ഗാന്ധിജി പിറന്നത് ഗുജറാത്തിലെ പ്രമുഖ ഈഴവ കുടുംബത്തിൽ

മൊബൈൽ ഫോൺ ടവറുകൾക്കു 50 മീറ്റർ മുതൽ 300 മീറ്റർ വരെ ചുറ്റളവിൽ താമസിക്കുന്നവർക്ക് മൂത്രം പിടിച്ചു നിർത്താനുള്ള കഴിവു കുറയുമെന്നാണ് അധ്യാപകന്റെ മറ്റൊരു കണ്ടെത്തൽ. ഇതെങ്ങനെ പരിശോധിച്ചു ബോധ്യപ്പെട്ടുവെന്ന് വാർത്തയിൽ പറയുന്നില്ല. എത്രപേരിൽ നടത്തിയ പരീക്ഷണത്തിലാണ് ഫലം ബോധ്യപ്പെട്ടതെന്നും. ആണുങ്ങളെയും പെണ്ണുങ്ങളെയും പരീക്ഷണത്തിനു വിധേയമാക്കിയോ എന്നും നമുക്കറിയില്ല. സ്റ്റാഫ് റൂമുകൾക്കു ചേർന്നുള്ള ടോയ്ലെറ്റുകളിൽ അദ്ദേഹം എന്തെങ്കിലും സംവിധാനം ഏർപ്പെടുത്തിയിരിക്കും എന്നു ന്യായമായും ഊഹിക്കുകയേ വഴിയുള്ളൂ.

ഗാന്ധിജി പിറന്നത് ഗുജറാത്തിലെ പ്രമുഖ ഈഴവ കുടുംബത്തിൽ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ പി അരവിന്ദൻ ഫേസ് ബുക്കിൽ പങ്കുവച്ച ഒരു മണിക്കൂർ മൊബൈൽ ഫോണിൽ സംസാരിച്ചാൽ ഒരു മുട്ട പുഴുങ്ങാം എന്ന പത്രവാർത്ത കണ്ടപ്പോഴാണ് ഒരു ഗാന്ധി ജയന്തിയോടനുബന്ധിച്ച് അപ്രതീക്ഷിതമായി ലഭിച്ച വിസ്മയകരമായ ഈ അറിവ് ഓർമ്മ വന്നത്. ഗാന്ധി ജയന്തി പ്രമാണിച്ച് കുട്ടികൾ സ്ക്കൂളിൽ ചാർട്ടൊക്കെ പതിപ്പിക്കുന്ന പതിവുണ്ടല്ലോ. അത്തരമൊരു ചാർട്ടിലായിരുന്നു വെള്ളാപ്പള്ളി നടേശനെയും കോരിത്തരിപ്പിക്കാൻ പോന്ന ഈ പുതുപുത്തൻ അറിവ്.

കുട്ടികൾക്ക് അബദ്ധം പറ്റും. മുതിർന്നവർക്കും അധ്യാപകർക്കുമെന്നപോലെ. ആരും അറിവിന്റെ അവസാനവാക്കല്ലല്ലോ. എന്നാൽ ഗാന്ധിജി പിറന്നത് ഗുജറാത്തിലെ ഈഴവ കുടുംബത്തിലാണെന്ന വിവരം ഒരു പുസ്തകത്തിലുണ്ടെന്ന് അധ്യാപകൻ തർക്കിച്ചു സ്ഥാപിക്കാൻ ശ്രമിച്ചാലോ കഥ മാറും. "ആ പുസ്തകമൊന്നു തരൂ സർ" എന്നൊരാവശ്യം വിനയത്തോടെ മുന്നോട്ടു വെച്ച് രംഗമൊഴിയാനേ കഴിയൂ.

ഒരു മണിക്കൂർ മൊബൈൽ ഫോണിൽ സംസാരിച്ചാൽ ഒരു മുട്ട പുഴുങ്ങാം എന്ന ഗവേഷണ പ്രബന്ധം തയ്യാറാക്കിയത് ഒരു സർക്കാർ സ്ക്കൂൾ അധ്യാപകനാണത്രേ. അദ്ദേഹത്തിന് യോഗയിൽ ഡോക്ടറേറ്റുമുണ്ട്. അറിവിന്റെ കാര്യത്തിൽ എന്തെന്തു മുന്നേറ്റങ്ങളാണ് നമ്മുടെ വിദ്യാലയങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒന്നിനും വേണ്ടത്ര വാർത്താപ്രാധാന്യം കിട്ടുന്നില്ലെന്നൊരു സങ്കടം ബാക്കി.

ഒരു മണിക്കൂർ ഫോണിൽ സംസാരിക്കുമ്പോൾ കാടമുട്ട ചേർത്തുവെച്ചാൽ അതു പുഴുങ്ങിക്കിട്ടുമെന്നാണ് അധ്യാപകൻ കണ്ടെത്തിയത്. കാടമുട്ടയാകുമ്പോൾ ചെവിയിൽ തിരുകിവെയ്ക്കാമെന്നൊരു സൌകര്യവുമുണ്ട്.

ഈ ഗവേഷണ പ്രബന്ധമൊന്നു കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു, ഡോ. കെ പി അരവിന്ദൻ. സ്വന്തം ഡോക്ടറേറ്റ് അദ്ദേഹം കത്തിച്ചു കളഞ്ഞ വാർത്ത എത്രയും വേഗം വായിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കാം.

മൊബൈൽ ഫോൺ ടവറുകൾക്കു 50 മീറ്റർ മുതൽ 300 മീറ്റർ വരെ ചുറ്റളവിൽ താമസിക്കുന്നവർക്ക് മൂത്രം പിടിച്ചു നിർത്താനുള്ള കഴിവു കുറയുമെന്നാണ് അധ്യാപകന്റെ മറ്റൊരു കണ്ടെത്തൽ. ഇതെങ്ങനെ പരിശോധിച്ചു ബോധ്യപ്പെട്ടുവെന്ന് വാർത്തയിൽ പറയുന്നില്ല. എത്രപേരിൽ നടത്തിയ പരീക്ഷണത്തിലാണ് ഫലം ബോധ്യപ്പെട്ടതെന്നും. ആണുങ്ങളെയും പെണ്ണുങ്ങളെയും പരീക്ഷണത്തിനു വിധേയമാക്കിയോ എന്നും നമുക്കറിയില്ല. സ്റ്റാഫ് റൂമുകൾക്കു ചേർന്നുള്ള ടോയ്ലെറ്റുകളിൽ അദ്ദേഹം എന്തെങ്കിലും സംവിധാനം ഏർപ്പെടുത്തിയിരിക്കും എന്നു ന്യായമായും ഊഹിക്കുകയേ വഴിയുള്ളൂ.

കണ്ണൂരിൽ നടന്ന ദക്ഷിണേന്ത്യാ ശാസ്ത്രമേളയിൽ അധ്യാപകർക്കുള്ള പ്രോജക്ട് മത്സരത്തിൽ ഈ പ്രബന്ധത്തിനാണത്രേ രണ്ടാംസ്ഥാനം. രണ്ടാം സ്ഥാനം ഇതാണെങ്കിൽ ഒന്നാം സ്ഥാനം കിട്ടിയതെങ്ങനെയിരിക്കുമെന്നൊരു സംശയം ഡോ. അരവിന്ദൻ പ്രകടിപ്പിക്കുന്നില്ല. ഒന്നാം സ്ഥാനക്കാരനെ അവഗണിച്ച് പത്രം രണ്ടാംസ്ഥാനക്കാരനെത്തേടിപ്പോയതെന്തിനെന്നും. അദ്ദേഹത്തിന് ഇനിയും സമയമുണ്ട്.

ഫോൺ മാനിയ ബാധിച്ചവർ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ചില വാക്കുകൾ യഥാസമയം മറന്നുപോകുമത്രേ. ഉദാഹരണവും വാർത്തയിലുണ്ട്. "ബോണ്ട" എന്ന വാക്കു മറക്കുന്ന ആൾ "ആ സാധനം" എടുത്തുതരാൻ ചൂണ്ടിക്കാട്ടിക്കൊണ്ട് ആവശ്യപ്പെടും.

ഭാഗ്യം. ബോണ്ടയെന്ന മറന്നു പോകുന്നവർ ആ സാധനം എന്നേ പകരം പറയുന്നുള്ളൂ. "ണ്ട" യുള്ള വേറെത്രയോ വാക്കുകളുണ്ട്, മലയാളത്തിൽ. അതിലൊന്നുപോലും ഉപയോഗിച്ച്, മറവിയെ ഒരു അൺപാർലമെന്ററി പ്രയോഗത്തിനുള്ള ഉർവശീശാപമാക്കുന്നില്ല, ആരും.

മൊബൈൽ ഫോൺ സ്ഥിരമായി ബാഗിൽ കൊണ്ടു നടക്കുന്ന കുട്ടികൾക്ക് ഗർഭാശയത്തിൽ ഫൈബ്രോയിഡുകൾ ഉണ്ടാകാനുള്ള സാധ്യത 60 ശതമാനം കൂടുതലാണത്രേ. കൃത്യമായ കണക്കാണ്. ആധികാരികതയ്ക്കു വേറെന്തു വേണം? ആരോഗ്യപ്രശ്നങ്ങൾ വേറെയുമുണ്ട്. ഏകാഗ്രതക്കുറവ്, ഉറക്കക്കുറവ്, ശ്വാസം മുട്ടൽ, പേശീവേദന, ലൈംഗികപ്രശ്നങ്ങൾ, മുടി കൊഴിച്ചിൽ, തലവേദന തുടങ്ങി താരനും പേനും ചെവിക്കായവും വരെ മൊബൈൽ ഫോൺ ഉണ്ടാക്കുന്ന ശല്യങ്ങളാണ്.

ആഴമേറിയ ഈ ഗവേഷണം പൂർത്തിയാക്കിയ അധ്യാപകനോട് ഒരഭ്യർത്ഥനയുണ്ട്. ഇത്രയൊക്കെയായ സ്ഥിതിയ്ക്ക് ദിത്വസന്ധിയും മൊബൈൽ ഫോണും തമ്മിൽ വല്ല ബന്ധവുമുണ്ടോ എന്നും ഒന്നു പരിശോധിക്കണം. ഒരനുഭവം ശ്രദ്ധയിൽപ്പെടുത്തട്ടെ.

രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ രക്ഷാകർത്താവ് ഒരിക്കൽ മകളുടെ നോട്ടു ബുക്കു കാണിച്ചു തന്നു. 'താമരപ്പൂവ്' എന്നു കുട്ടി എഴുതിയിരിക്കുന്നത് ടീച്ചർ വെട്ടി ചുവപ്പു മഷി കൊണ്ട് വെടിപ്പായി താമരപൂവ് എന്നു തിരുത്തിയിരിക്കുന്നു. മൊബൈൽ ഫോണിൽ അലാറം സെറ്റു ചെയ്ത് തലയിണയ്ക്കടിയിൽ വെച്ചു കിടന്നുറങ്ങിയാൽ ദിത്വസന്ധി മറന്നുപോകാൻ സാധ്യതയുണ്ടോ, ഡോക്ടർ?

ഇതൊരു അനുഭവം മാത്രമായിരുന്നെങ്കിൽ അവഗണിക്കാമായിരുന്നു. മറ്റൊരു അനുഭവമിതാ. യുപി കുട്ടികളെ മനോഹരമായി ഓഎൻവി കവിത പഠിപ്പിക്കുന്ന ഒരു ചടങ്ങ്. ആലാപനവും സ്വാരസ്യം വിശദമാക്കലും ഒരു വശത്തു നടക്കുമ്പോൾ മറ്റൊരധ്യാപകൻ ബോഡിൽ വലിയ അക്ഷരത്തിലെഴുതി.

"ഓ എൻ വാസുദേവക്കുറുപ്പ്".

പൊടുന്നനെ ക്ലാസിലൊരു മർമ്മരം.

മറ്റൊരധ്യാപകൻ പതിഞ്ഞ സ്വരത്തിൽ തിരുത്തു പറഞ്ഞു; "വേലുക്കുറുപ്പ്"... "വേലുക്കുറുപ്പ്".

ഒട്ടും വൈകാതെ ബോർഡിൽ തിരുത്തു പ്രത്യക്ഷപ്പെട്ടു: "വേലു കുറുപ്പ്".

വീണ്ടും വേലുക്കുറുപ്പെന്ന് ഓർമ്മിപ്പിക്കൽ. അത്തവണ തിരുത്തു പറഞ്ഞ അധ്യാപകൻ അൽപം ഒച്ച കൂട്ടിയോ എന്നു സംശയം.

"ഇങ്ങനെയും എഴുതാം" എന്ന അറുത്തുമുറിച്ച മറുപടിയിൽ തിരുത്താനിറങ്ങിയ ആളിന്റെ വായടച്ചു, കഥാനായകൻ. ചടങ്ങിൽ പങ്കെടുത്ത ഹെഡ്മിസ്ട്രസും പിടിഎ പ്രസിഡന്റും മുഖാമുഖം നോക്കി. പിന്നീട് മച്ചിലേയ്ക്കും. "പൂവെന്നും പറയാം, പുസ്പമെന്നും പറയാം, പിന്നെ കുട്ടി പറഞ്ഞതുപോലെയും" എന്ന് നിഷ്കളങ്കമായി പ്രതിവചിച്ച പഴയൊരു തമാശക്കഥയിലെ കഥാപാത്രത്തെ ജീവനോടെ കണ്ട ചാരിതാർത്ഥ്യത്തോടെ.

ഇതൊക്കെ മൊബൈൽ സൃഷ്ടിക്കുന്ന ചതിക്കുഴികളാകാനേ തരമുള്ളൂ. പാഠ്യപദ്ധതിയും പഠനപ്രവർത്തനങ്ങളുമൊക്കെ മൊബൈൽ ഫോണാണോ താറുമാറാക്കുന്നത്?

പക്ഷേ, മൊബൈൽ എങ്ങനെ നിരോധിക്കും? അതൊരു മനുഷ്യാവയവമായി മാറിക്കഴിഞ്ഞു. പോരെങ്കിൽ ഒരു മണിക്കൂർ കൊണ്ട് കാട മുട്ടയും പുഴുങ്ങാം. അതുകൊണ്ട് മൊബൈലിൽ തൊടാനാവില്ല. പിന്നെയുള്ളത് ദിത്വസന്ധിയെ കൈകാര്യം ചെയ്യുകയാണ്.

സിലബസിൽ നിന്ന് അവനെ നീക്കം ചെയ്യാൻ ഒരു സെക്രട്ടേറിയേറ്റു മാർച്ചും വാഹനപ്രചരണ ജാഥയും ആയാലോ...