അവധിയെടുത്ത് 'വേറെ പണി' ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ആളില്ലാ കസേരകളും പേപ്പര്‍ ശരിയാക്കാന്‍ വരുന്ന പ്രവാസിയും

എത്ര ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ അവധിയെടുത്തു വിദേശത്തു ജോലിനോക്കുന്നത്? ഇനി ചിലരുണ്ട്, അവധിയെടുത്തു അവരുടെ സ്വന്തം ബിസിനസ് നോക്കുന്നു. പേരിനു മാത്രം സര്‍ക്കാര്‍ സര്‍വീസ്, ഒരു ഓവര്‍ സേഫ്റ്റി പ്രൊട്ടക്ഷന്‍ മാര്‍ഗ്ഗം. സര്‍ക്കാര്‍ ഇവരെ നിര്‍ബന്ധപ്പൂര്‍വ്വം തിരികെ വിളിക്കുകയോ അല്ലെങ്കില്‍ അവരോടു സര്‍വീസില്‍ നിന്നും പിരിഞ്ഞു പോകാന്‍ നിര്‍ദ്ദേശിക്കുകയോ ചെയ്യേണ്ടതല്ലേ?- നാരദ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് മാത്യു സാമുവേല്‍ എഴുതുന്നു

അവധിയെടുത്ത് വേറെ പണി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ആളില്ലാ കസേരകളും  പേപ്പര്‍ ശരിയാക്കാന്‍ വരുന്ന പ്രവാസിയും

ഈയുള്ളവന്റെ പ്രവാസിയായ സുഹൃത്ത് പതിനഞ്ചു ദിവസത്തേക്ക് മാത്രമായി നാട്ടില്‍ എത്തി. ദിവസങ്ങള്‍ കുറവായതിനാല്‍ ഓരോ ദിവസവും ചാര്‍ട്ട് ചെയ്താണ് കക്ഷി എത്തിയിരിക്കുന്നത്. കുറച്ചുകാലമായി ഭാര്യ പരാതി പറയുന്ന ഒരു ആരോഗ്യപ്രശ്‌നത്തിനു മെഡിക്കല്‍ ചെക്കപ്പ് വേണം. സര്‍ജറി വേണമെന്നാണ് അഭിപ്രായമെങ്കില്‍ അത് നടത്തണം. മക്കളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട സമയമായതിനാല്‍ അതിന്‌ ഓടണം. പിന്നെ നാട്ടിലെത്തിയാല്‍ അത്യാവശ്യമായി കാണേണ്ടതായ ബന്ധുക്കളെയും സുഹൃത്തുകളെയും കാണാതെ മടങ്ങുന്നതെങ്ങനെ? സാമ്പത്തികം ഒത്തുവന്നാല്‍ ഒരു ചെറിയ കാര്‍ എടുക്കണം. പിന്നെയും സമയം ലഭിച്ചെന്നാല്‍ അപ്പനെയും അമ്മയെയും കൂട്ടി ഒരു യാത്ര പോകണം. കഷ്ടകാലമെന്നു തന്നെ പറയണം, അതിനിടയില്‍ അദ്ദേഹത്തിന് കളക്ട്രേറ്റില്‍ നിന്നും വസ്തുസംബന്ധമായ ഏതോ പകര്‍പ്പും എടുക്കാനുണ്ടായിരുന്നു.

ഗള്‍ഫില്‍ നിന്നും എത്തിയതിനു പിറ്റേന്ന് രാവിലെ തന്നെ ഇദ്ദേഹം കളക്ട്രേറ്റില്‍ പോയി 'ഏമാനേ..' എന്ന വിനീതവിധേയത്വത്തോടെആവശ്യം ഉന്നയിച്ചു അപേക്ഷ നല്‍കി. എത്ര മാന്യമായ പെരുമാറ്റം.ഇടയ്ക്ക് കുശലാന്വേഷണവും കഴിഞ്ഞു. 'നാളെ കഴിഞ്ഞു വന്നോളൂ എന്ന സംപ്രീതമായ ഉത്തരവും കിട്ടി. പക്ഷെ 'നാളെ കഴിഞ്ഞു' എന്നുള്ളത് ഒരാഴ്ച കഴിഞ്ഞിട്ടും നടന്നില്ലെന്ന് മാത്രം. ഡിജിറ്റല്‍ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും ലഭിച്ച മറുപടികള്‍ ഇങ്ങനെയായിരുന്നു.

"ഇത് വെരിഫൈ ചെയ്യേണ്ടതായ എല്‍.ഡി.സി അവധിയിലാണ്.."

''നിങ്ങള്‍ തന്ന അപേക്ഷയില്‍ കൂടുതല്‍ സപ്പോര്‍ട്ടിംഗ് ഡോക്യുമെന്റ്‌സ് ആവശ്യമുണ്ട്''

"നിങ്ങള്‍ അപേക്ഷ നല്‍കേണ്ട ഫോം ഇതായിരുന്നില്ല...'" അടുത്ത ദിവസം മറുപടിയില്‍ ചില വ്യാത്യാസങ്ങളുണ്ടായി

"സാര്‍ ഇന്ന് ഉച്ചയോടു കൂടിയേ വരൂ...എവിടെയോ കയറിയിട്ടേ വരൂ എന്ന് പറഞ്ഞിരുന്നു.''

"സാര്‍ കളക്ടര്‍ വിളിച്ച കോണ്‍ഫറന്‍സിന് പോയിരിക്കുകയാണ് വരാന്‍ വൈകും..."ഇതിനിടയില്‍ മറ്റൊരു രസവുമുണ്ടായി, എത്ര ശ്രമിച്ചിട്ടും കാണാന്‍ സാധിക്കാത്ത ഏമാനെ അടുത്ത കവലയിലെ രാഷ്ട്രീയ മീറ്റിംഗ് യോഗത്തിലെ മുഖ്യപ്രഭാഷകനായും, അടുത്ത ക്ലബിലെ നിത്യസന്ദര്‍ശകനായും കണ്ടവരുണ്ട്. പക്ഷെ എന്റെ സുഹൃത്തിന് മാത്രം ടിയാന്‍ പ്രത്യക്ഷനാകുന്നില്ല.

അപ്പോഴാണ് ഇദ്ദേഹം ഇതിന്റെ കാര്യമെന്താണ് അന്വേഷിക്കുവാന്‍ മെനക്കെട്ടത്. അവസാനം ഒരു ജൂനിയര്‍ തസ്തികയിലുള്ള ഏമാന്‍ പറഞ്ഞു "നിങ്ങള്‍ ഒരു 5,000 രൂപ ഏല്‍പ്പിക്കു, നാളെ അതു 'ശരിയാകും' അല്ലെങ്കില്‍ ആരെക്കൊണ്ടെങ്കിലും വിളിച്ചു പറയിപ്പിക്കാന്‍ ശ്രമിച്ചാലും മതി" അങ്ങനെ അവസാനം അവിടുത്തെ ലോക്കല്‍ നേതാവിനെ കൂടെ കൂട്ടുവിളിച്ചു പറഞ്ഞ തുക 'സംഭാവന'യായി നല്‍കിയതോടെ സംഗതിക്ക് ശുഭപര്യവസാനം! ഇതിനിടയില്‍ എപ്പോഴോ ലീവും തീര്‍ന്നിരുന്നു...

ചെമ്മനം ചാക്കോ എഴുതിയ 'ആളില്ലാക്കസേരകള്‍' എന്ന കവിത ഓര്‍മ്മയുണ്ടോ? വേണ്ടപ്പെട്ട ഒരാളുടെ പ്രോവിഡന്റ് ഫണ്ട് ശരിയാക്കുന്നതുമായി ബന്ധപ്പെട്ടു വീടിനടുത്തുള്ള ഏജീസ് ഓഫീസില്‍ മുപ്പതിലധികം തവണ കയറേണ്ടി വന്ന കവിയുടെ ദുരനുഭവം ആയിരുന്നു ആ കവിത. പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന അത്തരം ഓഫീസുകളില്‍ നിന്നും ഡിജിറ്റല്‍ സര്‍ക്കാരിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ എന്ന ചിന്തയ്ക്ക് പ്രസക്തി നഷ്ടമായിട്ടില്ല.

എത്ര ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ അവധിയെടുത്തു വിദേശത്തു ജോലിനോക്കുന്നത്? ഇനി ചിലരുണ്ട്, അവധിയെടുത്തു അവരുടെ സ്വന്തം ബിസിനസ് നോക്കുന്നു. പേരിനു മാത്രം സര്‍ക്കാര്‍ സര്‍വീസ്, ഒരു ഓവര്‍ സേഫ്റ്റി പ്രൊട്ടക്ഷന്‍ മാര്‍ഗ്ഗം. സര്‍ക്കാര്‍ ഇവരെ നിര്‍ബന്ധപ്പൂര്‍വ്വം തിരികെ വിളിക്കുകയോ അല്ലെങ്കില്‍ അവരോടു സര്‍വീസില്‍ നിന്നും പിരിഞ്ഞു പോകാന്‍ നിര്‍ദ്ദേശിക്കുകയോ ചെയ്യേണ്ടതല്ലേ? ശമ്പളമുള്ള ജനസേവനം ആരുടേയും കുത്തകയാകരുത്. ഈ ജോലികള്‍ ചെയ്യുന്നതില്‍ താല്‍പര്യമില്ലാത്തവര്‍ മറ്റുള്ളവരുടെ അവസരം കൂടി തടസ്സപ്പെടുത്തുകയല്ലേ ചെയ്യുന്നത്. ചുറുചുറുക്കുള്ള, ജോലി ചെയ്യാന്‍ താല്‍പര്യമുള്ള ചെറുപ്പക്കാരെ എടുത്തു സര്‍വീസ് കാര്യക്ഷമമാക്കണം.മുട്ടാപ്പോക്കു പറഞ്ഞു ഫയല്‍ താമസിപ്പിക്കലും തുടര്‍ന്നു കിമ്പളം പറ്റി കേമന്‍മാര്‍ ചമയുന്നതിനും ഒരു ദയയും കാണിക്കേണ്ടതില്ല. ഇവരെ പിന്താങ്ങുന്ന 'യൂണിയനുകളെ ബ്ലാക്ക് ലിസ്റ്റില്‍പെടുത്തണം.

'പ്രവാസികളാണ്' ഇവരുടെ ഏറ്റവും വലിയ ഇര. ഇവരുടെ ലീവും കാര്യങ്ങളും ആദ്യമേ നന്നായി മനസിലാക്കുന്നതോടെ കാര്യങ്ങള്‍ എളുപ്പമായി. അവരുടെ അവകാശമായ എന്തോ എടുത്തു കൊടുക്കുന്നത് പോലെയാണ് മനോഭാവം. ഇതിനു കടിഞ്ഞാണ്‍ ഇടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങള്‍ ഞങ്ങളെ സേവിച്ചു കൊണ്ടേയിരിക്കണം എന്ന മനോഭാവം മാറണം.

കേരളത്തിലെ സിവില്‍ സര്‍വീസ് കുത്തഴിഞ്ഞതാണ് എന്നു പറയുന്നതില്‍ ഇനിയുമൊരു വിശദീകരണം ആവശ്യമില്ല. ചേരി തിരിഞ്ഞുള്ള പോര് ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നു? 'കാട്ടിലെ തടി തേവരുടെ ആന' അപ്പോള്‍ പിന്നെ ഇങ്ങനെ ഒക്കെയാകുന്നതില്‍ അതിശയമില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും സമരപ്രഖാപന നോട്ടീസുകളും മറ്റും എത്രയും വേഗം മാറ്റണം. സര്‍ക്കാര്‍ ഓഫീസുകളിലെ പ്രഖ്യാപനങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ കണ്ടു ഓഫീസിലെ ഹാജര്‍ മനസിലാക്കണം എന്നാണോ? ദാരുണം!

ഇനി മറ്റൊന്ന് ഇത്തരം സര്‍ക്കാര്‍ ഓഫീസുകളിലെ ശുചിത്വമാണ്. സാധാരണയായി ഇവിടെയെല്ലാം രണ്ടു ടോയ്‌ലെറ്റുകള്‍ കാണും. ഒന്നു താഴിട്ടു പൂട്ടിയിരിക്കും. 'ഒണ്‍ലി ഫോര്‍ സ്റ്റാഫ്' എന്ന് അതില്‍ എഴുതിയിട്ടുമുണ്ടാകും. മറ്റേതില്‍ പ്രവേശിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ മലിനവും ദുര്‍ഗന്ധവുമായിരിക്കും എന്ന് ഒരിക്കലെങ്കിലും അവിടെ പോയിട്ടുള്ളവര്‍ കണ്ടിട്ടുണ്ടാകും.

ഒരു കഥയുണ്ട്.ഒരു ഉത്തരേന്ത്യക്കാരന്‍ കേരത്തിലെത്തി നാട്ടില്‍ ഇറങ്ങി വഴി ചോദിച്ചു. സിവില്‍ സ്‌റ്റേഷന്‍ വരെ പോകേണ്ടതുണ്ട്. റോഡില്‍ കണ്ടുമുട്ടിയ ആള്‍ തെറ്റാതെ വഴിപറഞ്ഞു കൊടുത്തു- കുറച്ചു മുന്‍പോട്ട് പോകുമ്പോള്‍ പല കെട്ടിടങ്ങളും കാണാം. അക്കൂട്ടത്തില്‍ ഏറ്റവും വൃത്തിഹീനമായതും നോട്ടീസുകളും തോരണങ്ങളുമായി അലങ്കരിച്ചതുമായ ഒരു കെട്ടിടം കാണാം. ധൈര്യമായി അകത്തേക്ക് കടന്നോളൂ..അതാണ് നിങ്ങള്‍ തേടുന്ന സര്‍ക്കാര്‍ ഓഫീസ്! സാരമില്ല ഇങ്ങനെയും സ്വച് ഭാരത് നടപ്പിലാക്കാം എന്ന് സര്‍ക്കാര്‍ മാതൃക കാണിച്ചു തരുന്നില്ലേ...