രണ്ടിലയും അരിവാളും - ക്രിസ്ത്യൻ പൗരോഹിത്യ രാഷ്ട്രീയത്തിന്റെ അറുപതു മലയാള വർഷങ്ങൾ

യഥാർത്ഥത്തിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റു വിരുദ്ധ (പുരോഗമന-നവോത്ഥാനവിരുദ്ധ) രാഷ്ട്രീയത്തിന്റെ ചെങ്കോലും നിയന്ത്രണച്ചരടും പരമ്പരാഗതമായി കൈവശം വച്ച ക്രൈസ്തവ പൗരോഹിത്യം രാഷ്ട്രീയമായ ആശയക്കുഴപ്പത്തിലാണ്. ദേശീയതലത്തിൽ കോൺഗ്രസ് തകരുകയും ബിജെപി അതിശക്തമാവുകയും ചെയ്തതോടെ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടിനെക്കുറിച്ചു കേരള കോൺഗ്രസിന്റെ തലച്ചോറിൽ വ്യക്തതയില്ല. സഭാ നേതൃത്വത്തിന്റെ ഈ അവ്യക്തതയാണ് കേരള കോൺഗ്രസിന്റെ ഇടതു വലതു ബിജെപി ചാഞ്ചാട്ടങ്ങളിലൂടെ പുറംലോകം കാണുന്നത്.

രണ്ടിലയും അരിവാളും: ക്രിസ്ത്യൻ പൗരോഹിത്യ രാഷ്ട്രീയത്തിന്റെ അറുപതു മലയാള വർഷങ്ങൾ

1964 ഒക്ടോബര്‍ 9 ന് കോട്ടയം തിരുനക്കര മൈതാനത്തു ചേര്‍ന്ന സമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ പേരു പ്രഖ്യാപിച്ചത് സാക്ഷാൽ മന്നത്തു പത്മനാഭന്‍. ഹിന്ദുക്കളുടെ ആലംബവും ആശാകേന്ദ്രവും ആർഎസ്എസാണെന്ന് 1957ലെ എറണാകുളം ശാഖാവാർഷികത്തിൽ പ്രഖ്യാപിച്ചതും ഇതേ മന്നത്ത് പത്മനാഭനായിരുന്നു. "പുലയൻ മന്ത്രിയായിരിക്കുന്ന നാട്ടിൽ ജീവിക്കാൻ സാധ്യമല്ലെ"ന്ന് 1957ലെ മന്ത്രിസഭയെ വിലയിരുത്തിയ സമുദായസ്നേഹിയാണദ്ദേഹം.

പേരിലെ പിള്ള വാൽ സുധീരം മുറിച്ചു നീക്കിയ ഇതേ സാമൂഹ്യപരിഷ്കർത്താവാണ്, 1964ൽ ആർ ശങ്കർ എന്ന ഈഴവൻ കോൺഗ്രസ് മുഖ്യമന്ത്രിയായപ്പോൾ "ഈ തൊപ്പിപ്പാളക്കാരന്റെ ഭരണം എങ്ങനെ കണ്ടുകൊണ്ടിരിക്കും," എന്ന സത്യസന്ധമായ ആത്മഗതം പരസ്യപ്പെടുത്തിയതും. കേരളാ കോൺഗ്രസിന്റെ പേരു പ്രഖ്യാപിക്കാനുള്ള നിയോഗം അദ്ദേഹത്തിനു തന്നെ വന്നുചേർന്നത് ഒട്ടും യാദൃശ്ചികമായിരുന്നില്ല.

ഉടമയായും ജന്മിയായും നാടുവാഴിയായും മുതലാളിയായും ജന്മസിദ്ധമായി കൈമറിഞ്ഞുവന്ന ആധിപത്യത്തിനേറ്റ കനത്തപ്രഹരമായിരുന്നു 1957ലെ ജനവിധിയും സർക്കാരും. സാമൂഹികാധിപത്യം, സമ്പത്ത്, അധികാരം, ഭൂമിയ്ക്കു മേലുള്ള അവകാശം, തൊഴിൽ, കൂലി, നികുതി എന്നിവയിലൊക്കെ കേരളീയ സവർണതയുടെ മേൽക്കോയ്മയിൽ ആ സർക്കാർ കൈവച്ചപ്പോഴാണ് വിമോചന സമരം അനിവാര്യമായത്. ആ സമരത്തിന്റെ നായകനായിരുന്നു മന്നത്തു പത്മനാഭൻ.

പരമ്പരാഗത മേൽക്കോയ്മയുടെ അടിത്തറയിളക്കാൻപോന്ന മൂർത്തമായ ആയുധങ്ങളായിരുന്നു വിദ്യാഭ്യാസ ബില്ലും കാർഷികബന്ധ ബില്ലുമൊക്കെ. ദശകങ്ങളുടെ പഴക്കമുള്ള നവോത്ഥാനമുന്നേറ്റങ്ങൾ കൈവരിച്ച അധികാരപ്രാപ്തിയായിരുന്നു ഒന്നാം ഇഎംഎസ് സർക്കാരെങ്കിൽ, ആ മുന്നേറ്റങ്ങൾക്കു മുന്നിൽ ഊർദ്ധശ്വാസം വലിച്ച സാമൂഹ്യക്രമത്തിന്റെ മരണമൊഴിയായിരുന്നു, "തമ്പ്രാനെന്നു വിളിപ്പിക്കും, പാളേക്കഞ്ഞി കുടിപ്പിക്കും" എന്നും "ചാക്കോ നാടുഭരിക്കട്ടെ, ചാത്തൻ പൂട്ടാൻ പോയ്ക്കോട്ടെ" എന്നുമൊക്കെ മുദ്രാവാക്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട വെല്ലുവിളികൾ.

സർക്കാരിനെ മറിച്ചിടുക എന്ന കേവലമായ ലക്ഷ്യം വിമോചനസമരം നേടിയെങ്കിലും ഇടതുപക്ഷ രാഷ്ട്രീയം എന്നെന്നേയ്ക്കുമായി അധികാരപ്രാപ്തിയിൽ നിന്നു തൂത്തെറിയപ്പെട്ടില്ല. ഇടവേളകളിൽ ഇടതുപക്ഷ സർക്കാരുകൾ കേരളം ഭരിച്ചുകൊണ്ടേയിരുന്നു. വിമോചനസമരത്തിലൂടെ ഉന്മൂലനം ചെയ്യാമെന്നു കരുതിയ രാഷ്ട്രീയമാണ് ഐക്യകേരളത്തിന്റെ അറുപതാം വാർഷികത്തിലും അധികാരസ്ഥാനത്ത്. ഈ വർത്തമാന യാഥാർത്ഥ്യത്തിന്റെ ഉച്ചവെയിലത്താണ് അറുപതു വർഷം മുമ്പു വിമോചനസമരം ആസൂത്രണം ചെയ്ത തലച്ചോറുകളുടെ ശക്തിദൌർബല്യങ്ങൾ കേരളാ കോൺഗ്രസിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

പിറന്നത് നായർ - ക്രിസ്ത്യൻ സമുദായങ്ങളിലെ പ്രമാണിമാരുടെ പാർടിയായി

വിജയശ്രീലാളിതമായ വിമോചനസമരത്തിനുശേഷം കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിൽ രൂപപ്പെട്ട ഒരു സ്വതന്ത്രപരമാധികാര നാടുവാഴി റിപ്പബ്ലിക് ആയിരുന്നു കേരള കോൺഗ്രസ്. ജനസംഖ്യയിൽ പന്ത്രണ്ടുശതമാനം വീതം വരുന്ന നായർ - ക്രിസ്ത്യൻ സമുദായങ്ങളിലെ പ്രമാണിമാരുടെ കുറുമുന്നണി.

ഇന്ത്യയിൽനിന്നു പൊറുതിയൊഴിഞ്ഞ കൊളോണിയൽ ഭരണകൂടത്തിന്റെ ഭരദേവതാസ്വരൂപമായ ക്രിസ്ത്യൻ പൗരോഹിത്യവും കേരളസമൂഹത്തിലെ സ്വയംപ്രഖ്യാപിത നാട്ടുമാടമ്പിമാരുമാണ് കേരള കോൺഗ്രസിന്റെ കൊടിക്കീഴിൽ ഐക്യപ്പെട്ടത്. ആ ഐക്യം താമസംവിനാ തകരുകയും കേരള കോൺഗ്രസ് ക്രൈസ്തവപൗരോഹിത്യത്തിന്റെ ചരടുവലിയ്ക്കൊത്തു ചലിക്കുന്ന രാഷ്ട്രീയ കക്ഷിയായി അവശേഷിക്കുകയും ചെയ്തു.

കേരളത്തിലെ കമ്മ്യൂണിസ്റ്റു പാർടിയ്ക്കെതിരെ തങ്ങളുടെ നിയന്ത്രണത്തിലൊരു രാഷ്ട്രീയപ്പാർടി എന്നത് വിമോചനസമരത്തിൽ നിന്നു ക്രൈസ്തവപൗരോഹിത്യം പഠിച്ച പാഠമായിരുന്നു.

യഥാർത്ഥത്തിൽ, 1957ലെ സർക്കാരും അതിന്റെ പ്രവർത്തനവും ഹിന്ദു സവർണതയെക്കാൾ ക്രൈസ്തവ പൗരോഹിത്യത്തെയാണു കൂടുതൽ പ്രകോപിപ്പിച്ചത്. മന്നത്തു പത്മനാഭന്റെ നേതൃത്വത്തിലുള്ള മാടമ്പിസഭയ്ക്കു വിമോചനസമരത്തിൽ ക്രിസ്ത്യൻ പൗരോഹിത്യത്തിന്റെ കാര്യസ്ഥപ്പണിയായിരുന്നു. തങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ വിമോചനസമരത്തിലേയ്ക്കു ക്രിസ്ത്യൻ പൗരോഹിത്യം എഴുന്നള്ളിച്ച നാട്ടുകൊമ്പനായിരുന്നു മന്നത്തു പത്മനാഭൻ.

(അടുത്ത പേജിൽ തുടരും)