ഒരു കുരിശിന് സിപിഐ ഒടുക്കേണ്ടി വരുന്ന വില

1969ലെ അച്യുതമേനോൻ മന്ത്രിസഭ വലതുപക്ഷത്തേയ്ക്കുള്ള സിപിഐയുടെ മാമോദീസ മുങ്ങലായിരുന്നു. 1969 മുതൽ 1979 വരെയുള്ള നിർണായകമായ പത്തു വർഷം കോൺഗ്രസിനോടും കേരള കോൺഗ്രസിനോടും അമർന്നിരുന്നു ഭരിച്ച സിപിഐയോട് ക്രിസ്ത്യൻ സഭകൾക്ക് വർഗപരമായ വൈരാഗ്യം തോന്നേണ്ട കാര്യം ന്യായമായുമില്ല.

ഒരു കുരിശിന് സിപിഐ ഒടുക്കേണ്ടി വരുന്ന വില

ഇന്ത്യയിലൊരു പാർലമെന്റ് അംഗമേയുള്ളൂ, ഭരണത്തിലും രാഷ്ട്രീയത്തിലും ഓന്തുകളുടെയും ദിനോസറുകളുടെയും വല്യേട്ടനായ സിപിഐയ്ക്ക്. തൃശൂരിലെ സഖാവ് സി എൻ ജയദേവൻ. ആ സീറ്റാണ് പാപ്പാത്തിമലയിലെ ഇരുമ്പു കുരിശു പൊളിച്ചതിന് സിപിഐ ഒടുക്കേണ്ടി വരുന്ന വില.

പരിണാമബിന്ദുവോളം പഴക്കമുണ്ട്, ക്രിസ്ത്യൻ സഭകളുടെ കമ്മ്യൂണിസ്റ്റു വിരോധത്തിന്. ഒരിക്കലും അവരത് ഒളിച്ചുവെച്ചിട്ടുമില്ല. പക്ഷേ, സിപിഎമ്മിനോടുള്ള വിരോധം മാവോയിസ്റ്റുകളോടു പോലുമില്ലെന്നതും യാഥാർത്ഥ്യമാണ്. വിശേഷിച്ച്, സിപിഐയോട് സഭയ്ക്ക് ഒരെതിർപ്പുമില്ല. '64ൽ പിറന്ന സിപിഐയെ ക്രിസ്ത്യൻ സഭ കമ്മ്യൂണിസ്റ്റു പാർടിയായി പരിഗണിക്കുന്നതിനും ചരിത്രത്തിൽ തെളിവുകളില്ല.

സഭയുടെ കണ്ണിൽ ഐക്യകേരളത്തിന്റെ ആദ്യപാപമായിരുന്നു ഒന്നാം ഇഎംഎസ് സർക്കാർ. കർഷകബന്ധ ബില്ലും വിദ്യാഭ്യാസബില്ലും വന്നതോടെ ആ സർക്കാരിനെതിരെയുള്ള കുരിശുയുദ്ധത്തിന് അവർ നിർബന്ധിതരായി. വിമോചനസമരം പൊടിപൊടിച്ചു. ക്രിസ്റ്റഫർ സേനയും ധാർമ്മിക വിമോചന സൈന്യവും ക്രമസമാധാനച്ചുമതല കൈയിലെടുത്തു. ചാക്കോ നാടു ഭരിക്കട്ടെ, ചാത്തൻ പൂട്ടാൻ പോയ്ക്കോട്ടെ എന്നലറി വിളിച്ച് തിരുവസ്ത്രം ചൂടിയ കന്യാസ്ത്രീകൾ തെരുവിലിറങ്ങി.

പിന്നീട് പാർടി പിളർന്നപ്പോൾ ഭൂപരിഷ്കരണ ബില്ലിന്റെയും വിദ്യാഭ്യാസ ബില്ലിന്റെയും പാപം അവർ സിപിഎമ്മിനു പതിച്ചുകൊടുത്തു. ഒന്നാം കേരള മന്ത്രിസഭ തങ്ങളുടേതാണെന്ന് സിപിഐക്കാർ ആർത്തിയോടെ വാദിക്കുമെങ്കിലും ആ സർക്കാരിനെ അട്ടിമറിക്കാൻ വിമോചന സമരം നയിച്ചവർ ഒരിക്കലും കേട്ടതായിപ്പോലും ഭാവിക്കാത്ത അവകാശവാദമാണത്. അവരുടെ കണ്ണിൽ ഒന്നാം കമ്മ്യൂണിസ്റ്റു മന്ത്രിസഭയുടെ പാപം പേറേണ്ടത് ഇഎംഎസും സിപിഎമ്മുമാണ്. അന്നും ഇന്നും എന്നും.

1969ലെ അച്യുതമേനോൻ മന്ത്രിസഭ വലതുപക്ഷത്തേയ്ക്കുള്ള സിപിഐയുടെ മാമോദീസ മുങ്ങലായിരുന്നു. 1969 മുതൽ 1979 വരെയുള്ള നിർണായകമായ പത്തു വർഷം കോൺഗ്രസിനോടും കേരള കോൺഗ്രസിനോടും അമർന്നിരുന്നു ഭരിച്ച സിപിഐയോട് ക്രിസ്ത്യൻ സഭകൾക്ക് വർഗപരമായ വൈരാഗ്യം തോന്നേണ്ട കാര്യം ന്യായമായുമില്ല. കൈയേറ്റം, കുടിയേറ്റം, ഭൂപരിഷ്കരണം, ഭൂവിനിയോഗം തുടങ്ങിയ വിഷയങ്ങളിൽ ആ പത്തുവർഷങ്ങളിൽ നടന്ന മാറ്റങ്ങളും കൊണ്ടുവന്ന നിയമങ്ങളും അവയുടെ രാഷ്ട്രീയവും ഒരു ലേഖനത്തിൽ പറഞ്ഞു തീർക്കാവുന്നതല്ല.

കേരള പരിവർത്തനത്തിന്റെ നിർണായകമായ പത്തുവർഷങ്ങളിൽ വലതുപക്ഷം ചേർന്നു ഭരിച്ച സിപിഐയോട് ക്രിസ്ത്യൻ സഭകൾക്കുണ്ടായിരുന്ന സ്വാഭാവികമായ രാഷ്ട്രീയാഭിമുഖ്യമാണ് പാപ്പാത്തിമലയിലെ കുരിശു പൊളിക്കൽ വഴി തകർന്നത്. ഏതോ ഒരു ഡിവൈഎഫ്ഐ യൂണിറ്റു കമ്മിറ്റി ഡാവിഞ്ചിയുടെ അന്ത്യത്താഴ ചിത്രം രാഷ്ട്രീയാവശ്യത്തിനുപയോഗിച്ചത് സിപിഎമ്മിനെ അടിക്കാൻ വടിയാക്കുമ്പോൾ മതചിഹ്നങ്ങളുടെ ദുരുപയോഗം വിശ്വാസികളിൽ സൃഷ്ടിക്കുന്ന ആത്മീയവേദനയായിരുന്നു സിപിഐയുടെ ഉൽക്കണ്ഠ. എന്നാൽ പൊളിഞ്ഞു വീഴുന്ന പടുകൂറ്റൻ കുരിശിന് അതിനേക്കാൾ ആത്മീയവേദന തിരഞ്ഞെടുപ്പുകാലങ്ങളിൽ സൃഷ്ടിക്കാൻ കഴിയുമെന്ന് ദീർഘദർശനം ചെയ്യാൻ ഭരണത്തിലും രാഷ്ട്രീയത്തിലും വല്യേട്ടനായിട്ടുപോലും സിപിഐയ്ക്ക് കഴിഞ്ഞില്ല.

അതിന്റെ വില അടുത്ത തിരഞ്ഞെടുപ്പിൽ തൃശൂർ സീറ്റിൽ ഒടുക്കേണ്ടി വരും. സിറിയൻ, ലാറ്റിൻ, യാക്കോബായ, ഓർത്തഡോക്സ് സഭകളുടെ ശക്തികേന്ദ്രമാണ് തൃശൂർ. അടൂരിലും സഭകൾക്കുള്ള സ്വാധീനം ചെറുതല്ല.

മൂന്നാറിൽ കണ്ണുവെച്ച് ബിജെപിയും കളത്തിലുണ്ട്. ഏതു നിമിഷവും ദുരന്തമുണ്ടാകാവുന്ന അവസ്ഥയിലാണ് മൂന്നാർ എന്നാണ് സ്ഥലം സന്ദർശിച്ച കേന്ദ്രമന്ത്രി ആർ സി ചൌധരി റിപ്പോർട്ടു ചെയ്തത്. നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ബിജെപി അധ്യക്ഷൻ അമിത്ഷായുമൊക്കെ ഈ റിപ്പോർട്ട് കൈപ്പറ്റിയിട്ടുണ്ട്. ശ്രീറാം വെങ്കിട്ടരാഘവന്റെ ഒഴിപ്പിക്കൽപ്പരിപാടികളെ പരിസ്ഥിതിസംരക്ഷണത്തിനുള്ള കുരിശുവിരുദ്ധ സമരമായാണ് ബിജെപി എണ്ണുന്നതും. പരസ്പരവിരുദ്ധമായ രാഷ്ട്രീയലക്ഷ്യങ്ങളുമായാണ് മൂന്നു മുന്നണികളും മൂന്നാറിൽ കരുനീക്കുന്നത്.

ഇവിടെ, മുള്ളിനെ മുള്ളു കൊണ്ട് എടുക്കാനുള്ള വിവേകമായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടിയിരുന്നത്. "നിരീശ്വരവാദപ്രത്യയശാസ്ത്രക്കാർ" അധികാരം കൈയാളുമ്പോൾ ഭരണകൂടം പൊളിച്ചിടുന്ന കുരിശിന്റെ ദൃശ്യങ്ങൾക്ക് വിശ്വാസത്തിന്റെ കമ്പോളത്തിൽ പൊന്നുംവിലയുണ്ട്. വീഴുന്ന കുരിശിന്റെ സന്ദർഭത്തിൽ നിന്ന് ചീന്തിയെടുത്ത വിഷ്വലുകളുടെ രാഷ്ട്രീയമായ പുനരുപയോഗ സാധ്യതയും ഏറെ. സിപിഎമ്മിന്റെ കൈവശമുള്ള ഒരു വകുപ്പായിരുന്നു ഈ മണ്ടത്തരം കാണിച്ചിരുന്നതെങ്കിൽ കാനവും സംഘവും ഈറ്റപ്പുലികളെപ്പോലെ ചാടിവീഴുമായിരുന്നു, രാഷ്ട്രീയവിവേകത്തിന്റെ അറുബോറൻ സ്റ്റഡി ക്ലാസുകളുമായി.

അഞ്ചുകൊല്ലം മുമ്പ് അന്ത്യത്താഴ ചിത്രവുമായി ബന്ധപ്പെട്ട വിവാദം ഓർക്കുക. ഒരു നിമിഷം പോലും വൈകാതെയാണ് അന്നത്തെ സിപിഐ സെക്രട്ടറിയായിരുന്ന സി കെ ചന്ദ്രപ്പൻ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ചു പരസ്യമായി രംഗത്തിറങ്ങിയത്. സിപിഎമ്മിനെതിരെ രൂപപ്പെടുന്ന പൊതുബോധത്തിന്റെ നടുക്കഷണം മുള്ളോടെ വിഴുങ്ങാൻ കിട്ടുന്ന ഒരവസരവും പാഴാക്കാതിരുന്ന സഹോദരപാർടിയുടെ ശവകൂടീരത്തിലാകും, ഒരുപക്ഷേ, പാപ്പാത്തിമലയിൽ പൊളിഞ്ഞു വീണ കുരിശ് ഉയർത്തെഴുന്നേൽക്കുന്നത്. എങ്കിൽ അതൊരു കാവ്യനീതിയാണ്.