സെൻകുമാർ വിധിയുടെ പാഠങ്ങൾ

സോളാർ കേസിന്റെ നാൾവഴിയിൽ വെച്ചാണ് സുപ്രിംകോടതിവിധിയിലെ നിരീക്ഷണങ്ങളെ നാം പരിചയപ്പെടുന്നതെങ്കിലോ? സോളാർ കേസിൽ സംസ്ഥാന മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമായിരുന്നു പ്രധാന കുറ്റാരോപിതർ. തെളിവു നശിപ്പിക്കാനും അന്വേഷണം പ്രഹസനമാക്കാനും സംസ്ഥാനത്തെ പോലീസ് സേനയൊന്നാകെ അറ്റൻഷനിൽ നിന്ന കാലം.

സെൻകുമാർ വിധിയുടെ പാഠങ്ങൾ

വസ്തുനിഷ്ഠ പരിശോധനയിൽ നിലനിൽക്കാത്ത കാരണങ്ങളാണ് സെൻകുമാറിനെ മാറ്റാൻ സർക്കാർ ആയുധമാക്കിയത്. അതത്രേ, കഴിഞ്ഞ ദിവസം പുറത്തുവന്ന സുപ്രിംകോടതി വിധിയുടെ രത്നച്ചുരുക്കം. സെൻകുമാറിനെ സ്ഥാനഭ്രഷ്ടനാക്കിയതിലല്ല, അതിനു പറഞ്ഞ കാരണങ്ങളിലാണ് ചുവടു പിഴച്ചത്. അധികാരസ്ഥാനത്തിരിക്കുന്നവരുടെ ഇഷ്ടാനിഷ്ടങ്ങളല്ല, നേരാണെന്നു തെളിയിക്കാവുന്ന വസ്തുതകളുടെ പേരിൽ വേണം ഉദ്യോഗസ്ഥരെ തൽസ്ഥാനങ്ങളിൽ നിന്നു മാറ്റേണ്ടത് എന്നാണ് സുപ്രിംകോടതി കേരള സർക്കാരിനോടു പറഞ്ഞത്. പൊതുജനതാൽപര്യവും ജനങ്ങളുടെ അതൃപ്തിയുമൊക്കെ കാരണമായി പറയുമ്പോൾ വാദങ്ങൾക്കു വസ്തുതകളുടെ പിൻബലം വേണമെന്നും മുന്നറിയിപ്പിന്റെ സ്വരത്തിൽ കൂട്ടിച്ചേർത്തു.

ഈ വിധിയോടെ ഡിജിപിയെ ഒരു വിശുദ്ധപശുവിന്റെ തൊഴുത്തിലേയ്ക്കു മാറ്റിക്കെട്ടുകയാണ് സുപ്രിംകോടതി . ഐഎഎസും ഐപിഎസും തമ്മിലുള്ള ചരിത്രപരമായ മൂപ്പിളമത്തർക്കത്തിന് പുതിയൊരു മാനം. പൂർണമായ യോജിപ്പും വിശ്വാസവും ഇല്ലെന്ന കാരണം പറഞ്ഞ് ചീഫ് സെക്രട്ടറിയെ വേണമെങ്കിൽ മുഖ്യമന്ത്രിയ്ക്കു മാറ്റാമെന്നും എന്നാൽ ഡിജിപിയോട് ആ കളി വേണ്ടെന്നുമാണ് കോടതി പറഞ്ഞു വെച്ചിരിക്കുന്നത്. ജോസഫ് അലക്സിന്റെ ബാധ കയറി ഐപിഎസുകാരോടു മുട്ടുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം. (While the Chief Secretary can be removed if he or she does not enjoy the confidence of the Chief Minister or does not have a "complete rapport and understanding" with the Chief Minister, the removal cannot be questioned, unless there is a violation of some statutory or constitutional provision. But that is not so with the State Police Chief - ജാഗ്രതൈ!).

സെൻകുമാറിനെ പുകച്ചു ചാടിക്കാൻ ജിഷ കേസും പുറ്റിങ്ങൽ കേസും ആയുധമാക്കിയവർക്ക് സുപ്രിംകോടതി വിധിയിലെ ചില പരാമർശങ്ങൾ സോളാർ കേസിന്റെ പശ്ചാത്തലത്തിൽ വായിച്ചു നോക്കാവുന്നതാണ്. ഭരണരാഷ്ട്രീയ സമ്മർദ്ദങ്ങളാണ് പോലീസ് എത്തിച്ചേർന്ന ദുഃസ്ഥിതിയ്ക്കു കാരണമെന്ന ഗവേഷണഫലമൊക്കെ വിധിയിൽ ഉദ്ധരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയ്ക്കെതിരെ കേസന്വേഷണം അനിവാര്യമാകുമ്പോൾ പൂർണയോജിപ്പില്ലായ്മയും വിശ്വാസക്കുറവും ചൂണ്ടിക്കാട്ടി ഡിജിപിയെ നീക്കം ചെയ്യുമോ എന്ന തമാശച്ചോദ്യം എഴുപത്താറാം ഖണ്ഡികയിൽ പരമോന്നത കോടതി ചോദിച്ചിരിക്കുന്നു.

സോളാർ കേസിന്റെ നാൾവഴിയിൽ വെച്ചാണ് സുപ്രിംകോടതിവിധിയിലെ നിരീക്ഷണങ്ങളെ നാം പരിചയപ്പെടുന്നതെങ്കിലോ? സോളാർ കേസിൽ സംസ്ഥാന മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമായിരുന്നു പ്രധാന കുറ്റാരോപിതർ. തെളിവു നശിപ്പിക്കാനും അന്വേഷണം പ്രഹസനമാക്കാനും സംസ്ഥാനത്തെ പോലീസ് സേനയൊന്നാകെ അറ്റൻഷനിൽ നിന്ന കാലം.

സരിതാ എസ് നായരുടെ കോൾ ലിസ്റ്റ് തിരിച്ചെടുക്കാനാവാത്ത വിധം ഐജി ടി ജെ ജോസ് നശിപ്പിച്ചുവെന്ന മൊഴി ഡിജിപിയായിരുന്ന സെൻകുമാർ ജസ്റ്റിസ് ശിവരാജൻ കമ്മിഷനു നൽകിയത് 2016 ജനുവരി 20നാണ്. തെളിവു നശിപ്പിച്ച ജോസിനെതിരെ എന്തു നടപടിയാണു പോലീസ് മേധാവി സ്വീകരിച്ചത് എന്ന ചോദ്യം ഈ കോടതി വിധി അനിവാര്യമാക്കുന്നില്ലേ. സെൻകുമാർ ഇന്റലിജൻസ് എഡിജിപി ആയിരുന്നപ്പോഴാണല്ലോ ജോസ് തെളിവു നശിപ്പിച്ചകാര്യം കണ്ടെത്തിയതും നടപടിയ്ക്കു ശിപാർശ ചെയ്തതും.

തെളിവു നശിപ്പിച്ച് അന്വേഷണം അട്ടിമറിക്കാൻ കൂട്ടുനിന്ന ഐജിയ്ക്കെതിരെ നടപടിയൊന്നുമെടുത്തില്ലെന്നു ധരിക്കരുത്. ഒരു 'ശിക്ഷ' കൊടുത്തിരുന്നു. ക്രൈം റിക്കോഡ്സ് ബ്യൂറോയുടെ ചുമതലയിൽ നിന്നൊഴിവാക്കി ക്രൈംബ്രാഞ്ചിലേയ്ക്കു തട്ടി. അന്വേഷണവിവരങ്ങളുടെ സൂക്ഷിപ്പുകാരനായിരിക്കെ ചെയ്ത നെറികേടിന് ശിക്ഷ അന്വേഷണ വിഭാഗത്തെ അപ്പാടെ ഏൽപ്പിക്കലാണെന്നു തീരുമാനിച്ച ബുദ്ധിയെ സുപ്രിംകോടതി പരിചയപ്പെടേണ്ടതാണ്. വീഴ്ചയുടെ പേരിൽ ട്രാഫിക്ക് പോലീസുകാരനു നൽകാവുന്ന ഏറ്റവും വലിയ ശിക്ഷയാണല്ലോ ക്രമസമാധാനപാലനച്ചുമതലയേൽപ്പിക്കൽ!

സരിത. എസ്. നായരെ പാർപ്പിച്ച അട്ടക്കുളങ്ങര വനിതാ ജയിലിലെ രജിസ്റ്റർ തിരുത്തിയെന്ന് സോളാർ കമ്മിഷനു ബോധ്യമാവുകയും കമ്മിഷൻ അക്കാര്യം പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരത്തിൽ 2015 ജൂണിൽ സരിത. എസ്. നായർ അറസ്റ്റിലായതു മുതൽ കേസന്വേഷണം അട്ടിമറിക്കാനും തെളിവുകൾ നശിപ്പിക്കാനും ഓരോ ഘട്ടത്തിലും പോലീസ് നടത്തിയ ഇടപെടലുകളെക്കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങൾ ഈ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും നിയമസഭയ്ക്കുള്ളിലും പുറത്തും എത്രയോ വട്ടം ഉന്നയിച്ചിട്ടുണ്ട്.

വിലമതിക്കാനാവാത്ത പ്രസക്തിയുണ്ട്, സുപ്രിംകോടതി വിധിയിലെ ഏഴാം ഖണ്ഡികയിലെ ഈ ഉദ്ധരണിയ്ക്ക് - The present predicament of Police is that they have been exposed to a two pronged pressure vertically from the Administration and laterally from the politicians."

1979ൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലെ പ്രവചനസ്വഭാവമുള്ള വരികൾ. ഭരണരാഷ്ട്രീയ സമ്മർദ്ദം പോലീസിനെ വലിച്ചിഴയ്ക്കുന്ന വഴികൾ പരിചയപ്പെടുത്താൻ സോളാർ കേസിനേക്കാൾ മികച്ച മാതൃക കേരളത്തിനു കിട്ടാനില്ല. വഴിവിട്ടു നൽകിയ ആ സഹായങ്ങളുടെ ചുമതലയും ഉത്തരവാദിത്തവും ആരെങ്കിലുമൊക്കെ ഏറ്റെടുക്കണമല്ലോ, ഔദ്യോഗികമായി.

"The police must be permitted to function without any regard to the status and position of any person while investigating a crime or taking preventive measures" എന്ന് പ്രകാശ് സിംഗ് കേസിൽ സുപ്രിംകോടതി തന്നെ നിർദ്ദേശിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും.

പോലീസുകാരുടെ ധാർമ്മികവീര്യവും ചുമതലാബോധവും നിഷ്പക്ഷതയും നീതിനിർവഹണത്വരയുമെല്ലാം പോലീസ് മേധാവിയുടെ ഔദ്യോഗികകാലാവധിയോട് (tenure of post) നേർഅനുപാതത്തിൽ ബന്ധപ്പെട്ടിരിക്കുന്നുണ്ടെങ്കിൽ, കേസന്വേഷണത്തിന്റെ സമഗ്രതലങ്ങളിലും നടന്ന അട്ടിമറിയുടെ ഉത്തരവാദിത്തവും ആ മേധാവിയ്ക്കു തന്നെയാണ്. യഥാർത്ഥത്തിൽ, സോളാർ കേസ് അട്ടിമറിക്കാൻ നടന്ന ശ്രമങ്ങളെക്കുറിച്ചൊരു ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു ഈ സർക്കാർ ആദ്യം തന്നെ ചെയ്യേണ്ടിയിരുന്നത്. അന്വേഷണ കമ്മിഷന്റെ പരിഗണനാവിഷയങ്ങൾക്കു പുറത്ത് അത്തരമൊരന്വേഷണത്തിന്റെ പഴുതു കണ്ടെത്തണമായിരുന്നു. അതിനു പകരം ഉമ്മൻചാണ്ടിയുടെ മേശപ്പുറത്ത് നളിനി നെറ്റോ സ്ഥാപിച്ച പാമ്പിനെയെടുത്ത് വേണ്ടാത്തിടത്തു വെച്ചതിന്റെ പ്രത്യാഘാതമാണ് സുപ്രിംകോടതിയിൽ നിന്നു ലഭിച്ചത്.

ഇനി ഇതോടൊപ്പമുള്ള വീഡിയോ നോക്കുക. അനുസരണക്കേടു കാട്ടിയ പോലീസുകാരനെ ടി പി സെൻകുമാർ കൈകാര്യം ചെയ്യുന്നതു കാണൂ. സോളാർ കേസിലെ വിലപ്പെട്ട തെളിവുകൾ തിരിച്ചു ലഭിക്കാത്തവിധം നശിപ്പിച്ച ഐജി ടി ജെ ജോസിനുമേൽ ഡിജിപിയായിരിക്കെ ടി പി സെൻകുമാർ എന്തു നടപടിയാണെടുത്തത് എന്ന ചോദ്യം ഇനിയും പ്രസക്തമല്ലേ.

അഥവാ, ആ ചോദ്യമായിരുന്നില്ലേ, അദ്ദേഹത്തെ ഡിജിപി കസേരയിൽ നിന്നു നീക്കം ചെയ്യാൻ ഈ സർക്കാർ ഉറക്കെപ്പറയേണ്ടിയിരുന്ന കാരണം...?(വീഡിയോയ്ക്കു കടപ്പാട് - അമൃത ടിവി)