കരിങ്ങോഴയ്ക്കല്‍ മാണി - രാഷ്ട്രീയ പ്രചവനങ്ങളിലെ നിത്യഹരിത നായകൻ...

"കെ.എം. മാണി മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്നു പറഞ്ഞു സിപിഐ നേതാക്കള്‍ മാണിയെ പുകഴ്ത്താനും മടിച്ചില്ല. കെ.എം. മാണി മുഖ്യമന്ത്രി, സിപിഎമ്മിന്റെ പുറത്തുനിന്നുള്ളപിന്തുണ, ബാക്കിയുള്ളവര്‍ മന്ത്രിസഭയില്‍- ഇങ്ങനെ വരാന്‍ പോകുന്ന മന്ത്രിസഭയുടെ ഘടനയ്ക്കുവരെ ഇതിനിടെ പലരും രൂപം നല്‍കി"

കരിങ്ങോഴയ്ക്കല്‍  മാണി - രാഷ്ട്രീയ പ്രചവനങ്ങളിലെ നിത്യഹരിത നായകൻ...

വല്ലാത്തൊരു ജാതകമാണ് മാണിസാറിന്റേത്. കഴിഞ്ഞ കുറേക്കാലമായി രാഷ്ട്രീയ നിരീക്ഷകരുടെ പൊന്നോമനയാണ് കുഞ്ഞുമാണി. വിവാദങ്ങളോ, കോഴയോ, ആരോപണങ്ങളോ പുതിയ രാഷ്ട്രീയ ബന്ധങ്ങളെച്ചൊല്ലിയുള്ള ഊഹാപോഹങ്ങളോ ആകട്ടെ, നായകനോ വില്ലനോ ആയി മാണി സാറുണ്ടാകും.. കഥകളിങ്ങനെയിറങ്ങും... നമ്മളങ്ങനെ വായിക്കും...

ഉമ്മൻചാണ്ടി ഭരിക്കുംകാലം. നിയമസഭയിലെ ഭൂരിപക്ഷം തുലോം തുച്ഛം... ഏതു നിമിഷവും മാണിസാർ മുഖ്യമന്ത്രിയാകുമെന്നൊരു കരക്കമ്പിയുണ്ടായിരുന്നു നാട്ടിൽ.


സംശയമുള്ളവർ 2014 ജൂലൈ പതിനേഴിന്‍റെ മാതൃഭൂമിയെടുക്കട്ടെ. അഞ്ചാംപേജിലൊരു നിരീക്ഷണമുണ്ട്. "ബദല്‍ സര്‍ക്കാര്‍ - ഇടതിനു ചാഞ്ചാട്ടം; യുഡിഎഫിന് ആശ്വാസം" എന്ന തലക്കെട്ടില്‍ സ്വന്തം ലേഖകന്റെ സൃഷ്ടി. അതിലിങ്ങനെ വായിക്കാം:

കെഎം മാണിയെ മുഖ്യമന്ത്രിയാക്കി സിപിഎം പുറത്തുനിന്നു പിന്തുണയ്ക്കുക എന്ന നിലയ്ക്കാണ് അണിയറയില്‍ ആലോചനകള്‍ നടന്നത്. സിപിഎം ഭരണത്തില്‍ പങ്കാളിയാകില്ല. എന്നാല്‍ ഇടതുപക്ഷ നിയന്ത്രണത്തിനായി സിപിഐ ചേരും. ഉപമുഖ്യമന്ത്രിപദം സിപിഐയ്ക്കു ലഭിക്കും. ഇടതുമുന്നണിയിലെ മറ്റുകക്ഷികള്ക്കും മന്ത്രിസഭയില്‍ ചേരാം. ഇങ്ങനെയാണ് ആലോചനകള്‍ മുറുകിയത്.

എന്നിട്ടെന്തു സംഭവിച്ചു?

അക്കാലത്ത് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ നടത്തിയ മലക്കം മറിച്ചിൽ പ്രസിദ്ധമായിരുന്നു. ഒരു ദിവസം രാവിലെ എകെജി സെന്ററിന്റെ വാതിൽക്കൽവെച്ച് പത്രക്കാരോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെയും കെ എം മാണിയെയും താരതമ്യപ്പെടുത്തി നോക്കുമ്പോ ഇപ്പം എല്ലാവര്‍ക്കും അറിയാമല്ലോ, മാണി സാര്‍ എത്രയോ ഭേദം.

ചർച്ച കഴിഞ്ഞിറങ്ങിയപ്പോൾ പന്ന്യന്റെ നിലപാടു മാറി - യുഡിഎഫ് സർക്കാരിന് ഭൂരിപക്ഷമുണ്ടെന്നും ഭൂരിപക്ഷമുള്ള സർക്കാരിനെ താഴെയിറക്കാൻ തങ്ങളില്ലെന്നുമായി അദ്ദേഹം.

ഒന്നു ഗൂഗിൾ സെർച്ചു ചെയ്താൽ മനോരമയുടെയോ മാതൃഭൂമിയുടെയോ ചാനലുകളുടെ സൈറ്റിൽ കാണാം, പന്ന്യൻ രവീന്ദ്രന്റെ ഡബിൾ റോൾ.

മുളയിലേ കരിഞ്ഞുപോയ ബദൽ സർക്കാർ എന്ന തലക്കെട്ടിൽ ദീപികയിൽ സാബു ജോൺ പേരുവെച്ചെഴുതി:

കെ.എം. മാണി മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്നു പറഞ്ഞു സിപിഐ നേതാക്കള്‍ മാണിയെ പുകഴ്ത്താനും മടിച്ചില്ല. കെ.എം. മാണി മുഖ്യമന്ത്രി, സിപിഎമ്മിന്റെ പുറത്തുനിന്നുള്ളപിന്തുണ, ബാക്കിയുള്ളവര്‍ മന്ത്രിസഭയില്‍- ഇങ്ങനെ വരാന്‍ പോകുന്ന മന്ത്രിസഭയുടെ ഘടനയ്ക്കുവരെ ഇതിനിടെ പലരും രൂപംനല്‍കി.

സാബു ജോൺ തുടരുന്നു:

എന്നാല്‍, പന്ന്യനും പിണറായി വിജയനും തമ്മിലുള്ള ചര്‍ച്ച കഴിഞ്ഞതോടെ പന്ന്യന്‍ തന്നെ മലക്കം മറിഞ്ഞു. അസന്മാര്‍ഗിക മാര്‍ഗങ്ങളിലൂടെ സര്‍ക്കാരിനെ താഴെയിറക്കില്ലെന്നു പറഞ്ഞു പന്ന്യന്‍ മെല്ലെ പിന്‍വാങ്ങി. ഇതോടെ ബദല്‍ മന്ത്രിസഭ വെള്ളത്തില്‍ വരച്ച വരപോലെയായി.

ബദല്‍ സര്‍ക്കാര്‍: എൽഡിഎഫിൽ ഭിന്നത എന്ന ജീവൻ ടിവി റിപ്പോർട്ടിൽ നിന്ന് :

കേരളാ കോണ്‍ഗ്രസ്‌ മുതലാളിമാരുടെ പാര്‍ട്ടിയാണെന്നും മാണിയുടെ നയങ്ങളോട്‌ യോജിപ്പില്ലെന്നും ജനതാദള്‍ എസ്‌ നേതാവ്‌ മാത്യു ടി. തോമസ്‌ തുറന്നടിച്ചിരുന്നു. മാണിയോട്‌ തൊട്ടുകൂടായ്‌മയില്ലെന്ന്‌ പറഞ്ഞ്‌ എകെജി സെന്ററില്‍ ചര്‍ച്ചക്ക്‌ പോയ പന്ന്യന്‍ രവീന്ദ്രന്‍ ചര്‍ച്ച കഴിഞ്ഞ്‌ ഇറങ്ങിയപ്പോള്‍ മലക്കം മറിഞ്ഞത്‌ പാര്‍ട്ടിയുടെ പ്രതിഛായയെ ബാധിച്ചെന്ന വിമര്‍ശനം സിപിഐയിലും ഉയര്‍ന്നു.

ഏഷ്യാനെറ്റിന്റെ ആർക്കൈവിൽ നിന്ന് :

ബദല്‍ സര്‍ക്കാര്‍ സാധ്യതകള്‍ തേടുമെന്ന് രാവിലെ നടത്തിയ പ്രസ്താവന സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉച്ചയോടെ തിരുത്തി. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും എ.കെ.ജി സെന്ററില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് പന്ന്യന്‍ രാവിലെ പറഞ്ഞ കാര്യങ്ങള്‍ വിഴുങ്ങിയത്.

കഥകളങ്ങനെ വായിക്കുമ്പോൾ ഓർമ്മകൾ ഉണ്ടായിരിക്കണം എന്നൊരു സിനിമയ്ക്കു പേരിട്ട ടി വി ചന്ദ്രനും നീണാൾ വാഴട്ടെയെന്ന് പറയാതിരിക്കുവതെങ്ങനെ...