മുഹമ്മദു നിസാമിനെപ്പോലുള്ളവർക്കു ശിക്ഷാ ഇളവു ശിപാർശ ചെയ്യുമ്പോൾ പൊതുജനത്തിനു പറയാനുള്ളത്...

ജാതകവശാൽ ഭാഗ്യം തെളിഞ്ഞവനാണ് നിസാം. ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുന്നേ ഇളവിന് അർഹത നേടിയ ലോകത്തെ ആദ്യത്തെ കുറ്റവാളി. 2015 ഡിസംബറിൽ തയ്യാറാക്കിയ ശിക്ഷാ ഇളവിന് അർഹതപ്പെട്ടവരുടെ പട്ടികയിൽ ഇടംപിടിച്ച നിസാമിന് തൃശൂർ അഡീഷണൽ കോടതി ശിക്ഷ വിധിച്ചത് 2016 ജനുവരി 21ന്.

മുഹമ്മദു നിസാമിനെപ്പോലുള്ളവർക്കു ശിക്ഷാ ഇളവു ശിപാർശ ചെയ്യുമ്പോൾ പൊതുജനത്തിനു പറയാനുള്ളത്...

മുഹമ്മദ് നിസാം. ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ നക്ഷത്രക്കാറിടിച്ചു കൊലപ്പെടുത്തിയ കോടീശ്വരൻ. 24 വർഷം ജീവപര്യന്തം തടവിനും എൺപതുലക്ഷം രൂപ പിഴയ്ക്കും ശിക്ഷിക്കപ്പെട്ട കുറ്റവാളി. ഇദ്ദേഹവുമുണ്ടായിരുന്നു, ശിക്ഷാ ഇളവിനർഹരെന്ന് സംസ്ഥാനത്തെ ജയിൽ വകുപ്പു കണ്ടെത്തിയവരുടെ പട്ടികയിൽ.

ജാതകവശാൽ ഭാഗ്യം തെളിഞ്ഞവനാണ് നിസാം. ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുന്നേ ഇളവിന് അർഹത നേടിയ ലോകത്തെ ആദ്യത്തെ കുറ്റവാളി. 2015 ഡിസംബറിൽ തയ്യാറാക്കിയ ശിക്ഷാ ഇളവിന് അർഹതപ്പെട്ടവരുടെ പട്ടികയിൽ ഇടംപിടിച്ച നിസാമിന് തൃശൂർ അഡീഷണൽ കോടതി ശിക്ഷ വിധിച്ചത് 2016 ജനുവരി 21ന്. അതിവേഗമായിരുന്നു ശുഷ്കാന്തി. ബഹുദൂരം താണ്ടിയ ദീർഘവീക്ഷണം.

സംഭവബഹുലമായിരുന്നു നിസാമിന്റെ കസ്റ്റഡിക്കാലം. സുമൻ രൊദ്ദം എന്നയാളെ ആക്രമിച്ചതിന്റെയും ഭീഷണിപ്പെടുത്തിന്റെയും പേരിൽ വിയ്യൂർ സെൻട്രൽ ജയിലിലേയ്ക്ക് ബംഗളൂരു കോടതിയിൽ നിന്ന് വാറണ്ടെത്തിയ കാലം. ആഘോഷമായിത്തന്നെയായിരുന്നു ബംഗളൂരു മെട്രോപൊളിറ്റൻ കോടതിയിലേയ്ക്കുള്ള യാത്രയും പോലീസ് കസ്റ്റഡിയുമൊക്കെ.

ബംഗളൂരുവിൽ വേറെയുമുണ്ടായിരുന്നു കേസ്. മലയാള നടിയും മോഡലുമായ യുവതിയെ പീഡിപ്പിച്ച കേസുള്ളത് കിഴക്കൻ ബംഗളൂരുവിലെ ഫ്രാസെൻ ടൌൺ പോലീസ് സ്റ്റേഷനിൽ.

2013 ജൂൺ 14 വ്യാഴാഴ്ച രാത്രി. വാഹന പരിശോധനയുടെ പേരിൽ നിസാമിന്റെ റോൾസ് റോയിസിനു കൈകാണിച്ച തൃശൂരിലെ പോലീസുകാർ വിവരമറിഞ്ഞു. വനിതാപോലീസുകാരിയെ കാറിനുള്ളിൽ വലിച്ചു കയറ്റി പൂട്ടിയതിനും മദ്യപിച്ചു വാഹനമോടിച്ചതിനുമടക്കം ആറു വകുപ്പുകൾ ചേർത്ത് കേസ്. തൃശൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വക റിമാൻഡ്.

ചന്ദ്രബോസ് കൊലക്കേസിൽ വിചാരണത്തടവുകാരനായി ജയിലിൽ കിടക്കുമ്പോൾ നിസാമിന്റെ ബയോഡേറ്റയിൽ ഇങ്ങനെ ചില കേസുകളുമുണ്ടായിരുന്നു. ജയിലിലുള്ള ഒരാൾക്കെതിരെ ഇത്രയും കേസുണ്ടെങ്കിൽ ഒന്നിലെങ്കിലും ശിക്ഷ ഉറപ്പായേക്കാമെന്ന് അധികാരികൾ മുൻകൂട്ടി കണ്ടതിൽ അത്ഭുതമില്ല. നിസാമിനെപ്പോലുള്ളവരുടെ കാര്യത്തിലെങ്കിലും എങ്ങാനും ബിരിയാണി കിട്ടിയാലോ എന്നു ചിന്തിച്ചില്ലെങ്കിൽ പിന്നാരുടെ കാര്യത്തിലാണവർ അങ്ങനെ ചിന്തിക്കുക. പ്രാരാബ്ധക്കാരുടെ മുന്നിൽ ജയിൽപ്പുള്ളികളുടെ രൂപത്തിലും അവതാരങ്ങൾ പ്രത്യക്ഷപ്പെട്ടേയ്ക്കാം.

സ്വാഭാവികമായും നിസാമിനെപ്പോലുള്ളവർക്കു നേരെ ജയിൽ വകുപ്പ് മനുഷ്യാവകാശത്തിന്റെ കാരുണ്യം കലവറയില്ലാതെ ചൊരിയും. അപ്പോൾ ടിയാന്റെ ഹമ്മറിനു കീഴെ ചതഞ്ഞരഞ്ഞ ചന്ദ്രബോസിന്റെ ഭാര്യയുടെ പ്രതികരണം തേടുന്നത് മാധ്യമധർമ്മത്തിനു വിരുദ്ധമാകാതെ വയ്യ. ചില നേരങ്ങളിൽ ചില ശബ്ദങ്ങൾ അരോചകമാകും. ആ ചിന്തയ്ക്ക് ഉമ്മൻചാണ്ടിയെന്നോ പിണറായി വിജയനെന്നോ ഭേദവിചാരമില്ല.

പ്രശ്നമെന്താണെന്ന് നേരെ ചൊവ്വേ പറയാതെ പൊട്ടൻകളിക്കുകയാണ് പലരും. ആരുടെ ശിക്ഷയും സ്റ്റേറ്റിന് ഇളവു ചെയ്യാം. ഭരണഘടനയും സിആർപിസിയും നിവർത്തിവെച്ചു വാദിച്ചാൽ തർക്കിക്കാനാവില്ല. എന്നുവെച്ച്... കോടതി ശിക്ഷ വിധിച്ചതിന്റെ പിറ്റേന്ന് സ്റ്റേറ്റ് ഈ അവകാശം വിനിയോഗിച്ചാലെന്തു ചെയ്യും? സാങ്കേതികമായി ശരിയുണ്ടെന്നു വാദിക്കാം. പക്ഷേ, നിയമവാഴ്ചയിൽ ജനത്തിനുള്ള വിശ്വാസം ഗോവിന്ദയാകും.

തലയ്ക്കു വെളിവുള്ള നിയമജ്ഞരൊക്കെ ആ അപകടം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഹരിയാന സർക്കാരിനെതിരെ ഒരു കേസിൽ ജസ്റ്റിസ് ഡോ. ബി എസ് ചൌഹാൻ പുറപ്പെടുവിച്ച വിധിയിലിങ്ങനെ പറയുന്നു:

Pardon is an act of grace, proceedings from the power entrusted with the execution of the laws, which exempts the individual on whom it is bestowed from the punishment which law inflicts for a crime he has committed. Every civilised society recognises and has therefore provided for the pardoning power to be exercised as an act of grace and humanity in appropriate cases. This power has been exercised in most of the States from time immemorial, and has always been regarded as a necessary attribute of sovereignty. It is also an act of justice, supported by a wise public policy. It cannot, however, be treated as a privilege. It is as much an official duty as any other act. It is vested in the Authority not for the benefit of the convict only, but for the welfare of the people; who may properly insist upon the performance of that duty by him if a pardon or parole is to be granted. (CRIMINAL APPEAL NO. 566 OF 2010 dated 22 March 2010)
ശിക്ഷായിളവിനുള്ള അധികാരം സ്റ്റേറ്റിന് വിവേചനരഹിതമായി പ്രയോഗിക്കാനാവില്ല. ഉന്നതമായ മാനുഷികതയിലൂന്നിയ നീതിബോധത്തിനു പുറമെ വിവേകത്തിന്റെ ഊർജം പ്രസരിക്കുന്ന ഒരു പൊതുനയവും വേണം. കുറ്റവാളിയ്ക്കു നൽകുന്ന ആനുകൂല്യത്തിന് പൊതുബോധത്തിന്റെ അംഗീകാരമുണ്ടാകണം. എങ്കിലേ വ്യവസ്ഥയിലുള്ള വിശ്വാസം സ്ഥായിയാകൂ.

ജയിലിന്റെ പടി കയറും മുന്നേ കുറ്റവാളിയ്ക്ക് ശിക്ഷാ ഇളവിന്റെ കിന്നരിത്തൊപ്പി സർക്കാർ ചെലവിൽ തയ്യാറാക്കിവെയ്ക്കുന്നതിനെ ന്യായീകരിക്കാൻ ഒരു മാധ്യമത്തിനുമാവില്ല. അതുകൊണ്ടുണ്ടാകുന്ന നഷ്ടം എന്തു തന്നെയായാലും.

ഒരു ജനാധിപത്യസമൂഹത്തിനും ഉൾക്കൊള്ളാനാവാത്ത ഈ സാമൂഹ്യവിരുദ്ധതയെ കൃത്യമായി തുറന്നു കാണിക്കുകയും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുകയുമായിരുന്നു പിണറായി സർക്കാർ ചെയ്യേണ്ടിയിരുന്നത്. ക്രമക്കേട് കണ്ണിൽപ്പെട്ടയുടനെ അതാണു ചെയ്യേണ്ടിയുന്നത്. പകരം ഒരു കമ്മറ്റിയുണ്ടാക്കി പട്ടികയുടെ നീളം കുറച്ചത്രേ. യുഡിഎഫും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നേരിടേണ്ടിയിരുന്ന ജനകീയ വിചാരണയ്ക്കുള്ള അവസരമാണ് ആ കമ്മിറ്റി അട്ടിമറിച്ചത്. നിസാമിനെ ഈ പട്ടികയിലുൾപ്പെടുത്തിയതിന്റെ ന്യായം പൊതുസമൂഹത്തോടു പറയാൻ കഴിഞ്ഞ സർക്കാരിനെ നയിച്ചവരോട് ആവശ്യപ്പെടണമായിരുന്നു. ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പുറകേ വരണമായിരുന്നു.

അങ്ങനെയൊന്നും ഉണ്ടായില്ല. രണ്ടു മാധ്യമസിംഹങ്ങളുടെ ഉപദേശകക്കസേരയ്ക്കു നടുവിലിരിക്കുന്നിട്ടും യുഡിഎഫിന്റെ ജനവിരുദ്ധത തുറന്നു കാണിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാൻ പിണറായി വിജയന് കഴിഞ്ഞില്ല. ദേശാഭിമാനിയോ കൈരളിയോ വഴി അന്നു ചോർത്തണമായിരുന്നു ഈ പട്ടിക.1850 പേരുടെ രണ്ടാം പട്ടിക തയ്യാറാക്കുന്നതിനു മുന്നേ.

ഇക്കാര്യത്തിൽ ഒട്ടും സുതാര്യമായിരുന്നില്ല പിണറായി വിജയന്റെ സമീപനം. നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചപ്പോൾപ്പോലും അദ്ദേഹം ഈ പട്ടികയുടെ പേരിൽ യുഡിഎഫിനെ ആക്രമിച്ചില്ല. ആ പട്ടികയുടെ ജനവിരുദ്ധത ചോദ്യം ചെയ്തുമില്ല. ഉരുണ്ടു കളിച്ചും അഴകൊഴമ്പൻ വാദം പറഞ്ഞും പൊതുന്യായം നിരത്തിയും പിണറായിയ്ക്കു തീരെ ചേരാത്ത പ്രതിരോധത്തിന്റെ പരിചയേന്തിയ മറുപടി.

സത്യമറിയാൻ വിവരാവകാശനിയമപ്രകാരം സമീപിച്ചവനെ ആഭ്യന്തര വകുപ്പ് ആട്ടിയോടിച്ചു. എന്നിട്ടോ? തടവുകാര്‍ക്ക് ശിക്ഷായിളവ് : ശുപാര്‍ശ തയ്യാറാക്കിയത് യുഡിഎഫ് സര്‍ക്കാര്‍ എന്ന തലക്കെട്ടിൽ ബ്യൂറോ ചീഫ് എം രഘുനാഥിന്റെ ബൈലൈൻ വാർത്ത ദേശാഭിമാനിയിൽ വായിക്കൂ. മൂന്നാമത്തെ പാരഗ്രാഫിൽ ഇങ്ങനെ പറയുന്നു:

യുഡിഎഫ് തയ്യാറാക്കിയ 2580 പേരുടെ പട്ടിക വെട്ടിച്ചുരുക്കി 1860 പേരാക്കി. ഇങ്ങനെ ഒഴിവാക്കപ്പെട്ടവരില്‍ ടി പി ചന്ദ്രശേഖരന്‍ കേസിലെ രണ്ടു പ്രതികളുമുണ്ട്.
കഴിഞ്ഞ ദിവസം ആഘോഷിക്കപ്പെട്ട ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി ഷീലാറാണിയുടെ പ്രസ്താവനയ്ക്കു കടകവിരുദ്ധമാണീ വാദം. സംസ്ഥാന സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കാന്‍ തീരുമാനിച്ചവരുടെ പട്ടികയില്‍ ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളും നിസാമും ഉണ്ടായിരുന്നില്ലെന്നായിരുന്നു അഡീഷണല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. അതു ശരിയല്ലെന്നും ചന്ദ്രശേഖരൻ വധക്കേസിലെ രണ്ടു പ്രതികളൊഴികെ മറ്റുള്ളവരെല്ലാം ഇടതു സർക്കാർ ഗവർണർക്കു നൽകിയ പട്ടികയിലുണ്ടെന്ന് ദേശാഭിമാനിയ്ക്ക് പറയാതെ പറയേണ്ടി വന്നിരിക്കുന്നു.

അർദ്ധസത്യം പറഞ്ഞ് സർക്കാരിനെ പ്രതിരോധിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറിയെ ചട്ടം കെട്ടുകയായിരുന്നു. അവരുടെ വാദം പാതി കള്ളമായിരുന്നുവെന്ന് പാർടി പത്രത്തിനു തന്നെ പിറ്റേന്നു പറയേണ്ടി വന്നു. ഇതിൽനിന്നൊക്കെ സർക്കാരും പാർടിയും എന്താണു നേടിയത്?

വിവരാവകാശനിയമം അനുസരിച്ച് ചോദിച്ച ചോദ്യം ആട്ടിത്തെറിപ്പിച്ചവർക്ക് നേരത്തോടു നേരമാകുന്നതിനു മുമ്പ് അതേ വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകേണ്ടി വരുന്നത് ഗതികേടാണ്. മിടുക്കല്ല. മാധ്യമങ്ങൾക്കു നിഷേധിച്ച വിവരങ്ങളാണ് ചോർത്തിയത്. അവ പ്രസിദ്ധീകരിക്കാൻ ആശ്രയിച്ചതും മാധ്യമങ്ങളെത്തന്നെയാണ്. യുഡിഎഫ് സമർപ്പിച്ച പട്ടികയിലെ ഒന്നോ രണ്ടോ പേജുകളിലെ വിവരങ്ങൾ ചാനലുകൾ ബ്രേക്കു ചെയ്യുന്നതിനു മുന്നേ, വിവരങ്ങൾ ദേശാഭിമാനി ബ്യൂറോ ചീഫ് എം രഘുനാഥിന്റെ ഫേസ് ബുക്ക് പോസ്റ്റായും കമന്റുകളായും സോഷ്യൽ മീഡിയയിൽ നിറഞ്ഞു.

കിട്ടിയ വിവരങ്ങൾ ഉപയോഗിച്ച് മിന്നൽവേഗത്തിൽ പ്രതിരോധിക്കാൻ ശ്രമിക്കുന്നതു മനസിലാക്കാം. എന്നാൽ വിവരങ്ങൾ നിയമാനുസൃതം പുറത്തു വരുന്നതു തടയാൻ വിതണ്ഡവാദങ്ങൾ നിരത്തുന്നതും അതേ വിവരങ്ങൾ എംബെഡഡ് മാധ്യമപ്രവർത്തകരിലൂടെ ചോർത്തുന്നതും പിണറായി വിജയനെപ്പോലൊരാളുടെ ഓഫീസിനു ചേർന്ന യുദ്ധമുറയല്ല. ദയനീയമായ ഗതികേടാണത്. ഏതായാലും എംബാർഗോ ലിസ്റ്റിൽ പെടാത്തവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നെങ്കിലും വിവരം കിട്ടുന്നത് നല്ലകാര്യം.

വിഷയത്തിലേയ്ക്കു മടങ്ങാം. ജയിൽ ഡിജിപി അമിത് കാന്തിന് 21-2-2017ന് പുറപ്പെടുവിച്ച പത്രക്കുറിപ്പ് സോഷ്യൽ മീഡിയയിൽ പറന്നു കളിക്കുന്നുണ്ട്. ജയിൽ വകുപ്പ് ശിക്ഷാ ഇളവിനർഹരായ 2262 പേരുടെ പട്ടിക 17-10-2016 ൽ സർക്കാരിനു സമർപ്പിച്ചുവെന്ന് ആ പത്രക്കുറിപ്പിൽ വെടിപ്പായി പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു പട്ടിക സർക്കാരിനു കിട്ടിയിട്ടുണ്ടോ.. എം രഘുനാഥിന്റെ ദേശാഭിമാനി റിപ്പോർട്ട് ഈ പത്രക്കുറിപ്പിനെക്കുറിച്ച് ഒരക്ഷരവും മിണ്ടുന്നില്ല. അങ്ങനെയൊരു പട്ടികയില്ലെങ്കിൽ അക്കാര്യം സർക്കാർ വ്യക്തമാക്കേണ്ടതല്ലേ.

ചുരുക്കിപ്പറഞ്ഞാൽ ആവോളം ആയുധം കൈയിലിരുന്നിട്ടും പ്രയോഗിക്കാനറിയാത്തവരുടെ ഇച്ഛാഭംഗം വിവാദത്തിലുനീളം വ്യക്തമാണ്. എല്ലാ മര്യാദയും ലംഘിച്ചാണ് ശിക്ഷാ ഇളവു പട്ടിക യുഡിഎഫ് തയ്യാറാക്കിയത്. ഗവർണർ കാര്യകാരണസഹിതം നിരസിച്ച ആ പട്ടിക കൈയിൽ കിട്ടിയിട്ട് രാഷ്ട്രീയമായി ഉപയോഗിക്കാൻ മുഖ്യമന്ത്രിയ്ക്കോ സിപിഎമ്മിനോ കഴിഞ്ഞില്ല. അതിന്റെ പേരിൽ നേർക്കുനേരെ നിന്ന് ഒരു നിമിഷമെങ്കിലും യുഡിഎഫിനെ പ്രതിക്കൂട്ടിലാക്കാനായതുമില്ല. വിവാദമുണ്ടായപ്പോൾ നിലപാടില്ലായ്മയുടെ നിലവെള്ളം ചവിട്ടി സകല പേരുദോഷവുമേറ്റു വാങ്ങി...

ആറ്റിക്കുറുക്കിയാൽ അവശേഷിക്കുന്നത് ഒരേയൊരു ചോദ്യം. ഉപദേശകർ തീർക്കുന്ന വാരിക്കുഴിയിൽ കിടക്കുന്നവർ വിവാദങ്ങളെ അതിജീവിക്കാൻ മാധ്യമങ്ങളുടെ നെഞ്ചത്തു കയറിയിട്ടെന്തു കാര്യം...?

(ചിത്രത്തിന് കടപ്പാട് ദേശാഭിമാനി)