ഇനിയെത്ര പേരുടെ ചോരയൊഴുകുന്നത് ഈ ടിവി അവതാരകര്‍ക്ക് കാണണം?

കസ്ഗഞ്ചിലെ കലാപം അവിടെയുള്ള മുസ്ലീമുകള്‍ ത്രിവര്‍ണ്ണ പതാകയെ അപമാനിച്ചതിനെ തുടര്‍ന്നാണ്‌ ഉണ്ടായതെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. യഥാര്‍ത്ഥ വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്തവരെ ഒറ്റപ്പെടുത്തുകയും ചെയ്തു, ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ അഭിസര്‍ ശര്‍മ്മ

ഇനിയെത്ര പേരുടെ ചോരയൊഴുകുന്നത് ഈ ടിവി അവതാരകര്‍ക്ക് കാണണം?

"ഹിന്ദുക്കളെ കൊല്ലുന്നതിനെ അവർ ന്യായീകരിച്ചു!

ത്രിവര്‍ണ്ണ പതാകയേന്തിയ യാത്രയ്ക്ക് ഞങ്ങൾ അനുവാദം വാങ്ങണം എന്ന് അവര്‍ പറയുന്നു!

വന്ദേമാതരം, ഭാരത് മാതാ കി ജയ് പോലെ അതിക്രമം ഉയർത്താൻ ഇടയുള്ള മുദ്രാവാക്യം വിളിച്ചു എന്നും അവര്‍ പറഞ്ഞു "

പങ്കജ് ഝായെയും എന്നെയും കുറിച്ച് ഇങ്ങനെയെല്ലാം മര്യാദ ലവലേശം ഇല്ലാതെ പ്രചാരണങ്ങളാണ് 'ദൈനിക് ഭാരത്' എന്ന പേജിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. അപകടകരമായ കിംവദന്തികൾ പ്രചരിപ്പിക്കുകയും കലാപത്തിനു ആഹ്വാനം നൽകുകയും ചെയ്യുന്ന ഒരു പേജാണ് ഇത്. ഭാവനാസമ്പന്നമായ ഈ പ്രചാരങ്ങളെ പൊതുജനം വിശ്വസിക്കുന്നു എന്നാണ് ഇവർ കരുതുന്നത്. എന്നാൽ വസ്തുതകൾ ഇവയല്ല. സത്യസന്ധമായി തെളിവുകൾ നിരത്തി മാധ്യമപ്രവർത്തനം നടത്തുന്ന ജേർണലിസ്റ്റുകളെ ഇവർ വേട്ടയാടുകയാണ്. മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളെ പോലും അവർ ഒഴിവാക്കുന്നില്ല.

പങ്കജ് ഝാ കസ്ഗഞ്ചിലേക്ക് യാത്ര ചെയ്ത് അവിടെ സംഭവിച്ചതിനെ കുറിച്ച് വളച്ചുകെട്ടലുകൾ ഇല്ലാതെയും ആരെയും കുറ്റപ്പെടുത്താതെയും ഒരു റിപ്പോർട്ട് തയ്യാറാക്കി തന്റെ ട്വിറ്റർ അക്കൌണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്നു എന്താണ് ഉണ്ടായതെന്ന് അദ്ദേഹം തന്നെ പറയും.

"രാവിലെ മുതൽ ഒന്നിന് പുറകെ ഒന്നായി എന്നെ അധിക്ഷേപിക്കുന്നവരിൽ നിന്നും എനിക്ക് ടെലഫോൺ കോളുകൾ വരുന്നുണ്ട്. എന്നെ കൊല്ലുമെന്നും എന്റെ മകളെ തട്ടിക്കൊണ്ടു പോകുമെന്നും അവർ ഭീഷണിപ്പെടുത്തി. ഒരു ത്രിവർണ്ണ പദയാത്ര നടത്താൻ ഞങ്ങൾക്ക് അനുമതി വാങ്ങേണ്ടതുണ്ടോ? എന്നവർ ചോദിച്ചു. അങ്ങനെ എന്നോട് ചോദിച്ചത് കസ്ഗഞ്ചിന്റെ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ആയിരുന്നു. ഈ ചോദ്യം അയാൾക്കു മുന്നിൽ ആയിരുന്നില്ലേ ഉയർത്തപ്പെടേണ്ടത്? എന്തിനാണ് എനിക്ക് നേരെ ഈ ചോദ്യങ്ങൾ ഉയർന്നത്? ഇത്രയും കാലത്തെ എന്റെ ജേര്ണലിസ്റ് ജീവിതത്തിനിടയിൽ കാര്യങ്ങൾ ഇങ്ങനെ പോകുന്നത് ഞാൻ കണ്ടിട്ടേയില്ല. ഈ ടെലിഫോൺ നമ്പറുകളിൽ നിന്നും കോളുകൾ എടുക്കുന്നത് ഞാൻ നിർത്തി. കാരണം എന്തുകൊണ്ടാണെന്ന് നിങ്ങൾ അറിയണം എന്നും ഞാൻ ആഗ്രഹിക്കുന്നു - കാരണം, മറുവശത്തു നിന്നും അതിഭീകരത നിറഞ്ഞ ഭീഷണിയാണ് ഞാൻ നേരിടേണ്ടി വരുന്നത്."

ഒരു പത്രപ്രവർത്തകന്റെ മകളെ തട്ടിക്കൊണ്ട് പോകുമെന്നുള്ള ഭീഷണി അധഃപതനത്തിന്റെ പുതിയ ലക്ഷണമാണ്. ഹിന്ദു-മുസ്ലീം സംഘർഷങ്ങൾ വർദ്ധിച്ചുവരുന്നു. അത്യന്തം പിരിമുറുക്കവും മതവികാര തീവ്രതയും നിലനിൽക്കുന്നയിടത്താണ് ഇത്തരം സംഘര്ഷങ്ങള് ഉണ്ടാകുന്നത്.വൻ വിസ്ഫോടനം ഉണ്ടാക്കാനായി ഒരു ചെറിയ തീപ്പൊരി മതി. ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത് ഏതെങ്കിലും തീവ്രവാദ സംഘടനകളാണ് എങ്കിലും മനസിലാക്കമായിരുന്നു, എന്നാൽ ഇവിടെ ഇക്കാര്യത്തിൽ ചില മാധ്യമപ്രവർത്തകർ തന്നെയാണ് പ്രതിസ്ഥാനത്തു നിൽക്കുന്നത്. മുഖ്യധാരാ മാധ്യമപ്രവർത്തകരായിരിക്കുന്നവർ, വസ്തുതകൾ മറച്ചു പിടിച്ചു പൊതുജന സമക്ഷം തെറ്റായ ചിത്രമാണ് അവതരിപ്പിച്ചത്.

ഒരു ടിവി വാർത്താ അവതാരകന്റെ പ്രസ്താവനകൾ / ചോദ്യങ്ങൾ ശ്രദ്ധിക്കുക:

*സ്വന്തം ദേശീയ പതാക ഉയർത്തുന്നതിനു നമ്മുടെ രാജ്യത്തു പ്രശ്നം ഉണ്ടാകേണ്ടതുണ്ടോ?

*ഇന്ത്യയിലല്ലെങ്കിൽ പിന്നെ ത്രിവർണ്ണ പതാക ഉയർത്തേണ്ടത് എവിടെയാണ്- എവിടെയാണ്? പാകിസ്ഥാനിലോ ?

*കസ്ഗഞ്ചിൽ ത്രിവർണ്ണ പതാകയുടെ യഥാർത്ഥ ശത്രുക്കൾ ആരാണ്? പോലീസ് അവരുടെ പേരുകൾ വെളിപ്പെടുത്താത്തത് എന്തുകൊണ്ട്?

* അത്തരത്തിലുള്ള എത്ര പാകിസ്താനികൾ ഇന്ത്യയിൽ വിരാജിക്കുന്നുണ്ട്?

* വന്ദേമാതരം, ഭാരത് മാതാ കി ജയ് എന്നിവ വർഗീയ മുദ്രാവാക്യങ്ങളോ?

മൂന്നാമത്തെ പ്രസ്താവന / ചോദ്യം ശ്രദ്ധിക്കുക- ത്രിവർണ്ണ പതാകയുടെ കസ്ഗഞ്ചിലെ യഥാർത്ഥ ശത്രുക്കൾ ആരാണ് എന്ന്? ദേശീയപതാക ഉയർത്തിയവരിൽ അവിടെ മുസ്ലീമുകളും ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് ഈ വസ്തുത മറച്ചത്? ഈ വസ്തുത ചിത്രങ്ങളിലും ഐ.ജി താക്കൂറിന്റെ പ്രസ്താവനയിലും സ്ഥിരീകരിച്ചിട്ടുണ്ട്. നിങ്ങൾ അത്ര വലിയ അന്വേഷണ പത്രപ്രവർത്തനം ചെയ്യേണ്ടതില്ല. ത്രിവർണ്ണ പതാക യാത്രയ്ക്ക് അനുമതി നൽകിയിരുന്നില്ല എന്ന് സർക്കാർ തന്നെ സമ്മതിക്കുന്നുണ്ട്. എന്നിരുന്നാലും പോലും ആ ന്യൂസ് ചാനലിന്റെ ആങ്കർ ഒറ്റ ദിവസം കൊണ്ടു തന്നെ ഒരു പ്രത്യേക സമൂഹത്തെ പാകിസ്ഥാനികളായി മുദ്രകുത്തുകയും ചെയ്തു.

ത്രിവർണ്ണ പതാകയേന്തിയ കസ്ഗഞ്ചിന്റെ മുസ്ലീമുകളെ എന്തടിസ്ഥാനത്തിലാണ് ഇന്ത്യയുടെ ശത്രുക്കളായി പ്രഖ്യാപിച്ചത്? ഇന്ത്യൻ പതാക ഉയർത്തിയ ഇവരെ പാകിസ്ഥാനികൾ എന്ന് വിശേഷിപ്പിച്ചത് എന്തിനാണ്? അന്തരീക്ഷം പിരിമുറുകുമ്പോൾ, പാകിസ്ഥാനെ എന്തിനാണ് ചർച്ചയിലേക്ക് കൊണ്ടുവന്നത്? ഇത്തരം പ്രസ്താവനകൾ ആരുടെ രാഷ്ട്രീയത്തെ സംരക്ഷിക്കാനാണ്? കാര്യങ്ങൾ ഇവിടെയും അവസാനിക്കുന്നില്ല. കള്ളം പിടിക്കപ്പെടുമ്പോൾ പോലും, ഒരു പക്ഷേ മാപ്പ് പറയുന്നത് പ്രയോജനം ചെയ്‌തെന്നും വരില്ല. ജീവനോടെയുള്ള ഒരാളെ മരിച്ചെന്നു പ്രഖ്യാപിക്കാൻ മാധ്യമപ്രവർത്തകർക്കു ഇടയിൽ നിന്നും ആളുണ്ടായി. അവിടെയും അവസാനിച്ചില്ല, ചന്ദൻ ഗുപ്തയോടൊപ്പം ഒരു രാഹുൽ ഉപാധ്യായ്ക്കും ഏറ്റുമുട്ടലിൽ വെടിയേറ്റു എന്ന് സോഷ്യൽ മീഡിയകളിൽ വാർത്ത പരന്നു. എന്നു മുതൽക്കാണ് നുണകളും,ഉറപ്പില്ലാത്ത വാദങ്ങളുമായി വർഗ്ഗീയ സംഘട്ടനങ്ങൾക്കു വഴിതുറക്കുന്ന പ്രസ്താവനകൾ നൽകാൻ മാധ്യമങ്ങൾ തയ്യാറായത്?

മാധ്യമങ്ങൾക്ക് തെറ്റുകൾ സംഭവിക്കില്ല എന്നല്ല മറിച്ച് ബോധപൂർവ്വം ചെയ്യാൻ ശ്രമിക്കുന്ന ഒരു വിപത്തിനെയാണ് പരാമർശിക്കുന്നത്. ഇത്തരം വാർത്തകളുടെ ഗൗരവവും അപകടവും മനസിലാക്കി, ആദ്യം ലഭിക്കുന്ന വിവരങ്ങളെ പ്രസ്താവനകളാക്കാതെ ഒരു പുതിയ റിപ്പോർട്ട് ഫയൽ ചെയ്യാൻ ആവശ്യപ്പെടാമല്ലോ.അതിനായി ഒരു റിപ്പോർട്ടറെ കസ്ഗഞ്ചിലേക്കു അയക്കാമല്ലോ. ഇപ്പോൾ പ്രസ്താവിച്ച പെരും നുണകളുടെ നേർവിപരീതമായ റിപ്പോർട്ട് അപ്പോൾ ലഭിക്കുകയും ചെയ്യുമായിരുന്നു. നിങ്ങൾ പറഞ്ഞത് സത്യം മാത്രമായിരുന്നുവെങ്കിൽ എന്തിനാണ് പിന്നീട് അത് പിൻവലിച്ചത്? കാരണം ഈ ടെലിവിഷൻ വാർത്താ ചാനലിന് അതൊരു തെറ്റാണ് എന്ന് ബോധ്യപ്പെട്ടു. പക്ഷെ, അതൊരു സാധാരണ തെറ്റ് ആയിരുന്നില്ല.

രാജ്യത്തിന്റെ പതാകയെ മുൻനിർത്തി കസ്ഗഞ്ചിലെ മുഴുവൻ മുസ്ലീമുകൾക്ക് എതിരായ പ്രതിഷേധം ഉയർത്താൻ നിങ്ങളുടെ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്. ഈ അവതാരകന്റെ നുണയുടെ അനന്തരഫലങ്ങൾ ഒരു സമുദായത്തിന്റെ അംഗങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല.

വിതെക്കപ്പെട്ട വിദ്വേഷം അതിനെ തൊട്ടുപോകുന്ന എന്തിനെയും കൊയ്യും. വർഗീയതയുടെ തീക്ഷ്ണമായ തീനാളങ്ങൾക്ക് മുന്നിൽ തിരഞ്ഞെടുപ്പുകൾ ഉണ്ടാകില്ല. ഒരാളുടെ മതം അന്വേഷിച്ചതിനു ശേഷമല്ല ഒരു ഗ്രാമത്തിലെ വീടുകൾ അഗ്നിക്കിരയാക്കുന്നത് . ജനാധിപത്യത്തിനു നേരെയാണ് അതിന്റെ രോഷം ഉയരുന്നത്- അത് എല്ലാവരെയും തുല്യമായി നശിപ്പിക്കുന്നു.

ഈ മാധ്യമപ്രവർത്തകൻ അഴിച്ചുവിട്ട നുണയുടെ തിക്താനുഭവങ്ങൾ മാധ്യമപ്രവർത്തകരായ ഞാനും പങ്കജ് ഝയും അഭിമുഖീകരിക്കുന്നുണ്ട്. ചന്ദൻ ഗുപ്തയുടെ മരണത്തെ ഞങ്ങൾ നീതികരിച്ചു എന്ന് തെളിയിക്കുവാൻ നിങ്ങളെ വെല്ലുവിളിക്കുകയാണ്. ഞങ്ങളുടെ റിപ്പോർട്ടുകളും ബ്ലോഗുകളുമാണ് ഞങ്ങളുടെ ശബ്ദം.പരസ്യവിചാരണ അവിടെ നടക്കട്ടെ. സത്യസന്ധമായിരിക്കുമെങ്കിൽ മാത്രമേ ഞങ്ങൾക്ക് താല്പര്യമുള്ളൂ.

* സാമൂഹിക വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം വാർത്തകളെ അവതരിപ്പിക്കുന്നതിനുള്ള അടിസ്ഥാനം എന്താണ്?

* ഹിന്ദു-മുസ്ലിം സംഘർഷങ്ങൾ ആളിക്കത്തിച്ചു, അവരുടെ രാഷ്ട്രീയ നിക്ഷിപ്ത താൽപര്യങ്ങളാണ് നിങ്ങൾ സംരക്ഷിക്കുന്നത്?

* മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ കൂടി അത്തരത്തിലുള്ള ജാഥകൾ എന്തിനു നടത്തി എന്നും, എന്തുകൊണ്ട് ഇത്രയും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി എന്നും ബറേലിയുടെ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് രാഘവേന്ദ്ര വിക്രം സിംഗ് ചോദിച്ചിരുന്നില്ലേ? വീണ്ടും ഉറപ്പിച്ചു പറയട്ടെ, ഭാരത് മാതാ കി ജയ്, വന്ദേമാതരം എന്നിവ പ്രകോപനപരമായ മുദ്രാവാക്യങ്ങളല്ല, പക്ഷേ ആ പ്രദേശത്ത് പ്രവേശിച്ച് പാക്കിസ്ഥാനുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ ഉയർത്തുന്നത് പ്രകോപനം ലക്ഷ്യമിട്ടു തന്നെയാണ്.

* കസ് ഗഞ്ചി കലാപത്തെക്കുറിച്ച് ഉത്തർപ്രദേശ് ഗവർണറായിരുന്ന രാം നായിക് പറഞ്ഞത് എന്താണ്?സംസ്ഥാനത്തിനു ഇതൊരു കളങ്കമാണ് എന്നല്ലേ? ഇതിനെക്കുറിച്ച് എന്തു പറയുന്നു? അങ്ങനെയെങ്കിൽ, നമുക്ക് അദ്ദേഹത്തെ ദേശീയ വിരുദ്ധനായി അവതരിപ്പിക്കാൻ കഴിയുമോ? ഇല്ല..അല്ലെ?

വർഗീയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ദിവസം കഴിയുന്തോറും കഠിനമായി വരുന്നു. രണ്ടു സമുദായങ്ങൾ തമ്മിൽ ഒരു സംഘട്ടനമുണ്ടായി, ഭൂരിപക്ഷ സമുദായത്തിൽ നിന്നുള്ളവർക്ക് എതിരാളിയെ വില്ലനായി ചിത്രീകരിക്കുന്ന മാധ്യമങ്ങളോടായിരിക്കും ഇഷ്ടം തോന്നുന്നത്.മറ്റൊരു സംഭവങ്ങളെയും വസ്തുതകളെയും അതിന്റെ ശരിയായ സ്വഭാവത്താൽ റിപ്പോർട്ട് ചെയ്യുന്നത് എല്ലാവർക്കും പറഞ്ഞിട്ടുള്ള കാര്യമല്ല. ചന്ദൻ ഗുപ്ത ഹിന്ദുവാണെന്നുള്ളത് സത്യമാണ്. പക്ഷേ, നുണപ്രചരണം നടത്താനും അന്തരീക്ഷം കൂടുതൽ വഷളാക്കാനും ഇക്കാര്യം നിങ്ങളെ അനുവദിക്കുന്നില്ല.

ഇനിയെത്ര ചന്ദൻ ഗുപ്തമാരുടെ മൃതശരീരം കാണണം നിങ്ങൾക്ക്? നിങ്ങൾ ഹിന്ദുക്കളുടെ താല്പര്യം പോലും അല്ല സംസാരിക്കുന്നത്. നിങ്ങൾ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ അനൌദ്യോഗിക വക്താവാണ്. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ സംഘർഷം ഉണ്ടാക്കുന്നതിലൂടെ നിങ്ങൾ ആ പാർട്ടിയുടെ രാഷ്ട്രീയ അജൻഡ നടപ്പിലാക്കുകയാണ്. സാമാധാനവും സ്വസ്ഥജീവിതവും നശിപ്പിച്ചു നിങ്ങൾ എന്ത് ദേശീയതയാണ് സംരക്ഷിക്കുന്നത്? നിങ്ങളുടെ രാജ്യം ഇപ്പോഴും അസ്വസ്ഥമായിരിക്കുന്നതു കാണുന്നതാണോ നിങ്ങളുടെ ദേശസ്നേഹം? കർഷകരുടെ ദുരിതം, തൊഴിലിലായ്മ സൃഷ്ടിക്കുന്ന ആശങ്കകൾ, സർക്കാരിന്റെ പരാജയങ്ങൾ തുടങ്ങിയ മൗലിക പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്? നിങ്ങൾ ഒരു രാഷ്ട്രീയ പാർടിയുടെ ആജ്ഞാനുഭാവികളാണ് എന്നിരുന്നാലും, രാജ്യത്തിലെ അസ്ഥിരതയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മോദിയുടെ മേക്ക് ഇൻ ഇന്ത്യ എങ്ങനെ സ്വപ്നം കാണാനാകും? കുറഞ്ഞപക്ഷം നിങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ എങ്കിലും ലളിതമായി അവതരിപ്പിക്കുവാൻ പഠിക്കുക.


തീവ്രവാദ ഗ്രൂപ്പുകൾ രാഷ്ട്രീയ മുഖ്യധാരയിലേയ്ക്ക് കടക്കുകയാണെങ്കിൽ,അത് ഏറെ പ്രേക്ഷകർ ഉള്ള ചില മാധ്യമങ്ങൾ അവർക്ക് വേണ്ടുന്ന പ്രോത്സാഹനം നൽകുമെന്ന് അറിയാമെന്നുള്ളത് കൊണ്ടാണ്. അത്തരം ഗ്രൂപ്പുകൾക്ക് ഒരു പ്ലാറ്റ്ഫോം നൽകിക്കൊണ്ട് നിങ്ങൾ സാധാരണക്കാരുടെ ജീവിതം ജീർണിപ്പിക്കുകയാണ്. ഞങ്ങളുടെ കുട്ടികളുടെ ജീവിതത്തെയും ഭാവിയെയും നിങ്ങൾ ഇല്ലാതാക്കുന്നു. സത്യസന്ധമല്ലാത്ത പത്രപ്രവർത്തനത്തെ സ്വീകരിക്കുന്നു എന്നു മാത്രമല്ല, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ ഘടകങ്ങളായ ഞങ്ങളുടെ കുടുംബങ്ങൾക്കു നേരെയും നിങ്ങൾ അനീതി ചെയ്യുന്നു. നിങ്ങൾ അവരുടെ സമാധാനത്തെയും ക്ഷേമത്തെയുമാണ് ആക്രമിക്കുന്നത്. ഒരു മാധ്യമപ്രവർത്തകന്‍ എന്ന നിലയിലും ഒരു പിതാവെന്ന നിലയിലും ഇതെനിക്ക് സ്വീകാര്യമല്ല!

(ABP ന്യൂസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് അഭിസര്‍ ശര്‍മ്മ )

Read More >>