കാപട്യത്തിന്റെ ഡെക്കറേഷനൊന്നും ചെലവാകില്ല... ചരിത്രം ശശീന്ദ്രൻമാരെ കുറ്റവാളികളെന്നുതന്നെ വിധിക്കും...

മംഗളത്തെ മാധ്യമധാർമ്മികത പഠിപ്പിക്കാനൊരുമ്പെടുമ്പോൾ അധികാരികളുടെ സദാചാരഭ്രംശങ്ങളുടെ കെടുതി ആവോളം ചരിത്രത്തിലനുഭവിച്ച ജനത പൊരുതിയുണ്ടാക്കിയപൊതുനൈതികത മറന്നുപോവരുത്. അത്ര പഴയതല്ലാത്ത ഒരു ഭൂതകാലത്ത് ജാത്യാധികാരവും രാജാധികാരവുമുള്ള ഉപരിവർഗ പുരുഷൻ മാത്രം യഥേഷ്ടം അനുഭവിച്ചിരുന്ന 'ലൈംഗികസ്വാതന്ത്ര്യ'മാണ് ജനകീയാധികാരത്തിന്റെ കൈയാളുകളായ എ കെ ശശീന്ദ്രന്മാർ മോഹിക്കുന്നത്. മറ്റൊരു പൊതുവിഷയത്തിലുമില്ലാത്ത കാർക്കശ്യത്തോടെ ശശീന്ദ്രന്റെ ലൈംഗികസ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കാനിറങ്ങിയവർ ജാത്യാധികാരങ്ങളുടെ നഷ്ടപ്രതാപങ്ങൾ ആഗ്രഹിക്കുന്ന പുതുവരേണ്യരാകാം! - ശശീന്ദ്രൻ വിവാദത്തിൽ നടന്ന ചർച്ചകളോടുള്ള കെ. ജി. ബിജുവിന്റെ പ്രതികരണം അവസാന ഭാഗം.

കാപട്യത്തിന്റെ ഡെക്കറേഷനൊന്നും ചെലവാകില്ല... ചരിത്രം ശശീന്ദ്രൻമാരെ കുറ്റവാളികളെന്നുതന്നെ വിധിക്കും...

രണ്ട്

അധികാരപ്രമത്തരായ പുരുഷന്മാരുടെ വിഷയലമ്പടത്തവും അവരുടെ അപാരമായ ആത്മവിശ്വാസവും പരസ്പരബന്ധിതമാണത്രേ. അധികാരശ്രേണിയിൽ എത്ര ഉയരത്തിലാണോ, അത്രത്തോളം വിശ്വാസവഞ്ചനയ്ക്കു ആത്മവിശ്വാസമേറുമെന്ന് നിരീക്ഷിച്ചത് നെതർലെന്റ്സിലെ ടിൽബുർഗ് സർവകലാശാലയിലെ സൈക്കോളജി പ്രൊഫസറായ ജോറിസ് ലാമേഴ്സാണ്. 2011ൽ സൈക്കോളജിക്കൽ സയൻസ് മാസിക പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധത്തെക്കുറിച്ചുള്ള ടൈംസ് റിപ്പോർട്ട് ഗൂഗിളിൽ തിരഞ്ഞാൽ കിട്ടും.

അധികാരം കുടപിടിക്കുമെന്ന അമിതവിശ്വാസത്തിന്റെ തേർത്തട്ടിലിരുന്നാണ് ബിൽ ക്ലിന്റൺ മുതൽ കുഞ്ഞാലിക്കുട്ടിയും തെറ്റയിലും സോളാർ സഹപ്രവർത്തകരും ഒടുവിൽ ശശീന്ദ്രനും വരെ അപഥസഞ്ചാരത്തിനിറങ്ങിയത്. വിവാദമായ ശീൽക്കാരങ്ങളു ഞരക്കങ്ങളും തന്റേതാണോ എന്നുറപ്പിച്ചു പറയാതെ ആദ്യദിവസം ഉരുണ്ടു കളിച്ച എ കെ ശശീന്ദ്രൻ, മംഗളം സിഇഒയുടെ കുറ്റസമ്മതത്തിനു ശേഷം നടത്തിയ പ്രതികരണം കൌതുകകരമായിരുന്നു. തന്നെ ചാനൽ മനപ്പൂർവം കുടുക്കിയതാണെന്നു തുറന്നുപറഞ്ഞതിൽ സന്തോഷമുണ്ടത്രേ. ഏതു കുടുക്കിലും സ്വമേധയാ തലയിടാൻ സർവഥാ സന്നദ്ധനായ പഞ്ചപാവം നിഷ്കളങ്കൻ.

അതിലെന്ത് അസ്വാഭാവികത എന്ന ചോദ്യം ശക്തമായിത്തന്നെ സോഷ്യൽ മീഡിയ പങ്കുവെച്ചിരുന്നു. മന്ത്രിയ്ക്ക് സ്വയംഭോഗം ചെയ്തുകൂടേ, കിന്നരിച്ചുകൂടേ, പ്രണയിച്ചുകൂടേ തുടങ്ങിയ ചോദ്യങ്ങളും നിഷ്കളങ്കമെന്ന മട്ടിൽ നിക്ഷേപിക്കപ്പെട്ടു. മന്ത്രിയുടെ പ്രണയവും രതിയും സ്വയംഭോഗവും ഫോൺ സെക്സും പാപമാണെന്ന് ആരും വാദിക്കില്ല. ഒരു സാധാരണ മനുഷ്യനിൽ ഉണരുന്ന ജൈവചോദനയും വികാരവിചാരങ്ങളും അയാൾ മന്ത്രിയാകുമ്പോൾ അടക്കി വെയ്ക്കേണ്ടതുമില്ല.

എന്നാൽ അധികാരത്തിന്റെ കരുത്തും സൌകര്യങ്ങളുമുപയോഗിച്ച് ജൈവചോദന നിവൃത്തിക്കാനിറങ്ങുമ്പോൾ കളി മാറും. അത്തരക്കാർ അനേകമുണ്ടെന്ന യാഥാർത്ഥ്യമാണ് സ്റ്റിംഗ് ഓപ്പറേഷനുകളുടെയും ഹണി ട്രാപ്പിന്റെയും ആസൂത്രണത്തിനു ഹേതുവാകുന്നത്. എങ്ങനെയൊക്കെ മറച്ചുവെയ്ക്കാൻ ശ്രമിച്ചാലും അതൊരു യാഥാർത്ഥ്യമാണ്. മംഗളം ശശീന്ദ്രന്റെ സ്വകാര്യതയിലേയ്ക്ക് എത്തിനോക്കിയതല്ല. ആ സ്വകാര്യതയിലേയ്ക്ക് പ്രലോഭനത്തിന്റെ കെണി നീട്ടുകയായിരുന്നു. രണ്ടും തമ്മിൽ വ്യത്യാസമുണ്ട്.

സമഗ്രവും സൂക്ഷ്മവുമായ നിരീക്ഷണത്തിനും ആസൂത്രണത്തിനും ശേഷമാണ് ഒരു പ്രൊഫഷണൽ വശീകരണക്കെണി സൃഷ്ടിക്കപ്പെടുന്നത്. കെണിയിൽ വീഴാൻ ഏറ്റവും സാധ്യതയുള്ളത് ഒരു നിയമവും തനിക്കു ബാധകമല്ലെന്നും ഒരു വ്യവസ്ഥയ്ക്കും കീഴ്പ്പെടേണ്ടവനല്ലെന്നുമുള്ള ആധിപത്യപ്പുളപ്പുമായി നടക്കുന്ന "ആൽഫാ മെയിൽ" കഥാപാത്രങ്ങളാണെന്ന് ബ്രിട്ടണിലെ എക്സ്റ്റെൽ യൂണിവേഴ്സിറ്റിയിലെ സ്ട്രാറ്റെജി ആൻഡ് സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ പോൾ കോർണിഷ് നിരീക്ഷിക്കുന്നു. ആത്മവിശ്വാസമില്ലായ്മയുടെയും അരക്ഷിതാവസ്ഥയുടെയും ദൌർബല്യം പേറുന്ന വാൽസല്യദാഹികളാണ് ഹണി ട്രാപ്പിനിറങ്ങുന്നവർ ലക്ഷ്യം വെയ്ക്കുന്ന അടുത്ത വിഭാഗം. ലോകത്തിലെ ഏറ്റവും ശക്തരായ മനുഷ്യരാണ് അമേരിക്കൻ പ്രസിഡന്റുമാർ. അവരിൽത്തന്നെ ഏറ്റവും ശക്തനായി കണക്കാക്കപ്പെടുന്ന ജോൺ എഫ് കെന്നഡി രണ്ടു ചാരവനിതകൾക്കൊപ്പം ശയിച്ചിട്ടുണ്ടത്രേ. ഒന്നൊരു നാസി അനുഭാവി. മറ്റൊന്ന് കിഴക്കൻ ജർമ്മനിയിലെ ചാരവനിത.

ബറാക്ക് ഒബാമയുടെ മന്ത്രിസഭാംഗത്തെ വശീകരിക്കാനെത്തിയ റഷ്യൻ ചാരസുന്ദരി അന്ന ചാപ്മാൻ അറസ്റ്റിലായത് 2010ലാണ്. അന്ന പിടിയിലായതിനു പിന്നാലെ പത്തംഗ ചാരസംഘവും അറസ്റ്റിലായി. 'closer and closer to higher and higher ranking leadership. she got close enough to disturb us എന്നായിരുന്നു അറസ്റ്റു വിവരം വെളിപ്പെടുത്തവെ എഫ്ബിഐ കൌണ്ടർ ഇൻറലിജൻസ് മേധാവി ഫ്രാങ്ക് ഫിഗ്ലിയൂസി തുറന്നു സമ്മതിച്ചത്. യഥാസമയം അക്കാര്യം സദാ ഗോൾഡൻ ഹാമറുമേന്തി നടക്കുന്ന മലയാളത്തിലെ കഥാകൃത്തുക്കളായ മാധ്യമകില്ലാടികൾ അറിയാത്തതു നന്നായി. അറിഞ്ഞിരുന്നെങ്കിൽ, പഴുത്തുനിന്ന സദാചാരക്കുരുവിന്റെ സമ്മർദ്ദമായിരുന്നു ഫിഗ്ലിയൂസിയെ "ഡിസ്റ്റർബു" ചെയ്തത് എന്നു വ്യാഖ്യാനിച്ച് പെൻസിൽവാനിയയിലെ എഫ്ബിഐ ആസ്ഥാനത്തൊരു ചുംബന സമരം ഇതിനോടകം സംഘടിപ്പിക്കപ്പെടുമായിരുന്നു. എഫ്ബിഐയെയും അമേരിക്കയെയും ഡിങ്കൻ കാത്തു!

വ്ളാദിമർ പുടിനു നേരെ ആക്ഷേപഹാസ്യത്തിന്റെ ശരമാരി ചൊരിയുന്ന റഷ്യൻ മാധ്യമപ്രവർത്തകനാണത്രേ വിക്ടർ ഷെൻഡറോവിച്ച്. പുടിനെ നിശിതമായി വിമർശിക്കുന്ന ഒരു പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകൾക്കകം ഷെൻഡറോവിച്ചിന്റെ കിടപ്പറ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൈറലായി. കാത്യ എന്ന വിളിപ്പേരുള്ള എകറ്റരീനാ ഗരസിമോവയായിരുന്നു പങ്കാളി. ഷെൻഡറോവിച്ചിനെ മാത്രമല്ല, പുടിന്റെ എതിരാളികളിൽ പലരെയും നാണം കെടുത്താൻ ഈ ചാരസുന്ദരി നിയോഗിക്കപ്പെട്ടത്രേ. ന്യൂസ് വീക്കിന്റെ റഷ്യൻ എഡിറ്റർ മിഖായേൽ ഫിഷ്മാനും അലക്സാണ്ടർ പോട്കിൻ, എഡ്വേർഡ് ലിമോൻനോവ് തുടങ്ങിയ ദേശീയ നേതാക്കളും ഹണി ട്രാപ്പിൽ കുടുങ്ങി. രാഷ്ട്രീയ എതിരാളികളെ അപമാനിച്ചു നാണംകെടുത്തി നിശബ്ദരാക്കാനുള്ള നിയോഗവും ചാരസുന്ദരിമാർക്കുണ്ട്.

"The greatest joy is a man and a woman together" എന്ന കാൽപനികസൌരഭ്യമുള്ള ഉദ്ധരണിയുടെ ഉടമ ആമി എലിസബത്ത് തോർപ്പ് എന്ന ബ്രിട്ടീഷുകാരിയാണ്. ബെറ്റി പാക്കെന്ന് വിളിപ്പേര്. പക്ഷേ, ആൾ സാഹിത്യകാരിയല്ല. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇറ്റലിയുടെയും ഫ്രാൻസിന്റെയും നാവികരഹസ്യങ്ങൾ ചോർത്തിയ മിടുമിടുക്കിയായ ചാരവനിത. ജ്വലിക്കുന്ന സൌന്ദര്യത്തിനു പുറമെ അനുപമമായ ആശയവിനിമയശേഷിയും അതുല്യമായ ബുദ്ധിവൈഭവവും കൈമുതലായുണ്ടായിരുന്ന ബെറ്റി പാക്കിന് മുസോളനിയുടെ ഇറ്റലിയിലും ഫ്രഞ്ച് എംബസിയിലും നിഷ്പ്രയാസം ഹണി ട്രാപ്പൊരുക്കാനായി. പരമാനന്ദത്തിന്റെ കവിതയൂറുന്ന നിർവചനം ഒന്നാന്തരം കെണിയായിരുന്നുവെന്നു ചുരുക്കം

രാഷ്ട്രീയ എതിരാളികളെ അപമാനിച്ച് നിലംപരിശാക്കാനും രാഷ്ട്രീയനീക്കങ്ങൾ ചോർത്താനും ഹണി ട്രാപ്പുകൾ മെനയാറുണ്ടെന്നതിന് ഉദാഹരണം തേടി റഷ്യയിലൊന്നും പോകേണ്ട കാര്യമില്ല. ഐ ഗ്രൂപ്പിൽ നിന്ന് വിവരം ചോർത്താൻ സരിത എസ് നായരെ എ ഗ്രൂപ്പു നിയോഗിച്ചിരുന്നുവെന്നൊരു ആക്ഷേപം സോളാർ വിവാദകാലത്ത് കേട്ടിരുന്നു. അബ്ദുള്ളക്കുട്ടിയ്ക്കെതിരെ കൊടുത്ത ബലാത്സംഗക്കേസ് രാഷ്ട്രീയ ഒതുക്കലിന്റെ ഭാഗമായിരുന്നുവെന്ന വെളിപ്പെടുത്തലും പിന്നീടുണ്ടായി. ചാരപ്പണിയ്ക്കു മാത്രമല്ല, ഉപജാപകപ്പലകയിലെ കരുനീക്കങ്ങൾക്കും ബുദ്ധിയും സൌന്ദര്യവുമുള്ള സ്ത്രീകൾ ഉപയോഗിക്കപ്പെടുന്നുണ്ട്. ചിരിച്ചെത്തുന്നവർക്കു മുന്നിൽ മയങ്ങി വീഴുന്ന ശശീന്ദ്രൻമാർ അറിഞ്ഞിരിക്കേണ്ട വസ്തുതകളാണിതൊക്കെ.

മൂന്ന്

ചരിത്രത്താളുകളെ ഉമിക്കരി പൊതിയാനുപയോഗിക്കുന്നവർക്കേ സ്വന്തം ലൈംഗികതയ്ക്കു മുകളിൽ പല ആണുങ്ങൾക്കു പ്രവേശനം കൊടുത്ത തങ്കച്ചിമാരനുഭവിച്ചത് "ലൈംഗികസ്വാതന്ത്ര്യ"മാണെന്ന് പുളകംതോന്നേണ്ടതുള്ളൂ. കേരള ചരിത്രത്തിലെ അച്ചിമാരുടെ പ്രണയസീൽക്കാരങ്ങൾ രാജാധികാരത്തിന്റെ ആർപ്പുവിളികളായിരുന്നുവെന്ന് യുപി നിലവാരത്തിലുള്ള ചരിത്രപുസ്തകമെങ്കിലും വിശകലനബുദ്ധിയോടെ മറിച്ചുനോക്കിയാൽ ആർക്കും മനസ്സിലാവും.

ഈച്ചാടിയച്ചിമാരും ഉരപ്പുര അച്ചിമാരും വരെ തമ്പുരാക്കന്മാരുടെ മനോഗതമനുസരിച്ച് അച്ചിമാരായിട്ടുണ്ടെന്നും അതിൽ അച്ചിയ്ക്കും തമ്പുരാനും പ്രജകൾക്കും അലോഹ്യമുണ്ടായിരുന്നില്ലെന്നും പി ഭാസ്കരനുണ്ണി "പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള"ത്തിൽ. ആരാന്റച്ചിയ്ക്ക് തമ്പുരാന്റെയച്ചിയായി മാറാനുള്ള "സ്വാതന്ത്ര്യം" അന്നുണ്ടായിരുന്നു.

തൃപ്പൂണിത്തുറയിൽ പള്ളിയിൽ ഗൃഹത്തിലെ പതിനാറു വയസു പ്രായം വരുന്ന മറ്റൊരാളുടെ ഭാര്യയെ കണ്ടയുടനെ കൊച്ചിയിലെ രാമവർമ്മ രാജാവിന് മോഹമുദിക്കുകയും ഭർത്താവിന്റെ സമ്മതത്തോടെ സ്വന്തം ഭാര്യയാക്കുകയും ചെയ്ത സംഭവമുണ്ട്. അതിലൊന്നും അന്നാരും തെറ്റുകണ്ടിരുന്നില്ല. രാജാക്കന്മാർക്ക് സവർണ സമുദായത്തിൽപ്പെട്ട കുലീനകളും അതിസൌന്ദര്യവും സൌഭാഗ്യവുമുള്ളവരുമായ സ്ത്രീകളെ ഭാര്യമാരായി പാർപ്പിക്കാൻ കോവിലകങ്ങളിൽ പ്രത്യേകം സംവിധാനങ്ങളുണ്ടായിരുന്നു. എന്നാൽ അവരിലുണ്ടാകുന്ന കുട്ടികൾക്ക് രാജസ്വത്തിലോ അധികാരത്തിലോ അവകാശമുണ്ടായിരുന്നില്ല. സ്വത്തിനവകാശം രാജാവിന്റെ സഹോദരിമാർക്കാണ്. അവർക്കും വിവാഹമോ സ്ഥിരം ഭർത്താക്കന്മാരോ ഉണ്ടായിരുന്നില്ല.

ചരിത്രബോധം കമ്മിയായതുകൊണ്ടാണ് വ്യക്തിസ്വകാര്യതയുടെ കുറ്റിയും കൊളുത്തുമിട്ട ലൈംഗികസുഖപടുവാദങ്ങൾ പിറക്കുന്നത്. അവർക്കു വായിക്കാൻ ഒരു കഷണം ചരിത്രം:

സഹോദരികളും ഭാഗിനേയികളുമായ ഈ രാജസ്ത്രീകളെ വംശവർദ്ധിനികൾ എന്നുവെച്ച് ഏറ്റവും മാന്യാവസ്ഥയിൽ കാത്തുരക്ഷിക്കുന്നു. അവരുടെ സുഖവൃത്തിക്കായി വളരെ ദ്രവ്യവും ചെലവു ചെയ്യുന്നു. യൌവനപൂർത്തി വരുന്ന കാലമായ പതിമൂന്നു പതിനാലു വയസു പ്രായമാകുമ്പോൾ സന്തത്യർത്ഥം ഗർഭോത്പാദനത്തിനു വേണ്ടുന്ന ഏർപ്പാടുകൾ ആരംഭിക്കും. ഇതിനായി ആഘോഷത്തോടെ വട്ടങ്ങൾ കൂട്ടിയതിനു ശേഷം അതിനു പ്രത്യേകം അവകാശമുള്ളവരിൽ യോഗ്യനായ ഒരു പ്രഭുവിനെ ക്ഷണിച്ചുകൊണ്ടുവന്നു വിരുന്നുസൽക്കാരങ്ങൾ കഴിച്ച് അനേകക്രിയകളോടു കൂടി രാജകന്യകയുടെ കഴുത്തിൽ സ്വർണം കൊണ്ടുണ്ടാക്കിയ ആഭരണം (താലി) കെട്ടിക്കുന്നു. തന്റെ മനോരഥം പോലെ മേലാൽ നടക്കുന്നതിന് ആവശ്യമായ ക്രിയകൾ കഴിഞ്ഞിരിക്കുന്നു എന്നു കാണിപ്പാനായി ആ ആഭരണം മരണംവരെ കഴുത്തിൽനിന്നു കളയുകയില്ല. ഈ ക്രിയ കഴിയും വരെ സ്ത്രീയ്ക്ക് ഇഷ്ടംപോലെ നടക്കാൻ സ്വാതന്ത്ര്യമില്ല. താലികെട്ടിയ പുരുഷൻ സ്ത്രീയോടു കൂടി അവിടെ വസിക്കും. പിന്നെ തന്റെ നാട്ടിലേയ്ക്കു പോവുകയും ചെയ്യും. ഇതിനിടയ്ക്കു സ്ത്രീയ്ക്കു ഗർഭമുണ്ടായി എന്നു വരാം. ഉണ്ടായിട്ടില്ലെങ്കിൽ സ്ത്രീയുടെ ഇഷ്ടംപോലെ പുരോഹിതന്മാരായ ബ്രാഹ്മണരിൽ ഒരുവനെയോ ഒന്നിലധികം ആളുകളെയോ സ്വീകരിക്കാം. (പി ഭാസ്കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, പേജ് 548).

തീണ്ടാരിയായാലുടൻ ആഘോഷമായി സംഘടിപ്പിക്കപ്പെടുന്ന ബലാത്സംഗച്ചടങ്ങു വഴി ഗർഭോത്പാദനത്തിനും തുടർന്ന് ബ്രാഹ്മണരുടെ സ്വൈരിണിയുമാകാനുള്ള രാജകന്യകയുടെ "സ്വാതന്ത്ര്യ"മായിരുന്നു, കേരള ചരിത്രത്തിലെ തങ്കച്ചിമാരുടെ "ലൈംഗികസ്വാതന്ത്ര്യം". ചരിത്രം അങ്ങനെയാണെന്നിരിക്കെ, അച്ചിമാർ അനുഭവിച്ചിരുന്നത് അപരിമേയമായ സ്വാതന്ത്ര്യമായിരുന്നു എന്നൊക്കെ വ്യാഖ്യാനിക്കുന്നവരോട് സഹതപിക്കുകയേ നിർവാഹമുള്ളൂ. ജാത്യാധികാരവും രാജാധികാരവും കൈയാളിയ പുരുഷൻ സ്വന്തം ലൈംഗികപൂർത്തിയ്ക്ക് സൃഷ്ടിച്ചുവെച്ചിരുന്ന വ്യവസ്ഥകളെക്കുറിച്ചു പ്രാഥമികധാരണയെങ്കിലുമുള്ളവർക്ക് മന്ത്രിമാരുടെ സ്വതന്ത്രലൈംഗികതയ്ക്കു വേണ്ടിയുള്ള ന്യായവാദങ്ങളെ സംശയദൃഷ്ടിയോടെയേ കാണാൻ കഴിയൂ. പക്ഷേ, ആ ധാരണപോലും ഇല്ലാത്തവർക്കും പഠിച്ചതെല്ലാം മറന്നുപോവുന്നവർക്കും ചരിത്രം പഠിക്കില്ലെന്നു ദൃഢനിശ്ചയം ചെയ്തവർക്കും രക്ഷയില്ല! തങ്ങൾ ആർത്തുല്ലസിച്ച് അഭിരമിക്കുന്ന "നവപുരോഗമന" വേഷം ജാത്യാധികാരങ്ങളുടെ പുതുരൂപമാണ് എന്ന വിമർശനം അവർക്കു നേരിടേണ്ടി വരികയും ചെയ്യും.

രാജാക്കന്മാർ കുത്തഴിഞ്ഞ ലൈംഗികജീവിതം നയിച്ചമ്പോൾ ഉദ്യോഗസ്ഥപ്രമാണിമാരും ഒട്ടും പിറകിലായിരുന്നില്ല. അധികാരപ്രയോഗത്തിന്റെ സുപ്രധാന ലക്ഷ്യങ്ങളിൽ ലൈംഗികമോഹങ്ങളുടെ പൂർത്തീകരണവും മേധാവികൾ ലക്ഷ്യമിട്ടിരുന്നു. താലൂക്ക് ഓഫീസ് പരിശോധനയ്ക്കെത്തുന്ന ജില്ലാ കളക്ടർക്ക് പെണ്ണു കൂട്ടിക്കൊടുക്കേണ്ട ചുമതല ഇന്നത്തെ തഹസീൽദാർക്കില്ല. പക്ഷേ, പണ്ട് അതും ഔദ്യോഗികചുമതലയുടെ ഭാഗമായിരുന്നു.

ഔദ്യോഗിക സർക്കീട്ടിനിറങ്ങിയ തിരുവിതാംകൂർ ദിവാന് തഹസീൽദാരുടെ ഭാര്യയിൽ കമ്പമുദിച്ചതും ഭാര്യയ്ക്ക് മെൻസസാണെന്നു കളളം പറഞ്ഞ തഹസീൽദാർ കോട്ടയത്തെ കുട്ടാച്ചിയെന്ന വേശ്യയെ കിടപ്പുവട്ടമൊരുക്കാൻ നിയോഗിച്ചതും വേശ്യയ്ക്കു ചന്തമേറ്റാൻ ഭാര്യയുടെ മാല കൂടി അണിയച്ചതും കെ പി എസ് മേനോന്റെ ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. ഔദ്യോഗികാധികാരം എന്തും ചെയ്യാനുള്ള ആയുധമായി ഉപയോഗിച്ച കാലം അസ്തമിച്ചു. പക്ഷേ, അധികാരം കൈയാളുന്ന പുരുഷന്റെ മനോഭാവം അതനുസരിച്ചുള്ള മാറ്റത്തിനു വിധേയമായിട്ടുണ്ടെന്നു വിശ്വസിക്കാൻ തെളിവുകളൊന്നുമില്ല.

അക്കാലത്ത് സ്റ്റിംഗ് ഓപ്പറേഷനുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ അതിനിറങ്ങുന്നവരുടെ തല പോകുമായിരുന്നു. തിരുവിതാംകൂർ ദിവാനായിരുന്ന സി. രാജഗോപാലാചാരിയടക്കമുള്ളവരുടെ സദാചാരഭ്രംശങ്ങളെ തുറന്നെതിർത്തിന്റെ പേരിൽക്കൂടിയാണ് സ്വദേശാഭിമാനി നാടുകടത്തപ്പെട്ടത്. അതേ അധികാരഭ്രമത്തിലേയ്ക്കു തന്നെയാണ് മംഗളം ചാനലും എത്തിനോക്കിയത്. മംഗളം അധികാരികൾക്കൊപ്പം നിൽക്കുന്നവരാണെന്നത് പച്ചപ്പരമാർത്ഥമാണെങ്കിലും, അധികാരികളുടെ സദാചാരഭ്രംശങ്ങളെപ്പറ്റി ജനങ്ങൾക്കുള്ള ജാഗ്രതയെയാണ് അവർ വിൽക്കാൻ നോക്കിയതെന്നു മറക്കരുത്. അതു വിൽപന തന്നെയാണ്. തർക്കമില്ല. എന്നാൽ ചരിത്രവസ്തുതയും ജനമനസിലെ പൊതുനൈതികതയും മറന്നുകൊണ്ട് മംഗളത്തെ മാധ്യമധാർമ്മികത പഠിപ്പിക്കുന്നതിൽ കാര്യമൊന്നുമില്ല.

ലൈംഗികത ജീവസഹജമാണ്. പക്ഷേ, ജീവസഹജമായി അതു പ്രകടിപ്പിക്കാൻ എല്ലാവർക്കും ഒരുപോലെ അവസരമുണ്ടായിട്ടില്ല. മേലാള ലൈംഗികതയും കീഴാള ലൈംഗികതയുമുണ്ട്. ചരിത്രത്തിലൊരുകാലത്തും രണ്ടിനും ഒരേ പ്രകടനസ്വാതന്ത്ര്യമുണ്ടായിരുന്നിട്ടില്ല. പുരുഷൻ വ്യവസ്ഥ നിശ്ചയിച്ച് അധീശത്വമുറപ്പിച്ച സ്വാതന്ത്ര്യമേ സ്ത്രീയ്ക്കുണ്ടായിരുന്നുള്ളൂ. അതും മേലാള പുരുഷൻ. "ക്ഷേത്രനാഗരികത വ്യാപിച്ചതോടെ ദേവദാസീ സമ്പ്രദായവും ഉത്തരേന്ത്യയിലെന്നപോലെ ദക്ഷിണേന്ത്യയിലും ഉപരിവർഗ ലൈംഗികജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നു"വെന്ന് ഡോ. പി. സോമൻ നിരീക്ഷിക്കുന്നു (ദേവദാസികളും സാഹിത്യചരിത്രവും, പുറം 29).

ജാത്യാധികാരമുള്ള, ഔദ്യോഗികാധികാരമില്ലാത്ത നമ്പൂതിരിയുടെ ലൈംഗികജീവിതം വിസ്തരിച്ചു തന്നെ വിശകലനം ചെയ്തിട്ടുണ്ട് പി കെ ബാലകൃഷ്ണൻ:

ബാന്ധവപ്രകൃതത്തിലുള്ള നമ്പൂതിരിമാർ വിശദപരിശോധനയിൽ അപഹാസ്യദയനീയമായ ഒരവസ്ഥാവിശേഷമാണ് കാഴ്ചവെയ്ക്കുന്നത്. സ്വന്തം വീട്ടിൽ സ്വൈര്യമായി പെരുമാറാൻ സാധ്യമല്ലാത്തവരാണ് അവരെന്നു നാം കണ്ടു. വിവാഹവേഴ്ചയില്ലാത്ത അവർ സഭ്യമായ സ്ത്രീപുരുഷപ്രേമം എന്തെന്നറിയാത്തവരും അങ്ങനെയൊന്നു തിരിച്ചുനൽകാൻ പ്രാപ്തിയില്ലാത്തവരുമാണ്. ഭാര്യയുടെ സ്നേഹം നിറഞ്ഞ പരിചര്യയെന്തെന്നോ ഭാര്യയോടുള്ള പ്രതിബദ്ധതയെന്തെന്നോ അറിയാതെ ആ അറിവുകേട് തലമുറ തലമുറയായി കൈപകർന്ന്, അത്തരം ഘടനയുടെ പല പ്രധാനഭാഗങ്ങളും തേഞ്ഞുമാഞ്ഞില്ലാതായി, സ്ത്രീപുരുഷ പ്രേമം, സന്താനവാത്സല്യം തുടങ്ങിയ ജീവൽപ്രധാനമായ പല സ്ഥാപനങ്ങളിലേയ്ക്കും ബുദ്ധി വ്യാപരിപ്പിക്കാനേ കഴിയാത്ത ഈ സുവിജ്ഞൻമാർ, ബാന്ധവവേഴ്ച ആചരിക്കുന്ന സാഹചര്യവും ദയനീയമാണ്. രാത്രിയിൽ ആരംഭിക്കുന്നതും സൂര്യോദയത്തിനും വളരെ മുമ്പ് അവസാനിപ്പിക്കേണ്ടതുമായി ആ വേഴ്ച, ജാതിപരമായ പദവിവ്യത്യാസം മൂലവും ജാത്യാചാരബന്ധമായ ഭാഷയുടെ പ്രത്യേകത മൂലവും തുല്യമായ പരസ്പരസ്നേഹത്തോടെ നേരമ്പോക്കു പറയാൻ വശപ്പെടുന്ന വേഴ്ചയല്ല. സ്ത്രീ തൊട്ടതോ, സ്ത്രീയുടെ വീട്ടിൽപ്പെട്ടതോ ആയ ഭക്ഷണപാനീയങ്ങളൊന്നം പുരുഷനു കഴിക്കാനാവാത്ത ചുറ്റുപാടിൽ ഒഴിഞ്ഞ വയറുമായുള്ള മാംസവേഴ്ച മാത്രമായി അതു ചുരുങ്ങുന്നു, (ജാതിവ്യവസ്ഥയും കേരള ചരിത്രവും, പുറം 332-333).

പല കാരണങ്ങളാണ് ദയനീയസ്ഥിതിയിലായിരുന്ന നമ്പൂതിരിയ്ക്കും ലൈംഗികവേഴ്ചയ്ക്ക് പൂർവനിശ്ചിതമായ യഥേഷ്ടം അവസരങ്ങളുണ്ടായിരുന്നു. ഇത്തരക്കാരുടെ പങ്കാളികളായിരുന്നു, ആവോളം "ലൈംഗികസ്വാതന്ത്ര്യം" അനുഭവിച്ചിരുന്നു എന്നു കൊട്ടിഗ്ഘോഷിക്കപ്പെടുന്ന "തങ്കച്ചി"മാർ . പക്ഷേ, നമ്പൂതിരി സമുദായത്തിലെ സ്ത്രീയ്ക്ക് ഈ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലതാനും. --

അത്ര പഴയതല്ലാത്ത ഒരു ഭൂതകാലത്ത് ജാത്യാധികാരവും രാജാധികാരവുമുള്ള ഉപരിവർഗ പുരുഷൻ മാത്രം യഥേഷ്ടം അനുഭവിച്ചിരുന്ന ഈ ലൈംഗികസ്വാതന്ത്ര്യമാണ് ജനകീയാധികാരത്തിന്റെ കൈയാളുകളായ എ കെ ശശീന്ദ്രന്മാരും കൊതിക്കുന്നത്. "മലയാളിയുടെ ലൈംഗികദാരിദ്ര്യ"ത്തെ വിചാരണ ചെയ്യുന്നുവെന്ന നാട്യത്തിൽ ഇടയ്ക്കിടയ്ക്ക് കുമിഞ്ഞുയരുന്ന രോഷപ്പുക യഥാർത്ഥത്തിൽ ജാത്യാധികാരത്തിൽ നിന്നും രാജാധികാരത്തിൽ നിന്നും നിഷ്കാസിതനായ ഉപരിവർഗ പുരുഷൻറെ ലൈംഗികവീർപ്പുമുട്ടുകളല്ലാതെ മറ്റൊന്നുമല്ല. കണ്ണിനു മുന്നിൽപ്പെടുന്നവരോടെല്ലാം കാമം തോന്നുകയും അധികാരത്തിന്റെ കരുത്തിൽ വേഴ്ച നിർവഹിക്കുകയും ചെയ്തിരുന്ന ലൈംഗികസ്വൈരവിഹാരത്തിന് രാഷ്ട്രീയമായും സാംസ്ക്കാരികമായും വീണ താഴു പൊളിക്കാനുള്ള അഭ്യാസങ്ങളാണ് സ്വകാര്യതയുടെ സംരക്ഷണമെന്ന പേരിലുയരുന്ന രാഗവിസ്താരം-

കെട്ടു തീർന്നുകൊണ്ടിരിക്കുന്ന ഒരു ഭൂതകാലവ്യവസ്ഥ ചിലർക്കു മാത്രം സാധ്യമാക്കിയിരുന്ന സവിശേഷാവകാശങ്ങളെ ജനകീയാധികാരമുപയോഗിച്ച് ഉയർത്തെഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നവർക്കു പിന്തുണ നൽകാൻ പുരോഗമനത്തെ കൃത്യമായി നിർവചിച്ചു പക്ഷം ചേർന്നവർക്കു കഴിയില്ല. " ശരിയായ തീരുമാനമെടുക്കാൻ ശശീന്ദ്രനറിയാമല്ലോ" എന്ന പിണറായി വിജയന്റെ സൌമ്യമായ നിർദ്ദേശത്തെ ഒരു നിമിഷം വൈകാതെ രാജിവെച്ചിറങ്ങൂവെന്ന കാരിരുമ്പിന്റെ കാർക്കശ്യമുള്ള ദണ്ഡനയായി ഏറ്റു വാങ്ങാൻ ശശീന്ദ്രൻ നിർബന്ധിതനായതിനു കാരണവും മറ്റൊന്നല്ല. ശശീന്ദ്രൻ രാജിവെയ്ക്കരുതെന്നും രാജിവെച്ച ശശീന്ദ്രൻ മടങ്ങി വരണമെന്നുമുള്ള ഫേസ് ബുക്ക് ജൽപനങ്ങൾ കോമാളിത്തമാശയായിപ്പോലും ആരും കണക്കിലെടുക്കാത്തതും അതുകൊണ്ടാണ്.

ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തനം സദാജാഗരൂകമായ സാമൂഹ്യപഠനമാണ്. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ എല്ലാ സംവിധാനങ്ങളെയും ചലനങ്ങളെയും ആഴത്തിൽ ഗ്രഹിച്ചു നിലപാടും പ്രതികരണവും രൂപപ്പെടുത്തേണ്ട ഉത്തരവാദിത്തമുള്ളവരാണ് അവർ. അവരുടെ വ്യക്തിത്വത്തിന് സ്വകാര്യമെന്നും സാമൂഹികമെന്നും വെള്ളം കടക്കാത്ത വ്യത്യസ്ത അറകളില്ല. ചരിത്രബോധത്തിന്റെ അടിയുറപ്പുള്ള മൂല്യസങ്കൽപങ്ങൾ തന്നെയാണ് സ്വകാര്യവും സാമൂഹികവുമായ വ്യവഹാരങ്ങളെ നയിക്കേണ്ടത്. കേവലവികാരങ്ങൾക്ക് കീഴടങ്ങിയാൽ എന്തുസംഭവിക്കുമെന്ന ചരിത്രപാഠത്തോടു വിട്ടുവീഴ്ച ചെയ്യുന്ന നിമിഷം അവർ വലതുപക്ഷത്തേയ്ക്കു മറിഞ്ഞു വീഴും.

വലതുപക്ഷ മാധ്യമങ്ങളുടെ വ്യക്തിഹത്യയും രാഷ്ട്രീയഹത്യയും എത്രയോ കാലമായി അഭിമുഖീകരിക്കുന്ന ഇടതുപക്ഷമാണ് കേരളത്തിലേത്. ആ ഇടതുപക്ഷത്തെ ഒരു മന്ത്രിയാണ് തനിക്കുനേരെ മലർശരത്തിന്റെ രൂപത്തിൽ നീണ്ടുവന്ന ചൂണ്ടയിൽ ആർത്തിയോടെ ആഞ്ഞുകൊത്തിയത്. ആ ജാഗ്രതയില്ലായ്മയുടെ വില എ കെ ശശീന്ദ്രൻ ഒടുക്കി. സോ സിംപിൾ.

ഒന്ന്