സ്വാശ്രയ ഇടിമുറികളിലേക്കു പോകാൻ മക്കളെ നിർബന്ധിക്കരുതേ; അവർ ജീവനോടെ മടങ്ങിവരണമെന്നില്ല...

ഇനി ഞാൻ ആ കോളേജിലേയ്ക്കില്ലെന്ന് ആർഷ് രാജ് തീർത്തുപറയുമ്പോൾ ജയിക്കുന്നത് സ്വാശ്രയ മുതലാളിയാണ്... പക്ഷേ...

സ്വാശ്രയ ഇടിമുറികളിലേക്കു പോകാൻ മക്കളെ നിർബന്ധിക്കരുതേ; അവർ ജീവനോടെ മടങ്ങിവരണമെന്നില്ല...

തറയിലിട്ടു ചവിട്ടിയും വലിച്ചിഴച്ചും വകയ്ക്കു കൊള്ളാത്ത ഭക്ഷണം വിളമ്പിയും പീഡിപ്പിക്കാവുന്നതിന്റെ അങ്ങേയറ്റത്തോളം പീഡിപ്പിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന സ്വാശ്രയ മുതലാളിക്ക് സത്യത്തിൽ ഈ കച്ചവടത്തിൽ എന്താണു നീക്കിയിരിപ്പ്? കഴിഞ്ഞദിവസം ആത്മഹത്യയ്ക്കു ശ്രമിച്ച വെള്ളാപ്പള്ളി നടേശൻ എഞ്ചിനീയറിങ് കോളജ് വിദ്യാർത്ഥി ആർഷ് രാജിനെ കണ്ടുമടങ്ങുമ്പോൾ മനസിൽ അവശേഷിച്ചത് ഈ ചോദ്യമാണ്.

ഒരു സൽപ്പേരുമില്ലാത്ത കോളേജ്, ക്രൂരതയുടെ പര്യായമായ മാനേജ്മെന്റ്. ഓരോ നിമിഷവും തീ തിന്നുന്ന കുട്ടികളും രക്ഷിതാക്കളും... ഇങ്ങനെയെത്രകാലം ഇവരീ കച്ചവടം കൊണ്ടുപോകും? ഇക്കഥകളറിയുന്ന ആരാണ് ഇനിയിവിടെ പ്രവേശനം തേടുക? ഇനിയഥവാ ഇതൊക്കെ സഹിച്ച് കോഴ്സ് പൂർത്തിയാക്കുന്ന കുട്ടികളെ എന്തിനു കൊള്ളാം?

ആത്മഹത്യാശ്രമത്തിനു തൊട്ടുമുമ്പുള്ള മണിക്കൂറുകൾ ആർഷ് വിവരിക്കുമ്പോൾ ക്രൂരനായ ഒരേകാധിപതിയുടെ തടവറയിൽപ്പെട്ടുപോയ കൗമാരക്കാരന്റെ ഭീതിയും വെപ്രാളവുമാണ് നാം കേൾക്കുക.

പല്ലി ചത്തു കിടക്കുന്ന ഭക്ഷണം കുട്ടികൾ കഴിച്ചേ തീരൂവെന്ന് നിർബന്ധിക്കുന്ന പ്രിൻസിപ്പലിന് പോലീസിനെയും ഇന്ത്യൻ പീനൽ കോഡിനെയും ഭയക്കേണ്ട കാര്യമില്ല. ഇതൊന്നും ഒരു കുറ്റമായി നിലവിൽ എവിടെയും നിർവചിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പട്ടി നക്കിയതും പൂച്ച തൂറിയതുമായ ആഹാരം ഒരു പരാതിയുമില്ലാതെ വാരിത്തിന്നണമെന്ന് പ്രിൻസിപ്പലിനും ഹോസ്റ്റൽ വാർഡനുമൊക്കെ കുട്ടികളോട് ആജ്ഞാപിക്കാം. അതിനു കഴിയാത്തവരോട് രാത്രിയ്ക്കു രാത്രി പെട്ടിയുമെടുത്ത് സ്ഥലം വിട്ടോളാൻ കൽപിക്കാം. ഇവിടെയൊക്കെ പത്തിവിരിച്ചു ചീറ്റുന്ന അധികാരത്തിന്റെ വിഷപ്പല്ലു പറിക്കാൻ ഇന്ത്യൻ പീനൽ കോഡിലും സിആർപിസിയിലും വിദ്യാഭ്യാസ അവകാശ നിയമത്തിലും വ്യവസ്ഥയില്ല.

കാന്റീനിലെ വകയ്ക്കു കൊള്ളാത്ത ഭക്ഷണം നിഷേധിച്ച് ഉച്ചഭക്ഷണം കോളജിനു പുറത്തുനിന്ന് കഴിച്ചതിന്റെ പേരിൽ ഒരു കുട്ടിയ്ക്ക് വൈകുന്നേരമായപ്പോൾ ആത്മഹത്യയ്ക്കു ശ്രമിക്കേണ്ടി വരുന്ന സാഹചര്യം. ഉച്ചഭക്ഷണത്തിനുള്ള അനുമതി സംഘടിപ്പിക്കാൻ തന്നെ വലിയ പാടായിരുന്നത്രേ. കുട്ടികൾ തിരിച്ചെത്തിയപ്പോഴേയ്ക്കും പ്രിൻസിപ്പലിന്റെ നിറം മാറി. ഭക്ഷണം കഴിച്ചുവന്നവരെ രണ്ടു വിഭാഗമാക്കി തിരിച്ചു താക്കീത്.

പോയവരിൽ ഹോസ്റ്റൽ അന്തേവാസികൾ രണ്ടുപേർ. ആർഷും ആലപ്പുഴ സ്വദേശി ഗോകുൽ കൃഷ്ണനും. രണ്ടുപേരോടും സ്ഥലം വിടാൻ ആജ്ഞ. രക്ഷിതാക്കൾക്കു നേരെ ഭീഷണി. ഗോകുൽ വീട്ടിലേയ്ക്കു പോയി. അമ്മയുടെ കണ്ണീരും ഭാവിയെക്കുറിച്ചുള്ള ആശങ്കയും സാമ്പത്തികനഷ്ടവും ഒക്കെ ആലോചിച്ചു പതറിയ ഒരു നിമിഷത്തിലാണ് ആർഷ് ആ കടുംകൈയ്ക്കൊരുങ്ങിയത്.

ഓർക്കുക. കുട്ടികളുടെ സംഘടിതമായ പ്രതിഷേധം ഒരുവശത്ത് ഫലം കണ്ടു തുടങ്ങുമ്പോഴാണ് മറുവശത്ത് പ്രതികരിക്കുന്ന കുട്ടികളെ ചുണ്ണാമ്പു തൊട്ടു നിർഭയം പക പോക്കുന്നത്. കോളജിന്റെ ഇടിമുറികളിൽ ക്രൌര്യത്തിന്റെ ചോര തെറിപ്പിക്കാൻ ഇപ്പോൾ സുഭാഷ് വാസു വരുന്നില്ല. ചോദ്യം ചെയ്യുന്നവരെയും പരാതിപ്പെടുന്നവരെയും കായികമായി വേട്ടയാടുന്ന പഴയ പതിവ് കുട്ടികൾ അവസാനിപ്പിച്ചു. പക്ഷേ, ചിലരെയൊക്കെ അന്നേ മാനേജ്മെന്റ് നോക്കിവെച്ചതാണ്. ആ പട്ടികയിലുണ്ട്, ആർഷും ഗോകുലുമൊക്കെ.

വിദ്യ കൊണ്ടു പ്രബുദ്ധരാകൂ എന്നായിരുന്നു ഗുരുവിന്റെ ഉപദേശം. പക്ഷേ, വിദ്യ വിറ്റു പ്രബലന്മാരാകൂ എന്നാണ് ചിലരതു കേട്ടത്. അതിനുള്ള അഭ്യാസം മനഃപ്പാഠമാക്കിയവരുടെ കൈവശം സംഘടനയെത്തിയപ്പോൾ എസ്എൻ കോളജുകൾക്കു പകരം വെള്ളാപ്പള്ളി കോളജുകളുണ്ടായി. കള്ളു കച്ചവടവും കരാർപ്പണിയും ലാഭകരമാക്കിയ കൈയറപ്പു തീർന്ന മാനേജ്മെന്റ് വൈഭവമാണ് ഉന്നത വിദ്യാഭ്യാസമേഖലയിലെ വിദ്യാർത്ഥികളുടെ കാര്യത്തിലും പയറ്റുമുറ.

വെള്ളാപ്പള്ളി എഞ്ചിനീയറിങ് കോളജ് ഹോസ്റ്റലിൽ ലാപ്ടോപ്പ് നിരോധിച്ചിരിക്കുകയാണത്രേ. ആർഷ് അക്കാര്യം വിശദീകരിക്കുമ്പോൾ വങ്കൻമാർ നടത്തുന്ന എഞ്ചിനീയറിങ് കോളേജിൽ പഠിക്കാൻ ചേർന്നതിന്റെ സങ്കടമുണ്ട്, ആ വാക്കുകളിൽ. വിദ്യാർത്ഥികൾക്ക് ഏറ്റവും ആധുനികമായ സൗകര്യങ്ങളേർപ്പെടുത്താനാണ് നിലവാരമുള്ള എല്ലാ കോളേജുകളും തയ്യാറാവുക. എന്നാൽ കോളേജു ഹോസ്റ്റലിലെ അന്തേവാസികൾക്ക് ഇക്കാലത്ത് ലാപ്ടോപ്പും ഇന്റർനെറ്റും വിലക്കാൻ, ഉന്നതവിദ്യാഭ്യാസം ചക്കയോ മാങ്ങയോ എന്നറിയാത്ത മാനേജ്മെന്റിനേ കഴിയൂ.

അസൗകര്യങ്ങളിൽ പരാതിപ്പെടുന്നവരും അനീതികൾക്കെതിരെ പ്രതികരിക്കുന്നവരും മാനേജ്മെന്റിന്റെ നോട്ടപ്പുള്ളികളാണ്. ഡൊണേഷനായും ഫീസായും കൈപ്പറ്റുന്ന വൻതുക വരുംതലമുറയുടെ പ്രതികരണശേഷി ഊറ്റിക്കളയാനുള്ള അച്ചാരമാണെന്ന മട്ടിലാണ് അധികൃതരുടെ പെരുമാറ്റം. ആ പെരുമാറ്റമാണ് ഒരു മുഴം കയറിൽ എല്ലാം അവസാനിപ്പിക്കാമെന്ന തോന്നലിലേയ്ക്ക് ആർഷ് രാജിനെ നയിച്ചത്. തലനാരിഴയ്ക്ക് മറ്റൊരു ജിഷ്ണുവിന്റെ ആഘാതത്തിൽ നിന്ന് കേരളം രക്ഷപെട്ടു.

ഇടിമുറികളിലേയ്ക്ക് ഇരച്ചു കയറുന്ന വിദ്യാർത്ഥി സംഘടനകളോട്….

സ്വാശ്രയകോളേജുകളിൽ മാനേജുമെന്റിന്റെ ഇടിമുറികൾ വിദ്യാർത്ഥികളുടെ സംഘശക്തിയ്ക്കു മുന്നിൽ പൊടിഞ്ഞു തീരണം. സംശയമില്ല. ഇടിമുറികളിലെ ഉപാസനാമൂർത്തികളും അവരുടെ തന്ത്രിമാരും കുട്ടികളുടെ കൈക്കരുത്തും അറിയണം. തർക്കമില്ല.

അതോടൊപ്പം സ്വാശ്രയ കോളേജുകളിലെ കുട്ടികൾക്കെതിരെയുള്ള മാനേജ്മെന്റ് ഗുണ്ടായിസം റാഗിങ്ങിന്റെ നിർവചനത്തിൽപ്പെടുത്തി ക്രിമിനൽ കുറ്റമാക്കാനുള്ള നിയമപരിഷ്കാരവും വിദ്യാർത്ഥി സംഘടനകളുടെ അജണ്ടയാകണം.

2013ലെ ക്രിമിനൽ നിയമ ഭേദഗതി നിയമമാണ്, ഔദ്യോഗികാധികാരവും പദവിയും ഉപയോഗിച്ച് കീഴ്ജീവനക്കാരോ കസ്റ്റഡിയിലുള്ളതോ ആയ സ്ത്രീകളെ ലൈംഗികേച്ഛയ്ക്കു വശംവദയാക്കുന്നത് കുറ്റകരമാക്കിയത്. അഞ്ചു മുതൽ പത്തുവർഷം വരെയാണ് ശിക്ഷ. വേണ്ടി വന്നാൽ പിഴയും ഈടാക്കും. ഔദ്യോഗികാധികാരമോ വിശ്വാസത്തിൽ അധിഷ്ഠിതമായ ബന്ധമോ ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുന്നതാണ് കുറ്റകരമാകുന്നത്.

ഇത്തരത്തിൽ സ്ത്രീ അനുഭവിക്കുന്ന നിസഹായതയ്ക്കു തുല്യമാണ് ജിഷ്ണുവും ആർഷുമടങ്ങുന്ന വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ പൊതുവേയും ഇടിമുറികളിൽ പ്രത്യേകിച്ചും അനുഭവിക്കുന്നത്. കൂട്ടുകാരോ കോളേജിനു പുറത്തുള്ളവരോ കായികമായി ആക്രമിച്ചാൽ ഒറ്റയ്ക്കോ സംഘം ചേർന്നോ തിരിച്ചടിക്കു പ്രാപ്തിയുണ്ടവർക്ക്. എന്നാൽ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലുമടക്കമുള്ള സ്ഥാപനമേധാവികളും അധ്യാപകരും മാനേജ്മെന്റുമൊക്കെ ക്രൂരമായ പീഡനങ്ങൾക്കു തുനിഞ്ഞിറങ്ങുമ്പോൾ പല കാരണങ്ങളാൽ നിസഹായരാകേണ്ടി വരും.

ഇനിയൊരു ജിഷ്ണു ഉണ്ടാകാതിരിക്കണമെങ്കിൽ (സ്വാശ്രയ) സ്ഥാപനമേധാവികളുടെ ഇത്തരം ക്രൂരതകളെ നിയമം വഴി നിർവചിച്ച് ശിക്ഷാർഹമാക്കണം. വ്യക്തിയുടെ മാന്യതയ്ക്കും ധാർമികതയ്ക്കും ഭംഗമുണ്ടാക്കുന്നത് നിലവിൽ റാ​ഗിങ് നിർവചനപ്രകാരമുള്ള കുറ്റമാണ്. ശാരീരികമായ മുറിവുണ്ടാക്കലും മുറിവിനോ പരുക്കിനോ ഇടയാക്കലും തെറ്റായ വിലക്കുകളും നിയന്ത്രണങ്ങളും സൃഷ്ടിക്കുന്നതും കുറ്റകരമായ ബലപ്രയോഗവും സ്വാഭാവികമല്ലാത്ത അപമാനപ്രവർത്തനവുമെല്ലാം റാഗിങ്ങാണ്. രണ്ടു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം.

മേൽപ്പറഞ്ഞ ഏതാണ്ടെല്ലാ ക്രൂരതയ്ക്കും ജിഷ്ണുവും ആർഷുമൊക്കെ ഇരയായിട്ടുണ്ട്. ഏറ്റുവാങ്ങേണ്ടി വന്ന ദുരനുഭവങ്ങൾ മൂലം ഒരാളുടെ ജീവൻ അപായപ്പെട്ടു, മറ്റേയാൾ സ്വയംഹത്യയ്ക്കു തുനിഞ്ഞു. പക്ഷേ, ഉത്തരവാദികൾ അധ്യാപകരോ സ്ഥാപനമേധാവികളോ ആയിരുന്നു എന്ന ഒറ്റക്കാരണത്താൽ ഒരു ശിക്ഷയും അനുഭവിക്കാതെ രക്ഷപെടുന്ന അവസ്ഥയാണ് നിലവിൽ. ഒരു വിദ്യാലയത്തിലെ കുട്ടികൾ ചെയ്താൽ ശിക്ഷിക്കപ്പെടുന്ന അതേ കുറ്റങ്ങൾ അധ്യാപകരോ പ്രിൻസിപ്പലോ ചെയ്താൽ ശിക്ഷയുണ്ടാകുന്നില്ല എന്നു വരുന്നത് എന്തൊരു ഗതികേടാണ്.

ഈ മർമത്തിലാണ് വിദ്യാർത്ഥി സംഘടനകൾ തൊടേണ്ടത്. കലാലയത്തിലെ നിസഹായനായ വിദ്യാർത്ഥിയ്ക്കു നേരെ സ്ഥാപനമേധാവികളിൽ നിന്നുണ്ടാകുന്ന ദുരധികാരപ്രയോഗവും ക്രൂരതകളും ശിക്ഷാർഹമാക്കുന്ന നിയമമുണ്ടാകണം. ഈ ക്രൂരതകൾക്കിരയായി വിദ്യാർത്ഥി ആത്മഹത്യ ചെയ്താൽ ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റം തന്നെ ചുമത്തണം. അതാണ് ജിഷ്ണുവും ആർഷും പഠിപ്പിക്കുന്ന പാഠം.