ജസ്റ്റിസ് കര്‍ണനും സുപ്രിംകോടതിയും - നീതീകരണമില്ലാത്ത പരമാധികാരപ്രയോഗം

ജസ്റ്റിസ് കര്‍ണന്റെ നടപടികളൊന്നും നിയമപരമായിരുന്നില്ലെന്നു സമ്മതിച്ചാല്‍പ്പോലും അവധാനത കാണിക്കേണ്ടിയിരുന്നത് സുപ്രിംകോടതിയാണ്. കാരണം, അപ്പീല്‍ സാധ്യത അടച്ചുകൊണ്ടാണ് പരമോന്നത കോടതി പരമാധികാരം പ്രയോഗിക്കുന്നത്. ആ അധികാരപ്രയോഗം എല്ലാ അര്‍ത്ഥത്തിലും നീതീകരിക്കപ്പെടുന്നതാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യതയും സുപ്രിംകോടതിയ്ക്കാണ്. ജസ്റ്റിസ് കര്‍ണന്റെ കാര്യത്തില്‍ അതുണ്ടായില്ലെന്ന വിമര്‍ശനമാണ് ചീഫ് ജസ്റ്റിസ് അടക്കമുള്ള സുപ്രിംകോടതി ബെഞ്ചിനു നേരെ ഉയരുന്നത്

ജസ്റ്റിസ് കര്‍ണനും സുപ്രിംകോടതിയും - നീതീകരണമില്ലാത്ത പരമാധികാരപ്രയോഗം

നീതിന്യായവ്യവസ്ഥയെ പിള്ളേരു കളിയാക്കുകയാണ് സുപ്രിംകോടതിയും ജസ്റ്റിസ് സി എസ് കര്‍ണനും. സത്യം പറഞ്ഞാല്‍ പരമാധികാരപ്രയോഗത്തില്‍ ചുവടുപിഴച്ചുപോയ ഒരു ഹൈക്കോടതി ജഡ്ജി അക്ഷരാര്‍ത്ഥത്തില്‍ സുപ്രിംകോടതിയെ വട്ടം കറക്കുകയാണ്. അതുക്കുംമേലെ അധികാരം പ്രയോഗിക്കാതെ രക്ഷയില്ലെന്നൊരു കുടുക്കിലേയ്ക്കാണ് ജസ്റ്റിസ് കര്‍ണന്‍ സുപ്രിംകോടതിയെ തള്ളിയിട്ടത്. അദ്ദേഹത്തെ പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചതും ഒടുവില്‍ ആറുമാസം തടവിനു വിധിച്ചതുമെല്ലാം യഥാര്‍ത്ഥത്തില്‍ നീതിന്യായവ്യവസ്ഥയ്‌ക്കേറ്റ ഉണക്കാനാവാത്ത മുറിവുകളാണ്.

ഈ വിധിയിലൂടെ ഇന്ത്യയിലെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് മറ്റൊരു ജസ്റ്റിസ് കര്‍ണനായി മാറുകയായിരുന്നു എന്നൊരഭിപ്രായം പറഞ്ഞാല്‍ കോടതിയലക്ഷ്യത്തിന് ആറുമാസം ജയിലില്‍ കിടക്കേണ്ടി വരുമോയെന്നറിയില്ല. ഇനിയഥവാ കിടക്കേണ്ടി വന്നാലും ആ അഭിപ്രായം പറയാതിരിക്കാനുമാവില്ല. ഒരു ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ടായ ഒരിക്കലും നീതീകരിക്കാനാവാത്ത പെരുമാറ്റങ്ങള്‍ സുപ്രിംകോടതിയെ നയിച്ചത് വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികളിലേയ്ക്കാണ്. ഇതൊക്കെ ചെയ്യാന്‍ പരമോന്നത കോടതിയ്ക്ക് ഭരണഘടനാപരമായ അധികാരമുണ്ടായിരിക്കാം. എന്നാല്‍ അതിന്റെ പ്രയോഗത്തിന് ന്യായീകരണമില്ല. ഈ വരികളെഴുതുമ്പോള്‍ ജസ്റ്റിസ് കര്‍ണനെ അറസ്റ്റു ചെയ്യാന്‍ പോലീസ് പരക്കം പായുകയാണ്. പോലീസ് സംഘം ആന്ധ്രയിലെ കാളഹസ്തിയിലേയ്ക്ക് തിരിച്ചുവെന്ന് ചാനലില്‍ സ്‌ക്രോള്‍ തെളിയുന്നു. പിടികിട്ടാപ്പുള്ളിയെപ്പോലെ ഒളിച്ചു താമസിക്കുന്നത് ഒരു ഹൈക്കോടതി ജഡ്ജാണ്.

യഥാര്‍ത്ഥത്തില്‍ എന്തിനാണ് ഈ ശിക്ഷ? കോടതിയുത്തരവു വ്യക്തമല്ല. ഹൈക്കോടതിയിലെയും സുപ്രിംകോടതിയിലെയും 20 ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന് പേരുസഹിതം പ്രസിഡന്റിനും പ്രധാനമന്ത്രിയ്ക്കും തുറന്ന കത്തെഴുതിയപ്പോഴാണ് ജസ്റ്റിസ് കര്‍ണനെതിരെ കോടതിയലക്ഷ്യനടപടികള്‍ ആരംഭിച്ചത്. ആരോപണം തെളിയിക്കാന്‍ പോന്ന ഒരുവിവരവും കത്തിലുണ്ടായിരുന്നില്ല. ഡീമോണിറ്റൈസേഷന്‍ പ്രഖ്യാപനത്തിനുശേഷം ജഡ്ജിമാരില്‍ നിന്ന് കള്ളപ്പണം പിടിച്ചെടുത്തുവെന്നായിരുന്നു ആരോപണം. കവലപ്രസംഗങ്ങളില്‍ രാഷ്ട്രീയ നേതാക്കളാണ് എതിരാളികള്‍ക്കെതിരെ ഇത്തരത്തില്‍ കാടടച്ചു വെടിവെയ്ക്കുന്നത്. ഒരു ഹൈക്കോടതി ജഡ്ജി സഹപ്രവര്‍ത്തകര്‍ക്കെതിരെ അത്തരമൊരു ശൈലി സ്വീകരിക്കുന്നത് ആദ്യത്തെ സംഭവമാണ്. ഇതടക്കം ജസ്റ്റിസ് കര്‍ണന്റെ ചെയ്തികള്‍ക്കൊന്നും നിയമത്തിന്റെയോ കീഴ്വഴക്കങ്ങളുടെയോ നീതീകരണമില്ല.

പക്ഷേ, ഇന്ത്യയുടെ രാഷ്ട്രപതിയില്‍ നിന്ന് നിയമനോത്തരവു ലഭിച്ച ഹൈക്കോടതി ജഡ്ജിയാണദ്ദേഹം. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയും പെരുമാറുകയും ചെയ്യുന്ന ഹൈക്കോടതി ജഡ്ജിയെ നിയമത്തിന്റെ കര്‍ശനമായ വ്യവസ്ഥകളിലൂടെ വേണം കൈകാര്യം ചെയ്യേണ്ടതും.

എന്നാല്‍ ഇവിടെ സംഭവിച്ചത് അതല്ല. പ്രശ്‌നങ്ങളുടെ തുടക്കം അന്വേഷിച്ചു ചെന്നാല്‍, ജസ്റ്റിസ് കര്‍ണനും സഹപ്രവര്‍ത്തകരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ആരംഭിച്ചത് 2011ലാണ്. താന്‍ അനുഭവിക്കുന്ന ജാതിപീഡനങ്ങളെക്കുറിച്ച് ജസ്റ്റിസ് കര്‍ണന്‍ പട്ടികജാതി ദേശീയ കമ്മിഷനു കത്തെഴുതി. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കവെ സഹപ്രവര്‍ത്തകനില്‍ നിന്നു നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ചേംബറില്‍ പത്രസമ്മേളനം നടത്തി തുറന്നടിച്ചു. ജസ്റ്റിസ് കര്‍ണന്റെ കത്ത് പട്ടികജാതി ദേശീയ കമ്മിഷന്‍ ചെയര്‍മാന്‍ അന്നത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന എസ് എച്ച് കപാഡിയയ്ക്കു കൈമാറി.

ആ കത്തിനെന്തു പറ്റിയെന്ന് ആര്‍ക്കുമറിയില്ല. എന്തെങ്കിലും നടപടികളുണ്ടായതായും.

കാര്യങ്ങളെ ആറ്റിക്കുറുക്കി ഇങ്ങനെ സംഗ്രഹിക്കാം. സഹപ്രവര്‍ത്തകരില്‍ നിന്ന് അനുഭവിച്ച ജാതി പീഡനങ്ങളെക്കുറിച്ച് 2011 മുതല്‍ ജസ്റ്റിസ് കര്‍ണന്‍ ഉന്നയിച്ച പരാതികളിന്മേല്‍ അന്വേഷണമോ നടപടിയോ ഇല്ല. എന്നാല്‍ അദ്ദേഹത്തിനെതിരെ സഹപ്രവര്‍ത്തകര്‍ ഉന്നയിച്ച പരാതികളിന്മേല്‍ നടപടികളുണ്ടായി.

ജസ്റ്റിസ് കര്‍ണന്‍ ചെന്നൈയില്‍ നിന്ന് കല്‍ക്കട്ടയിലേയ്ക്കു സ്ഥലംമാറ്റപ്പെട്ടു. അദ്ദേഹത്തിനെതിരെ സുപ്രിംകോടതി കോടതിയലക്ഷ്യ നടപടികളാരംഭിച്ചു. മാനസിക നില പരിശോധിച്ചു സര്‍ട്ടിഫിക്കറ്റു കൊടുക്കാന്‍ ഉത്തരവു പുറപ്പെടുവിച്ചു. ഇതില്‍ പല നടപടികളുടെയും നിയമസാധുത സംബന്ധിച്ച് നിയമവൃത്തങ്ങളില്‍ ഗൌരവമായ ചര്‍ച്ചയും ആരംഭിച്ചു കഴിഞ്ഞു.

ജഡ്ജിമാരെ അയോഗ്യരാക്കാന്‍ പാര്‍ലമെന്റിനു മാത്രമേ അധികാരമുള്ളൂ. ആ പ്രക്രിയ അട്ടിമറിച്ചാണ്, ജസ്റ്റിസ് കര്‍ണന്‍ കേസുകള്‍ കേള്‍ക്കാന്‍ പാടില്ലെന്ന് സുപ്രിംകോടതി വിധിച്ചത്. ജസ്റ്റിസ് കര്‍ണനെ അയോഗ്യനാക്കാന്‍ നടപടിയാരംഭിച്ചാല്‍ പാര്‍ലമെന്റിന്റെ മൂന്നംഗ കമ്മിറ്റി അന്വേഷണം നടത്തും. സ്വാഭാവികമായും 2011ല്‍ ജസ്റ്റിസ് കര്‍ണന്‍ എഴുതിയ കത്തും അതിലെ ആരോപണവും പത്രസമ്മേളനവുമൊക്കെ വീണ്ടും പൊങ്ങി വരും. അന്നത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസിനു കൈമാറിയ ആരോപണങ്ങളിന്മേല്‍ എന്തു നടപടിയുണ്ടായി എന്നു പാര്‍ലമെന്റ് കമ്മിറ്റി പരിശോധിക്കുന്ന സ്ഥിതിയുണ്ടാവും. ഇതൊക്കെ ഒഴിവാക്കാനാണോ കോടതിയലക്ഷ്യക്കേസിന്റെ മറവില്‍ സുപ്രിംകോടതി തന്നെ അന്തിമവിധിയ്ക്കു തുനിഞ്ഞത്?

ജസ്റ്റിസ് കര്‍ണന്റെ നടപടികളൊന്നും നിയമപരമായിരുന്നില്ലെന്നു സമ്മതിച്ചാല്‍പ്പോലും അവധാനത കാണിക്കേണ്ടിയിരുന്നത് സുപ്രിംകോടതിയാണ്. കാരണം, അപ്പീല്‍ സാധ്യത അടച്ചുകൊണ്ടാണ് പരമോന്നത കോടതി പരമാധികാരം പ്രയോഗിക്കുന്നത്. ആ അധികാരപ്രയോഗം എല്ലാ അര്‍ത്ഥത്തിലും നീതീകരിക്കപ്പെടുന്നതാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യതയും സുപ്രിംകോടതിയ്ക്കാണ്. ജസ്റ്റിസ് കര്‍ണന്റെ കാര്യത്തില്‍ അതുണ്ടായില്ലെന്ന വിമര്‍ശനമാണ് ചീഫ് ജസ്റ്റിസ് അടക്കമുള്ള സുപ്രിംകോടതി ബെഞ്ചിനു നേരെ ഉയരുന്നത്.