അനുഭവം: ഇവിടെ പരാമര്‍ശിക്കുന്ന കഥാപാത്രങ്ങള്‍ 377 ശതമാനവും ജീവിച്ചിരിക്കുന്നു!

ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന, ഒരു സ്‌കൂളിലെ ടീച്ചറിനെ കുറിച്ചാണ് ഇദ്ദേഹത്തിന് പറയാന്‍ ഉണ്ടായിരുന്നത് അവര്‍ക്ക് 'ഡിവോര്‍സ്' വേണം! അവര്‍ ഒരു 'കട്ട പെന്തകോസ്ത്' കുടുംബത്തില്‍ നിന്നുമുള്ള സ്ത്രീയാണ്- സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമല്ലാതായ സാഹചര്യത്തില്‍ താന്‍ അഭിമുഖീകരിച്ച ഒരു സ്വവര്‍ഗ്ഗ പ്രണയത്തെ കുറിച്ച് എഴുതുകയാണ് നാരദ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് മാത്യു സാമുവല്‍

അനുഭവം: ഇവിടെ പരാമര്‍ശിക്കുന്ന കഥാപാത്രങ്ങള്‍ 377 ശതമാനവും ജീവിച്ചിരിക്കുന്നു!

പിസി 377 സംബന്ധിച്ച കേസ് സുപ്രീകോടതിയില്‍ വന്നപ്പോള്‍ അതില്‍ കക്ഷിചേരുകയും എന്ത് വിലകൊടുത്തും ഈ സെഷനെ നിലനിര്‍ത്തണം എന്നും വാശിപിടിച്ച കൂട്ടരാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍. സഭ ഒന്നടങ്കം ഇതേ നിലപാടാണ് സ്വീകരിച്ചത്. ഞാന്‍ ഡല്‍ഹിയില്‍ കൂടുന്ന ഒരു ഇന്‍ഡിപെന്‍ഡന്റ് ചര്‍ച്ചില്‍ ഇതുസംബന്ധിച്ച് പ്രത്യേക പ്രാര്‍ത്ഥന തന്നെ ഉണ്ടായിരുന്നു. അവരുടെ ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പല സന്ദേശങ്ങളും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഇങ്ങനെയുള്ളവരുടെ പ്രത്യേക അറിവിലേക്കാണ് ഇത് എഴുതുന്നത്.

ഇവിടെ പരാമര്‍ശിക്കുന്ന കഥാപാത്രങ്ങള്‍ ജീവിച്ചിരിപ്പുണ്ട്. ഞാന്‍ നേരിട്ട് നടത്തിയ ചില ഇടപെടലുകലാണ് പറയുന്നത്. നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സണ്‍ഡേ ആരാധന കഴിഞ്ഞു പുറത്തേക്കുവന്നപ്പോഴാണ് ഇതേ സഭാംഗമായ അയല്‍വാസിയായ സുഹൃത്ത് അത്യാവശ്യമായി ഒരു കാര്യം സംസാരിക്കണം എന്ന് ആവശ്യപെട്ടത്. കഴിയുന്ന രീതിയില്‍ സഹായം ചെയ്യണം എന്നും ടിയാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ബ്രദര്‍ വിചാരിച്ചാല്‍ ഇതൊന്നു ഒതുക്കി തീര്‍ക്കാം എന്നും അദ്ദേഹം പറഞ്ഞപ്പോള്‍ ഒന്നിരിക്കാം എന്നു ഞാനും സമ്മതിച്ചു. 'കഫേ കോഫി ഡേയില്‍' ഓരോ ക്യാപച്ചിനോ കുടിച്ചായിരുന്നു സംസാരം.

അദ്ദേഹത്തിന്റെ വളരെ അടുത്ത ബന്ധുവായ 26 വയസുള്ള, ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന, ഒരു സ്‌കൂളിലെ ടീച്ചറിനെ കുറിച്ചാണ് ഇദ്ദേഹത്തിന് പറയാന്‍ ഉണ്ടായിരുന്നത് അവര്‍ക്ക് 'ഡിവോര്‍സ്' വേണം! അവര്‍ ഒരു 'കട്ട പെന്തകോസ്ത്' കുടുംബത്തില്‍ നിന്നുമുള്ള സ്ത്രീയാണ്. അവരുടെ മറ്റൊരു സഹോദരി (അവരും ടീച്ചറാണ്) കല്യാണം കഴിച്ചിരിക്കുന്നത് ഒരു പാസ്റ്ററെയാണ്. കുടുംബകോടതിയില്‍ പോകുന്ന ഏതെങ്കിലും വനിതാ വക്കീലിനെ അന്വേഷിക്കുന്ന ഈ പെണ്‍കുട്ടിയെ നിങ്ങള്‍ ഒന്ന് കണ്ടു സംസാരിക്കണം എന്നാണ് സുഹൃത്തിന്റെ ആവശ്യം. കഴിയുമെങ്കില്‍ കാര്യം പറഞ്ഞു മനസിലാക്കൂ എന്ന ലൈന്‍.

അടുത്ത ദിവസം ഈ പെണ്‍കുട്ടിയും മാതാപിതാക്കളും സഹോദരിയും അവരുടെ ഭര്‍ത്താവും കൂടി എന്നെ കാണാന്‍ എത്തി. ഞങ്ങള്‍ ഇരുന്ന മുറിയുടെ കതക് ഞാന്‍ അടച്ചിട്ടു. സാധാരണക്കാരിയായ ഭയഭക്തിയുള്ള ഒരു മലയാളി പെണ്‍കുട്ടി. അവള്‍ കൂടുതല്‍ ഒന്നും സംസാരിക്കുന്നില്ല. കൂടെയുള്ളവര്‍ മത്സരിച്ചു സംസാരിക്കുന്നുണ്ട്. ഇവരുടെ ഈ കൂട്ട സംസാരത്തില്‍ എനിക്ക് ഒന്നും പിടികിട്ടുന്നുമില്ല. എന്തിനാണ് ഡിവോഴ്‌സിന് എന്നു ആര്‍ക്കും നിശ്ചയം ഇല്ലാത്ത പോലെ!

യുവതിയുടെ ഭര്‍ത്താവ് ദുബായിലാണ്- ഇദ്ദേഹം ഒറ്റ മകനാണ്, ദുബായില്‍ തന്നെ ജനിച്ചു വളര്‍ന്നവന്‍. നല്ല സാമ്പത്തിക ശേഷിയുള്ളതും കട്ട പെന്തക്കോസ്തലുമായ ഫാമിലി. കല്യാണം കഴിഞ്ഞു രണ്ടു വര്‍ഷമായി. ഇതില്‍ ഒന്നര വര്ഷം ഈ യുവതി ദുബായില്‍ ആയിരുന്നു. ആറു മാസം മുമ്പ് ഡല്‍ഹിയില്‍ തിരിച്ചെത്തി.

ഈയുള്ളവന്‍ അപ്പനെയും അമ്മയെയും, കൂടെ വന്നവരെയും പുറത്തേക്കു പറഞ്ഞുവിട്ടു, ഈ യുവതിയോടായി ചോദിച്ചു- എന്താണ് ഡിവോഴ്‌സ് വേണം എന്നു പറയാനുള്ള കാരണം? അയാളുടെ പേര് ചേര്‍ത്ത് അവള്‍ പറഞ്ഞു- 'അച്ചാച്ചന്‍ ഇന്ന് വരെ എന്റെ ദേഹത്തു തൊട്ടിട്ടില്ല... എന്നെ ഒന്ന് കെട്ടിപ്പിടിച്ചിട്ടു പോലുമില്ല... ഞാന്‍ കെട്ടിപിടിയ്ക്കന്‍ ശ്രമിക്കുമ്പോള്‍ തട്ടിമാറ്റുകയും ചെയ്യും... ഇന്ന് വരെ അച്ചാച്ചനെ ഷര്‍ട്ട് ഇടാതെ ഞാന്‍ കണ്ടിട്ടില്ല... ഓഫീസില്‍ നിന്നും വന്നാല്‍ ടിവി കാണും ഉറങ്ങാന്‍ സമയമാകുമ്പോള്‍ മാത്രം ബെഡ്റൂമില്‍ വരും...

അയാളുടെ അപ്പനും അമ്മയ്ക്കും ഇക്കാര്യം അറിയാമോ എന്നു ഞാന്‍ ചോദിച്ചു. അമ്മയോട് പറഞ്ഞിരുന്നു എന്നും എല്ലാം ശരിയാകും പ്രാര്‍ഥിക്കാം എന്നുമാണ് അമ്മ നല്‍കിയ മറുപടി. കൂടുതല്‍ ദൈവത്തോട് അടുക്കുക എന്നും ഉപദേശിച്ചു. അതായതു അവര്‍ക്കും അറിയില്ല- എന്താണ് ശരിയായ കാരണമെന്ന്!

അയാള്‍ക്ക് വേറെ സ്ത്രീകളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് അടുത്തതായി ഞാന്‍ ചോദിച്ചത്.

'അങ്ങനെ ഒന്നുമില്ല, ഞാന്‍ കണ്ടിട്ടില്ല' എന്നായിരുന്നു മറുപടി.'ആരെങ്കിലും അടുത്ത സുഹൃത്തുക്കളായി ഉണ്ടോ?'

'അതേ ചര്‍ച്ചില്‍ വരുന്ന ഒരു പയ്യന്‍ അടുത്ത സുഹൃത്താണ്'

ഞാന്‍ ഇവളുടെ ഭര്‍ത്താവിന്റെ ഫോണ്‍ നമ്പര്‍ വാങ്ങി പിന്നെ കാണാം എന്നും പറഞ്ഞു ആ മീറ്റിങ് അവസാനിപ്പിച്ചു .

അന്നു വൈകിട്ട് ഞാന്‍ അവനെ വിളിച്ചു കാര്യങ്ങള്‍ തിരക്കി. ഒട്ടും സങ്കോചം ഇല്ലാതെ അവന്റെ ഉത്തരം- 'അങ്കിള്‍ ഞാന്‍ ഗേയാണ്' എന്നായിരുന്നു.

'നിനക്ക് പാര്‍ട്ണര്‍ ഉണ്ടോ?'

'ഉണ്ട് ..! 'അവള്‍ പറഞ്ഞ ആ പയ്യന്‍ തന്നെയാണ് കക്ഷി. അവര്‍ സമപ്രായക്കാരാണ്. സുഹൃത്ത് വിവാഹിതനാണോ എന്നു ചോദിച്ചപ്പോള്‍ അതേ, അവളും ഡിവോഴ്‌സ് നോട്ടീസ് കൊടുത്തിരിക്കുകയാണ് എന്നു അവന്‍ പറഞ്ഞു. 'നീ ഗേ ആണെന്ന് മാതാപിതാക്കള്‍ക്ക് അറിയാമോ?' എന്നു ചോദിച്ചപ്പോള്‍- 'അറിയാം...പക്ഷെ എത്ര പറഞ്ഞിട്ടും അവര്‍ക്കു മനസിലാകുന്നില്ല..' എന്നായിരുന്നു മറുപടി. അവര്‍ക്കു കുടുംബവും പള്ളിയും നാട്ടുകാരുമാണ് ഏറ്റുവും വലിയ പ്രശ്‌നം. അധികം ദിവസങ്ങളിലും എന്റെ അസുഖം മാറാന്‍ പ്രാര്‍ത്ഥനയാണ്. ഓരോ പാസ്റ്റര്‍മാര്‍ നാട്ടില്‍ നിന്നും വന്ന്, പ്രാര്‍ത്ഥിച്ചു പണവുമായി പോകുന്നു. അവര്‍ക്കൊന്നും അറിയില്ല ഞാന്‍ ഗേയാണ് എന്ന്! അവന്‍ പറഞ്ഞു നിര്‍ത്തി.

'നീ ഡിവോഴ്‌സിന് തയാറാണോ?' എന്നു ചോദിച്ചപ്പോള്‍ 'യെസ് അങ്കിള്‍ ' എന്നു അവന്‍ ഉടനടി മറുപടിയും നല്‍കി.

ഇത് ഞാന്‍ അറിഞ്ഞ ഒരു യഥാര്‍ത്ഥ സംഭവം. ഇതുപോലെ എത്രയധികം കേസുകള്‍ നമുക്ക് ചുറ്റും ഉള്ളവരില്‍ ഉണ്ടാകുന്നുണ്ട് നമ്മള്‍ അറിയുന്നില്ല എന്നു മാത്രം. അറിയാത്തതെല്ലാം അസത്യമാണ് എന്നും പാപമാണ് എന്നും കരുതുന്നതാണ് തെറ്റ്!

Read More >>