സമാധാനമായി, ആ മഹാൻ നിര്‍ദ്ദേശിച്ചില്ലല്ലോ, പശുവിനെ രാഷ്ട്രപിതാവാക്കണമെന്ന് ?

ജസ്റ്റിസ് കർണ്ണന്റെ മാനസികനില പരിശോധിക്കാൻ ഉത്തരവിട്ട സുപ്രീകോടതിയിലെ ജഡ്ജിമാരെ ഈ വഴിക്കൊന്നും കണ്ടില്ല. ഇദ്ദേഹത്തെ നിയമം എവിടെ പറഞ്ഞുവയ്ക്കും ? അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചു പോയതാണ്.

സമാധാനമായി, ആ മഹാൻ നിര്‍ദ്ദേശിച്ചില്ലല്ലോ, പശുവിനെ രാഷ്ട്രപിതാവാക്കണമെന്ന് ?

മഹേഷ് ചന്ദ്ര ശർമ്മ നമ്മുടെ ഭാരതത്തിൽ ഇനിയും ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന മുൻ ഹൈക്കോടതി ജഡ്ജി ആയിരിക്കും. വിദേശത്ത് പോലും ഭാരതീയർക്ക് അഭിമാനത്തിന് പകരം അപമാനം നേടിയ ഈ മഹാനെ കാലം എങ്ങനെ മറക്കാന്‍?

ഒരിക്കൽ പ്രധാനമന്ത്രി നരേന്ദ്രമോദി നമ്മുടെ സാങ്കേതിക വൈദഗ്ധ്യത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു. ഒരു വിദേശി അപ്പോഴദ്ദേഹത്തോട് ചോദിച്ചു പോലും- ഇന്ത്യയിലെ ജനങ്ങൾ എലി, പാമ്പ് തുടങ്ങിയ ജീവികളെ ഇപ്പോഴും തെരുവോരങ്ങളില്‍ കളിപ്പിച്ചു വരുമാനം നേടുന്നവരല്ലേയെന്നു. എലിയല്ല, ഇപ്പോൾ ഞങ്ങള്‍ മൗസ് വെച്ച് കളിക്കുകയും ലോകത്തെ കളി പഠിപ്പിക്കുകയും ചെയ്യുന്നു. വിവരസാങ്കേതിക വിദ്യയിൽ ഇന്ത്യയോടു കിടപിടിക്കാന്‍ മറ്റൊരു രാഷ്ട്രമില്ല എന്നായിരുന്നു മോദിയുടെ ഉത്തരം. എല്ലാം നല്ലതിന്!

ഇനി കാര്യത്തിലേക്കു കടക്കാം, നമ്മൾ ഡിജിറ്റൽ ഇന്ത്യ, മേക്കിങ് ഇന്ത്യ എന്നിങ്ങനെ മനോഹരമായ പദങ്ങളില്‍ മുങ്ങിയങ്ങനെ നില്‍ക്കുകയാണ്. അതിനിടയിലാണ് ഏറ്റവും മഹാനായ നീതിപാലകനെ നമുക്ക് കിട്ടുന്നത്. ജസ്റ്റിസ് ശർമ്മ! കഴിഞ്ഞ ദിവസം രാജസ്ഥാൻ ഹൈക്കോടതിയിൽ നിന്നും വിരമിച്ച അതേ മഹാനായ ജന്മം! മയിലിന്റെ ഇണചേരല്‍ സിദ്ധാന്തം ആഴത്തില്‍ പഠിച്ച അതേ മഹാന്‍. അതോ ഒരു സന്യാസിയോ? ഈ മഹത് വാക്യങ്ങള്‍ ശ്രവിക്കുമ്പോള്‍ അറിയാതെ സംശയിച്ചു പോകുന്നു- പ്രധാനമന്ത്രി അവകാശപ്പെട്ട മൗസ് യുഗത്തില്‍ നമ്മള്‍ എത്തിയോ, അതോ ഇപ്പോഴും തെരുവോര വിദ്യ ആസ്വദിക്കുന്ന വിഡ്ഢികളോ?

ജസ്റ്റിസ് കർണ്ണന്റെ മാനസികനില പരിശോധിക്കാൻ ഉത്തരവിട്ട സുപ്രീകോടതിയിലെ ജഡ്ജിമാരെ ഈ വഴിക്കൊന്നും കണ്ടില്ല. ഇദ്ദേഹത്തെ നിയമം എവിടെ പറഞ്ഞുവയ്ക്കും ? അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചു പോയതാണ്. നിയമ വിദ്യാര്‍ത്ഥികൾ, നിയമജ്ഞര്‍ അത് പോകട്ടെ, തത്കാലം തൊഴിലൊന്നും ഇല്ലാത്തവർ പോലും ജില്ലാ കോടതി മുതൽ ഹൈക്കോടതി വരെയുള്ള ഈ മഹാന്റെ വിധികളും, അദ്ദേഹം നടത്തിയ നിരീക്ഷണങ്ങളും ഒരു കേസ് സ്റ്റഡി നടത്തിയാൽ ഒരു തകർപ്പൻ സാധനം ഉണ്ടാകും- ഉറപ്പാണ്. അതാണ് മഹാനായ ഈ സാധനം! ഇദ്ദേഹത്തെ ഹൈക്കോടതി വരെ എത്തിച്ച നമ്മുടെ നിയമ മേലാളന്മാർ ഇദ്ദേഹം എങ്ങനെ ഇവിടെ വരെ എത്തിയെതെന്നു ഒന്നിരുത്തി ചിന്തിക്കണം. കാരണം അദ്ദേഹം നിയമ പുസ്തകം തുറന്നുനോക്കിയ ഒരു വ്യക്തിയേയല്ല! എല്ലാം അദ്ദേഹം നിരീക്ഷിക്കുന്നത് മത ഗ്രന്ഥങ്ങളിൽ മാത്രം, അതെടുത്തു വിധിന്യായം നടത്തുന്നു.ഒരു ഗവര്‍ണര്‍ സ്ഥാനത്തിനു വേണ്ടിയാണു ഇതൊക്കെ ഈ മഹാന്‍ എഴുന്നള്ളിച്ചതെന്നു പറഞ്ഞു കേട്ടു.

മൈ-ലോർഡ്, ഒരിക്കലും അങ്ങു ഗവർണർ ആകരുത്. അങ്ങയ്ക്ക് പറ്റിയ പണി ഐഎസ്ആര്‍ഓ ചെയര്‍മാന്‍ ആകുന്നതാണ്. അല്ലെങ്കില്‍ ശാസ്ത്ര സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ, ജനിതക ശാസ്ത്രമേഖലയുടെ (ബയോടെക്‌നോളജി) ഭാരതത്തിലെ ചീഫ് അഡ്വൈസർ എന്നിങ്ങനെ അങ്ങയ്ക്ക് പറ്റിയ മേഖലകള്‍ നിരവധിയാണ്. ശാസ്ത്ര സാങ്കേതിക മേഖലകളില്‍ മാത്രം ശ്രദ്ധ ചെലുത്തി നില്‍ക്കൂ. ഇനി ചെറുതായൊന്നു തള്ളിയാല്‍ അമേരിക്കയിലെ ഹ്യൂസ്ട്ടണിലേക്കുള്ള ദൂരവും കുറഞ്ഞു കിട്ടും. അവിടെ ഒരു ചെറിയ സ്ഥാപനമുണ്ട്- നാസ! ഒത്താല്‍ അതിന്റെ ചീഫ് സൈന്റിഫിക്ക് അഡ്വൈസറുമാകാം...!