ഇന്ത്യയിലെ മുസ്ലിങ്ങളെ നിങ്ങൾ എന്തുകൊണ്ടാണ് പാകിസ്ഥാനികൾ എന്നു വിളിക്കുന്നത്?

ഇന്ത്യയിൽ ഉറുദു പറയുന്നവരെ നിങ്ങൾ പാകിസ്ഥാനിയാക്കുന്നു, നിങ്ങൾ ഹിന്ദിയും കൊണ്ട് അങ്ങോട്ട് പോയാൽ നിങ്ങളെ അവർ വിദേശിയാക്കുന്നു. സിമ്പിള്‍!- നാരദ ന്യൂസ് എഡിറ്റർ ഇൻ ചീഫ് മാത്യു സാമുവൽ എഴുതുന്നു

ഇന്ത്യയിലെ മുസ്ലിങ്ങളെ നിങ്ങൾ എന്തുകൊണ്ടാണ് പാകിസ്ഥാനികൾ എന്നു വിളിക്കുന്നത്?

ഇക്കഴിഞ്ഞ ദിവസം ഡൽഹിയിൽ ഈയുള്ളവന്‍ താമസിക്കുന്ന വീടിനു പുറകിലുള്ള പാർക്കിൽ ആർഎസ്എസിന്റെ ഏതോ ഒരു ക്യാമ്പ് നടക്കുന്നുണ്ടായിരുന്നു. ഏകദേശം നൂറോളും പേര്‍ അതില്‍ പങ്കെടുക്കുന്നുണ്ട്. അതിൽ നോർത്ത് ഈസ്റ്റിൽ നിന്നും വന്നവരെയും കാണാം. കൽക്കരിയിൽ വെന്ത ചായ തരുന്ന ജാർഖണ്ഡ് സ്വദേശിയുടെ കടയില്‍ കുശലം പറഞ്ഞു ഇരിക്കുമ്പോൾ എനിക്ക് പരിചയമുള്ള അരുൺ വസിസ്റ്റ് അവിടേക്ക് കയറിവന്നു. ഹരിയാനയില്‍ നിന്നുള്ള ആര്‍.എസ്.എസ് നേതാവാണ്, എന്റെ പഴയ ഒരു പരിചയക്കാരനുമാണ് കക്ഷി. കണ്ടതിനു മാത്രം വെറുതെ കത്തി പറഞ്ഞു ഞാൻ സ്ഥലം കാലിയാക്കി. വൈകുന്നേരം അദ്ദേഹം ഫോൺ ചെയ്തു- ഫ്രീ ആണെങ്കില്‍ ഒന്നു വന്ന് സംസാരിക്കണം എന്നുണ്ട് എന്നു പറഞ്ഞപ്പോള്‍ ഞാൻ സ്വാഗതം ചെയ്തു. അങ്ങനെ അല്പം കഴിഞ്ഞു അവര്‍ നാല് പേര്‍ വീട്ടിൽ എത്തി. കുശലാന്വേഷണത്തിനു ശേഷം ചര്‍ച്ചകള്‍ അല്പം കൂടി ഗൌരവമായി.

അതില്‍ ഒരാളുടെ ചോദ്യം- "മാത്യൂജീ- എന്തുകൊണ്ടാണ് നോർത്ത് ഈസ്റ്റിൽ ചെല്ലുമ്പോള്‍ അവർ ഞങ്ങളെ വിദേശികൾ എന്ന് പറയുന്നത്, അല്ലെങ്കില്‍ അങ്ങനെ കണക്കാക്കുന്നത്?"

ചെറിയൊരു മൗനം. ഞാൻ തിരികെ ചോദിച്ചു- "നിങ്ങൾ ഇന്ത്യയിലെ മുസ്ലിങ്ങളെ എന്തുകൊണ്ടാണ് പാകിസ്ഥാനികൾ എന്ന് പറയുന്നത് ?" അതിൽ പ്രായം കുറഞ്ഞ പരിവാറുകാരൻ തന്ന ഉത്തരം ഇതാണ്- ക്രിക്കറ്റ്, ഹോക്കി മത്സരങ്ങൾ നടക്കുമ്പോൾ അവർ പാകിസ്താനെ പിന്തുണക്കുന്നു. അതാണ്‌!

ഞാൻ തിരികെ ചോദിച്ചു-"ചിലപ്പോള്‍ ഞാൻ ഓസ്‌ട്രേലിയ അല്ലെങ്കിൽ വെസ്റ്റ് ഇൻഡീസിനെ പിന്താങ്ങും. അതുകൊണ്ടു ഞാൻ ഇൻഡ്യാക്കാരൻ അല്ലാതാകുമോ?" വാദം കൊഴുക്കുന്നത് കണ്ടപ്പോള്‍ പ്രായം കൂടിയ പരിവാറുകാരൻ അവനെ ഗൗനിക്കേണ്ട എന്ന് പറഞ്ഞു. അവർ വീണ്ടും നോർത്ത് ഈസ്റ്റ് ചോദ്യം ഉയര്‍ത്തി, ഉത്തരം വേണം.

"നോർത്ത് ഈസ്റ്റിൽ നിങ്ങൾ എന്നാണ് പോയത് ?"

"ഞാന്‍ ഈ അടുത്ത കാലത്തു തന്നെ.."

"എന്നാണ് ക്രിസ്ത്യൻ മിഷനറി അവിടെ പോയത്? ഇപ്പോഴെങ്ങും അല്ല. വളരെ മുൻപേയാണ്. ഇന്ന്, അവിടെ ഉള്ള ചെറുപ്പക്കാരില്‍ നല്ലൊരു ശതമാനത്തിനു ഇന്ത്യയിലെ മെട്രോ ടൂ ടയര്‍, ത്രീ ടയർ സിറ്റികളിൽ ജോലികിട്ടുന്നുണ്ടോ? ഉണ്ട്, കാരണം ഒരു ട്രേഡർ ഷോറൂം ഇടുമ്പോൾ അയാൾ രണ്ടു കാര്യങ്ങളാണ് ജീവനക്കാര്‍ക്ക് വേണ്ടി പ്രധാനമായും ശ്രദ്ധിക്കുന്നത്. ഇംഗ്ലീഷ് ഭാഷ സംസാരിക്കണം, കൂടാതെ കസ്റ്റമേഴ്സിന് ആകര്‍ഷകമായ രൂപഭാവാദികളും ഉണ്ടാകണം. വെളുത്ത നിറവും മികച്ച ഭാഷാപാടവും ഉള്ളവര്‍ക്ക് എവിടെയും ജോലി ലഭിക്കും. ഇങ്ങനെ തരക്കേടില്ലാതെ ഇംഗ്ലീഷ് ഭാഷ അവര്‍ക്ക് സമ്മാനിച്ചത്‌ മിഷനറി സ്കൂൾ വിദ്യാഭ്യാസമാണ്. അതായതു തരക്കേടില്ലാതെ ജീവിക്കാന്‍ അവർ പറയുന്നത് കേൾക്കുന്നത് സ്വാഭാവികമാണ്.

ബീഫ് കഴിക്കരുത് എന്ന് ഇവിടെ ഡൽഹിയിൽ നിങ്ങള്‍ പറയുമ്പോൾ അവർ അതും അറിയുന്നുണ്ട്. ബീഫ് കഴിക്കരുത്, കാക്കി ഇടണം, മറ്റുള്ളവരുടെ കാലിൽ തൊടണം, സ്ത്രീകൾ എപ്പോഴും വീടിനു അകത്തിരിക്കണം എന്നൊക്കെ നിങ്ങൾ പറയാൻ പോയാൽ, നിങ്ങൾ അവരുടെ മുൻപിൽ വിദേശിയാണ്! കുറ്റം പറയാന്‍ കഴിയുമോ? ഇന്ത്യയിൽ ഉറുദു പറയുന്നവരെ നിങ്ങൾ പാകിസ്ഥാനിയാക്കുന്നു, നിങ്ങൾ ഹിന്ദിയും കൊണ്ട് അങ്ങോട്ട് പോയാൽ നിങ്ങളെ അവർ വിദേശിയാകുന്നു.സിമ്പിള്‍!"

ഇതു പറയുമ്പോള്‍, കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നായിരുന്നു എന്റെ ആത്മഗതം. എന്തോ അവർക്കു എന്റെ കാഴ്ചപ്പാട് ഇഷ്ടപ്പെട്ടില്ല. "എങ്കില്‍, ഞാൻ അടുത്ത ചോദ്യം ചോദിക്കട്ടെ?" ഞാന്‍ തുടര്‍ന്നു. ഇതു കേട്ടപാടെ സീനിയറായ ആ പരിവാറുകാരൻ പോകാനായി എഴുന്നേറ്റിരുന്നു.


Read More >>