അഴിഞ്ഞാടുന്ന ശിവസേനയ്ക്ക് പോലീസിന്റെ അകമ്പടി... പിണറായി സഖാവേ, സൂചനകൾ വ്യക്തമാണ്

പിണറായിയുടെ തല വെട്ടുന്നവർക്ക് ആർഎസ്എസ് നേതാവ് കുന്ദൻ ചന്ദ്രാവത് ഇനാം പ്രഖ്യാപിച്ചത് ഒരു കോടി രൂപയാണ്. ഏതെങ്കിലും പണമോഹികൾ ആ ദൌത്യമേൽക്കാനുള്ള സാധ്യതയൊന്നും തള്ളിക്കളയാനാവില്ല. അങ്ങനെയാരെങ്കിലും ഇറങ്ങിയാൽ, അവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ മറൈൻ ഡ്രൈവിലെ ശിവസേനാ ഗുണ്ടായിസത്തിന് അകമ്പടി പോയ പോലീസുകാർ എന്താവും ചെയ്യുക?

അഴിഞ്ഞാടുന്ന ശിവസേനയ്ക്ക് പോലീസിന്റെ അകമ്പടി... പിണറായി സഖാവേ, സൂചനകൾ വ്യക്തമാണ്

ആർഎസ്എസുകാരുടെ ഊരിപ്പിടിച്ച വടിവാളുകൾക്കും നിവർത്തിപ്പിടിച്ച കത്തികൾക്കും മധ്യേ നിർഭയനായി നടന്നുപോകുമ്പോൾ പിണറായി വിജയനു പ്രായം എത്ര വയസായിരുന്നിരിക്കണം? ബ്രണ്ണൻ കോളജിൽ നിന്നിറങ്ങിയ കാലം എന്നാണ് അദ്ദേഹം മംഗളൂരുവിൽ നടത്തിയ ആവേശകരമായ പ്രസംഗത്തിൽ ഓർത്തു പറഞ്ഞത്. ഏതായാലും ഇരുപതു വയസിന്റെ പരിസരങ്ങളിലായിരിക്കണം.

ഏതാണ്ട് അതേ പ്രായത്തിലുള്ളവരെയാണ് മറൈൻ ഡ്രൈവിൽ ശിവസേന ചൂരൽ കൊണ്ട് തല്ലിയോടിച്ചത്. നാളെയൊരു പൊതുയോഗത്തിൽ ശിവസേനയുടെ ജില്ലാ പ്രസിഡന്റിന് ഇങ്ങനെ പ്രസംഗിക്കാം... "ഞെളിഞ്ഞു നിന്ന പോലീസുകാരുടെ നടുവിലൂടെയാണ് ഞങ്ങൾ സദാചാരം സംരക്ഷിക്കാനിറങ്ങിയത്. നിർഭയരായിത്തന്നെയായിരുന്നു ഞങ്ങൾ നടന്നുപോയത്". അതിനും കിട്ടും കൈയടി.

പിണറായിയുടെ മംഗളൂരു പ്രസംഗം ചരിത്രമാണെങ്കിൽ, അതൊരു ദുരന്തമോ പ്രഹസനമോ ആയി ആവർത്തിക്കപ്പെടുന്നത് അങ്ങനെയാകാം. സാക്ഷാൽ പിണറായി ഭരിക്കുമ്പോൾ വള്ളിച്ചൂരലുകളുമായി തെരുവിൽ അഴിഞ്ഞാടുന്നവർക്ക് പോലീസിന്റെ അകമ്പടി. ഇന്ന് ചൂരൽ വടിയുമായി തെരുവിലിറങ്ങിയവർ നാളെ വടിവാളും കത്തിയുമായും ഇറങ്ങും. അന്നും ഇതേ പോലീസുണ്ടാകില്ലേ അവർക്കൊപ്പം? ഇക്കണക്കിനു പോയാൽ അതിനെത്രനാൾ കാത്തിരിക്കണം?

സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം പറ്റി ഗുണ്ടകൾക്ക് സംരക്ഷണം നൽകുന്ന പോലീസേമാന്മാർ നാടിനു നാണക്കേടാണ്. പൌരനെ തല്ലാൻ ഗുണ്ടകൾക്ക് പോലീസ് കാവൽ. ഇതോടൊപ്പമുള്ള ചിത്രം നോക്കുക. എസ്ഐ റാങ്കിനോ അതിനു മുകളിലോ ഉള്ള ഒരു പോലീസുദ്യോഗസ്ഥന്റെ മുന്നിൽ വെച്ചാണ് ആ കുട്ടികളെ ഗുണ്ടകൾ തല്ലിയത്. പോലീസിന്റെ സജീവമായ പിന്തുണയോടെ ഇത്തരമൊരു ഗുണ്ടാവിളയാട്ടം കേരളത്തിൽ നടന്നിട്ടുണ്ടോ.. പട്ടാപ്പകൽ.. സകല ചാനൽ കാമറകളെയും സാക്ഷിയാക്കി.. ?

ഈ കുറിപ്പു തയ്യാറാക്കുമ്പോൾ ആറോ ഏഴോ ഗുണ്ടകളെ അറസ്റ്റു ചെയ്തിട്ടുണ്ടത്രേ. അതുകൊണ്ടെന്തു കാര്യം. അവർക്കു ജാമ്യം കിട്ടും. ഒരു പോറലുമേൽക്കാതെ പുറത്തു വരും.

ഗുണ്ടായിസത്തിന് അകമ്പടി സേവിച്ച പോലീസുകാരുടെ കാര്യമോ? അവരെ സർവീസിൽ തുടരാൻ അനുവദിക്കുമോ.. അനുവദിക്കുന്നുവെങ്കിൽ മറ്റൊന്നു കൂടി ചെയ്യാം. ശിവസേനയുടെ കാര്യാലയങ്ങളിൽ സദാചാര പോലീസ് സ്റ്റേഷൻ എന്ന ബോർഡ് സർക്കാർ ചെലവിൽ സ്ഥാപിക്കണം. ഈ പോലീസുകാരെ അവിടെ പാറാവിനു നിയോഗിക്കുക.

ഒരു സംശയമുണ്ട്. പിണറായിയുടെ തല വെട്ടുന്നവർക്ക് ആർഎസ്എസ് നേതാവ് കുന്ദൻ ചന്ദ്രാവത് ഇനാം പ്രഖ്യാപിച്ചത് ഒരു കോടി രൂപയാണ്. ഏതെങ്കിലും പണമോഹികൾ ആ ദൌത്യമേൽക്കാനുള്ള സാധ്യതയൊന്നും തള്ളിക്കളയാനാവില്ല. അങ്ങനെയാരെങ്കിലും ഇറങ്ങിയാൽ, അവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ മറൈൻ ഡ്രൈവിലെ ശിവസേനാ ഗുണ്ടായിസത്തിന് അകമ്പടി പോയ പോലീസുകാർ എന്താവും ചെയ്യുക?