എവിടെ പോയി കോണ്‍ഗ്രസ് പാര്‍ട്ടി? അവർ പിറകില്‍ നിന്ന് പിറകിലോട്ട് സഞ്ചരിക്കുകയാണ്

മഹാരാഷ്ട്രയിലും ഹരിയാനയിലും അസംബ്ലി ഇലക്ഷന്‍ നടക്കുകയാണ്. കോണ്‍ഗ്രസ് പ്രചാരണത്തിന്റെ അടുത്തുപോലുമില്ല. അവര്‍ തോല്‍വി മുന്നില്‍ കണ്ട് പിറകില്‍ നിന്ന് പിറകോട്ട് സഞ്ചരിക്കുകയാണ് - നാരദാ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് മാത്യു സാമുവല്‍ എഴുതുന്നു

എവിടെ പോയി കോണ്‍ഗ്രസ് പാര്‍ട്ടി? അവർ പിറകില്‍ നിന്ന് പിറകിലോട്ട് സഞ്ചരിക്കുകയാണ്

ഇന്ത്യയിലെ രണ്ട് രാഷ്ട്രീയ നേതാക്കളെ ജയിലിട്ടിട്ട് ഒരു മാസത്തിലേറെയായി. വല്ലപ്പോഴും അവരെ കുറിച്ച് വാര്‍ത്തകള്‍ വരും. റിമാന്‍ഡ് നീട്ടികൊടുക്കുന്നതോടെ അതും നിലച്ചു. അവര്‍ക്ക് ക്ളീന്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയല്ല, എന്നാലും ചിലത് പറയുകയാണ്- വളരെക്കാലം കേന്ദ്രമന്ത്രിയായിരുന്ന പളനിയപ്പന്‍ ചിദംബരം എന്ന പി. ചിദംബരം ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ നല്ല നാളുകളിലേക്ക് നയിച്ച നേതാവാണ്. അതുപോലെ ഡി കെ ശിവകുമാര്‍ കര്‍ണ്ണാടകയില്‍ നിന്നുമുള്ള ജനസമ്മതിയുള്ള നേതാവുമാണ്.

എവിടെ പോയി കോണ്‍ഗ്രസ് പാര്‍ട്ടി? ഇവരുടെ അറസ്റ്റിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കാര്യമായ ഒരു പ്രതിഷേധം നടത്തുവാന്‍ പോലും കഴിഞ്ഞില്ല. ഒരു ജനാധിപത്യ രാജ്യത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കോണ്‍ഗ്രസ് ഒന്നുമല്ലാതെയാകുകയാണ്. നേതാവ് ഇല്ലാത്ത ഹെഡ്‌ലെസ്സ് ചിക്കന്‍ പാര്‍ട്ടി.

എന്‍ സി പി നേതാവ് ശരദ് പവാറിന് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്റ്‌റേറ്റ് നോട്ടീസ് കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ എന്താണ് സംഭവിച്ചത്? അദ്ദേഹം അത് രാഷ്ട്രീയമായി ഉപയോഗിച്ചു. താന്‍ ഇന്ന ദിവസം ഇ ഡി ഓഫീസില്‍ വരുന്നുണ്ട് എന്ന് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചു. അതുപ്രകാരം ശരത് പവാര്‍ ഹാജരായ ദിവസം രാവിലെ ആയിരകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇ ഡി ഓഫീസ് വളഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരിനും അധികാര കേന്ദ്രത്തിനും അതിന്റെ പ്രത്യാഘാതം പിടികിട്ടി. അവസാനം ഇ ഡി മേധാവികളും പോലീസ് അധികാരികളും പവാറിനെ കണ്ട് കാലുപിടിച്ചു. അതാണ് മറാത്ത നേതാവിന്റെ രാഷ്ട്രീയം- ഇങ്ങോട്ട് വിരട്ടാന്‍ വന്നവനെ തിരിച്ച് വിരട്ടി ഓടിച്ചു!

മഹാരാഷ്ട്രയിലും ഹരിയാനയിലും അസംബ്ലി ഇലക്ഷന്‍ നടക്കുകയാണ്. കോണ്‍ഗ്രസ് പ്രചാരണത്തിന്റെ അടുത്തുപോലുമില്ല. അവര്‍ തോല്‍വി മുന്നില്‍ കണ്ട് പിറകില്‍ നിന്ന് പിറകോട്ട് സഞ്ചരിക്കുകയാണ്. അവിടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പ് സമയത്ത് അവശത്തോടെ നയിക്കാന്‍ ആരുമില്ല.

മഹാരാഷ്ടയിലെ സ്ഥിതി ദയനീയമാണ്. മോദി നയിക്കുന്ന ബിജെപിയ്ക്ക് എവിടെയുമെത്താതെ നില്‍ക്കുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി വെക്കേഷന്‍ മൂഡിലാണ്. ആരെയും കാണാന്‍ കൂട്ടാക്കുന്നില്ല സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചാല്‍ രാഹുലിനെ കാണാന്‍ പറയും. എന്നാല്‍ രാഹുല്‍ പൂര്‍ണമായും ഒഴിഞ്ഞു പോകുകയാണ്. അതായത് താല്‍പര്യം ഇല്ലാത്തവരെ വീണ്ടും കൊണ്ടുവരാന്‍ ശ്രമിക്കുന്ന അതേ രീതിയാണ് കോണ്‍ഗ്രസില്‍ ഇപ്പോഴും തുടരുന്നത്.

ബിജെപി നേതാക്കള്‍ക്ക് 364 ദിവസവും രാഷ്ട്രീയം മാത്രമാണ്. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് നേതാക്കളില്‍ അവധിക്കാലം ആസ്വദിക്കുകയാണ്. ഒന്നിനും കൊള്ളാത്ത ആന്റണി എന്ന 'ഉണ്ണാക്കന്‍' എന്ത് ചെയ്യുന്നു?? അടുത്ത ദിവസം പറയാം.

Read More >>