നഖത്തുമ്പില്‍ പോലും അഭിനയം പ്രസരിപ്പിക്കുന്ന 'വാരിയര്‍' ലാലേട്ടന്‍ കണ്ണിറുക്കി; പ്രിയ 'വാര്യരൊ'ക്കെ കണ്ടം വഴി ഓടിക്കോളും

രണ്ട് ചെരിഞ്ഞ അത്ഭുതങ്ങളാണ് മോഹന്‍ലാലും പിസാ ഗോപുരവും. കംപ്ലീറ്റ് ആക്ടര്‍ ലാലേട്ടന്‍ ഉണ്ടെന്നറിയാതെയാണ് ആ പെണ്‍കുട്ടി പുരികം കൊണ്ട് ഒരു നമ്പരിട്ടത്. ലാലേട്ടനോടാണ് കളി, ഇത്തിക്കര പക്കിയിലെ ഒരു കണ്ണടയ്ക്കല്‍ പുറത്തു വിട്ടതേയുള്ളു...

നഖത്തുമ്പില്‍ പോലും അഭിനയം പ്രസരിപ്പിക്കുന്ന വാരിയര്‍ ലാലേട്ടന്‍ കണ്ണിറുക്കി; പ്രിയ വാര്യരൊക്കെ കണ്ടം വഴി ഓടിക്കോളും

എത്ര കണ്ടാലും നമ്മള്‍ മലയാളികള്‍ മടുക്കാത്ത രണ്ട് വ്യക്തിത്വങ്ങളാണ് ഗുരുവായൂര്‍ കേശവനും മോഹന്‍ലാലും. തോള് ഉയര്‍ത്തിയ ഗുരുവായൂര്‍ കേശവനും തോള് ചെരിച്ച ലാലേട്ടനും നമ്മുടെ സ്വകാര്യ അഹങ്കാരങ്ങളാണെന്ന് തന്നെ അഹങ്കാരത്തോടെ നമുക്ക് പറയാനാകും. (രണ്ട് ചെരിഞ്ഞ അത്ഭുതങ്ങളാണ് മോഹന്‍ലാലും പിസാ ഗോപുരവുമെന്ന് പല പ്രമുഖരും പരാമര്‍ശിച്ചിട്ടുള്ള കാര്യവും ഓര്‍മിപ്പിക്കുന്നു). പാട്ടെങ്കില്‍ പാട്ട്, ഡാന്‍സെങ്കില്‍ ഡാന്‍സ്്, ഫൈറ്റെങ്കില്‍ കിടു ഫൈറ്റ്. ലാലേട്ടന് വഴങ്ങാത്തതായി ഈ ഭൂലോകത്ത് എന്തെങ്കിലും ഉണ്ടോയെന്ന് സംശയമാണ്. പുരികമുയര്‍ത്തിയും കണ്ണടച്ച് കാണിച്ചും പ്രശസ്തയായ പ്രിയ വാര്യരെ ഏറ്റവുമൊടുവില്‍ 'ഇത്തിക്കര പക്കി' എന്ന സിനിമയിലൂടെ പുഷ്പം പോലെ നേരിട്ടാണ് ലാലേട്ടന്‍ എത്തിയിരിക്കുന്നത്. ലാലേട്ടന് മാത്രമാകുന്ന തനതായ കണ്ണടയ്ക്കലിലൂടെ അദ്ദേഹം പ്രിയ വാര്യരെ ബഹുദൂരം പിന്നോട്ടടിച്ചിരിക്കുകയാണിപ്പോള്‍. (ഈ അഭിനയമുഹൂര്‍ത്തം ഇതിനകം നിരൂപക പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്)

നഖവും തലമുടിയും പോലും അഭിനയിക്കുന്ന കംപ്ലീറ്റ് ആക്റ്ററായ ലാലേട്ടനെന്ന് ഞങ്ങള്‍ സ്‌നേഹത്തോടെ വിളിക്കുന്ന മോഹന്‍ലാലിന് ഒരു കണ്ണടയ്ക്കലും അത് നിമിഷ നേരം കൊണ്ട് വൈറലാക്കലും വെറുമൊരു 'പോ മോനേ ദിനേശാ' ആണ്. അഭിനയത്തിലെ പ്രധാനപ്പെട്ട അവയവമായ കണ്ണ് കൊണ്ട് ലാലേട്ടന്‍ അഭിയിച്ച് തീര്‍ത്ത എത്രയെത്ര വേഷങ്ങളാണുള്ളത്. കണ്ണവിടെ നില്‍ക്കട്ടെ, അഭിനയത്തിനിടെ ലാലേട്ടന്റെ വിരല്‍, നഖത്തുമ്പ്, മുടി പോലുള്ള ശരീരഭാഗങ്ങളും അഭിനയിക്കാറുണ്ടെന്നുള്ളത് ഒരു പരസ്യമായ രഹസ്യമാണ്. (ഇക്കാര്യം അദ്ദേഹത്തോടൊപ്പം അഭിനയിച്ച പല പ്രശസ്ത താരങ്ങളും പലതവണ വെളിപ്പെടുത്തിയതാണ്) ആ നിലയ്ക്ക് ലാലേട്ടന് രണ്ട് പുരികം വെട്ടിക്കലോ കണ്ണടയ്ക്കലോ ഇനി വേണ്ടി വന്നാല്‍ നഖത്തുമ്പ് കൊണ്ട് അഭിനയമോ ഒന്നും വലിയ കാര്യമല്ലെന്ന് നമുക്കറിയാം. ഗ്ലാഡിയേറ്റര്‍ സിനിമയിലെ വാരിയറൊക്കെ എന്ത്... ഇത്തിക്കരപ്പക്കിയിലെ ലാലേട്ടന്റെ വാര്‍ വരുന്നുണ്ട്! ആ ഒരു ഒറ്റ ചിത്രം (ഒറ്റക്കണ്ണടയ്ക്കല്‍) പുറത്തുവന്നപ്പോള്‍ പല ഹോളിവുഡ് ചിത്രങ്ങളും ഷൂട്ടിങ് നിര്‍ത്തി.

വെല്ലുവിളികളെ എന്നും ഏറ്റെടുത്ത ചരിത്രമാണ് ലാലേട്ടന്റേത്. തടി കൂടിയെന്ന് പരിഹസിച്ചവരെ അമ്പരപ്പിച്ച് ഈയിടെ ഒരു മൊബൈല്‍ ഫോണ്‍ ഉദ്ഘാടന പരിപാടിയില്‍ തടി കുറച്ച് ലാലേട്ടനെത്തിയ സംഭവം ഓര്‍മിക്കുക. (വയറ്റില്‍ ബെല്‍റ്റ് കെട്ടി വെച്ചെന്നും എയറ് പിടിച്ചെന്നുമൊക്കെ ചില ലാല്‍ വിരോധികള്‍ പരദൂഷണം പറഞ്ഞിരുന്നു). പിന്നീട് നമ്മള്‍ അദ്ദേഹത്തെ കണ്ടത് മകനൊപ്പം കായികാഭ്യാസം നടത്തുന്ന വൈറലായ ചിത്രത്തിലാണ്. (കക്കൂസില്‍ പോകാനുള്ള ഭാവമെന്ന് പറഞ്ഞ് ലാലേട്ടനെ ഇവിടെയും ചില വിരോധികള്‍ പരിഹസിച്ചിരുന്നു). പുലിമുരുകനില്‍ കടുവയെ അനുകരിക്കുന്ന ഭാവത്തിന് ശേഷം മോഹന്‍ലാലിന്റെ ഏറ്റവും മനോഹരമായ അഭിനയ മുഹൂര്‍ത്തമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ട്രെന്‍ഡായിരിക്കുന്ന കണ്ണടയ്ക്കല്‍. പുരികം വെട്ടിച്ചും കണ്ണടച്ചും കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് പ്രിയ വാര്യര്‍ പ്രശസ്തയാകുന്നത്.

ലാലേട്ടന്‍ വന്നതോടെ ഇനി പ്രിയ ചിത്രത്തിലുണ്ടാകില്ലെന്ന് ഉറപ്പാണ്. അടുത്ത ദിവസങ്ങളില്‍ ലാലേട്ടന്റെ കണ്ണടയ്ക്കലാകും വാര്‍ത്തകളില്‍ നിറയുക. (ന്യൂയോര്‍ക്ക് ടൈംസ്, ഗാര്‍ഡിയന്‍, ബിബിസി മുതലായ വിദേശ മാധ്യമങ്ങളിലും സ്വാഭാവികമായി വാര്‍ത്തകളുണ്ടാകും). തെന്നിന്ത്യയിലേയും ബോളിവുഡിലേയും പ്രമുഖ താരങ്ങള്‍ ലാലേട്ടനെ അനുകരിച്ച് കണ്ണടയ്ക്കലുമായി രംഗത്തുവരും എന്നുള്ളതാണ് മറ്റൊരു കാര്യം. (അവര്‍ ലാലേട്ടനെ എന്തെല്ലാം കാര്യങ്ങളില്‍ അനുകരിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയം). കണ്ണടയ്ക്കലിന്റെ അഭിനയശാസ്ത്രത്തെക്കുറിച്ച് ഒരു ബ്ലോഗ് എഴുതണമെന്നാണ് അദ്ദേഹത്തിന്റെ കടുത്ത ആരാധകനായ എനിക്ക് ഈ ഘട്ടത്തില്‍ അഭ്യര്‍ത്ഥിക്കാനുള്ളത്. എന്തായാലും അഭിനയകലയിലെ രാജാവ് രംഗത്തുവന്നതോടെ പ്രിയ വാര്യരേ വേഗം ഓടാനുള്ള കണ്ടം കണ്ടെത്തിക്കോളൂ...

സവാരി ഗിരിഗിരി

Read More >>