ശിക്ഷാ ഇളവ് : വിവാദങ്ങളിൽ ബാക്കിയാകുന്ന ചോദ്യങ്ങൾ

കേരളപ്പിറവിയുടെ വജ്രജൂബിലി അവസരമാക്കി തടവറയിൽ നിന്ന് കൊടുംകുറ്റവാളികളെ സർക്കാർ കൂട്ടത്തോടെ വിട്ടയയ്ക്കാൻ പോകുന്നുവെന്നും അതിൽ ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികളുമുണ്ട് എന്ന വ്യാജപ്രചരണം മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടായി എന്നാണ് സർക്കാർ - സിപിഐഎം അനുകൂലികളിൽ നിന്നുയരുന്ന വിമർശനം. ആ വിമർശനത്തിൽ കഴമ്പുണ്ട്.

ശിക്ഷാ ഇളവ് : വിവാദങ്ങളിൽ ബാക്കിയാകുന്ന ചോദ്യങ്ങൾ

കേരളപ്പിറവിയുടെ വജ്രജൂബിലിയാഘോഷങ്ങളോട് അനുബന്ധിച്ച് തടവുകാർക്കു നൽകാൻ ആലോചിച്ച ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട് വൻവിവാദങ്ങളാണ് ഉയർന്നത്. മാധ്യമങ്ങൾ സർക്കാരിനെ രൂക്ഷമായി വിമർശിച്ചപ്പോൾ, മാധ്യമങ്ങൾക്കെതിരെയും രൂക്ഷ വിമർശനമുയർന്നു. ആ സാഹചര്യത്തിൽ വിവാദങ്ങളുടെ രത്നച്ചുരുക്കം രേഖപ്പെടുത്തുകയാണിവിടെ.

വിട്ടയയ്ക്കലോ ഇളവു നൽകലോ...? (Release or Remission)

കേരളപ്പിറവിയുടെ വജ്രജൂബിലി അവസരമാക്കി തടവറയിൽ നിന്ന് കൊടുംകുറ്റവാളികളെ സർക്കാർ കൂട്ടത്തോടെ വിട്ടയയ്ക്കാൻ പോകുന്നുവെന്നും അതിൽ ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികളുമുണ്ട് എന്ന വ്യാജപ്രചരണം മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടായി എന്നാണ് സർക്കാർ - സിപിഐഎം അനുകൂലികളിൽ നിന്നുയരുന്ന വിമർശനം. ആ വിമർശനത്തിൽ കഴമ്പുണ്ട്.

കൂട്ടത്തോടെ ഒരു സർക്കാരിനും അങ്ങനെ കൂട്ടത്തോടെ പ്രതികളെ മോചിപ്പിക്കാനാവില്ല. അക്കാര്യം നിയമസഭയിലും പത്രസമ്മേളനങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയതുമാണ്. മുഖ്യമന്ത്രിയുടെ വാക്കുകളെ മുഖവിലയ്ക്കെടുത്ത്, വിട്ടയയ്ക്കാനാണോ ഇളവു നൽകാനാണോ സർക്കാർ തീരുമാനിച്ചത് എന്ന് ഖണ്ഡിതമായി ജനങ്ങളെ അറിയിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ട്. അക്കാര്യത്തിൽ ചിലരെങ്കിലും വീഴ്ച വരുത്തിയെന്ന വിമർശനത്തിൽ കഴമ്പുണ്ട്.

അതംഗീകരിക്കുമ്പോഴും ഒരു കാര്യം ചൂണ്ടിക്കാട്ടാതെ വയ്യ. ഒന്നാമതായി ചൂണ്ടിക്കാണിക്കാനുള്ളത് രാജ്ഭവനിൽ നിന്നും 18-2-2017ന് പുറത്തിറങ്ങിയ പത്രക്കുറിപ്പാണ്. തലക്കെട്ടു തന്നെ സംശയാസ്പദം : Release of Prisoners; File retured for clarification.

Kerala Raj Bhavan has returned the file pertaining to the release of.... എന്നാണ് കുറിപ്പിൽ പറയുന്നത്. തലക്കെട്ടിലും വിശദീകരണത്തിലും റിലീസ് (Release) എന്ന വാക്കാണ് ഗവർണർ ഉപയോഗിച്ചത്. റെമിഷൻ (Remission) എന്നല്ല. പിന്നീട് ഈ പത്രക്കുറിപ്പ് തിരുത്തിയെന്നു കേൾക്കുന്നു. അതെന്തായാലും ഇക്കാര്യത്തിലുണ്ടായ സകല ആശയക്കുഴപ്പങ്ങൾക്കും ഈ പത്രക്കുറിപ്പിന് നിർണായകമായ പങ്കുണ്ട്.

സുപ്രിംകോടതി ചീഫ് ജസ്റ്റിസായി വിരമിച്ചയാളാണ് ഗവർണർ. അദ്ദേഹത്തിന്റെ പത്രക്കുറിപ്പു വായിച്ച് 1850 തടവുകാരെ മോചിപ്പിക്കാൻ/വിട്ടയയ്ക്കാൻ സർക്കാർ ആലോചിച്ചു എന്ന നിഗമനത്തിലെത്തിച്ചേരുകയും മുൻപിൻ ആലോചിക്കാതെ വിമർശനം തൊടുക്കുകയും ചെയ്തവരുണ്ട്.

ഗവർണറോ സുപ്രിംകോടതി ചീഫ് ജസ്റ്റിസു തന്നെയോ ഇങ്ങനെ പറഞ്ഞാൽ മറുപരിശോധന (counter check) നടത്തേണ്ട ബാധ്യത മാധ്യമപ്രവർത്തകർക്കുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. അങ്ങനെ ചെയ്യാതെ കൊടുംകുറ്റവാളികളെ സർക്കാർ കൂട്ടത്തോടെ വിട്ടയയ്ക്കാൻ തീരുമാനിച്ചു എന്നു വ്യാഖ്യാനിക്കാവുന്ന വിധം വാർത്തകളും വിശകലനങ്ങളും പ്രസിദ്ധീകരിക്കാൻ പാടില്ലായിരുന്നു.

വിട്ടയയ്ക്കുക എന്ന വാക്കിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പം ഗവർണർക്കു മാത്രമായിരുന്നോ? ഫെബ്രുവരി 22ന് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ ഇക്കാര്യം വിശദമാക്കുന്ന വീഡിയോ ക്ലിപ്പ് അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജിലുണ്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞു തുടങ്ങുന്നത്. പതിനേഴാമത്തെ സെക്കൻഡു മുതൽ കേട്ടു നോക്കൂ.

അന്ന് വിട്ടയയ്ക്കാൻ പുറപ്പെട്ടപ്പോൾ ചില പ്രശ്നങ്ങളുണ്ടായി എന്നാണ് മനസിലാക്കുന്നത്. ഞങ്ങളിപ്പോൾ ചെയ്തത് സാധാരണ നിലയ്ക്ക് വിട്ടയയ്ക്കാൻ പാടില്ലാത്ത ചില കുറ്റകൃത്യങ്ങളിൽപ്പെട്ടവരുണ്ട്. സ്ത്രീകളെ കൊലപ്പെടുത്തിയവർ, അതുപോലുള്ള കുറേ കുറ്റകൃത്യങ്ങൾ. സാധാരണ ശിക്ഷയിൽ അർഹമായ ഇളവുകൾ കൊടുക്കും.

അതു വിട്ടയയ്ക്കലല്ല. എന്ന് അദ്ദേഹം ഇടയ്ക്കിടയ്ക്ക് എടുത്തു പറയുന്നുണ്ട്. ചിലയിടങ്ങളിലെങ്കിലും ഈ വാക്കുകൾ പരസ്പരം മാറിപ്പോകുന്നുണ്ട്. ഒറ്റ വാചകമായി എടുത്താൽ യുഡിഎഫ് കാലത്ത് കുറ്റവാളികളെ കൂട്ടത്തോടെ വിട്ടയയ്ക്കാൻ പുറപ്പെട്ടുവെന്നും അപ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടായി എന്നും മുഖ്യമന്ത്രി ആരോപിച്ചുവെന്ന് വേണമെങ്കിൽ നിരീക്ഷിക്കാം. എന്നാൽ, വീഡിയോ ഒന്നാകെ എടുത്താൽ വാക്കുകൾ പരസ്പരം മാറിപ്പോയതാണെന്നും ശിക്ഷാ ഇളവിനെക്കുറിച്ചു തന്നെയാണ് മുഖ്യമന്ത്രി പറയുന്നതെന്നും മനസിലാക്കാം.

പറഞ്ഞു വരുന്നത് ഇക്കാര്യം വിശദീകരിച്ചപ്പോൾ വിട്ടയയ്ക്കൽ എന്ന വാക്ക് നിയമജ്ഞനായ ഗവർണറും സംസ്ഥാന മുഖ്യമന്ത്രിയും മനപ്പൂർവമല്ലാതെ ഉപയോഗിച്ചിട്ടുണ്ട് എന്നാണ്.

പട്ടികകളും തീയതിയും സംബന്ധിച്ച ആശയക്കുഴപ്പം

കുറ്റവാളികളെ കൂട്ടത്തോടെ വിട്ടയ്ക്കാൻ എൽഡിഎഫ് സർക്കാരോ യുഡിഎഫ് സർക്കാരോ തീരുമാനിച്ചിട്ടില്ല. അക്കാര്യം അസന്നിഗ്ധമായിത്തന്നെ പറയാനാവും. പിന്നെ അവശേഷിക്കുന്നത് ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ്. വിശേഷാവസരങ്ങളിൽ കുറ്റവാളികൾക്ക് ശിക്ഷാ ഇളവു നൽകാറുണ്ട്. അതാണ് നടന്നത്.

ഇരു സർക്കാരുകളുടെയും കാലത്തു തയ്യാറാക്കിയ പട്ടികകളെക്കുറിച്ചാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്. 2015 ഡിസംബറിലാണ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് ജയിൽ വകുപ്പ് പട്ടിക നൽകിയത് എന്നൊരു വിവരം പുറത്തു വന്നിട്ടുണ്ട്. അതിന് തെളിവില്ല.

യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കും ചന്ദ്രബോസിനെപ്പോലുള്ളവർക്കും ഇളവു നൽകാനുള്ള ശുപാർശ നൽകപ്പെട്ടത് എന്നു തെളിയിക്കാൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട രേഖയിലെ തീയതി 2016 ഫെബ്രുവരി 24 ആണ്. 2300 പേരുള്ള യുഡിഎഫിന്റെ പട്ടികയും ഗവർണർ തിരിച്ചയച്ചു.

ഈ പട്ടികയിൽ സൂക്ഷ്മപരിശോധന നടത്തി കുറേപ്പേരെ ഒഴിവാക്കിയാണ് എൽഡിഎഫ് സർക്കാർ പട്ടിക സമർപ്പിച്ചതെന്നും ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി ഷീലാറാണിയുടെ നേതൃത്വത്തിൽ നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി സുരേഷ് കുമാറും ജയിൽ ഡിഐജി ബി പ്രദീപും ഉൾപ്പെട്ട കമ്മിറ്റി സൂക്ഷ്മ പരിശോധന നടത്തിയാണ് 1860 പേരുടെ പട്ടിക തയ്യാറാക്കിയത് എന്നും സർക്കാർ അനുകൂലികൾ വാദിക്കുന്നു.

എന്നാൽ ഈ വാദത്തിന്റെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്നു. ബന്ധപ്പെട്ട ഫയൽ തിരിച്ചയച്ച് ഗവർണർ ഇറക്കിയ പത്രക്കുറിപ്പിലൂടെയാണ് വിവാദം ആരംഭിച്ചത്. തുടർന്ന് ഫെബ്രുവരി 21ന് ജയിൽ എഡിജിപി ആർ ശ്രീലേഖ ഐപിഎസ് ഒരു പത്രക്കുറിപ്പ് പുറത്തിറക്കി. ശിക്ഷാ ഇളവിനുള്ള പരിഗണനയ്ക്ക് 2262 തടവുകാരുടെ പട്ടിക 2016 ഒക്ടോബർ 17ന് ജയിൽ വകുപ്പ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട് എന്ന് ആ പത്രക്കുറിപ്പിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അന്നേദിവസത്തെ ടൈംസ് ഓഫ് ഇന്ത്യാ വാർത്ത ഇതോടൊപ്പമുണ്ട്.

അപ്പോൾ എൽഡിഎഫ് സർക്കാർ ഗവർണർക്കു സമർപ്പിച്ച പട്ടിക ഏതാണ്? വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ ജയിൽ വകുപ്പ് നൽകിയത് 1911 പേരുടെ പട്ടികയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇവിടെ കുറേ ചോദ്യങ്ങൾ ഉത്തരം കാത്തു നിൽക്കുന്നുണ്ട്.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ശിക്ഷാ ഇളവിനു വേണ്ടി തടവുകാരുടെ പട്ടിക ജയിൽ വകുപ്പ് സർക്കാരിനു നൽകിയിട്ടുണ്ടോ? ഉണ്ടെങ്കിൽ എത്രപേരുടെ പട്ടികയാണ് നൽകിയത്. വിവാദങ്ങളിൽ നായകരായ പ്രതികളുടെ പേര് ആ പട്ടികയിൽ ഉൾപ്പെട്ടിരുന്നോ? എഡിജിപിയുടെ പത്രക്കുറിപ്പിൽ പറയുന്ന 2262 എന്ന എണ്ണം സംബന്ധിച്ച സത്യാവസ്ഥയെന്താണ്? 1911 എന്ന എണ്ണം എങ്ങനെ വന്നു?

ജയിൽ എഡിജിപിയുടെ പ്രസ്താവനയിൽ പറയുന്ന എണ്ണം സംബന്ധിച്ച ആശയക്കുഴപ്പം മാറ്റി നിർത്തിയാൽ എൽഡിഎഫിന്റെ കാലത്ത് പുതിയ പട്ടിക ജയിൽ വകുപ്പു നൽകിയിട്ടുണ്ട് എന്നു മനസിലാക്കാം. അതായത്, യുഡിഎഫിന്റെ കാലത്തുണ്ടാക്കിയ 2300 പേരുടെ പട്ടിക വെട്ടിക്കുറയ്ക്കുകയല്ല ഷീലാറാണി കമ്മിറ്റി ചെയ്തത്. ഒക്ടോബർ 17ന് ജയിൽ വകുപ്പു നൽകിയ പുതിയ പട്ടികയുടെ സൂക്ഷ്മപരിശോധനയാണ് അവർ നടത്തിയത്.

ഷീലാ റാണി കമ്മിറ്റി തയ്യാറാക്കിയ അന്തിമ പട്ടികയിൽ പിണറായി വിജയൻ വ്യക്തിപരമായി ഇടപെട്ട് ഒമ്പതു പേരെ ഒഴിവാക്കിയെന്ന് വാർത്തകളുണ്ട്. കൊടി സുനി, കിർമാനി മനോജ് എന്നീ ചന്ദ്രശേഖരൻ കേസിലെ പ്രതികളെയും ചന്ദ്രബോസിന്റെ കൊലയാളി മുഹമ്മദ് നിസാമടക്കം കാപ്പ ചുമത്തപ്പെട്ട ഏഴുപേരെയും ഒഴിവാക്കിയത് മുഖ്യമന്ത്രിയാണെന്നാണ് വിവരം.

ഇതിൽനിന്നും എൽഡിഎഫ് കാലത്ത് ശിക്ഷാ ഇളവിന് അർഹരായവരുടെ പട്ടിക ഗവർണർക്കു മുന്നിലെത്തിയത് മൂന്നു ഘട്ടങ്ങൾ താണ്ടിയാണ് എന്നു മനസിലാക്കാം. ജയിൽ വകുപ്പ് പട്ടിക നൽകി (എത്ര പേരുടെ എന്നതിൽ അവ്യക്തത തുടരുന്നു), ആ പട്ടിക ഷീലാ റാണി കമ്മിറ്റി സൂക്ഷ്മപരിശോധന നടത്തി. അതിനുശേഷം മുഖ്യമന്ത്രിയുടെ വക വീണ്ടും പേരുവെട്ടൽ.

ആദ്യത്തെ രണ്ടുഘട്ടങ്ങളെക്കുറിച്ചാണ് ഇനിയും വ്യക്തത വരുത്തേണ്ടത്. ഇളവിന് അർഹരായവരെ തീരുമാനിച്ചപ്പോൾ പ്രഖ്യാപിത മാനദണ്ഡങ്ങളിൽ ജയിൽ വകുപ്പ് ആർക്കെങ്കിലും ഇളവു നൽകിയിട്ടുണ്ടോ, ഷീലാ റാണി കമ്മിറ്റിയുടെ സൂക്ഷ്മപരിശോധനയിലും മാനദണ്ഡങ്ങളുടെ ലംഘനം ഉണ്ടായിട്ടുണ്ടോ? ഈ ചോദ്യങ്ങൾക്കാണ് സർക്കാർ അനുകൂലികൾ വ്യക്തമായ മറുപടി നൽകേണ്ടത്.

ഒപ്പം യുഡിഎഫ് കാലത്ത് പിന്തുടർന്ന മാനദണ്ഡങ്ങൾ എന്തായിരുന്നു എന്ന ചർച്ചയും നടക്കണം.