സ്റ്റിംഗും മാധ്യമധര്‍മ്മവും; ചിലതു പറയാനുണ്ട്‌...

സ്റ്റിംഗ് ഓപ്പറേഷനില്‍ പാലിക്കേണ്ട ചിലതുണ്ട്, ഒഴിവാക്കേണ്ടവയും - നാരദ എഡിറ്റർ മാത്യു സാമുവേല്‍ പറയുന്നു. തെഹല്‍ക, നാരദ എന്നീ വെബ്സൈറ്റുകള്‍ പുറത്തുവിട്ട ഗൗരവമായ ചര്‍ച്ചകള്‍ക്കു വഴിതുറന്ന സ്റ്റിംഗ് ഓപ്പറേഷനുകളുടെ മുഖ്യഭാഗമാണ് മാത്യു സാമുവേല്‍

സ്റ്റിംഗും മാധ്യമധര്‍മ്മവും; ചിലതു പറയാനുണ്ട്‌...

സ്റ്റിംഗ് ഓപ്പറേഷന്‍ ചരിത്രം ആരംഭിക്കുന്നത് 1977 ല്‍ ഷിക്കാഗോ സോക്കറുമായി ബന്ധപ്പെട്ടാണ്. തുടര്‍ന്നു വന്ന ഹോളിവുഡ് സിനിമ 'ദ സ്റ്റിംഗ്' വലിയ ഹിറ്റായി മാറുകയും ചെയ്തു. പിന്നീട് അതു മാധ്യമങ്ങളും ശ്രമിച്ചു തുടങ്ങി. ക്രിക്കറ്റ് കോഴയുമായി ബന്ധപ്പെട്ടു തെഹല്‍ക വെബ്സൈറ്റ് 2000-ല്‍ നടത്തിയ ഒരു സ്റ്റിംഗില്‍ ഈയുള്ളവനും ഉണ്ടായിരുന്നു.

അതിന്റെ രണ്ടാം ഭാഗമെടുക്കാൻ പൂണെയിൽ പോയിവരുമ്പോള്‍ "ഡെക്കാൻ ക്വീൻ" എക്സ്പ്രസില്‍ വച്ച് അനിൽ മാളവ്യ എന്നൊരാള്‍ പരിചയപ്പെടുന്നു. അദ്ദേഹം ഡിഫൻസ് സി.എസ്.ഡി കാന്റീനില്‍ പ്രോഡക്റ്റുകൾ വിതരണം ചെയ്യുന്ന ഏജൻസി നടത്തുന്നയാളാണ്. അനിൽ മാളവ്യ അപ്പോള്‍ നല്‍കിയ ഒരു ഇൻഫർമേഷനാണ് എല്ലാത്തിനും തുടക്കമിട്ടത്. മട്ടൺ എന്നുപറഞ്ഞു ഡിഫൻസ് മെസ്സുകളിൽ വിതരണം ചെയ്യുന്നതിൽ ബീഫ് കൂടെ മിക്സ് ചെയ്തിട്ടാണ് നല്‍കുന്നത് പോലും. കോൺട്രാക്ടര്‍മാരും ആർമി നേവിയുടെ സീനിയർ ഓഫീസേർസും ചേര്‍ന്നാണ് ഇങ്ങനെ സപ്ലൈ നടക്കുന്നത്.

ഈ ഇൻഫർമേഷൻ അപ്പോള്‍ എന്റെ എഡിറ്റർ ആയിരുന്ന അനിരുദ്ധ് ബഹലിനെ അറിയിച്ചു. അനിൽ മാളവ്യയുമായി ബന്ധപ്പെടാൻ ഉടനടി നിര്‍ദ്ദേശവും കിട്ടി. അനിലിനെ ഡൽഹിയിൽ എത്തിച്ചു സ്റ്റോറി ചെയ്യാന്‍ തീരുമാനമായി. അതു പിന്നെ അവിടെ നിന്നും കറങ്ങി തിരിഞ്ഞു ഡിഫൻസ് ഫോഴ്സിന്‍റെ ആയുധ ഇടപാടുകളിലേക്കു പോയി. ഇതെല്ലാം കമ്മീഷൻസ് ഓഫ് എൻക്വയറീസിനു മുമ്പാകെ സമർപ്പിച്ച എന്റെ അഫിഡവിറ്റിൽ പറയുന്ന കാര്യങ്ങളാണ്.

വീടിന്റെ അടുത്തു താമസിക്കുന്ന നാലു മലയാളി ചെറുപ്പക്കാർ ഏവിയേഷൻസ് കോഴ്‌സിന് പഠിക്കുമ്പോഴാണ് 2001ല്‍ ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡ് ചെയ്യുന്നത്. അവര്‍ ഒരു ഇന്‍ഫര്‍മേഷന്‍ തന്നു. ഏവിയേഷന്‍ പരീക്ഷയുടെ 'തിയറി' എഴുതിത്തരുന്ന ആളുകളുണ്ട്. ഒരു പേപ്പറിന് 25000 രൂപ ചാർജ് ചെയ്യും. സ്റ്റിംഗ് ചെയ്യുന്നെങ്കില്‍ ഈ പറയുന്ന മലയാളി വിദ്യാര്‍ത്ഥികൾ സഹായിക്കാം എന്നും പറഞ്ഞു. എന്നോടൊപ്പം ജോലി ചെയുന്ന ഷോമ ചൗധരിയുടെ സഹോദരനെ തിയറി എക്സാമില്‍ സഹായിക്കണം എന്ന് ആവശ്യപ്പെട്ട് അഞ്ചോളം പേരെ കണ്ടു ഡീല്‍ എല്ലാം ഉറപ്പിച്ചു ഞങ്ങള്‍ അവയെല്ലാം റെക്കോര്‍ഡ് ചെയ്ത് അനിരുദ്ധ് ബഹലിനെ ഏല്‍പ്പിച്ചു. അദ്ദേഹം പറഞ്ഞു- ഇപ്പോൾ ഈ സ്റ്റോറി പുറത്തു വിട്ടാൽ നമ്മൾ നിലവില്‍ ചെയ്യുന്ന ഡിഫൻസ് സ്റ്റിംഗ് ഓപ്പറേഷനെ ബാധിക്കും. അതുകൊണ്ടു ഇതു പിന്നീടു വിടാം. അങ്ങനെ, നാലു വര്‍ഷത്തിനു ശേഷം 2005ല്‍ തെഹല്‍ക റീലോഞ്ച് ചെയ്തപ്പോള്‍ അതു പുറത്തുവിട്ടു. പറഞ്ഞുവന്നതിതാണ്:

സ്റ്റിംഗ് ചെയ്യുന്നതില്‍ മാത്രമല്ല, അതു പുറത്തുവിടുന്ന സമയത്തിലുമുണ്ട് കാര്യം!

ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡ് ടേപ്പില്‍ ചില അശ്ലീല സംഭാഷണങ്ങളും ഉണ്ടായിരുന്നു. ഏകദേശം 105 മണിക്കൂർ ടേപ്പ് എട്ടുമാസം കൊണ്ടു പൂർത്തിയാക്കിയതാണ്. ഇതിലെ നാലര മണിക്കൂർ എഡിറ്റ് വേർഷൻ മാത്രമാണ് പബ്ലിഷ് ചെയ്തത്. ടേപ്പുകളില്‍ ഉണ്ടായിരുന്ന അശ്ലീലമെന്ന് എഡിറ്റോറിയല്‍ ടീമിനു തോന്നിയത് പരസ്യപ്പെടുത്തിയില്ല, പക്ഷെ അവ അന്വേഷണ ഏജൻസികള്‍ക്കു കൈമാറിയിരുന്നു. ആർമിയുടെ കോർട്ട് ഓഫ് എന്‍ക്വയറിയില്‍ പ്രതികളായി അന്വേഷണം നേരിടുന്ന ചില സീനിയർ ആർമി ഓഫീസേഴ്സ് എന്നോട് ഈ സ്ലീസ് ടേപ്പുകള്‍ കോടതിയില്‍ കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡ് പുറത്തുകൊണ്ടുവന്ന പ്രധാന ഇഷ്യൂ ആർമിയുടെ ഡിഫെൻസ് ഡീൽസ് ആയിരുന്നു. പ്രതികൾ തന്നെ പറയുന്നതായി ടേപ്പുകളില്‍ മനസിലാക്കാന്‍ കഴിയുന്ന ഒന്നുണ്ട് - എല്ലാറ്റിനും മൂന്ന് 'w' വാണ് ആവശ്യം - Wealth, Wine and Women. എന്തെല്ലാം ചിത്രീകരിച്ചുവോ അവയെല്ലാം കൊടുക്കുമെന്ന ഞങ്ങളുടെ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല.

സ്റ്റിംഗ് ചെയ്യുന്നവരിലുണ്ട് കാര്യം!

തെഹല്‍കയുടെ മുന്‍ റിപ്പോര്‍ട്ടര്‍മാരായ ആശിഷ് ഖേതന്‍, റാണാ അയൂബ് തുടങ്ങിയവരാണ് ഗുജറാത്ത്‌ വംശീയ കലാപത്തില്‍ പങ്കാളിയായ ഒരു മന്ത്രിയെയും എം.എല്‍ എയും കുടുക്കുന്നത്. ട്രയല്‍ കോര്‍ട്ടില്‍ നിന്നും വന്ന വിധിയില്‍ ഈ തെളിവുകള്‍ ഇല്ലായിരുന്നു എങ്കില്‍ ഇവര്‍ ശിക്ഷിക്കപ്പെടുകയില്ലായിരുന്നുവെന്ന് വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

ജസ്റ്റിസ് വെങ്കട്ട് സ്വാമി കമ്മീഷന്‍ ഓഫ് എന്‍ക്വയറി അന്വേഷണത്തിനിടയില്‍ ഈ ടേപ്പുകള്‍ പൂര്‍ണ്ണമായും പരിശോധിച്ചിരുന്നു. ലോകം അംഗീകരിച്ച ജൂറിസ്റ്റ് ഉപെന്ദര്‍ ബക്ഷി കോടതിയില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു - ഈ ടേപ്പുകള്‍ മുഴുവന്‍ തെഹല്‍ക പൊതുജനത്തിനു മുന്നിലേക്ക് ഇട്ടുകൊടുത്തിരുന്നെങ്കില്‍ അവര്‍ കാണിക്കുന്നത് തെറ്റാണ് എന്ന് നിസംശയം പറയാം. പക്ഷെ അവര്‍ മാന്യത കാണിച്ചു.

സ്റ്റിംഗ് ചെയ്യുന്ന രീതിയിലുമുണ്ട് കാര്യം!

ബംഗാൾ തൃണമൂല്‍ കോൺഗ്രസിനെതിരായി 2016ല്‍ ചെയ്ത 'എക്സ് ഫയല്‍'സിലും സ്ലീസ് ടോപിക് സംഭാഷണങ്ങള്‍ ഉണ്ട്. ഏകദേശം അമ്പത് മണിക്കൂർ ആകെ റെക്കോർഡിങ് ഉള്ളതില്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്ന ഭാഗങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി 23 മിനിറ്റ് എഡിറ്റ് ചെയ്ത് അതു പബ്ലിക്കായി അപ്‌ലോഡ് ചെയ്തു. അതിലും സ്‌ലീസ് പാർട്ട് കാണിച്ചില്ല. എന്നാല്‍ കൊൽക്കൊത്ത ഹൈക്കോടതി ചോദിച്ചപ്പോൾ പൂര്‍ണ്ണമായ വേർഷൻസ് തന്നെയാണ് കൊടുത്തതും. ഉന്നയിച്ച വിഷയവും അതിനു സംരക്ഷിച്ച മാന്യതയും ഏജൻസികൾ അനേഷിക്കട്ടെ.

പല സ്റ്റോറികളും പല കാര്യങ്ങൾ കൊണ്ടും പൂർത്തിയാക്കാൻ കഴിയില്ല. അതു ചെയ്യുന്നവരുടെ പിടിപ്പുകേടും കാരണമാകാം. ചിലപ്പോൾ ആവേശം വര്‍ധിച്ചും സ്റ്റോറിയുടെ കവർ പൊളിയാം. അതായിരുന്നു കേരളത്തിൽ നടത്താന്‍ ശ്രമിച്ചതും പിന്നീട് ഇപ്പോള്‍ എന്നെ ചെളി വാരി എറിയാനായി ചിലര്‍ ഉപയോഗിക്കുന്നതുമായ ഒരു സ്റ്റിംഗ് ഓപ്പറേഷന്‍ ശ്രമത്തിനും സംഭവിച്ചത്.

ഇവിടെയും ഞങ്ങള്‍ ഉന്നം വച്ചത് അഴിമതി തന്നെയായിരുന്നു. വിഷയം കൈകാര്യം ചെയ്യുമ്പോള്‍ അതിൽ സ്ലീസ് സംഭാഷണങ്ങളും കടന്നുവരാം. പക്ഷെ അതിന്‍റെ ലക്ഷ്മണ രേഖ നിര്‍ണ്ണയിക്കുന്നതു നമ്മളാണ്. അതിനപ്പുറം പോകുന്നുവെന്നോ, വിഷയം വ്യതിചലിക്കുന്നുവെന്നോ തോന്നിയാല്‍ പിന്നെ അതു വിട്ടേക്കണം. പക്ഷെ അതും റെക്കോർഡ് ചെയ്യപ്പെടണം. നാളെ ഇത് അന്വേഷണ ഏജൻസികള്‍ക്ക് കൈമാറാന്‍ ഉള്ളതാണ്. അവിടെ നിന്നും അവ കോടതിയിലും എത്തും. ഫോറൻസിക് ഓഡിയോ വീഡിയോ ടെസ്റ്റുകൾ നടത്തുമ്പോൾ ഇതും ഒരു അഡിഷണൽ തെളിവായതിനാല്‍ ഇത് അത്യാവശ്യവുമാണ്.

സ്റ്റിംഗ് ചെയ്തു കഴിഞ്ഞുള്ള സമീപനത്തിനും പ്രാധാന്യമുണ്ട്!

പലരും എന്റെ ഓഫീസ് പ്രസിദ്ധീകരിക്കാത്ത ചില ഓഡിയോ കേട്ടു കാണുമല്ലോ? പ്രസിദ്ധീകരണയോഗ്യമല്ലാത്ത ഫയലുകള്‍ മാറ്റി വച്ചിരുന്നതില്‍ നിന്നും ഈയുള്ളവന്റെ ചില മുന്‍സഹപ്രവര്‍ത്തകര്‍ അവ മോഷ്ടിച്ചെടുത്തു മസാല മാത്രം വിളമ്പുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ കൂടി പ്രസിദ്ധപ്പെടുത്തി ഞങ്ങളെ അപമാനിക്കുവാനും പണം തട്ടുവാനുമുള്ള ശ്രമവും ഉണ്ടായി. ഇതു ഞങ്ങള്‍ പരാതിപ്പെടുകയും ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയുമാണ്. അന്വേഷണത്തിനു വേണ്ട ഇലക്‌ട്രോണിക്ക് തെളിവുകള്‍ നല്‍കിയിട്ടുമുണ്ട്.

മസാല വിളമ്പുകാര്‍ പുറത്തുവിട്ട ഓഡിയോയെ കുറിച്ചും ചര്‍ച്ചകള്‍ ഇപ്പോള്‍ വീണ്ടും ചിലര്‍ മനഃപൂര്‍വ്വം ഉയര്‍ത്തിക്കൊണ്ടു വരുന്നതു കണ്ടു. ഒന്നു ചോദിക്കട്ടെ, ഹണിട്രാപ് എന്ന് അവര്‍ വിശേഷിപ്പിക്കുന്ന ആ സംഭാഷണശകലത്തിൽ എന്‍റെ റിപ്പോർട്ടർ ഏതെങ്കിലും ഒരു സന്ദർഭത്തിൽ എങ്ങനെയെങ്കിലും സ്ലീസ് കാര്യങ്ങൾ സംസാരിക്കാന്‍ പ്രലോഭനം നല്‍കുന്നുണ്ടോ? റിപ്പോർട്ടർ എന്നോടു ഡെയിലി കാര്യങ്ങള്‍ ബ്രീഫ് ചെയ്ത് അവതരിപ്പിക്കുമ്പോള്‍ അതിൽ എവിടെയെങ്കിലും സ്‌ലീസ് ടോപ്പിക്ക് സംസാരിക്കുന്നുണ്ടോ? താന്‍ നേരിടുന്ന അനുഭവങ്ങളെ വിവരിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്.

ഞങ്ങളുടെ ലക്‌ഷ്യം ഭരിക്കുന്നവർ അനര്‍ഹമായ പണം - അതായത് അവരുടെ കമ്മീഷൻസ് -ആവശ്യപ്പെടുന്നുണ്ടോ എന്നായിരുന്നു. 'ക്യാഷ് ഓൺ ക്യാമറ' തന്നെയായിരുന്നു എപ്പോഴും ഉള്ളതു പോലെ ലക്‌ഷ്യം. അവരുടെ

സ്വകാര്യ ജീവിതത്തിത്തിലേക്ക് കടക്കുന്നതല്ല സ്റ്റിംഗ്

എന്നു നന്നായി അറിയുകയും ചെയ്യാം.

കോൺഗ്രസ് വ്യക്താവ് അഭിഷേക് മനു സിംഗ്‌വിക്ക് ഒരു വനിതാ സുഹൃത്തുമായുള്ള ബന്ധം അദ്ദേഹത്തിന്റെ ഡ്രൈവർ റെക്കോർഡ് ചെയ്യുന്നു. അതു പല ടെലിവിഷൻ ചാനലുകളും പ്രസിദ്ധീകരിച്ചു. ഒടുവില്‍ ഡൽഹി ഹൈക്കോടതി അതിനെ വിലക്കി. ഇതില്‍ പബ്ലിക് ഓഫീസ് മിസ്‌യൂസ് ചെയ്‌തോ എന്നായിരുന്നു കോടതിയുടെ ചോദ്യം. നേതാവ് ലൈംഗികത ആവശ്യപ്പെട്ടു എന്നു മാധ്യമങ്ങള്‍ മറുപടി നല്‍കി. പബ്ലിക് ഓഫീസിന്‍റെ മിസ്‌യൂസ് നടന്നെങ്കില്‍ അതു റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതി ആവശ്യപ്പെട്ടു. അല്ലാതെ പൊതുസമൂഹത്തിനു നഷ്ടം വരുത്താത്ത ഒരാളുടെ സ്വകാര്യതയല്ല പൊതുജനങ്ങള്‍ക്കു നല്‍കേണ്ടത്.

2006 ല്‍ പ്രമുഖ ഹിന്ദി ചാനലായ ഇന്ത്യ ടി.വി ഡല്‍ഹിയിലെ ബീഹാര്‍ ഭവനില്‍ വച്ചു നാല് എം.പിമാരും ലൈംഗിക തൊഴിലാളികളുമായുള്ള ലൈംഗിക ചേഷ്ടകള്‍ ടെലിക്കാസ്റ്റ് ചെയ്തു. മിനിസ്ട്രി ഓഫ് ഇന്‍ഫോര്‍മേഷന്‍ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് ചാനലിനെ ശിക്ഷിക്കുകയും അതു രണ്ടു മാസത്തേക്ക് ഓഫ് -എയര്‍ ചെയ്യുകയും ചെയ്തു.

ലൈവ് ഇന്ത്യ ചാനല്‍: അവിടെയും ആരോ മോഷ്ടിച്ചു കൊണ്ട് വന്ന സ്റ്റിംഗ് ടെലിക്കാസ്റ്റ് ചെയ്തു. ഫലം എഡിറ്ററിനെ പൊലീസ് അകത്താക്കുകയും പ്രസിദ്ധീകരിച്ച വിഷ്വല്‍സ് കൃത്രിമമാണെന്നു കണ്ടെത്തുകയും ചെയ്തു. ചാനലിനെ കുറച്ചു നാൾ ഓഫ്-എയര്‍ ചെയ്യുകയും ചെയ്തു. ഈ കേസുകളുടെ വിചാരണ നടക്കുന്നുമുണ്ട്.

ഈയുള്ളവനെ നാരദ മഹാരാജാവ് എന്നു വിശേഷിപ്പിച്ചു കണ്ടു. ഏഴു ജന്മങ്ങളിലും നാരദന്‍ രാജാവായ ചരിത്രം അറിയില്ല. അജ്ഞതയാകാം. നരനെക്കുറിച്ചുള്ള ജ്ഞാനം പകരുന്നവനാണു നാരദന്‍ എന്ന് അറിയാം... നരനെക്കുറിച്ചു മാത്രം!

വെറുതെ കത്തി/കമ്പി വർത്തമാനങ്ങള്‍ ഇന്‍വസ്റ്റിഗേറ്റീവ് സ്റ്റോറിയാക്കിയാൽ വാദി പ്രതിയാകും എന്നറിയാനുള്ള ലോകപരിജ്ഞാനം ഏതായാലും ഈയുള്ളവനു കൈവന്നിട്ടുണ്ട്.

പറയാന്‍ കാര്യമിതാണ്‌, ഹണിട്രാപ് സമൂഹം ചര്‍ച്ച ചെയ്യുമ്പോള്‍ സാമൂഹിക പരിഷ്ക്കര്‍ത്താക്കളെന്നു സ്വയം വിശേഷിപ്പിക്കുന്ന ചില മാധ്യമപ്രവർത്തകർ ഈയുള്ളവന്റെ പേരും വെറുതെ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നു. ആയിക്കോട്ടെ... നിങ്ങളുടെ നിലവാരം നിങ്ങള്‍ നിശ്ചയിക്കുന്നതാണ്. എന്‍റേത് ഞാനും!

മാധ്യമപ്രവര്‍ത്തനത്തിന്റെ സര്‍ട്ടിഫിക്കേറ്റ് ഏതായാലും ഇവരില്‍ നിന്നും ഈയുള്ളവനു ലഭിക്കേണ്ടതില്ല.അശ്ലീല സന്ദേശങ്ങള്‍ അന്യസ്ത്രീകള്‍ക്ക് അയക്കുന്നതില്‍ ആവോളം ദുഷ്കീര്‍ത്തി കേള്‍പ്പിച്ചിട്ടുള്ളതിനാല്‍ ഒരിക്കല്‍ തെഹല്‍കയുടെ പടി കയറാന്‍ ശ്രമിച്ചിട്ടു നടക്കാതെ പോയവനും, സഹപ്രവര്‍ത്തകയെ കടന്നാക്രമണം നടത്താന്‍ ശ്രമിച്ചതിന് ഈയുള്ളവന്‍ പുറത്താക്കിയവരും ഒരുമിച്ചു നിന്നു കരഞ്ഞു തീര്‍ക്കട്ടെ, അല്ലെ?