പാതയോര വെള്ളമടി വിലക്കിയത് സുപ്രിംകോടതിയല്ല... യഥാർത്ഥ വില്ലൻ വേറെയാണ്...

ദേശീയ സംസ്ഥാന പാതയോരങ്ങളിലെ വെള്ളമടിയ്ക്ക് യഥാർത്ഥത്തിൽ ഫുൾസ്റ്റോപ്പിട്ടത് സുപ്രിംകോടതിയല്ല. പൊതുതാൽപര്യ ഹർജിയുമായി സുപ്രിംകോടതിയിലെത്തിയ ഹർമൻ സിംഗ് സിധുവിനെയും പുലഭ്യം പറഞ്ഞിട്ടു കാര്യമില്ല. കാര്യമറിയാതെയാണ് പലരും ഇവർക്കെതിരെ വാളെടുക്കുന്നത്. യഥാർത്ഥ വില്ലനാരെന്ന് അറിയണമെങ്കിൽ കഥ മുഴുവൻ വായിക്കണം.

പാതയോര വെള്ളമടി വിലക്കിയത് സുപ്രിംകോടതിയല്ല... യഥാർത്ഥ വില്ലൻ വേറെയാണ്...

ദേശീയ സംസ്ഥാന പാതയോരങ്ങളിലെ വെള്ളമടിയ്ക്ക് യഥാർത്ഥത്തിൽ ഫുൾസ്റ്റോപ്പിട്ടത് സുപ്രിംകോടതിയല്ല. പൊതുതാൽപര്യ ഹർജിയുമായി സുപ്രിംകോടതിയിലെത്തിയ ഹർമൻ സിംഗ് സിധുവിനെയും പുലഭ്യം പറഞ്ഞിട്ടു കാര്യമില്ല. കാര്യമറിയാതെയാണ് പലരും ഇവർക്കെതിരെ വാളെടുക്കുന്നത്. യഥാർത്ഥ വില്ലനെ അറിയണമെങ്കിൽ കഥ മുഴുവൻ വായിക്കണം.

വില്ലൻ നമ്പർ ഒന്ന് - നാഷണൽ റോഡ് സുരക്ഷാ കൌൺസിൽ (NRSC)

റോഡു സുരക്ഷയ്ക്കു വേണ്ടി 1988 ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 215 പ്രകാരം രൂപീകരിച്ച പരമോന്നത സ്ഥാപനം. ദേശീയപാതയിൽ മദ്യശാലകൾക്ക് ലൈസൻസ് അനുവദിക്കരുതെന്ന് പതിമൂന്നു വർഷങ്ങൾക്കു മുന്നേ നടന്ന എൻആർഎസ് സി യോഗം ഏകകണ്ഠമായി തീരുമാനിച്ചു. യോഗം നടന്ന തീയതി 2004 ജനുവരി 15.

വില്ലൻ നമ്പർ രണ്ട് - റോഡ് ഗതാഗത മന്ത്രാലയം (MoRTH)

ദേശീയ പാതയിലെ എല്ലാ മദ്യശാലകളും നീക്കം ചെയ്യണമെന്നും പുതിയ ലൈസൻസുകൾ നൽകരുതെന്നും 2007 ഒക്ടോബർ 26ന് എല്ലാ സംസ്ഥാന സർക്കാരുകൾക്കും സർക്കുലറുകൾ അയച്ചു. അന്നു മുതൽ എല്ലാ സംസ്ഥാന സർക്കാരുകളോടും അവരീക്കാര്യം നിരന്തരമായി ആശ്യപ്പെട്ടു വരുന്നുണ്ട്.

2011 ഡിസംബർ 1. എല്ലാ ചീഫ് സെക്രട്ടറിമാർക്കും മന്ത്രാലയത്തിന്റെ കത്ത്. 2009ലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ലോകത്ത് റോഡപകടങ്ങളിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക് ഓരോ നാലു മിനിട്ടിലും രാജ്യത്ത് ഓരോ വാഹനാപകടം. അപകടങ്ങളുടെ പ്രധാനകാരണം മദ്യപിച്ച് വണ്ടിയോടിക്കൽ. അക്കൊല്ലം ഡ്രൈവറുടെ മദ്യപാനം കാരണമുണ്ടായത് 27152 അപകടങ്ങൾ.

ഈ സ്ഥിതിവിവരക്കണക്കിനൊപ്പം ഗതാഗത നിയമത്തിലെ ഒരു സുപ്രധാന വകുപ്പുകൂടി റോഡു ഗതാഗത മന്ത്രാലയം സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തി. ദേശീയപാതയിലെ എല്ലാ മദ്യശാലകളും നീക്കം ചെയ്യണമെന്നും ഒരു ലൈസൻസും പുതുതായി അനുവദിക്കരുതെന്നും നിയമത്തിലെ 185 (2). (3) വകുപ്പുകളിൽ പറയുന്നുണ്ട്.

ഇക്കാര്യം 2013 മാർച്ച് 18ന് ചീഫ് സെക്രട്ടറിമാരെ വീണ്ടും ഓർമ്മപ്പെടുത്തി. അഞ്ചു ലക്ഷത്തോളം റോഡ് അപകടങ്ങളിൽ ഏതാണ്ട് ഒന്നര ലക്ഷം പേർ കൊല്ലപ്പെട്ടുവെന്നും അതിൽ 24655 അപകടങ്ങളും മദ്യപിച്ചു വാഹനമോടിച്ചതു വഴിയാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. അതിൽ 10533 മരണങ്ങൾ. ദേശീയപാതയോരത്തെ മദ്യശാലകൾ നീക്കം ചെയ്യണമെന്നും പുതിയ ലൈസൻസുകൾ അനുവദിക്കരുതെന്നും സംസ്ഥാനങ്ങൾക്കു വീണ്ടും നിർദ്ദേശം.

2014 മെയ് 21. ഇതേ കാര്യം ഓർമ്മിപ്പിച്ച് വീണ്ടും സംസ്ഥാനങ്ങൾക്ക് കത്ത്. പക്ഷേ, അപ്പോഴേയ്ക്കും മദ്യപിച്ചു വാഹനമോടിച്ചതുമൂലം ഉണ്ടായ 23979 അപകടങ്ങളിലെ മരണസംഖ്യ 7835 ആയി താണിരുന്നു. ദേശീയപാതയോരത്തെ മദ്യശാലകൾ നിർത്തലാക്കണമെന്നും പുതിയ ലൈസൻസുകൾ നൽകരുതെന്നും തുടർച്ചയായി കേന്ദ്രം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു, നയമായും നിലപാടായും.

വില്ലൻ നമ്പർ മൂന്ന് - കേന്ദ്രസർക്കാരിന്റെ മാതൃകാ നയം (Model Policy/taxation/act/rules for alcoholic beverages and alcohol)

മേൽപ്പറഞ്ഞതൊന്നും പോരാഞ്ഞ് 2005ൽ മദ്യവും ലഹരിപാനീയങ്ങളും സംബന്ധിച്ച ഒരു മാതൃകാ നയം കേന്ദ്രം സംസ്ഥാന സർക്കാരുകൾക്കു കൈമാറി. സംസ്ഥാന ദേശീയ പാതകളുടെ ഒത്തമധ്യത്തു നിന്നും 220 മീറ്റർ അകലത്തിൽ മദ്യശാലകളുണ്ടാകരുതെന്ന് ഈ നയത്തിലും വ്യക്തമായി നിർദ്ദേശിച്ചിട്ടുണ്ട്.

2015 സെപ്തംബർ എട്ടിന്റെ വിധിയിൽ സുപ്രിംകോടതി ഇക്കാര്യം പരാമർശിച്ചു. ഒരു . മാതൃകാ നയത്തിന്റെ കരട് സംസ്ഥാനങ്ങൾക്കു കൈമാറിയിട്ട് ഒരു ദശാബ്ദം കഴിഞ്ഞുവെന്നും അതിനെ ആധാരമാക്കി ഹൈക്കോടതികൾ അനേകം വിധിപ്രസ്താവങ്ങൾ നടത്തിക്കഴിഞ്ഞുവെന്ന് നിരീക്ഷിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങളും കേന്ദ്രവും ചേർന്ന് മാതൃകാനയം പുനഃപരിശോധിക്കണമെന്നായിരുന്നു സുപ്രിംകോടതിയുടെ നിർദ്ദേശം. മറ്റൊരു മന്ത്രാലയം തയ്യാറാക്കിയ നിർദ്ദേശമായിതിനാൽ മാതൃകാ നിർദ്ദേശങ്ങളിലെ വ്യവസ്ഥകൾ തങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്ന് ഗതാഗതമന്ത്രാലയം സത്യവാങ്മൂലം നൽകി.

ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ചാണ് ഭരണഘടനയുടെ 142-ാം വകുപ്പു പ്രകാരം സുപ്രിംകോടതി വിധി പറഞ്ഞത്. ചാടിക്കയറി കോടതിയുടെ സവിശേഷാധികാരം പ്രയോഗിച്ചതല്ല. കോടതി സ്വമേധയാ ആകെ ചെയ്തത് ദൂരപരിധി സംബന്ധിച്ച് ഗ്രാമപ്രദേശങ്ങളിൽ നൽകിയ ഇളവ് എടുത്തുകളഞ്ഞതും സംസ്ഥാന പാതകളെ തീരുമാനത്തിൽ ഉൾപ്പെടുത്തിയതുമാണ്. മറ്റെല്ലാം പതിമൂന്നു വർഷമായി കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു വരുന്ന കാര്യവും.

ആരാണ് യഥാർത്ഥ വില്ലൻ?

ഈ കേസിൽ യഥാർത്ഥ വില്ലൻ സുപ്രിംകോടതിയോ കേന്ദ്രസർക്കാരോ അല്ല..

റോഡു സുരക്ഷയുടെ ഭാഗമായി ദേശീയ സംസ്ഥാന പാതയോരത്തെ മദ്യവിൽപന അവസാനിപ്പിക്കണമെന്ന് 2004 മുതൽ കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ മുന്നോട്ടു വെയ്ക്കുന്ന നിർദ്ദേശം നിയമപരമായി നടപ്പാക്കുക മാത്രമാണ് കോടതി ചെയ്തത്. വില്ലൻ വേഷം കെട്ടിയത് സംസ്ഥാന ഭരണസംവിധാനങ്ങളും..

. 2013ൽ കേന്ദ്ര റോഡു ഗതാഗത മന്ത്രാലയം ആശ്രയിച്ച സ്ഥിതിവിവരക്കണക്കു നോക്കാം. ആകെ റോഡപകടങ്ങൾ 4.9 ലക്ഷം. മരണപ്പെട്ടവർ 1.42 ലക്ഷം. അതിൽ മദ്യപിച്ച് വാഹനമോടിച്ചതുമൂലമുണ്ടായ അപകടങ്ങൾ 24655. മരണപ്പെട്ടവർ 10553.

രാജ്യത്താകെയുണ്ടാകുന്ന വാഹനാപകടങ്ങളുടെ അഞ്ചു ശതമാനവും മരണങ്ങളുടെ ഏഴു ശതമാനവുമാണ് മദ്യം കാരണം ഉണ്ടാകുന്നത്. സുരക്ഷാനടപടികൾ ശക്തിപ്പെടുത്തി ഇതിൽ കാര്യമായ കുറവു വരുത്താമെന്ന് യുക്തിയുക്തം കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തുന്ന കാര്യത്തിൽ സംസ്ഥാന ഭരണസംവിധാനം കുറ്റകരമായ വീഴ്ചയാണ് വരുത്തിയത്. സുപ്രിംകോടതിയുടെ കടുംവെട്ടു തീരുമാനത്തിന് വേറെ കാരണം അന്വേഷിക്കേണ്ടതില്ല.

പതിനേഴു വർഷമായി കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ അത്യന്തം ഗൌരവത്തോടെ ഉയർത്തിക്കൊണ്ടുവന്ന ഒരു വിഷയത്തോട് സംസ്ഥാനത്ത് ഭരണച്ചുമതലയുണ്ടായിരുന്നവർ എടുത്ത സമീപനവും സ്വീകരിച്ച നടപടികളുമാണ് വിചാരണ ചെയ്യപ്പെടേണ്ടത്.

ചീഫ് സെക്രട്ടറിമാർക്ക് അയച്ച നിർദ്ദേശങ്ങളും അവയുടെ തീയതികളും സുപ്രിംകോടതി വിധിയിൽ എണ്ണിപ്പറയുന്നുണ്ട്. ആ നിർദ്ദേശങ്ങൾ ചവറ്റുകുട്ടയിലേയ്ക്കാണോ പോയത് എന്നറിയാൻ പൌരനുമില്ലേ ഒരവകാശം? ആക്ഷേപവും പരിഹാസവും സഹിച്ച് ക്യൂ നിന്ന് ഖജനാവു കൊഴുപ്പിക്കുന്നത്. അവശേഷിക്കുന്ന ബിവറേജ് ഔട്ട്ലെറ്റുകളിൽ അനന്തമായ ക്യൂവാണ്. രാവിലെ ഒമ്പതു മണിക്കു സ്ഥാനം പിടിച്ചാൽ മൂന്നു മണിക്കു ഒരു കുപ്പി കിട്ടിയാലായി. ആരാണ് ഈ ദുഃസ്ഥിതിയുണ്ടാക്കിയതെന്ന് അവരും അറിയട്ടെ.

ഇക്കഴിഞ്ഞ ദിവസം എം ഗോപകുമാർ നാരദയിലെഴുതിയ ലേഖനത്തിൽ, സുപ്രിംകോടതി തീരുമാനം മൂലം കേരളത്തിനുണ്ടാകുന്ന വരുമാനനഷ്ടം 5000 കോടിയാണെന്നു ചൂണ്ടിക്കാണിച്ചിരുന്നു. 11 പഞ്ചനക്ഷത്ര ബാറുകളും 557 ബിയർ വൈൻ പാർലറുകളും 18 ക്ലബ് ബാറുകളുമാണ് കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ പൂട്ടിയത്. ഇവിടുന്നൊക്കെ മദ്യപിച്ചിറങ്ങുന്നവരാണല്ലോ കേരളത്തിലുണ്ടാകുന്ന വാഹനാപകടങ്ങളിൽ നല്ലൊരു ശതമാനത്തിനു സമാധാനം പറയേണ്ടത്. ഈ സ്ഥാപനങ്ങൾക്കു മുന്നിൽ രാപകൽ വാഹനപരിശോധന ശക്തിപ്പെടുത്തിയാൽ അപകടങ്ങൾ നല്ലതോതിൽ നിയന്ത്രിക്കാം. മേൽപ്പറഞ്ഞ അയ്യായിരം കോടിയിൽ നിന്നും തുച്ഛമായ ഒരു ഭാഗം ചെലവഴിച്ചാൽ ഏറ്റവും ആധുനികമായ സംവിധാനമുണ്ടാക്കാമായിരുന്നു.

മദ്യശാലകൾക്കു മുന്നിൽ വാഹനപരിശോധന കർശനമാക്കി മദ്യം മൂലമുണ്ടാകുന്ന റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കാമെന്നും ഈ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയാലുണ്ടാകാവുന്ന തൊഴിൽ നഷ്ടവും ടൂറിസം മേഖലയിലെ മാന്ദ്യവും താരതമ്യപ്പെടുത്തുമ്പോൾ അതാണ് പ്രായോഗികമായ സമീപനമെന്നും കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തുകയായിരുന്നു സംസ്ഥാന ഭരണകൂടം ചെയ്യേണ്ടിയിരുന്നത്. വാദത്തിനു ബലമേകാൻ ഓരോ കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ കേന്ദ്രത്തിനു കൈമാറാമായിരുന്നു.

ഏറ്റവുമൊടുവിൽ 2015ൽ സുപ്രിംകോടതി കർശനമായി ഇടപെടാൻ തുടങ്ങിയപ്പോഴെങ്കിലും അപകടനം മണത്ത് ഉണരണമായിരുന്നു. ഇന്ത്യയിലാകെ മദ്യം കാരണമുണ്ടാകുന്ന വാഹനാപകടങ്ങളിൽ മരണപ്പെടുന്നവർ പതിനായിരത്തോളമാണ്. അതിലൊരുഭാഗമേ കേരളം പരിഗണിക്കേണ്ടതുള്ളൂ. പോലീസും മോട്ടോർ വാഹനവകുപ്പും ശ്രമിച്ചാൽ ആ കണക്ക് കുറയും. ആവശ്യമെങ്കിലും ഇരുവകുപ്പിലും ഇക്കാര്യത്തിനു മാത്രമായി ആളെയെടുക്കണം. വാഹനങ്ങളും മറ്റു സംവിധാനങ്ങളും വേണമെങ്കിൽ വാങ്ങണം. അതൊന്നും സമ്പദ്ഘടനയിൽ 5000 കോടിയുടെ വരവു നിലനിർത്താൻ അധികച്ചെലവല്ല.

ഇതൊന്നും ചെയ്യാതെ പതിമൂന്നു വർഷം തള്ളിനീക്കിയതിന്റെ ശിക്ഷയാണ് ഇപ്പോൾ കിട്ടിയത്. നാമിപ്പോൾ അനുഭവിക്കുന്നത്. നമ്മുടെ സമ്പദ്ഘടനയെ 5000 കോടിയുടെ നഷ്ടത്തിലേയ്ക്കുന്തിയിട്ടത് ചീഫ് സെക്രട്ടറി മുതലുള്ളവരുടെ നിഷ്ക്രിയത്വവും അലംഭാവവും.