അമേരിക്ക അവരുടെ ഏതെങ്കിലും അയല്‍രാജ്യവുമായി ശത്രുതയിലാണോ?

വളരെ വിലകുറച്ച് ആയുധം ഉല്‍പ്പാദിപ്പിക്കുന്ന റഷ്യയേയും ചൈനയേയും മാറ്റിനിര്‍ത്തി സിംഗപ്പൂരില്‍ അമേരിക്ക ഉത്തരകൊറിയയുമായി എന്ത് കച്ചവടമാണ് നടപ്പാക്കാന്‍ പോകുന്നത്?- മാത്യു സാമുവല്‍ എഴുതുന്നു

അമേരിക്ക അവരുടെ ഏതെങ്കിലും അയല്‍രാജ്യവുമായി ശത്രുതയിലാണോ?

സിംഗപ്പൂർ ഉച്ചകോടിയിൽ വച്ച് അമേരിക്കൻ പ്രസിഡന്റ് ട്രംപ്, ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ്ങുമായി സമാധാനത്തിനുള്ള ധാരണയായി. പത്ത് വർഷങ്ങൾക്കടുത്ത് നീണ്ടുനിന്ന ആണവയുദ്ധമെന്ന പ്രതിസന്ധി മാറുമെന്ന് പ്രതീക്ഷിക്കാം. ഏഷ്യൻ രാജ്യങ്ങളിൽ സാമ്പത്തികമായി ഏറ്റവും മുൻപതിയിൽ നിൽക്കുന്ന ജപ്പാനെയും സൗത്ത് കൊറിയയെയും ഒരു ദിവസം പോലും ഉറങ്ങാൻ അനുവദിക്കാതെ തലയ്ക്ക് മുകളിൽ നിലനിർത്തി. ആണവ മിസൈൽ എപ്പോൾ പതിക്കും എന്ന ആശങ്ക ലോകരാജ്യങ്ങൾക്കും ഉണ്ടായിരുന്നു. അവസാനം അമേരിക്കൻ ഭരണാധികാരി സിംഗപ്പൂരിൽ എത്തി കാര്യങ്ങൾ ഇങ്ങനെ എത്തിച്ചു. ഇനി നോക്കാം എന്തെല്ലാമാണ് ഈ സമയത്തു രണ്ടു രാജ്യങ്ങളിലും ആകെ കൂടി സംഭവിച്ചത് എന്ന്.

യുദ്ധഭീഷണിയാണ് - അതും ആണവ യുദ്ധ ഭീഷണി - നിമിഷങ്ങൾ കൊണ്ട് എല്ലാം കത്തിച്ചാമ്പലാകും! അതും ഗോളാന്തര മിസൈലും അതിൽ ഘടിപ്പിച്ച ന്യൂക്ലീർ വാർ-ഹെഡും! ലോകമദ്ധ്യാന്മങ്ങൾ എല്ലാം ഈ വാർത്ത ഏറ്റെടുത്തു വിളമ്പി. നിപ്പോണിലും,സോളിലും ന്യൂക്ലിയർ ബോംബുകൾ വീഴുന്ന ഗ്രാഫിക്സ് വരെ പല ചാനലുകളും പ്രക്ഷേപണം ചെയ്തു. ചില നിർണായക ദിവസങ്ങളിൽ വാർത്തകൾ പൊടിപൊടിച്ചു. അത് അവിടെ നിൽക്കട്ടെ , ഇതെല്ലാം കൊണ്ടു ആരാണ് നേടിയത്? സംശയമെന്ത്? അമേരിക്ക എന്ന രാജ്യം തന്നെ! ശീതയുദ്ധം എന്ന വാക്ക് അവസാനിച്ചത് അമേരിക്കയിലെ ആയുധ ഉല്പാദന കമ്പനികൾക്കു കനത്ത പ്രഹരമായിരുന്നു.

അതായത്,രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ ശേഷം അമേരിക്കൻ യുദ്ധ സന്നാഹ ഉപകരണ നിർമാണം നടത്തുന്ന വലിയ കോർപറേറ്റുകൾ ഏറ്റവും കൂടുതൽ ആയുധം നിർമിച്ചു കയറ്റുമതി ചെയ്തത് ഈ രണ്ടു രാജ്യങ്ങളിലേക്കാണ്. ഇരുപത്തിനാലു മണിക്കൂറും വടക്കൻ കൊറിയയെ നീരിക്ഷിക്കാൻ അമേരിക്കൻ പടക്കപ്പലുകൾ രംഗത്തിറക്കി. അതിനു രണ്ടു രാജ്യങ്ങളും മിനിറ്റുകൾ എണ്ണി പണം വാങ്ങി. അമേരിക്കൻ സേനയ്ക്കു ഭീമമായ തുക നൽകി ഈ രണ്ടു രാജ്യങ്ങളുടെയും പഴയ ഉപകരണങ്ങൾ എല്ലാം മാറ്റി അമേരിക്കൻ നിർമിത അത്യാധുനിക ആയുധങ്ങൾ വാങ്ങിക്കൂട്ടി. കാരണമായി, പഴയ ആയുധങ്ങൾ ദ്രവിച്ചു എന്നും വരുത്തി. ഈ രണ്ടു രാജ്യങ്ങളും ബഡ്ജറ്റിൽ മാറ്റം വരുത്തി അവരുടെ സർവകാല റെക്കോർഡുകൾ ഭേദിച്ചു. ഭയന്നു വിറച്ചിട്ടു ഇരുകൂട്ടരും കനത്ത പർച്ചേസിംഗാണ് നടത്തിയത്. സ്വയം പ്രതിരോധം എന്നല്ലാതെ അതിനു വേറെ വാക്കുകൾ ഒന്നുമില്ല. അവർ പറയുന്ന വിലയ്ക്ക് തന്നെ ആയുധങ്ങൾ വാങ്ങിക്കൂട്ടി - തർക്കിക്കാൻ നിന്നില്ല

മിഡില് ഈസ്റ്റ് രാജ്യത്തും അമേരിക്ക ഒരു ചെറിയ ഗെയിം കളിച്ചു. ഖത്തർ എന്ന വാതക ഉല്പാദന രാജ്യത്തെ മുന്നിൽ നിർത്തി, തന്നാൽ കഴിയുംവിധമുള്ള ഒരു ചെറിയ രാജ്യം അവരും വാങ്ങി. ഇതൊന്നും എങ്ങനെ ഉപയോഗിക്കണം എന്ന് പോലും അമേരിക്ക ഇരുകൂട്ടർക്കും നേരേ ചൊവ്വേ പറഞ്ഞു കൊടുത്തില്ല. അതല്ലേ സൗദി അറേബ്യയിലും ചെയ്തത്? മിസൈൽ പ്രതിരോധിക്കാൻ അമേരിക്ക പാട്രിയോട്ട് സിസ്റ്റം സൗദിക്ക് നൽകി. ഒടുവിലോ, യെമനിൽ നിന്നും വന്ന മിസൈലിനെ തടുക്കുവാൻ വേണ്ടി തൊടുത്ത് വിട്ടത് സ്വന്തം കവചത്തിൽ വന്നു പൊട്ടി തെറിച്ചു. അതായത് അമേരിക്ക നൽകുന്നത് ഒരു നല്ല ഷോപ്പിംഗ് മാത്രം. ഉപയോഗശൂന്യമാണ് എങ്കിലും അവർക്കു അതൊരു പ്രശ്നമല്ല. അതേ സമയം സൗദിയെയും യുഎഇയെയും പ്രതിരോധിക്കാൻ ഖത്തർ യൂറോപ്പിൽ നിന്നും ആയുധങ്ങൾ വാങ്ങി.

തീർന്നില്ല, അവർ വേറെയൊരു സാധനവും അതിനിടയിൽ നിന്നും പൊക്കിയെടുത്തു, യമൻ -ഹൂതി വിഷയം! അപ്പോൾ സൗദി അറേബ്യയും വലിയൊരു ഷോപ്പിംഗ് അങ്ങ് നടത്തി. ഇനി നോക്കുക, അന്യോന്യം പോരടിക്കുവാൻ വെമ്പൽ കൊള്ളുന്നവർ എല്ലാവരും വാങ്ങുന്നത് ഒരേ കമ്പനിയിൽ നിന്നും ഒരേ സാധങ്ങളാണ് . പൊട്ടിചിരിക്കണം - അതാണ് അമേരിക്കൻ ഗെയിം പ്ലാൻ!

വേറെ ഒരു വിഷയവും ഇവർ പൊടിതട്ടിയെടുത്തു -ഇറാൻ! അതോടെ സൗദി പ്രതിരോധനത്തിലായി! ഭയന്ന്‌ അവർ 2025 വരെ പലതിനും ഓർഡർ കൊടുത്തു. ഈ മൂന്ന് രാജ്യങ്ങളും ഒരുമിച്ചിരുന്നു ഒരു മേശക്കു ചുറ്റും 'സുലൈമാനിയും കുടിച്ച് ചർച്ച ചെയ്താൽ തീരാവുന്ന പ്രശ്നം മാത്രമേയുള്ളൂ. എന്നാൽ നോക്കൂ, ഇതെല്ലാം എവിടെ കൊണ്ട് എത്തിച്ചു എന്ന്! സിറിയയെ നശിപ്പിച്ചു - എത്ര ലക്ഷങ്ങൾ അവിടെ കൊല്ലപ്പെട്ടു. എത്ര ലക്ഷങ്ങൾ കൂടും കിടപ്പാടവും ഇല്ലാതെ വലയുന്നു? എത്ര ആയിരങ്ങൾ പലായനം ചെയ്തു കടലിൽ മുങ്ങി മരിച്ചു? ഇതാണ് ആയുധക്കളിയുടെ അകത്തുള്ള കളികൾ - game inbetween the game ! ഇതേ ഗെയിം തന്നെയാണ് ഇൻഡോ-പാക് തർക്കത്തിലെ മുതലെടുപ്പും. തമ്മിൽ അടിയിട്ടു രണ്ടുപേരും വാങ്ങി കൂട്ടുകയാണ് - വലിയ ഷോപ്പിംഗ് തന്നെ നടത്തുന്നു. അതിനു കോപ്പുകൂട്ടി രണ്ടു രാജ്യത്തെ മാധ്യമങ്ങളും യുദ്ധ ചർച്ചകൾ നെടുനീളെ നൽകും. ഒരു കോപ്പും സംഭവിക്കില്ല എന്ന് രണ്ടു രാജ്യങ്ങൾക്കും അറിയാം. രണ്ടും ന്യൂക്ലിയർ രാജ്യങ്ങളാണ്. രണ്ടുകൂട്ടർക്കും ഉള്ളിൽ 'കത്തും' അത് കത്തണം - പക്ഷെ ഉള്ളിൽ മാത്രം! യുദ്ധം ഉണ്ടായാൽ രണ്ടു കൂട്ടരും കത്തി ചാമ്പലാകും. മറ്റുള്ളവർ പറയുന്നതിലും അധികം ഇരുരാജ്യത്തെയും ഭരണാധികാരികൾക്കും അറിയാം -അത് ഉണ്ടാകില്ല. എന്നാലും സ്വയം പ്രതിരോധവും ആയുധ ഷോപ്പിംഗും തുടരും. അതാണ്‌ ആയുധ ഉല്പാദന രാജ്യങ്ങളുടെ ലക്‌ഷ്യം.

ഇനി ഒരു ചോദ്യം അമേരിക്ക അവരുടെ ഏതെങ്കിലും അയൽ രാജ്യങ്ങളുമായി ശത്രുതയിലാണോ? ആയുധം ഉൽപാദിക്കുന്ന എതെങ്കിലും യൂറോപ്യയൻ രാജ്യങ്ങൾ തമ്മിൽ ശത്രുതയുണ്ടോ? അവർ എല്ലാം സ്നേഹസൗഹൃദത്തിൽ കഴിയുന്നു. അതിൽ രണ്ടു കൂട്ടരേ ഇവർ മാറ്റി നിർത്തി ഒന്ന് റഷ്യയും മറ്റൊന്ന് ചൈനയും. സിംഗപ്പൂർ ഉച്ചകോടിയിൽ ചൈനയെ അടുപ്പിച്ചില്ല. ഈ ഭീഷണി നേരിടിടുന്ന അവരുടെ അയൽ രാജ്യമാണ്, എന്നിട്ടും എന്താണ് ഇവരെ അടുപ്പിക്കാതിരിക്കുന്നത്? കാരണം ഇവരും ആയുധങ്ങൾ ഉദ്പാദിപ്പിക്കുന്നുണ്ട്. അതും വളരെ വിലകുറച്ചിട്ട്! ആ ആയുധങ്ങളെ ഏറ്റവും മോശമാണെന്നു ലോകത്തിനു മുൻപിൽ അമേരിക്ക ഡിസ്‌പ്ലൈ ചെയ്യും. മുൻ കമ്മ്യൂണിസ്റ്റ് ആയുധങ്ങൾ ഔട്ട് ഡേറ്റഡും കാലഹരണപ്പെട്ടതുമാണ് എന്ന് അവർ സ്ഥാപിക്കും.അതിനു ചില കാരണങ്ങൾ ലോകത്തിനു മുൻപിൽ വയ്ക്കും , ഇറാൻ ഉപയോഗിക്കുന്ന യാത്ര വിമാനങ്ങൾ തകർന്നു വീഴുന്നതും അടിക്കടി കാണിക്കും. അതു ഉല്പാദിപ്പിച്ചത് റഷ്യയാണ് എന്നും പരസ്യമാക്കും. അതോടെ അമേരിക്കൻ യൂറോപ്യൻ ആയുധങ്ങളുടെ 'സ്വയരക്ഷയും സ്ഥാപിക്കപ്പെടും.

വലിയ ഗെയിം പ്ലാനുകൾ എവിടെയുമില്ല -വെറുതെ കൊടുക്കാം എന്ന് പറഞ്ഞാലും തിരിച്ചു കടിക്കുന്ന ആയുധകൾ ആരെങ്കിലും വാങ്ങുമോ? ആയുധക്കച്ചവട മാർക്കറ്റുകൾ ലോകത്തെ ആര് ഭരിക്കണമെന്നു തീരുമാനിക്കും. ആര് തോല്കണമെന്നും അവർ നിശ്ചയിക്കും. ഇതെല്ലാം അവരുടെ ഒരു വർഷത്തെ അക്കൗണ്ട് ബുക്കിലും ഇയർ എൻഡ് ഡയറിയിലും എഴുതും. അത് അനുസരിച്ചു നമ്മൾ ഭയത്തോടെ ജീവിക്കും, ആധുനിക കാലത്തിലെ ഡോക്ടർമാരും നമ്മൾ ആഘോഷപൂർവം കൊണ്ട് നടക്കുന്ന മൾട്ടി സ്പെഷ്യലിറ്റി ആശുപത്രികളും നമ്മളെ ഭയപ്പെടുത്തും. ഇന്നത്തെ ലോകത്തിൽ മാർക്കറ്റ് ചെയ്യാൻ ഏറ്റവും നല്ല സാധനം ഭയമാണ്. ഈ ഭയത്തെ ലോകത്തിൽ എല്ലാവരും അവരാൽ കഴിയുന്ന രീതിയിൽ മാർക്കറ്റ് ചെയ്യും!

Read More >>