വാർത്തകളെ വിശ്വസിച്ച് തെരുവിലിറങ്ങുന്നവരേ, കാണുക; സെൻകുമാറിന് പണി കൊടുക്കാനിറങ്ങിയ മാതൃഭൂമി പിടിച്ച പുലിവാൽ

വിവരാവകാശ രേഖകളുടെ പിൻബലത്തിൽ ഒന്നാം പേജിൽ ഒരു മഹാമാധ്യമം കൊണ്ടാടിയ വാർത്തയുടെ ഈ ദാരുണമായ അന്ത്യത്തിന്റെ പാഠം വിലപ്പെട്ടതാണ്. വാർത്തകളെ മാത്രം വിശ്വസിച്ച് ക്ഷിപ്രപ്രതികരണങ്ങളും പ്രക്ഷോഭങ്ങളും ആസൂത്രണം ചെയ്താൽ ചിലപ്പോൾ ഇങ്ങനെ പെട്ടുപോയേക്കാം. തിരുത്തു പ്രസിദ്ധീകരിച്ച് പത്രം തടിയൂരും, തങ്ങളെ വിശ്വസിച്ച് സമരത്തിനിറങ്ങിയവരെ പെരുവഴിയിലാക്കി

വാർത്തകളെ വിശ്വസിച്ച് തെരുവിലിറങ്ങുന്നവരേ, കാണുക; സെൻകുമാറിന് പണി കൊടുക്കാനിറങ്ങിയ മാതൃഭൂമി പിടിച്ച പുലിവാൽ

നാലു വർഷം മുമ്പായിരുന്നു. എഡിജിപിയായിരുന്ന ടി പി സെൻകുമാറിനൊരു പണികൊടുക്കാൻ മാതൃഭൂമി പടപ്പുറപ്പാട്. മാരകായുധങ്ങൾ വിവരാവകാശം വഴി സംഘടിപ്പിച്ചിരുന്നു. ചില പരാതികൾക്കു ജീവൻ വെയ്ക്കണമെങ്കിൽ അതാണ് നാട്ടുനടപ്പ്. ആദ്യം വിവരാവകാശം വഴി ഫയൽ ചോരണം. പിന്നെയതു വാർത്തയാകണം. മാതൃഭൂമിയും പതിവു തെറ്റിച്ചില്ല.

2013 ഒക്ടോബർ 21ന് പത്രം സെൻകുമാറിന്റെ ശിരസിൽ ആഗ്നേയാസ്ത്രം പതിച്ചു. ജാതി തിരുത്തിയെന്ന പരാതി, എഡിജിപി സെൻകുമാറിനെതിരായ അന്വേഷണം അട്ടിമറിച്ചു എന്ന അഞ്ചുകോളം തലക്കെട്ടിൽ.

ജാതി തിരുത്തുന്നത് കുറ്റം. അങ്ങനെയൊരു തിരുത്തൽ വഴി പട്ടികവർഗ സംവരണക്വാട്ടയിലൂടെ ജോലി സംഘടിപ്പിക്കുന്നത് അതിനേക്കാൾ ഗുരുതരമായ കുറ്റം. ആ കുറ്റം ചെയ്തയാൾ സംസ്ഥാനത്തെ എഡിജിപി പദവിയിലെത്തിയെന്നറിഞ്ഞാൽ ജനം പത്തുവിരലും മൂക്കത്തു വെയ്ക്കും. സർക്കാർ നാണംകെടും. മുഖ്യമന്ത്രിയടക്കം വിശദീകരണത്തിനു നിർബന്ധിതരാകും.

അതുകൊണ്ട്, ഇക്കാര്യങ്ങളൊന്നും ഒരു പത്രത്തിനും മൂടിവെയ്ക്കാനാവില്ല. എന്നാൽ പഴുതുകളെല്ലാമടച്ചു വേണം വാർത്ത കൊടുക്കേണ്ടത്. വിവരങ്ങൾ പ്രാഥമികമായെങ്കിലും സ്വന്തം നിലയിൽ സ്ഥിരീകരിച്ചിരിക്കണം. ആ ബാധ്യത മാധ്യമങ്ങൾക്കുണ്ട്. അതു ചെയ്യാതെയായിരുന്നു മാതൃഭൂമിയുടെ സെൻകുമാർ വേട്ട.

അതൊരു വേട്ടയായിരുന്നു, അക്ഷരാർത്ഥത്തിൽ. വാർത്തയിലെ ഒരു പരാമർശം ഇങ്ങനെയായിരുന്നു; "2017 ജൂൺ 10 വരെ മാത്രം സർവീസുള്ള ഈ എഡിജിപിയ്ക്ക് അന്വേഷണം ഇന്നത്തെ നിലയിൽ 'പുരോഗമിച്ചാൽ' എല്ലാ ആനുകൂല്യങ്ങളോടും കൂടി സർവീസിൽ നിന്നു വിരമിക്കാനും കഴിയും".

സെൻകുമാറിനെതിരെയുള്ള ആക്ഷേപം പൂർണമായും ശരിയാണെന്ന പത്രത്തിന്റെ വിശ്വാസമാണ് ഈ വിമർശനത്തിൽ മസിലു പെരുപ്പിക്കുന്നത്. ഈ വരികളെഴുതിയ പത്രത്തിന് പിന്നീട് ഒന്നാംപേജിൽ ഖേദപ്രകടനം നടത്തേണ്ടി വന്നു. അതുവരെയുള്ള താളുകൾ മാധ്യമവിദ്യാർത്ഥികൾക്ക് വിലപ്പെട്ട ചരിത്രരേഖകളാണ്.

വിവരാവകാശം മറയാക്കി ഊമക്കത്തിലെ വിവരങ്ങൾ ഒന്നാംപേജിൽ

വാർത്ത നോക്കുക. ഇടിവെട്ടു വിവരങ്ങളാണ് ബ്ലർബിൽ. "സെൻകുമാർ ഐപിഎസ് നേടിയത് വ്യാജസർട്ടിഫിക്കറ്റ് നൽകിയാണെന്നു പരാതി", "അരയ സമുദായാംഗം മല അരയനായി മാറിയതു കാരണം പട്ടികവർഗ സംവരണത്തിന് അർഹത നേടിയെന്ന് പരാതിയിൽ പറയുന്നു", "2001 നവംബർ 31ന് അന്വേഷണം നടത്താൻ കിർത്താഡ്സിനോട് ആവശ്യപ്പെട്ടു", "സർക്കാരിന് 12 വർഷമായിട്ടും കിർത്താഡ്സ് മറുപടി നൽകിയില്ല, വിവരങ്ങൾ പുറത്തുവന്നത് വിവരാവകാശ നിയമപ്രകാരം" എന്നിങ്ങനെ. ഒരു ഊമക്കത്തിലെ ആക്ഷേപങ്ങൾക്ക് പത്രം അർപ്പിച്ച വിശ്വാസ്യതയാണ് ലേ ഔട്ടിൽ തിളച്ചു തൂവുന്നത്.

"മാള സ്വദേശിയും അരയസമുദായക്കാരനുമായ സെൻകുമാർ മല അരയ എന്ന രേഖ നൽകി പട്ടികവർഗ സംവരണ ആനുകൂല്യത്തോടെ ഐപിഎസ് നേടിയ വിവരം അദ്ദേഹത്തിന്റെ ഉറ്റമിത്രമാണ് സർക്കാരിനെ അറിയിച്ചത"ത്രേ. . "അതീവഗുരുതരമായ ഈ ആരോപണത്തെക്കുറിച്ചുള്ള പ്രാഥമികാന്വേഷണത്തിൽ ഈ രഹസ്യവിവരത്തിൽ വസ്തുതയുണ്ടെന്ന് സർക്കാരിനു ബോധ്യമാ"യെന്നും ലേഖകൻ അസന്നിഗ്ധമായി പ്രസ്താവിക്കുന്നു.

തൃശൂർ കാടുകുറ്റി സ്വദേശിയാണ് സെൻകുമാർ. അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചുള്ള വിവരശേഖരണം മാതൃഭൂമി പോലൊരു മാധ്യമസ്ഥാപനത്തിന് നിഷ്പ്രയാസം ലഭിക്കും. പക്ഷെ, മെനക്കെടണം. അതു ചെയ്യാതെയാണ് പരാതിയിലെ ആക്ഷേപം കണ്ണുമടച്ചു വിശ്വസിച്ചത്. ഇത്തരത്തിൽ ഉയരുന്ന ആക്ഷേപങ്ങൾ സ്വന്തം നിലയിലൊന്നു പരിശോധിച്ചു ബോധ്യപ്പെടാനുള്ള ഉത്തരവാദിത്തം മാധ്യമലേഖകർക്കുണ്ട്.

പരാതിക്കാരുടെ ഗൂഢോദ്ദേശങ്ങളെ മറികടന്നുകൊണ്ടുള്ള നിലനിൽപ്പ് വാർത്തയ്ക്കുണ്ടാകണമെങ്കിൽ അത്തരം മറുപരിശോധനകൾ അനിവാര്യമാണെന്ന് പാഠപുസ്തകങ്ങളും ഓർമ്മിപ്പിക്കുന്നുണ്ട്. ആ പാഠം പിഴച്ചതുകൊണ്ടാണ് അരയ സമുദായക്കാരനാണ് സെൻകുമാർ എന്ന പരാതിയിലെ ആക്ഷേപം ശരിയാണെന്നു വിശ്വസിച്ചുകൊണ്ട് മാതൃഭൂമിയ്ക്ക് അച്ചടിക്കേണ്ടി വന്നത്.

ആരോപണം സ്ഥിരീകരിക്കാൻ പത്രം സ്വന്തംനിലയിൽ ശ്രമിച്ചിരുന്നെങ്കിൽ വാർത്ത മറ്റൊന്നായേനെ. ഉറവിടങ്ങൾ വിളമ്പുന്ന വിവരങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങിയാൽ സംഭവിക്കുന്ന അബദ്ധങ്ങളാണ് ഈ വാർത്ത മാധ്യമവിദ്യാർത്ഥികൾക്കു നൽകുന്ന ആദ്യത്തെ പാഠം.

കൈയിൽക്കിട്ടിയത് ഒന്നാന്തരം ഉപജാപത്തിന്റെ തിരക്കഥ, പക്ഷേ....

സെൻകുമാറിനെതിരെ ഉറ്റമിത്രം നൽകിയ പരാതിയിലെ ആക്ഷേപങ്ങൾ സ്വന്തം പരിശോധിച്ചു ബോധ്യപ്പെടാൻ മെനക്കെടാത്ത പത്രം മറ്റൊരു അബദ്ധം കൂടി ചെയ്തു. പരാതിയുടെ അന്വേഷണം പട്ടികജാതി പട്ടികവർഗ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി കിർത്താഡ്സ് എന്ന സ്ഥാപനത്തെ ഏൽപ്പിച്ചുവെന്ന വിവരത്തെ ജാഗ്രതയോടെ സമീപിച്ചില്ല. അങ്ങനെയൊരു വിവരം കിട്ടിയാൽ ജാഗ്രതയുള്ള മാധ്യമപ്രവർത്തകനിൽ ഉയരേണ്ട സംശയം വേറെയാണ്.

ഐപിഎസുകാരനായ സെൻകുമാറിന്റെ നിയമനം സംബന്ധിച്ച വിവരങ്ങൾ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ്റെ പക്കലാണ്. സിവിൽ സർവീസ് പരീക്ഷാ നടത്തിപ്പും നിയമനവുമെല്ലാം യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്റെ (UPSC) ചുമതലയാണ്. അതുകൊണ്ട് സെൻകുമാറിന്റെ ജാതിസർട്ടിഫിക്കറ്റും അപേക്ഷയുമെല്ലാം അവരുടെ പക്കലാണുണ്ടാവുക. ആ രേഖകൾ പരിശോധിക്കാൻ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കിർത്താഡ്സ് എന്ന സ്ഥാപനത്തിന് ഒരധികാരവുമില്ല. തലയോട്ടിയ്ക്കുള്ളിൽ വല്ലതുമുണ്ടെങ്കിൽ രണ്ടാമത്തെ അപായമണി മുഴങ്ങേണ്ട ഘട്ടം.

പരാതി അന്വേഷിക്കാൻ അധികാരമില്ലാത്ത ഏജൻസിയെ ഏൽപ്പിച്ചത് എന്തിനെന്ന സംശയത്തിനു പുറമെ സംസ്ഥാനത്തെ എഡിജിപിയ്ക്കെതിരെ മുതിർന്ന ഐഎഎസുകാരുടെ പങ്കാളിത്തത്തോടെ അണിയറയിൽ ഒരുങ്ങുന്ന ഉപജാപത്തിന്റെ തിരക്കഥയാണോ ഇതെന്ന് ലേഖകന്റെ ആറാമിന്ദ്രിയം തുടിച്ചിരുന്നെങ്കിൽ വാർത്തയുടെ സ്വഭാവം മാറിയേനെ.

2001ലാണ് പരാതി കിർത്താഡ്സിന് കൈമാറിയത്. അന്വേഷണവിവരം എത്രയും വേഗം അറിയിക്കണമെന്നാവശ്യപ്പെട്ട് 2004ന് ഓർമ്മപ്പെടുത്തൽ. 2008ന് വീണ്ടും ഓർമ്മപ്പെടുത്തൽ. ഇത്തരമൊരു പരാതി അന്വേഷിക്കാൻ അധികാരപ്പെട്ട ഏജൻസിയല്ല കിർത്താഡ്സ് അല്ല എന്ന് ഇക്കാലമത്രയും പട്ടികജാതി പട്ടികവകുപ്പിന്റെ തലപ്പത്തെത്തിയ ഒരു ഐഎഎസുകാരനും തോന്നിയില്ല എന്നത് വിചിത്രമാണ്. ഒരാളിന്റെ ചെയ്തിയാണെങ്കിൽ അറിവില്ലായ്മയുടെയോ മനപ്പൂർവമല്ലാത്ത അവഗണനയു0ടെയോ കണക്കിൽപ്പെടുത്തി എഴുതിത്തള്ളാം. എന്നാൽ വകുപ്പു ഭരിക്കാനെത്തിയ എല്ലാ ഐഎഎസ് മേധാവിമാരും പ്രശ്നപരിഹാരത്തിന് കിർത്താഡ്സിനെ ആശ്രയിച്ചെങ്കിൽ ലക്ഷ്യം വേറെയാണ്.

മലക്കം മറിഞ്ഞ് മാതൃഭൂമി; കോടാലി പിടിച്ച കൈകൾ അരങ്ങത്ത്

അടുത്ത ദിവസം (ഒക്ടോബർ 22) ഫോളോ അപ്. കിർത്താഡ്സ് മലക്കം മറിഞ്ഞു, ആവശ്യപ്പെട്ടവർക്ക് വിവരം നൽകിയില്ല എന്ന തലക്കെട്ട്. "ഇന്റലിജൻസ് എഡിജിപി ടി പി സെൻകുമാറിന്റെ ജാതി അന്വേഷണ പ്രശ്നത്തിൽ കിർത്താഡ്സ് തിങ്കളാഴ്ച മലക്കം മറിഞ്ഞു" എന്നു ലീഡ്. ബന്ധപ്പെട്ട വകുപ്പ് ആവശ്യപ്പെട്ട വിവരം അവർക്കു നൽകാതെ ആഭ്യന്തര വകുപ്പിനു നൽകിയതാണ് ലേഖകനെ ചൊടിപ്പിച്ചത്. തുടർന്ന് വാർത്തയിലുടനീളം കിർത്താഡ്സിനെതിരെ ധാർമ്മികരോഷം അണപൊട്ടിയൊഴുകുന്നുണ്ട്. പക്ഷേ, അതിന്റെ യഥാർത്ഥ ഉറവിടം നിക്ഷിപ്തതാൽപര്യത്തോടെ ഫയൽ കൈകാര്യം ചെയ്തവരാണെന്ന് പകൽപോലെ സ്പഷ്ടം. .

2003ൽ കിർത്താഡ്സിന്റെ വിശദീകരണം ആഭ്യന്തര വകുപ്പിനു നൽകിയെന്ന വിവരം പുറത്തുവന്നത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് സ്വന്തം ലേഖകൻ പ്രഖ്യാപിക്കുന്നത്. എന്നാൽ ആ വിശദീകരണം എന്തെന്ന് വാർത്തയിലിലില്ല. സെൻകുമാറിനെതിരെയുള്ള ആരോപണത്തിൽ കഴമ്പില്ലെന്ന അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണവും വാർത്തയിലുണ്ട്. ശ്രദ്ധിച്ചു നോക്കിയാൽ ഒരു മൂലയ്ക്ക് അതും കാണാം.

സെൻകുമാറിനെതിരെയുള്ള ആരോപണത്തിന്റെ വസ്തുതാപരിശോധനയിൽ നിന്ന് മാതൃഭൂമി രണ്ടാം ദിവസംതന്നെ പിൻവാങ്ങി. സെക്രട്ടറിയേറ്റിലെ പട്ടികജാതി പട്ടികവർഗ വികസനവകുപ്പിൽ സൂക്ഷിക്കുന്ന ഫയലിലെ നടപടിക്രമങ്ങൾ അവർ അറിയാതെ മറ്റു വകുപ്പിൽ അവസാനിക്കുന്നതും കേരളത്തിൽ ആദ്യമായിട്ടാണ് സംഭവിച്ചിരിക്കുന്നത് എന്നൊക്കെ പൊലിപ്പിക്കാൻ നോക്കിയിട്ടും വസ്തുതകളുടെ രക്തപ്രസാദം നഷ്ടപ്പെട്ട് പത്രം വിളറിത്തുടങ്ങിയതിന്റെ സൂചനകളാണ് ഈ വാർത്തയിലുള്ളത്. . മാത്രവുമല്ല, സെക്രട്ടേറിയറ്റിലെ ആരുടെ കലത്തിലെ സാമ്പാറാണ് എന്തിനു വേണ്ടി തിളയ്ക്കുന്നത് എന്നും ഓരോ വാചകവും വിളിച്ചു പറയുകയും ചെയ്യുന്നുണ്ട്.

അതിനിടെ കിർത്താഡ്സ് ഡയറക്ടർ, വിജിലൻസ് ഓഫീസർ എന്നിവരെ പുറത്താക്കുകയും അറസ്റ്റു ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് പട്ടികജാതി പട്ടികവർഗ ഐക്യവേദി രംഗത്തിറങ്ങി. സെൻകുമാറിനെ മാറ്റിനിർത്തി അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. വാർത്ത വിതച്ചവർ കൊതിച്ചതുപോലെ.

ഈഴവനെ അരയനാക്കി യഥാർത്ഥ പത്രത്തിന്റെ ശക്തി..

സെക്രട്ടേറിയറ്റിലും പ്രകമ്പനങ്ങളുണ്ടായി. ഫയൽ മുഖ്യമന്ത്രി വിളിപ്പിച്ചു. ചീഫ് സെക്രട്ടറി പരിശോധിച്ചു. സെൻകുമാർ മുഖ്യമന്ത്രിയ്ക്കു പരാതി നൽകി. ഐപിഎസ് അസോസിയേഷൻ പ്രശ്നത്തിൽ ഇടപെട്ടു. അതിനു ഫലവുമുണ്ടായി. പരാതിയുമായി ബന്ധപ്പെട്ട അന്വേഷണവും ഫയലും അതിരുവിട്ടതാണെന്ന് ബോധ്യപ്പെടേണ്ടവർക്കു ബോധ്യമായിക്കാണണം.

സെൻകുമാർ മുഖ്യമന്ത്രിയ്ക്കു നൽകിയ പരാതിയിലെ വിവരങ്ങൾ മാതൃഭൂമിയ്ക്ക് ഇങ്ങനെ പ്രസിദ്ധീകരിക്കേണ്ടി വന്നു -

ഈഴവ ജാതിയിൽ ജനിച്ച തനിക്ക് ജനറൽ മെരിറ്റിലാണ് 1983ൽ ഐപിഎസ് ലഭിച്ചതെന്നും മുഖ്യമന്ത്രിയ്ക്കു നൽകിയ പരാതിയിൽ പറയുന്നു.

ഒക്ടോബർ 21ലെ അഞ്ചുകോളം വാർത്തയിൽ പറഞ്ഞ ഞെട്ടിപ്പിക്കുന്ന വിവരങ്ങളും ഈ വിവരവും തമ്മിൽ താരതമ്യം ചെയ്യുക. മാള സ്വദേശിയും അരയസമുദായക്കാരനുമായ സെൻകുമാർ മല അരയ എന്ന രേഖ നൽകി പട്ടികവർഗ സംവരണ ആനുകൂല്യത്തോടെ ഐപിഎസ് നേടിയെന്ന് അദ്ദേഹത്തിന്റെ ഉറ്റമിത്രമാണ് സർക്കാരിനെ അറിയിച്ചതെന്നും രഹസ്യവിവരത്തിൽ വസ്തുതയുണ്ടെന്ന് സർക്കാരിനു ബോധ്യമായെന്നുമാണ് മാതൃഭൂമി പ്രഖ്യാപിച്ചത്. യഥാർത്ഥത്തിൽ സെൻകുമാർ അരയ സമുദായാംഗമല്ല, അദ്ദേഹത്തിന്റെ ഐപിഎസ് കിട്ടിയത് സംവരണ ക്വാട്ടയിലുമല്ല.

ഗുരുതരമായ തെറ്റാണ് മാതൃഭൂമിയ്ക്കു പറ്റിയത്. പക്ഷേ, അതു സമ്മതിക്കാൻ വയ്യല്ലോ. തലക്കെട്ടു നോക്കൂ. സെൻകുമാർ പ്രശ്നം : തെറ്റ് സർക്കാർ നടപടിയിൽ എന്ന്. ആരുടെയോ ഊമക്കത്തിലെ വിവരങ്ങൾ അതേപടി പ്രസിദ്ധീകരിച്ച പത്രമോ പരാതി അന്വേഷിക്കാൻ അധികാരമില്ലാത്ത ഏജൻസിയെ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരോ അല്ല, സർക്കാരാണത്രേ സെൻകുമാർ പ്രശ്നത്തിൽ തെറ്റുകാർ. മെരിറ്റ് ലിസ്റ്റിൽ പ്രവേശനം നേടിയ സെൻകുമാർ പ്രശ്നക്കാരനാണെന്നും അദ്ദേഹത്തെ മെരിറ്റിൽ പ്രവേശിപ്പിച്ച സർക്കാർ നടപടി തെറ്റുമാണെന്നും തോന്നും, വാർത്തയുടെ അവതരണം കണ്ടാൽ.

ലീഡ് ഇങ്ങനെ - "ഐഎഎസ് - ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരായ പരാതി അന്വേഷിക്കാൻ കിർത്താഡ്സിനെ ഏൽപ്പിച്ചത് ശരിയായ നടപടിയല്ലെന്ന് സർക്കാർ കണ്ടെത്തി". സെൻകുമാറിന്റെ എസ്എസ്എൽസി ബുക്കിൽ അദ്ദേഹത്തിന്റെ ജാതി ഈഴവ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന വിവരവും പത്രത്തിനു പ്രസിദ്ധീകരിക്കേണ്ടി വന്നു.

അന്വേഷണ നിർദ്ദേശം കിർത്താഡ്സ് അവഗണിച്ചതും സെക്രട്ടറിയുടെ കത്തുകൾക്കു മറുപടി നൽകാത്തതും ദുരൂഹമായി, സർക്കാർ തലത്തിൽ പ്രശ്നം കൊണ്ടുവരാത്തതു പോരായ്മയായി, അന്വേഷണം വൈകിപ്പിക്കുന്നതിനെതിരെ കടുത്ത ഭാഷയിൽ ഫയലിൽ കുറിച്ചു തുടങ്ങിയ കോത്താഴത്തെ ന്യായങ്ങൾ ചമച്ച് ജാള്യത മറച്ചു വെയ്ക്കാൻ പെടാപ്പാടു പെടുന്നതും വാർത്തയിൽ കാണാം.

നിൽക്കക്കള്ളിയില്ലാതെ ഖേദപ്രകടനം

ഒടുവിൽ ഒക്ടോബർ 26ന് മാതൃഭൂമിയുടെ ഖേദപ്രകടനം. വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് വാർത്ത കൊടുത്തത് എന്ന തൊടുന്യായം. ചീഫ് സെക്രട്ടറിയോടോ സെൻകുമാറിനോടോ വിശദീകരണം ആരായാതെയാണ് വാർത്ത പ്രസിദ്ധീകരിച്ചത് എന്ന് ഏറ്റുപറച്ചിൽ. മുതിർന്ന ഉദ്യോഗസ്ഥനെക്കുറിച്ചുള്ള പരാതി അന്വേഷിച്ചു തീർപ്പാക്കാൻ സർക്കാർ സംവിധാനത്തിലുണ്ടായ കാലതാമസം ശ്രദ്ധയിൽപ്പെടുത്തുക എന്നതായിരുന്നത്രേ വാർത്തയുടെ ഉദ്ദേശം.

സെൻകുമാർ ഈഴവസമുദായാംഗമാണെന്നും സംവരണാനുകൂല്യമൊന്നും വാങ്ങാതെ മികച്ച റാങ്കോടെ പൊതുവിഭാഗത്തിലാണ് അദ്ദേഹം ഐപിഎസിൽ എത്തിയതെന്നും മാതൃഭൂമിയ്ക്കു ബോധ്യമായി. മാതൃഭൂമിയെ വിശ്വസിച്ച് സെൻകുമാറിനും കിർത്താഡ്സിനുമെതിരെ സമരത്തിനിറങ്ങിയവർ പെരുവഴിയിലും.

സെൻകുമാറിനെതിരെ സംസ്ഥാനാടിസ്ഥാനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രചരണ പരിപാടികൾ അവസാനിപ്പിച്ച് എസ് ഡി പിഐ മാപ്പു പറഞ്ഞു. മാതൃഭൂമിയെ വിശ്വസിച്ച് സംസ്ഥാനത്താകെ എഡിജിപിയ്ക്കെതിരെ പോസ്റ്റർ പ്രചരണം നടത്തിയതിന്റെ പേരിൽ എസ് ഡി പിഐ സംസ്ഥാന പ്രസിഡന്റ് കെ എം അഷ്റഫിനും സെക്രട്ടറി നാസറുദ്ദീൻ എളമരത്തിനുമെതിരെ പോലീസ് കേസെടുത്തിരുന്നു. പത്രം ഖേദം പ്രകടിപ്പിച്ചതോടെ കേസു രാജിയാകുമോ എന്ന പ്രശ്നം നിയമജ്ഞർ ഏറ്റെടുക്കേണ്ടതാണ്. എതായാലും. സെൻകുമാറിനുണ്ടായ മനോവിഷമത്തിൽ അവരും പരസ്യമായി പശ്ചാത്തപിച്ചു.

പരാതിയും അന്വേഷണവും പത്രവാർത്തയുമൊക്കെ സെൻകുമാറിനെ തേജോവധം ചെയ്യാനായിരുന്നുവെന്നു വ്യക്തം. അന്വേഷണാധികാരമില്ലാത്ത ഏജൻസിയ്ക്ക് പരാതി കൈമാറിയവർ തന്നെയാവണം വിവരാവകാശത്തിന്റെയും വാർത്തയുടെയും പുറകിൽ. പഴുതു കിട്ടിയാൽ പള്ളയ്ക്കു കുത്താനൊരു കത്തി ഐഎഎസുകാരും ഐപിഎസുകാരും പരസ്പരം കരുതിവെച്ചിട്ടുണ്ടെന്നും കുത്താൻ കിട്ടുന്ന ഒരവസരവും പാഴാക്കുകയില്ലെന്നും കൂടി ഈ വാർത്തയും തുടർ സംഭവങ്ങളും തെളിയിക്കുന്നുണ്ട്.

വിവരാവകാശ രേഖകളുടെ പിൻബലത്തിൽ ഒന്നാം പേജിൽ ഒരു മഹാമാധ്യമം കൊണ്ടാടിയ വാർത്തയുടെ ഈ ദാരുണമായ അന്ത്യത്തിന്റെ പാഠം വിലപ്പെട്ടതാണ്. വാർത്തകളെ മാത്രം വിശ്വസിച്ച് ക്ഷിപ്രപ്രതികരണങ്ങളും പ്രക്ഷോഭങ്ങളും ആസൂത്രണം ചെയ്താൽ ചിലപ്പോൾ ഇങ്ങനെ പെട്ടുപോയേക്കാം. തിരുത്തു പ്രസിദ്ധീകരിച്ച് പത്രം തടിയൂരും, തങ്ങളെ വിശ്വസിച്ച് സമരത്തിനിറങ്ങിയവരെ പെരുവഴിയിലാക്കി....