ലാവലിൻ കേസ്: പിണറായി വിജയൻ മലയാളിയെ പഠിപ്പിച്ച പാഠം

എവിടെപ്പോയി ആ 375 കോടി രൂപ? എവിടെ സിഎജിയുടെ നിരീക്ഷണങ്ങൾ? എവിടെ കോടികളുടെ മണിമാളിക? നൂറുകണക്കിനു തവണ നടത്തിയ സിംഗപ്പൂർ യാത്രകൾ എന്തിനുവേണ്ടിയായിരുന്നു? തെളിവുകൾ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കാൻ ആസൂത്രണം ചെയ്ത ഒരു കൊലപാതകത്തെക്കുറിച്ചു വെളിപ്പെടുത്തലുണ്ടായിരുന്നു ഇടയ്ക്ക്. കൊല്ലപ്പെട്ടത് ആരെന്നോ ശവം എന്തു ചെയ്തുവെന്നോ ഇപ്പോഴും ആർക്കും അറിയില്ല. സിബിഐയ്ക്കും.

ലാവലിൻ കേസ്: പിണറായി വിജയൻ മലയാളിയെ പഠിപ്പിച്ച പാഠം

അന്തസും ആത്മവിശ്വാസവും ചോർത്തിക്കളയുന്ന ഹീനമായ ദുരാരോപണങ്ങൾക്കെതിരെ പെരുവിരലിലൂന്നി നട്ടെല്ലോളം നിവർന്നു നിന്നുള്ള അതിജീവനത്തിന്റെ പാഠപുസ്തകമാണ് പിണറായി വിജയൻ. പറയുന്നത് സബ് ജുഡീസാകുമോ എന്നറിയില്ല. എന്നാലും പറയാനുള്ളതു പറയാനും ചോദിക്കാനുള്ളതു ചോദിക്കാനും കഴിയുന്നില്ലെങ്കിൽപ്പിന്നെ എന്തു സ്വാതന്ത്ര്യം, എന്തു ജനാധിപത്യം?

ഒരിക്കൽപ്പോലും പറഞ്ഞതൊന്നും അദ്ദേഹത്തിന് മാറ്റിപ്പറയേണ്ടി വന്നിട്ടില്ല. പുതിയൊരു രേഖയുടെയോ തെളിവുകളുടെയോ വെളിപ്പെടുത്തലുകളുടെയോ പശ്ചാത്തലത്തിൽ നിരത്തിയ വാദങ്ങളൊന്നും അസാധുവായിട്ടില്ല. വിദഗ്ധൻമാർ പലരും രംഗത്തു വന്നെങ്കിലും ലാവലിൻ കേസിനു മുന്നിൽ തലകുനിച്ചു തൊണ്ട വറ്റി നിൽക്കുന്ന പിണറായി വിജയനെ കേരളം കണ്ടിട്ടേയില്ല.

അതാണാ വിലപ്പെട്ട പാഠം. മലവെള്ളംപോലെ ദുരാരോപണങ്ങൾ കുത്തിയൊലിക്കുമ്പോൾ പിന്തിരിഞ്ഞോടിയില്ല. ഇരുട്ടിന്റെ മറവിൽ വിലപേശലിനു ഊഴം കാത്തുനിന്നതുമില്ല. വേട്ടയാടിയ മാധ്യമപ്രവർത്തകരെയോ മുതലാളിമാരെയോ വരുതിയ്ക്കു നിർത്താൻ പബ്ലിക് റിലേഷൻസ് തന്ത്രങ്ങൾ പയറ്റിയില്ല. സ്വന്തം പക്ഷത്ത് ന്യായവും നീതിയും സത്യവുമുണ്ടെന്നുറപ്പുണ്ടെങ്കിൽ നിവർന്നു നിന്ന് പ്രത്യാക്രമിക്കുക. ആ പാഠമാണ് ലാവലിൻ കേസിൽ പിണറായി വിജയൻ പഠിപ്പിച്ചത്.

രാഷ്ട്രീയക്കാർക്കു മാത്രമല്ല, സാധാരണക്കാർക്കും അതൊരു ജീവിതപാഠമാണ്. ചെയ്യാത്ത തെറ്റുകളുടെയും കുറ്റങ്ങളുടെയും പേരിലുള്ള വേട്ടയാടലുകൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രതിക്കൂട്ടിലെത്തിച്ച സന്ദർഭങ്ങൾ ജീവിതത്തിൽ ആർക്കുമുണ്ടാകാം. നൈരാശ്യത്തിന്റെ ആത്മഹത്യാ മുനമ്പിൽ നിൽക്കേണ്ടി വരുന്ന സന്ദർഭങ്ങൾ. പകവീട്ടാൻ ഒരു മുഴം കയറോ ഒരു കുപ്പി വിഷമോ കൈയെത്തിപ്പിടിക്കുന്ന മുഹൂർത്തങ്ങൾ. പക്ഷേ, അതല്ല വഴിയെന്ന പാഠം പിണറായി എഴുതിയത് സ്വന്തം നട്ടെല്ലു കൊണ്ടാണ്.

പിണറായി വിജയന്റെ രാഷ്ട്രീയജീവിതം അവസാനിപ്പിക്കണമെന്ന ഒറ്റലക്ഷ്യത്തോടെ പ്രചരിപ്പിക്കപ്പെട്ട ദുരാരോപണങ്ങളുടെ പട്ടിക ഞെട്ടിപ്പിക്കുന്നതാണ്. ഗൂഢാലോചനയും അഴിമതിയും അനധികൃത സ്വത്തുസമ്പാദനവും മാത്രമല്ല, തെളിവു നശിപ്പിക്കാൻ ക്രൂരമായ കൊലപാതകത്തിനു പോലും മടിക്കാത്ത കൊടുംവില്ലന്റെ പ്രതിച്ഛായയാണ് കേരളത്തിലെ മാധ്യമങ്ങൾ പിണറായി വിജയനു ചാർത്തിക്കൊടുത്തത്. എതിരാളികളെക്കാളേറെ മാധ്യമങ്ങളും സ്വപക്ഷത്തെ സഹപ്രവർത്തകരുമായിരുന്നു അപവാദങ്ങളുടെ പ്രായോജകരും പ്രചാരകരും. അങ്ങനെയൊരനുഭവം മറ്റാർക്കെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടോ...

ഓർമ്മയുള്ള ലാവലിൻ വിവാദങ്ങളും സിബിഐയുടെ റിപ്പോർട്ടും തമ്മിൽ ഒരു ബന്ധവുമില്ല. ഏറ്റവുമൊടുവിൽ ഹൈക്കോടതിയുടെ ചോദ്യങ്ങൾക്കു സിബിഐ നൽകിയതും ചിരിക്കാൻ വകയേറെയുള്ള മറുപടിയാണ്. 374 കോടിയുടെ അഴിമതിക്കഥ അതിലില്ല.. അഴിമതിപ്പണം കൊണ്ട് സിംഗപ്പൂരിൽ കെട്ടിപ്പൊക്കിയ കമല ഇന്റർനാഷണൽ എന്നൊരു സ്ഥാപനത്തെക്കുറിച്ചും അന്വേഷണ റിപ്പോർട്ടിൽ പരാമർശമില്ല.

എവിടെപ്പോയി ആ 375 കോടി രൂപ? എവിടെ സിഎജിയുടെ നിരീക്ഷണങ്ങൾ? എവിടെ കോടികളുടെ മണിമാളിക? നൂറുകണക്കിനു തവണ നടത്തിയ സിംഗപ്പൂർ യാത്രകൾ എന്തിനുവേണ്ടിയായിരുന്നു? തെളിവുകൾ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കാൻ ആസൂത്രണം ചെയ്ത ഒരു കൊലപാതകത്തെക്കുറിച്ചു വെളിപ്പെടുത്തലുണ്ടായിരുന്നു ഇടയ്ക്ക്. കൊല്ലപ്പെട്ടത് ആരെന്നോ ശവം എന്തു ചെയ്തുവെന്നോ ഇപ്പോഴും ആർക്കും അറിയില്ല. സിബിഐയ്ക്കും.

കൂട്ടത്തിൽ പറയട്ടെ. വിചിത്രമായിരുന്നു ജസ്റ്റിസ് വി കെ ബാലിയെന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ വിധി. അസത്യങ്ങളിലും അർദ്ധസത്യങ്ങളിലും കെട്ടിപ്പൊക്കിയ നിരീക്ഷണങ്ങളും വിധിപ്രസ്താവവും. സുപ്രിംകോടതിയിൽ അപ്പീൽ സമർപ്പിക്കാൻ സ്വാഭാവിക ന്യായങ്ങൾ ഏറെയുണ്ടായിരുന്ന വിധി. ഒരുപക്ഷേ, ആ ഒരു മുഹൂർത്തത്തിൽ മാത്രമായിരിക്കണം മാധ്യമങ്ങൾ സൃഷ്ടിച്ച വ്യാജസമ്മർദ്ദത്തിനു മുന്നിൽ സിപിഐഎം പതറിപ്പോയത്.

സിബിഐ ഹൈക്കോടതിയ്ക്കു നൽകിയ മറുപടിയുടെ റിപ്പോർട്ടിന് മാതൃഭൂമി ന്യൂസ് പോർട്ടൽ നൽകിയ ബ്ലർബ് കൌതുകകരമായിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് വൈദ്യുത ബോര്‍ഡിലെ ഉന്നത ജീവനക്കാര്‍ക്കുണ്ടായിരുന്ന എതിര്‍പ്പുകള്‍ സ്വാധീനം ഉപയോഗിച്ച് മറച്ചുവെച്ചെന്നും നിയമപരമായി നിലനില്‍ക്കാത്ത കരാറാണ് കമ്പനിയുമായി ഉണ്ടാക്കിയതെന്നും സിബിഐ ആരോപിക്കുന്നുവെന്നുമായിരുന്നു ആ വാചകങ്ങൾ. ആരോപണത്തിന്റെ നിജസ്ഥിതി കോടതി പരിശോധിക്കട്ടെ.

പക്ഷേ, സിബിഐ പോലൊരു അന്വേഷണ സംവിധാനത്തിന് എങ്ങനെ ഈ വിധം വിവരക്കേടുകൾ ഹൈക്കോടതിയെ ധരിപ്പിക്കാൻ കഴിയുന്നു? 1996 മെയ് 20നാണ് പിണറായി വിജയൻ വൈദ്യുതി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ചുമതലയേറ്റതിന്റെ മൂന്നാംനാൾ കെഎസ്ഇബിയ്ക്ക് ലാവലിൻ വക ഒരു കത്തു കിട്ടിയിട്ടുണ്ട്. എക്സ്പോഷർ ഫീസിലും കമ്മിറ്റ്മെന്റ് ചാർജിലും ഇളവു വരുത്തണമെന്ന ബോർഡിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടുള്ള കത്ത്. പലിശ ഇളവിന്റെ ആനുകൂല്യം ലഭിക്കണമെങ്കിൽ 1996 ആഗസ്റ്റ് 16നു മുമ്പ് ലോൺ എഗ്രിമെന്റിൽ ഒപ്പുവെയ്ക്കണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.പലിശ ഇളവിന്റെ ആനുകൂല്യം ലഭിക്കണമെങ്കിൽ 1996 ആഗസ്റ്റ് 16നു മുമ്പ് ലോൺ എഗ്രിമെന്റിൽ ഒപ്പുവെയ്ക്കണമെന്ന് ഓർമ്മിപ്പിക്കുന്ന കത്ത്
പി എസ് പി നവീകരണക്കരാറിന്റെ വ്യവസ്ഥകൾ, വായ്പാ തുക, പലിശ, തിരിച്ചടവ്, സാധനങ്ങളുടെ സപ്ലൈ എന്നിങ്ങനെ ഏതാണ്ട് എല്ലാ കാര്യങ്ങളിലും പിണറായി വിജയൻ അധികാരമേൽക്കുന്നതിനു മുമ്പു തന്നെ തീരുമാനമായിക്കഴിഞ്ഞിരുന്നു എന്നതിന് ഈയൊരു കത്തു മാത്രം മതി തെളിവ്. കുറ്റ്യാടി പദ്ധതി സംബന്ധിച്ചും സിബിഐ പൂർണ നിശബ്ദതയാണ് പാലിക്കുന്നത്. പിഎസ് പി പദ്ധതികൾക്കുള്ള കൺസൾട്ടൻറ് സേവന കരാർ ഒപ്പുവെച്ച അതേ ദിവസം തന്നെയായിരുന്നു കുറ്റ്യാടി പദ്ധതിയ്ക്കു വേണ്ട സപ്ലൈ കരാറും കെഎസ്ഇബി എസ്എൻസി ലാവലിനുമായി ഒപ്പുവെച്ചത്.

രണ്ടു പദ്ധതികൾ. നിർവഹണം ഒരേ കമ്പനി. പദ്ധതികളുടെ പേരിലും എസ്റ്റിമേറ്റ് തുകയിലുമുള്ള വ്യത്യാസമല്ലാതെ, വ്യവസ്ഥകളിലോ വാഗ്ദാനങ്ങളിലോ യാതൊരു വ്യത്യാസവുമില്ലാത്ത രണ്ടു കരാറുകൾ. അതിൽ രണ്ടാമത്തെ കരാറിൽ ഒരു പ്രത്യേക ഘട്ടത്തിലെ മന്ത്രി മാത്രം ഗൂഢാലോചനാക്കേസിൽ പ്രതി. കുറ്റ്യാടി പദ്ധതിയിലും കൺസൾട്ടൻസി കരാറും സപ്ലൈ കരാറുമൊക്കെ ലാവലിനുമായി മാത്രമായിരുന്നു. സാമഗ്രികൾ വാങ്ങിയതും ലോൺ സംഘടിപ്പിച്ചതുമെല്ലാം അതേ കമ്പനി.

അവിടെയും ആഗോള ടെൻഡറില്ല. എക്സ്പോഷർ ഫീയും കമ്മിറ്റ്മെന്റ് ചാർജുമൊക്കെ അവിടെയും കൊടുത്തിട്ടുണ്ട്. എന്നിരിക്കെ, ആ കമ്പനിയുമായി രണ്ടാമത്തെ പദ്ധതിയ്ക്കു വേണ്ടി ഒപ്പിട്ട സപ്ലൈ കരാർ മാത്രമെങ്ങനെ നിയമവിരുദ്ധമാകും? ഗൂഢാലോചന, തിടുക്കം, ഉദ്യോഗസ്ഥരുടെ എതിർപ്പ്, മന്ത്രിസഭയുടെ മുൻകൂർ അനുമതി... എന്തൊക്കെ കുറ്റങ്ങൾ. അഞ്ചു പൈസയുടെ പ്രയോജനം സർക്കാരിനില്ലാതെ പോയ കുറ്റ്യാടി കരാറിനു മാത്രം ഇതൊന്നും ബാധകമല്ല. സത്യത്തിൽ, ലാവലിൻ കേസിലെ സിബിഐയുടെ കുറ്റപത്രം വലിച്ചു കീറി കാറ്റിൽപ്പറത്താൻ 2004 മാർച്ച് 31ന്റെ സിഎജി റിപ്പോർട്ടിലെ കുറ്റ്യാടി പദ്ധതിയെക്കുറിച്ചുള്ള അധ്യായം മാത്രം മതി.

ഇത്രമേൽ സുതാര്യമാണ് ലാവലിൻ കേസിന്റെ പ്രതിരോധം. ഇന്റർനെറ്റ് കണക്ഷനുള്ള ഒരു ലാപ് ടോപ്പു കൈയിലുണ്ടെങ്കിൽ കിരൺ തോമസിനും പ്രശാന്ത് ആലപ്പുഴയ്ക്കും സൂരജ് രാജനും വിനോദ് നാരായണനുമൊക്കെ ഒരു മണിക്കൂർ തികച്ചു വേണ്ട, ഹൈക്കോടതിയുടെ ചോദ്യങ്ങൾക്കു മറുപടിയും സിബിഐ വാദങ്ങളുടെ പൊരുത്തക്കേടുകളും വിശദീകരിക്കാൻ.

സിബിഐ എന്ന അന്വേഷണ സംവിധാനത്തെ ചുട്ടു ചാമ്പലാക്കുന്ന ഒരു നിരീക്ഷണമുണ്ട്, കുറ്റപത്രം അസാധുവാക്കിയ കോടതിവിധിയിൽ. അതിങ്ങനെയായിരുന്നു

"a person having a modicum of law in his cranium cannot accept such an absurd proposition propounded by the prosecution and the prosecution cannot be permitted to project such an absurd proposition in support of its case".
തലയ്ക്കു വെളിവുള്ളവർ എന്നേ തള്ളിക്കളഞ്ഞ കുറ്റപത്രത്തെയാണ് ദുർബലമായ വാദങ്ങൾ നിരത്തി ഹൈക്കോടതിയിൽ സിബിഐ പ്രതിരോധിക്കുന്നത്.