മറ്റു മാധ്യമസ്ഥാപനങ്ങളിലിരുന്ന് മംഗളത്തെ ജേണലിസം പഠിപ്പിക്കുന്നവരോട്...

എ. കെ. ശശീന്ദ്രൻ ഫോൺവിളി വിവാദത്തിൽ നാരദാ ന്യൂസ് അസോസിയേറ്റ് എഡിറ്റർ കെ. ജി. ബിജു എഴുതിയ ലേഖനം ചർച്ചയാക്കിയിരുന്നു. 'മംഗളത്തിന്റെ ഫാദർലെസ് പ്രവൃത്തി'ക്ക് എതിരെന്ന പേരിലുയർന്ന വാദമുഖങ്ങളുടെ അടിസ്ഥാനചോദനകൾ കെ. ജി. ബിജു അവലോകനംചെയ്യുന്നു. ഒന്നാം ഭാഗം. ആക്ടിവിസ്റ്റ് കാപട്യങ്ങൾ മാധ്യമപ്രവർത്തനത്തിന് പകരമാവില്ലെന്നാണ് ഇതിൽ കെ. ജി. ബിജുവിന്റെ മുഖ്യവാദം. 'ഇപ്പ ശരിയാക്കിത്തരാം' എന്ന് മുതലാളിമാരെ വിശ്വസിപ്പിച്ച് പല കസേരകളിലായിരുന്നവരുടെ വിഭവദാരിദ്ര്യം കൊടുത്ത പണിയാണ് മംഗളത്തിനു കിട്ടിയത്; ആ വിധി ഏതൊരു മാധ്യമ സ്ഥാപനത്തെയും കാത്തിരിക്കുന്നുവെന്നും!

മറ്റു മാധ്യമസ്ഥാപനങ്ങളിലിരുന്ന് മംഗളത്തെ ജേണലിസം പഠിപ്പിക്കുന്നവരോട്...

ഉറപ്പിച്ചു പറയാം. പ്രജാപതിയുടെ ലിംഗവിശപ്പിൽ അനുതാപം ചൊരിഞ്ഞ് ദേഹണ്ഡിച്ചവരുടെ കൂട്ടിക്കൊടുപ്പു യുക്തികൾക്കു മുന്നിലല്ല മംഗളം ചാനൽ സ്തബ്ധമായിപ്പോയത്. ചാനലിനു പണി കൊടുത്ത ടീം വേറെയാണ്. മന്ത്രിയ്ക്കു പണികൊടുത്ത അതേ സംഘം. യഥാർത്ഥത്തിൽ കെണിഞ്ഞത് പണിയറിയാത്തവരെ ചുമതലയേൽപ്പിച്ച് പണമിറക്കിയവരും. ഒരു മന്ത്രിയുടെ കസേര വെണ്ണീറാക്കിക്കൊണ്ടുള്ള സ്വപ്നതുല്യമായ ലോഞ്ചിംഗ് നടത്തിയ ചാനൽ ഇപ്പോൾ കുറ്റവാളിയുടെ പ്രതിക്കൂട്ടിൽ നിൽക്കുന്നതിനു കാരണം ഒന്നേയുള്ളൂ. വാർത്തയെന്തെന്ന് അറിയാത്തവരാണ് വാർത്ത നിർമ്മിക്കാനിറങ്ങിയത്. അതിന്റെ വിലയാണ് ചാനൽ ഒടുക്കുന്നത്. അല്ലാതെ, അധാർമ്മിക മാധ്യമപ്രവർത്തനത്തിനു കൊടുത്ത വിലയാണിതെന്നു സിദ്ധാന്തിച്ച് ഫുൾസ്റ്റോപ്പു ചാർത്തണമെങ്കിൽ തലയ്ക്ക് ഓളമായിരിക്കണം.

കിട്ടിയ സുവർണാവസരത്തെ അടിത്തറബലമുള്ള വാർത്തയാക്കി മാറ്റാൻ നിയോഗമേറ്റ ജേണലിസ്റ്റിനോ ചുമതലയേൽപ്പിച്ച എഡിറ്റോറിയൽ ബോർഡിനോ കഴിഞ്ഞില്ല. ശതകോടികളുടെ അഴിമതിയ്ക്കു സാധ്യതയുള്ള വകുപ്പു ഭരിക്കുന്ന മന്ത്രിയാണ് വശീകരണക്കെണിയിൽ വീണത്. പക്ഷേ, ലൈംഗിക പ്രലോഭനത്തിനു പ്രതിഫലമായി മന്ത്രിയിൽ നിന്ന് ഒരു പർച്ചേസ് കോൺട്രാക്ട് വാഗ്ദാനമോ അനുബന്ധ രേഖകളോ സംഘടിപ്പിക്കാൻ ചാനലിനു കഴിഞ്ഞില്ല. സ്റ്റിംഗ് ഓപ്പറേഷനും ഹണി ട്രാപ്പും സംവിധാനം ചെയ്തവരുടെ പ്രൊഫഷണൽ വൈദഗ്ധ്യം വെട്ടിത്തിളയ്ക്കേണ്ടത് അവിടെയായിരുന്നു. ആ വൈദഗ്ധ്യം കമ്മിയായതുകൊണ്ടാണ് ഇരയും വേട്ടക്കാരനും ഒരേ കെണിയിൽ കുരുങ്ങിപ്പോയത്.

അവിഹിതമായ ഒരു ശിപാർശയോ നിയമനോ തരപ്പെടുത്താമെന്ന മന്ത്രിയുടെ വാഗ്ദാനം ആ ശബ്ദരേഖയിലില്ല. എന്തിന്, മന്ത്രിയെ പ്രലോഭിച്ചാൽ സ്വന്തം വീട്ടുപടിക്കലേയ്ക്കൊരു ഓർഡിനറി ബസ് സർവീസോ തിരുവനന്തപുരം-ബംഗളൂരു സ്കാനിയയിൽ ഒരു വിൻഡോ സീറ്റോ അവിഹിതമായി തരപ്പെടുത്താമെന്നു സൂചിപ്പിക്കാൻപോലുമായില്ല.

ഇത്തരമൊരു സുവർണാവസരം കിട്ടിയ മാധ്യമപ്രവർത്തകയ്ക്കു തെളിയിക്കാനായത്, ഒരു കിളിമൊഴിയിൽ സകല നിയന്ത്രണവും നഷ്ടപ്പെടുന്ന പൂമ്പുരുഷനാണ് മന്ത്രിയെന്നുമാത്രം. ഒരിടതുപക്ഷ മന്ത്രിയുടെ കസേര തെറിപ്പിക്കാനിതു ധാരാളം. പക്ഷേ, വാർത്താചാനലിന്റെ അതിജീവനത്തിന് അതുപോര. പ്രതിരോധം നഷ്ടപ്പെട്ട് ഉമിനീരു വറ്റിപ്പോയ മംഗളം എഡിറ്റോറിയൽ ബോർഡ് ഈ വിവാദത്തിൽ നിന്നു പഠിക്കേണ്ട പാഠം അതാണ്.

മാധ്യമപ്രവർത്തകരുടെയോ ചാനൽ മാനേജ്മെന്റിന്റെയോ ധാർമ്മികതയല്ല പ്രശ്നം. "ഇപ്പം ശരിയാക്കിത്തരാം" എന്ന ഭാവവുമായി സിഇഒ മുതൽ ട്രെയിനിവരെയുള്ളവരുടെ കസേരയിൽ അവതരിക്കുന്ന മഹാഭൂരിപക്ഷത്തിനും വാർത്തയെന്തെന്നോ അതെങ്ങനെ സംഘടിപ്പിക്കണമെന്നോ അവതരിപ്പിക്കണമെന്നോ അറിയില്ലെന്ന യാഥാർത്ഥ്യമാണ്. അതിനു മുന്നിലാണ് മാധ്യമമേഖലയിൽ മുതൽമുടക്കുന്നവർക്ക് ശ്വാസം നഷ്ടപ്പെടുന്നത്.

പ്രൊഫഷണൽ കഴിവുകേടൊരുക്കിയ വാരിക്കുഴിയിലാണ് മംഗളം പതിച്ചുപോയതെന്ന് അവരാണ് തിരിച്ചറിയേണ്ടത്. മംഗളത്തെ വിചാരണ ചെയ്യാൻ പേനയെടുത്ത മാധ്യമപ്രവർത്തകരുൾപ്പെട്ട ഒരു സംഘം മാന്യദേഹങ്ങൾ നിർഭാഗ്യവശാൽ പൂണ്ടുകിടക്കുന്നതും ആ കുഴിയിലാണ്. വാർത്തയോടും വിവരങ്ങളോടും സംഭവങ്ങളോടും ഒരൽപ്പംപോലും അഭിനിവേശമല്ലാത്തവരുടെ ആത്മവഞ്ചനയും കഴിവുകേടും വിവരമില്ലായ്മയും തളം കെട്ടിക്കിടക്കുന്ന ഡെസ്കുകളിൽ നിന്ന് നിർലജ്ജ ഗീർവാണങ്ങളുയർന്നതിൽ ഒട്ടുമേ അത്ഭുതമില്ല.

അധികാരവും അതിന്റെ മറുപിള്ളയായ അധോലോകവും സൃഷ്ടിക്കുന്ന പ്രകമ്പനങ്ങളെ ജേണലിസ്റ്റിക്കായി അഭിമുഖീകരിക്കാൻ തങ്ങളെ നിയോഗിക്കരുതേയെന്ന ദീനവിലാപമാണ് മംഗളത്തെച്ചൂണ്ടി ഏതാനും ചാരുകസേരജീവിതങ്ങളുയർത്തിയത്. സമവാക്യം ലളിതമാണ്. പണം വേണം. സ്വാതന്ത്ര്യവും മാധ്യമപ്രവർത്തകന്റെ ആലഭാരങ്ങളും അനിവാര്യം. എന്നാൽ സ്ഥാപനമേൽപ്പിക്കുന്ന പണിയെടുക്കാൻ മാത്രം പറയരുത്. വേറെന്തും ചെയ്യും. നിലവാരമുള്ള കോപ്പികളും സംഭവങ്ങളോട് പരപ്രേരണയില്ലാത്ത നൈസർഗിക പ്രതികരണങ്ങളും പ്രതീക്ഷിക്കരുത്. അസൈൻമെന്റുകളെ മനോധർമ്മത്താൽ ഉത്തേജകമാക്കുമെന്ന് സ്വപ്നത്തിൽപ്പോലും ചിന്തിക്കരുത്. പക്ഷേ, മാധ്യമപ്രവർത്തകർ എന്ന ടാഗിൽ കുടുംബ ബജറ്റ് കൽപ്പാന്തകാലം സുരക്ഷിതമാവണം. വേറിട്ട ഒച്ച കേൾപ്പിക്കാൻ അഞ്ചാം നമ്പർ ബെഡിൽ സ്വമേധയാ അഡ്മിറ്റായി വേണമെങ്കിൽ ഫേസ് ബുക്കുവഴിയൊന്നു നിലവിളിച്ചു തരികയും ചെയ്യും.

ആധുനികത ഉത്തരധ്രുവം കടന്നു നിൽക്കുന്ന ഇക്കാലത്തെ മാധ്യമപ്രവർത്തനത്തിന്റെ ഭാഗമാണ് സ്റ്റിംഗ് ഓപ്പറേഷനുകളും ഹണി ട്രാപ്പുമൊക്കെ. ആർക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. ഏതാനും മലയാളി ഫേസ് ബുക്ക് പ്രൊഫൈലുകൾ കൂവിയാർത്താലൊന്നും അവയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടവരെ പിന്തിരിപ്പിക്കാനുമാവില്ല. സൈനികരഹസ്യങ്ങൾ ചോർത്താൻ സമർത്ഥമായി നടപ്പിലാക്കിയ ഹണി ട്രാപ്പ് മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായത് സമീപകാലത്തു മാത്രമാണ്. ഇന്ത്യയിലെ സ്റ്റിംഗ് ഓപ്പറേഷനുകളുടെ ചരിത്രവും വെല്ലുവിളികളും നാരദാ ന്യൂസ് ചീഫ് എഡിറ്റർ മാത്യു സാമുവേൽ നാരദയിൽ വിശദമായി എഴുതിയിട്ടുണ്ട്.

നാരദാ ചീഫ് എഡിറ്ററുടെ കുറിപ്പു പൂർണമാകണമെങ്കിൽ രണ്ടു വിശകലനങ്ങൾ അനിവാര്യമാണ്. ഒന്ന്, വെസ്റ്റ് എൻഡ് സ്റ്റിംഗ് ഓപ്പറേഷന് രണ്ടു വേശ്യകളെ ഉപയോഗിച്ച ചരിത്രം. ഒരു ഓഫീസർ സെക്സിലേർപ്പെടുന്ന വീഡിയോയും അന്ന് രഹസ്യ കാമറയിൽ ചിത്രീകരിക്കപ്പെട്ടു. 2001 മാർച്ചിലാണ് ഓപ്പറേഷൻ വെസ്റ്റ് എൻഡ് സ്റ്റോറികൾ തെഹൽക്ക പുറത്തു വിട്ടത്. എന്നാൽ ഓപ്പറേഷൻ പൂർത്തീകരിക്കാൻ വേശ്യകളുടെ സഹായം തേടിയെന്ന വിവരം പുറത്തുവിട്ടത് തെഹൽക്കയല്ല. മറ്റു മാധ്യമങ്ങളായിരുന്നു. ചിത്രീകരിച്ച എല്ലാ ടേപ്പുകളും അന്വേഷണത്തിന് നിയോഗിക്കപ്പെട്ട വെങ്കിടസ്വാമി കമ്മിഷന് തെഹൽക്ക കൈമാറിയ ശേഷം, 2001 ആഗസ്റ്റിലാണ് സ്റ്റിംഗ് ഓപ്പറേഷനിൽ വേശ്യകളെയും പങ്കാളികളാക്കിയിരുന്നു എന്ന വിവരം പുറത്തു വന്നത്.

മാധ്യമധാർമ്മികത അന്നും രാജ്യം ചർച്ച ചെയ്തു. മാധ്യമപ്രവർത്തനത്തിന് വേശ്യകളെ ഉപയോഗിച്ച തരുൺ തേജ്പാലിനും സംഘത്തിനുമെതിരെ വ്യാപകമായ വിമർശനങ്ങളുയർന്നു. എന്നാൽ ആ വിമർശനങ്ങളിൽ അവർ കുലുങ്ങിയില്ല. ഉന്നതതലങ്ങളിലെ അഴിമതി തുറന്നു കാണിക്കുകയായിരുന്നു തങ്ങളുടെ പ്രധാനലക്ഷ്യമെന്ന വാദത്തിൽ തെഹൽക്ക എഡിറ്റർ ഉറച്ചു നിന്നു.

വേശ്യകളെ വേണമെന്ന ആവശ്യം പൂർത്തീകരിക്കാതെ ഒരിഞ്ചുപോലും മുന്നോട്ടു പോവില്ലെന്നുറപ്പായതോടെയാണ് സൈനികമേധാവികളുടെ ആവശ്യത്തിനു വേണ്ട ഏർപ്പാടു ചെയ്യാൻ തയ്യാറായത് എന്നായിരുന്നു സ്റ്റിംഗ് ഓപ്പറേഷൻ നയിച്ച അനിരുദ്ധ് ബഹലിന്റെ വിശദീകരണം.

എന്തൊരു വെല്ലുവിളിയായിരുന്നു അന്നവർ ഏറ്റെടുത്തത്! കൂട്ടിക്കൊടുപ്പുകാരെന്ന പൊള്ളുന്ന വിമർശനം ജീവിതത്തിലുടനീളം വേട്ടയാടപ്പെടുമെന്ന് അറിഞ്ഞിട്ടും അഴിമതി തുറന്നുകാട്ടുമെന്ന നിശ്ചയദാർഢ്യം ഉപേക്ഷിച്ചില്ല. അധോലോകസ്വഭാവമുള്ള ഭരണസംവിധാനത്തെ തുറന്നു കാട്ടാൻ സ്റ്റിംഗ് ഓപ്പറേഷനുകളും ഹണി ട്രാപ്പും ആസൂത്രണം ചെയ്യുന്നവർ അധികാരച്ചെങ്കോലേന്തുന്ന പുരുഷന്റെ ലൈംഗികാസക്തിയെ ഏതെങ്കിലും ഘട്ടത്തിൽ അഭിമുഖീകരിക്കേണ്ടി വരും. അതു മറികടന്നാലേ ലക്ഷ്യം നേടാനാവൂ എങ്കിൽ മടിച്ചു നിൽക്കരുത് എന്ന സന്ദേശവും വെസ്റ്റ് എൻഡ് സ്റ്റിംഗ് ഓപ്പറേഷനുണ്ട്. മാധ്യമധാർമ്മികതയെച്ചൊല്ലി ഉയരുന്ന വിമർശനങ്ങളെ ഭയന്നു പിന്തിരിയാനല്ല അനിരുദ്ധ ബഹലും സംഘവും തയ്യാറായത്. അവർക്ക് മുന്നിൽത്തന്നെ ഉറച്ചു നിൽക്കുകയായിരുന്നു ചീഫ് എഡിറ്റർ.

എങ്കിലും സ്റ്റിംഗ് ഓപ്പറേഷൻ നടത്താൻ ഒരുപക്ഷേ, ഇന്ത്യയിലാദ്യമായി വേശ്യകളെ നിയോഗിച്ചത് തെഹൽക്കയാണ് എന്ന വസ്തുത ബാക്കിയാകുന്നു. ആ ജേണലിസം എത്ര പേർക്കു ദഹിക്കും? മലയാളത്തിൽ എത്രപേർ അതിനു തയ്യാറാകും? ഉത്തരം കിട്ടാനല്ല ഈ ചോദ്യങ്ങൾ. മറച്ച് അവയൊന്നും പരിഗണിക്കാൻ തെഹൽക്ക ടീമിന് യാതൊരു ബാധ്യതയുമില്ല എന്നോർമ്മിപ്പിക്കുന്നുവെന്നു മാത്രം. കാരണം, ആർമി ഓഫീസർമാരുടെ കാമാസക്തി പൊതുദർശനത്തിനു വെയ്ക്കാനല്ല, തെഹൽക്ക ഇറങ്ങിപ്പുറപ്പെട്ടത്. അവർ ആ ടേപ്പ് അന്വേഷണ ഏജൻസിയ്ക്കു കൈമാറുകയാണ് ചെയ്തത്.

മറുവശത്ത് സ്വകാര്യതയുടെ ലംഘനമുണ്ടെന്നും വാദിക്കാം. കൊടിയ അഴിമതിക്കാരന്റെയും സ്വകാര്യത സംരക്ഷിക്കപ്പെടണമല്ലോ. അങ്ങനെ വിശ്വസനീയമായ ബോധ്യമുള്ളതുകൊണ്ടാണല്ലോ ഡൽഹിയിലെ ആ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ വേശ്യയ്ക്കൊപ്പം ശയിക്കാൻ ആർമിയിലെ ഉന്നത ഉദ്യോഗസ്ഥൻ തയ്യാറായതും. പക്ഷേ, അവിടെ തെഹൽക്ക സ്ഥാപിച്ച രഹസ്യകാമറയുണ്ടായിരുന്നു. നടന്നതെല്ലാം കാമറ ഒപ്പിയെടുത്തു. ആർമി ഓഫീസറായ പുരുഷന്റെ സ്വകാര്യതയാണ് തെഹൽക്ക അയാളറിയാതെ ചിത്രീകരിച്ചത്. തെഹൽക്കയിലൂടെയല്ലെങ്കിലും സംഭവം വാർത്തയാവുകയും ചെയ്തു.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് എ. കെ. ശശീന്ദ്രൻ സംഭവത്തിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട മംഗളം വിമർശനങ്ങൾ പുനഃപരിശോധനയ്ക്കു വിധേയമാകുന്നത്. ഈ വിമർശകർ ഡയലോഗുകളുമായി രഞ്ജി പണിക്കർ കളിക്കുമ്പോൾ പേടിച്ചരണ്ടു നിൽക്കുകയാണ് തരുൺ തേജ് പാൽ, അനിരുദ്ധ് ബഹൽ, മാത്യു സാമുവേൽ തുടങ്ങിയ മാധ്യമപ്രവർത്തകർ. മംഗളത്തെ ശരിപ്പെടുത്താനിറങ്ങിയവർ ഇപ്പറഞ്ഞവരെ ജേണലിസം തപാൽ കോഴ്സായിട്ടെങ്കിലും പഠിച്ചവരായി പരിഗണിക്കുമോ ആവോ!

നാരദാ ചീഫ് എഡിറ്ററുടെ കുറിപ്പു പൂർണമാക്കാൻ പരിശോധിക്കേണ്ട രണ്ടാമത്തെ കാര്യം ഇതാണ്: സ്റ്റിംഗ് ഓപ്പറേഷൻ വഴി തുരന്നെടുക്കുന്ന കാര്യങ്ങളെല്ലാം പുറംലോകമറിയുന്നത് അതു നടത്തുന്നവരിലൂടെ മാത്രമാവണമെന്നില്ല. തെഹൽക്ക ചിത്രീകരിച്ച ആർമി ഓഫീസർമാരുടെ ലൈംഗിക വേഴ്ച പുറത്തുവന്നത് അതിനുദാഹരണമാണ്. മറ്റൊന്ന് അലസിപ്പോയ സ്റ്റിംഗ് ഓപ്പറേഷനുകളുടെ അവശിഷ്ടം ബ്ലാക്ക് മെയിലിംഗിനും ഭീഷണിയ്ക്കും വ്യക്തിഹത്യയ്ക്കും ഉപയോഗിക്കപ്പെട്ടതും. ഒപ്പം നടന്നവർക്കിടയിലുണ്ടായ അഭിപ്രായവ്യത്യാസം മൂലമുള്ള പകവീട്ടലാണ് ഇത്തരത്തിൽ കലാശിച്ചത്. ഇവിടെയും സ്വകാര്യതയും വിശ്വാസ്യതയും വെല്ലുവിളിക്കപ്പെട്ടിട്ടുണ്ട്. എഡിറ്റോറിയൽ പോളിസിയുടെ ഭാഗമായി പ്രസിദ്ധീകരിക്കേണ്ടതില്ല എന്ന തീരുമാനം ഫലിച്ചില്ല. ആത്യന്തികമായി അവ പുറത്തുവരിക തന്നെ ചെയ്തു.

സ്റ്റിംഗു ചെയ്യുന്നവർ, അതിന്റെ രീതി, പുറത്തുവിടുന്നവർ, ചെയ്തുകഴിഞ്ഞുള്ള സമീപനം തുടങ്ങിയവയെപ്പറ്റി ഏതു തത്ത്വം രൂപീകരിച്ചാലും അതൊന്നും കല്ലിൽക്കൊത്തിയ ശാസനങ്ങളായി നിലനിൽക്കില്ലെന്നു ചുരുക്കം. ഈ സമീപനങ്ങളെല്ലാം വ്യക്തിനിഷ്ഠമാണെന്നു മാത്രമല്ല, ഒപ്പമുള്ളവർ പോലും ഏതു നിമിഷവും തള്ളിക്കളഞ്ഞേക്കാവുന്നതുമാണ്. "നിങ്ങളുടെ നിലവാരം നിങ്ങള്‍ നിശ്ചയിക്കുന്നതാണ്, എന്‍റേത് ഞാനും" എന്ന് മാത്യു സാമുവേൽ അഭിപ്രായപ്പെടുന്നതു മാത്രമേ 'സർവ്വകാല സത്യ'മായി സ്വീകരിക്കപ്പെടുകയും പ്രയോഗിക്കപ്പെടുകയുമുള്ളൂ. അതായത്, 'നിങ്ങളുടെ എഡിറ്റോറിയൽ പോളിസി നിങ്ങൾ നിശ്ചയിക്കുന്നതാണ്. ഞങ്ങളുടേത് ഞങ്ങളും'.

എന്നെന്നേയ്ക്കുമായി എല്ലാവർക്കും പാലിക്കാൻ ഒരു എഡിറ്റോറിയൽ പോളിസിയുമില്ല. തെഹൽക്കയുടേത് തെഹൽക്ക തീരുമാനിക്കും. നാരദയുടേത് നാരദയും മംഗളത്തിന്റേത് മംഗളവും. ചാനൽ ലോഞ്ചിനോടനുബന്ധിച്ച് സ്റ്റിംഗ് ഓപ്പറേഷൻ പ്ലാൻ ചെയ്തപ്പോൾ പഠിച്ചും നിരീക്ഷിച്ചും പണിക്കുറ്റം തീർത്ത വാർത്തയുണ്ടാക്കേണ്ടത് മംഗളം എഡിറ്റോറിയൽ ബോർഡിന്റെ ചുമതലയായിരുന്നു. അങ്ങനെയൊരു വാർത്തയായിരുന്നില്ല അവർ പുറത്തു വിട്ടത്. അതവരുടെ പിടിപ്പുകേട്. അതിന്റെ പേരിൽ പൊതുവിമർശനങ്ങളുയരുന്നതും മനസിലാക്കാം. പക്ഷേ, മറ്റു മാധ്യമങ്ങളിൽ, ഒന്നിനൊന്നു വ്യത്യസ്തമായ എഡിറ്റോറിയൽ പോളിസികളിലൂന്നി ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർ ഇക്കാര്യത്തിൽ കളിക്കുന്ന ആക്ടിവിസം പൂർണമായും കാപട്യമാണ്. അപ്പോൾപ്പിന്നെ കെണിയിൽ കുരുങ്ങി പുറത്തുപോയ മന്ത്രിയ്ക്കുവേണ്ടി കഷ്ടപ്പെട്ട് നിർമ്മിച്ചെടുത്ത ന്യായവാദങ്ങളും അങ്ങനെയാവാതിരിക്കുന്നതെങ്ങനെ!

(തുടരും)