എത്ര പേരുടെ ജീവൻ എടുത്തു? എത്രപേർക്ക് ഗുരുതരമായി പരിക്കേറ്റു? എത്ര പേർക്ക് അവരുടെ അന്നമായ ജോലി നഷ്ടപ്പെട്ടിരിക്കുന്നു. എത്ര ഗ്രാമങ്ങൾ കത്തിച്ചാമ്പലായി? ഇതിനെകുറിച്ചൊന്നും ഒരു പത്രവും റിപ്പോർട്ട് ചെയ്തില്ല. അവരെപ്പറ്റി എഴുതിയാൽ വായിക്കാൻ ഒരു ടാർജറ്റ് ഗ്രൂപ്പില്ല എന്ന് അവര്‍ക്ക് നന്നായറിയാം.

കാര്യത്തിലേക്കു കടക്കാം. കന്നുകാലി കശാപ്പ് നിരോധനം ഫലത്തിൽ പൂർണമായ ഒരു നിരോധനമായി മാറി. പശുക്കളെയും പോത്തുകളെയും കാളകളെയും കശാപ്പു ചെയ്യുന്ന തൊഴിലിൽ രണ്ടര ലക്ഷത്തോളം പേര്‍ ഇന്ത്യയിൽ ജീവിച്ചു വരുന്നത്. കേന്ദ്ര സർക്കാരിന്റെ നിരോധന നീക്കത്തോടെ ലെതർ വ്യവസായം ഏതാണ്ട് നിലച്ച മട്ടായി. കാൺപൂർ, ആഗ്ര എന്നിവടങ്ങളിലെ ചെറുകിട ലെതർ ഉത്പാദനശാലകള്‍ അടച്ചുപൂട്ടി, വൻകിട വ്യവസായികൾ വിദേശത്തുനിന്നും ലെതർ ഇറക്കുമതി ചെയ്യാനും തുടങ്ങി.

മീററ്റ്, അജ്മീർ എന്നിവിടങ്ങളിലടക്കം ബീഫ് പ്ലാന്റുകളുടെ പ്രവര്‍ത്തനം നിലച്ചു. കന്നുകാലികളെ ആരും എത്തിക്കുന്നില്ല. എല്ലാവര്ക്കും ജീവൻ പോകുമെന്നാണ് ഭയം. വർഷത്തിൽ ഏകദേശം 15000 കോടിയുടെ വിദേശവരുമാനം ഇല്ലാതായി. തെരുവുകളില്‍ ഒരു പ്രത്യേക വിഭാഗം മതസ്ഥരെ തിരഞ്ഞു പിടിച്ചു ആക്രമിക്കുവാൻ തുടങ്ങി. കശാപ്പു ജോലി ചെയ്യുന്നവരല്ലെങ്കിലും ആ മതത്തിന്റെ വേഷ വിധാനം സ്വീകരിച്ചിരിക്കുന്നവര്‍ പോലും ആക്രമിക്കപ്പെടുന്ന സ്ഥിതിയായി. തെരുവിൽ ആൾക്കൂട്ടങ്ങൾ നിന്നു തല്ലിക്കൊല്ലുന്നു. ജീവനു വേണ്ടി യാചിക്കുന്ന മനുഷ്യജീവന്‍റെ കാഴ്ചകൾ ലോകം മുഴുവൻ കാണുകയും ഇങ്ങനെയും സംഭവിക്കുമോ എന്ന് അമ്പരക്കുകയും ചെയ്യുന്നു.

ഒടുവിൽ ഈ ആക്രമണപരമ്പരകള്‍ക്ക് തുടക്കം കുറിച്ച കേന്ദ്രസർക്കാർ തന്നെ ഇതിനെയെല്ലാം തള്ളി പറയേണ്ടുന്ന സ്ഥിതിയായി. പശുവിന്റെ പേരിൽ മനുഷ്യൻ കൊല്ലപ്പെടുന്ന അപമാനം ഈ ഇരുത്തിയൊന്നാം നൂറ്റാണ്ടിൽ ഡിജിറ്റൽ ഇന്ത്യയിലല്ലാതെ മറ്റെവിടെയാണ് കാണാന്‍ കഴിയുക? പര്‍ണശാലകൾ പലതും സർക്കാർ നേരിട്ട് നടത്തിയതോടെ ഉപയോഗരഹിതമായ നാൽകാലിയെ സംരക്ഷിക്കേണ്ട സ്ഥാപനമായി അതു മാറി. അവിടെ പശുക്കളെ കൊണ്ട് പെരുകി. അത് അവിടെ കിടന്നു ചത്താലും അതിനെ മറവു ചെയ്യാൻ പോലും ആളെ കിട്ടാതായി. ദളിതരായവരെ കിട്ടാനില്ലെങ്കില്‍ പിന്നെ ജഡങ്ങള്‍ തെരുവില്‍ തന്നെ.

ഭക്ഷണം ലഭിക്കാതെ വന്നതോടെ പശുക്കളും തെരുവിൽ ഇറങ്ങി. റോഡിൽ ഇവയെ കൊണ്ട് വാഹനങ്ങളും കാല്നടക്കാർക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഭക്ഷണം ഇല്ലാതെ അലഞ്ഞു തിരിഞ്ഞ നാൽകാലികൾ കർഷകരുടെ കൃഷിയിടങ്ങളിൽ നാശം വിതച്ചു. ഉത്തർപ്രദേശിലെയും ഹരിയാനയിലെയും പലഗ്രാമങ്ങളിലും ഇവയെ കൊണ്ടുള്ള ശല്യം സഹിക്കാതെയായി. ഒരു കർഷകൻ പറഞ്ഞത് 'കൃഷി നശിപ്പിക്കുന്ന വെട്ടുകിളികളെ നമുക്ക് കത്തിച്ചു കളയാം, പശുവിനെ തൊട്ടാൽ എന്റെ കുടുംബത്തെയാകും ഇവര്‍ നശിപ്പിക്കുക' എന്നാണ്. ഇതിനെത്തുടര്‍ന്ന്, മഹാരാഷ്ട്രയിലും, രാജസ്ഥാനിലും, മധ്യപ്രദേശിലും കര്‍ഷകസമരങ്ങളും ആരംഭിച്ചു. അവരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളണം എന്നായിരുന്നു പ്രധാനാവശ്യം. അതിൽ മറ്റൊന്നും കൂടി എടുത്തുപറയുന്നു, കാലികളെ വില്‍ക്കാൻ സാധിക്കുന്നില്ല. അതിന്റെ നഷ്ടം കൂടി സർക്കാർ നല്‍കേണ്ടി വരുന്നു. കാരണം കർഷകന്റെ സമ്പത്താണ് കന്നുകാലി വളർത്തൽ അവയുടെ വില്പനയിലുണ്ടായ ഇടിവ് കർഷകന്റെ നട്ടെല്ലൊടിച്ചു.

നോട്ടു നിരോധനത്തിന് പിന്നാലെ കശാപ്പു നിരോധനം. കർഷകൻ മണ്ണിനോട് പടവെട്ടി, സത്യത്തിൽ മാത്രം ഉറച്ചുനിന്നു; കാലാവസ്ഥയില്‍ വിശ്വാസം അര്‍പ്പിച്ചു പ്രതീക്ഷകള്‍ നിലനിര്‍ത്തി. ഇതവന്റെ നിലനില്‍പ്പിന്റെ പ്രശ്നമായി. നിലനിൽപ്പ് തന്നെ ഭയപ്പാടിലായപ്പോള്‍ അവൻ തിരിഞ്ഞു. അവൻ സർക്കാരിനെ തെരുവിൽ തടഞ്ഞു. അവസാനം സർക്കാർ മുട്ടുമടക്കി. ഇന്ത്യയിലെ ജനങ്ങള്‍ക്ക് പ്രത്യേകിച്ചു, കർഷകന്റെ ജീവിക്കാനുള്ള അവകാശം ചോദ്യം ചെയ്യപ്പെട്ടാല്‍ അവനു ജാതിയും മതവും ഒന്നും ഒരു പ്രശ്നമല്ല. അതാണ്‌ നമ്മുടെ പൂർവികർ നമുക്ക് നേടിത്തന്ന ജനാധിപത്യ സ്വാതന്ത്ര്യവും അവകാശവും. ജാതിയുടെ പേരിൽ ഭൂരിപക്ഷ വർഗീയത ഉടലെടുത്തു. പശുവിന്റെ പേരിൽ തെരുവിൽ അര്‍ധപട്ടിണിക്കാരെ കൊല്ലുമ്പോൾ ഓർത്തിരിക്കണം ഇന്ത്യ തിന്മക്കെതിരെ ജ്വലിക്കും, കാരണം ഇത് നന്മയില്‍ മാത്രം വിശ്വസിക്കുന്ന രാജ്യമാണ്.

Read More >>