മാധ്യമങ്ങളേ തുറന്നു പറയൂ... കൊല്ലിനും കൊലയ്ക്കുമുണ്ടായിരുന്ന വലതുപക്ഷാധികാരം നിങ്ങളിപ്പോഴും വകവെച്ചു കൊടുക്കുന്നുണ്ടോ?

കോണ്‍ഗ്രസുകാരും ആര്‍എസ്എസുകാരും പ്രതികളാകുന്ന കൊലപാതകക്കേസുകളില്‍ കൊലയാളികള്‍ക്കെതിരെ പൊതുവികാരം ജ്വലിപ്പിക്കാന്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ മെനക്കെടാറില്ലെന്ന വിമര്‍ശനം ഒറ്റപ്പെട്ടതല്ല. പക്ഷേ, സിപിഎമ്മുകാര്‍ പ്രതികളാകുന്ന കൊലക്കേസുകളില്‍ സ്ഥിതി അതല്ലെന്നും നമുക്കറിയാം. എല്ലാ കൊലപാതകങ്ങളും - അവ ആരു നടത്തിയാലും, എന്തിനുവേണ്ടിയായാലും - എതിര്‍ക്കപ്പെടേണ്ടതാണെന്ന സാമാന്യബോധമല്ല നമ്മുടെ മുഖ്യധാരാമാധ്യമങ്ങളെയും അവരുടെ ഉടമസ്ഥരെയും നയിക്കുന്നത്.

മാധ്യമങ്ങളേ തുറന്നു പറയൂ... കൊല്ലിനും കൊലയ്ക്കുമുണ്ടായിരുന്ന  വലതുപക്ഷാധികാരം നിങ്ങളിപ്പോഴും വകവെച്ചു കൊടുക്കുന്നുണ്ടോ?

കോൺഗ്രസുകാരും ആർഎസ്എസുകാരും പ്രതികളാകുന്ന കൊലപാതകക്കേസുകളിൽ കൊലയാളികൾക്കെതിരെ പൊതുവികാരം ജ്വലിപ്പിക്കാൻ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ മെനക്കെടാറില്ലെന്ന വിമർശനം ഒറ്റപ്പെട്ടതല്ല. പക്ഷേ,സിപിഎമ്മുകാർ പ്രതികളാകുന്ന കൊലക്കേസുകളിൽ സ്ഥിതി അതല്ലെന്നും നമുക്കറിയാം. എല്ലാ കൊലപാതകങ്ങളും - അവ ആരു നടത്തിയാലും,എന്തിനുവേണ്ടിയായാലും - എതിർക്കപ്പെടേണ്ടതാണെന്ന സാമാന്യബോധമല്ല നമ്മുടെ മുഖ്യധാരാമാധ്യമങ്ങളെയും അവരുടെ ഉടമസ്ഥരെയും നയിക്കുന്നത്.

കൊല്ലിനും കൊലയ്ക്കും അധികാരമുള്ളവരാണ് കോണ്‍ഗ്രസുകാരും ബിജെപിക്കാരുമെന്ന രഹസ്യനിലപാടിന്റെ പരസ്യപ്രഖ്യാപനമായി വേണം ആ കക്ഷികളുടെ പ്രവര്‍ത്തകര്‍ നടത്തുന്ന കൊലപാതകങ്ങളോടുള്ള മാധ്യമങ്ങളുടെ നിസംഗതയെ വായിക്കേണ്ടത്. പത്രങ്ങളിലാണെങ്കില്‍ ആ വാര്‍ത്തകള്‍ പലപ്പോഴും ഒന്നാംപേജില്‍ ഉണ്ടാകില്ല. ചാനലുകളില്‍ ചര്‍ച്ചയും. സാക്ഷിമൊഴികളിലൂടെയും സന്ദര്‍ഭവിവരണങ്ങളിലൂടെയും സൃഷ്ടിച്ചെടുക്കുന്ന സംഭ്രമം പൊലിപ്പിക്കാനും കൊലയാളികള്‍ക്കെതിരെ ബഹുജനവികാരം ഉയര്‍ത്താനും മുഖ്യധാരാ മാധ്യമങ്ങള്‍ക്കു സമയമോ താല്‍പര്യമോ ഇല്ല; കൊല്ലപ്പെടുന്നത് സിപിഎമ്മുകാരാണെങ്കില്‍. ആരുടെ കൈകൊണ്ടായാലും കൊല്ലപ്പെടേണ്ടവരാണെ മട്ടിലാണു വാര്‍ത്തയുടെ പൊതു അവതരണം. കോണ്‍ഗ്രസുകാര്‍ക്കും ബിജെപിക്കാര്‍ക്കും കൊല്ലിനും കൊലയ്ക്കും ജന്മനാ അവകാശമുണ്ടെന്ന മട്ടിലാണ് എഡിറ്റോറിയല്‍ അഭ്യാസങ്ങള്‍.

പ്രതിസ്ഥാനത്ത് സിപിഎമ്മുകാരാകുമ്പോള്‍ രോഷവും ചാനല്‍ ചര്‍ച്ചകളും എഡിറ്റോറിയലുകളും ലേഖനങ്ങളും വിമര്‍ശനങ്ങളും വിശകലനങ്ങളും പൊട്ടിപ്പടരുമെന്നതിന് ഏറെ ഉദാഹരണങ്ങള്‍ നിരത്തേണ്ടതില്ല. എന്നാല്‍ മറിച്ചുസംഭവിക്കുമ്പോളോ?

2013ലാണ് തൃശൂരില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്ന മധൂ ഈച്ചരത്തിനെ എതിര്‍ഗ്രൂപ്പുകാര്‍ വെട്ടിക്കൊന്നത്. കൃത്യം നടത്തിയത് ക്ഷേത്രദര്‍ശനം കഴിഞ്ഞു ഭാര്യയോടൊപ്പം മടങ്ങുമ്പോള്‍ ക്ഷേത്രനടയില്‍വച്ച്. മുഖമടക്കം വെട്ടിപ്പിളര്‍ന്നത് യൂത്ത് കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം സെക്രട്ടറി പ്രേംജി കൊള്ളന്നൂരിന്റെ നേതൃത്വത്തിലുള്ള സംഘം. കൊലപാതകത്തിനു കാരണം യൂത്തു കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന തര്‍ക്കം. പ്രതികള്‍ക്കെല്ലാം ഇരട്ടജീവപര്യന്തം തടവുശിക്ഷയും കിട്ടി.

ഈ കൊലപാതകത്തിന്റെ വാര്‍ത്തകള്‍ മനോരമയും മാതൃഭൂമിയും മത്സരിച്ച് ഉള്‍പ്പേജുകളിലേയ്ക്കു തള്ളി. മാതൃഭൂമി അഞ്ചാം പേജിലൊരു മൂലയ്ക്ക് വാര്‍ത്ത ഒതുക്കിയപ്പോള്‍ മനോരമ ചരമപ്പേജിലാണ് കൊലപാതകവാര്‍ത്ത പ്രസിദ്ധീകരിച്ചത്. അമ്പലനടയില്‍ ഭാര്യയുടെ മുന്നില്‍വച്ചു നടത്തിയ കൊലയുടെ പൈശാചികതയോ ഗൂഢാലോചനയുടെ സ്തോഭജനകമായ വിവരണങ്ങളോ റിപ്പോര്‍ട്ടു ചെയ്തില്ല. ഗുണ്ടാനേതാക്കള്‍ പാര്‍ടിയുടെ ഔദ്യോഗികഭാരവാഹികളായി കടന്നു വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ജില്ലാ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെക്കുറിച്ചും വിമര്‍ശനങ്ങളുയര്‍ന്നില്ല.

കോണ്‍ഗ്രസ് മണലൂര്‍ മണ്ഡലം എക്‌സി. അംഗമായിരുന്ന കാഞ്ഞാണി സുരേഷിനെ ഇക്കഴിഞ്ഞ ഏപ്രിലില്‍ കൊലപ്പെടുത്തിയത് ആര്‍എസ്എസുകാരാണ്. ഒന്നാം പേജുവാര്‍ത്തയോ ചാനല്‍ ചര്‍ച്ചയ്ക്കു വിഭവമോ ആയിരുന്നില്ല ആ കൊലപാതകവും. നാട്ടില്‍ നിത്യേനെ നടക്കുന്ന പലതരം സംഭവങ്ങളില്‍ ഒന്നെന്ന പരിഗണന മാത്രമാണ് ആ വാര്‍ത്തയ്ക്കും ലഭിച്ചത്.

ഇവിടെ ഒരുകാര്യം വ്യക്തമാകുന്നു. സിപിഎമ്മുകാര്‍ കൊല്ലപ്പെടുമ്പോള്‍മാത്രമാണ് മാധ്യമങ്ങള്‍ മൌനം പാലിക്കുന്നത് എന്ന നിരീക്ഷണം വസ്തുതാപരമല്ല. കോണ്‍ഗ്രസ്, ആര്‍എസ്എസ് (ബിജെപി) പ്രവര്‍ത്തകര്‍ കൊലയാളികളാകുമ്പോഴാണ് മാധ്യമങ്ങള്‍ നിശബ്ദരാകുന്നത്. കൊല്ലപ്പെടുന്നത് സിപിഎമ്മുകാരോ, കോണ്‍ഗ്രസുകാരോ മറ്റേതെങ്കിലും രാഷ്ട്രീയപ്പാര്‍ടിക്കാരനോ ഒരു രാഷ്ട്രീയവുമില്ലാത്തയാളോ എന്നതു പ്രസക്തമല്ല. നിശബ്ദത കൊലയാളികള്‍ക്കു മുന്നിലാണ്. കൊല്ലപ്പെട്ടവര്‍ക്കു മുന്നിലല്ല.

ഇക്കാര്യത്തില്‍ കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഉള്ള ഭേദവും മാധ്യമങ്ങള്‍ക്കില്ല. കേരളത്തിലെ കാമ്പസുകളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോഴൊക്കെ കേരളം കണ്ട എഡിറ്റോറിയല്‍ സമീപനമാണ്. 1984ലെതിരുവോണ ദിവസമാണ് എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റായിരുന്ന എം എസ് പ്രസാദ് ചിറ്റാറില്‍ കുത്തേറ്റു മരിച്ചത്. പ്രസാദിനെ ആക്രമിച്ചത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ ഇ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം. രണ്ടു വര്‍ഷം മുമ്പ് പത്തനംതിട്ട കാതോലിക്കേറ്റ് കോളജു കാമ്പസില്‍ വച്ചു കോണ്‍ഗ്രസുകാര്‍ കുത്തിക്കൊന്ന സി വി ജോസിന്റെ കൊലപാതകത്തിന്റെ ഒന്നാം സാക്ഷിയായിരുന്നു പ്രസാദ്. ആ കേസിന്റെ വിചാരണ ആരംഭിക്കുന്നതിനു മുമ്പു പ്രസാദിനെയും കൊന്നുകളഞ്ഞു. തിരുവോണനാളിൽ പോലും എസ്എഫ്‌ഐക്കാരന്‍ കുത്തേറ്റു വീണകാലം അത്ര വിദൂരമൊന്നുമല്ല.

ഈ ചരിത്രസന്ദര്‍ഭങ്ങളിലൊന്നും നീതിയുടെ കാവലാളുകളായി മാധ്യമങ്ങളുണ്ടായിരുന്നില്ല. പ്രതിസ്ഥാനത്ത് സിപിഎമ്മാണെങ്കിലാണു മാധ്യമങ്ങള്‍ ഉഷാറാവുക. സെന്‍സേഷനിസത്തിന്റെ കടുംചായം ഡെസ്‌കുകളില്‍ ഒഴുകിപ്പരക്കും. അക്രമങ്ങള്‍ക്കെതിരെ സമൂഹമനസാക്ഷിയുണര്‍ത്താന്‍ മാധ്യമങ്ങള്‍ ഏതറ്റംവരെയും പോകും. വേണ്ടതു തന്നെയാണത്. ഒരു തര്‍ക്കവുമില്ല. പൊലിയുന്നതു മനുഷ്യ ജീവനാണ്. അതിന്റെ വില അമൂല്യവും. എന്തിന്റെ പേരിലായാലും ആരെയും കൊല്ലാനുള്ള അധികാരമൊന്നും സിപിഎമ്മുകാര്‍ക്കില്ല.

സിപിഎമ്മുകാര്‍ക്കെന്നല്ല, ആര്‍ക്കും ആ അവകാശമില്ല എന്നൊരു നീതിബോധമാണു പൊതുസമൂഹം ഉയര്‍ത്തിപ്പിടിക്കേണ്ടത്. ആ ബോധത്തിലേയ്ക്കുള്ള ചൂണ്ടുപലകയാണു മാധ്യമങ്ങള്‍. കൊലയാളികളും അവരുടെ രാഷ്ട്രീയനേതൃത്വവും - അവരേതു പാര്‍ടിക്കാരായാലും കൊന്നത് എന്തിനു വേണ്ടിയായാലും - സമൂഹത്തിന്റെ വിചാരണയ്ക്കു വിധേയമാകണം. ആ വിചാരണ നടത്തേണ്ട ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ട്. കൊലക്കത്തിയേന്തുന്നത് ആര്‍എസ്എസുകാരും കോണ്‍ഗ്രസുകാരുമാകുമ്പോള്‍ പ്രതിക്കൂടും പൂട്ടി ചാനല്‍ ന്യായാധിപന്മാര്‍ വിനോദയാത്രയ്ക്കു പോകരുത്.

കൊലപാതകങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, മുട്ടിലിഴഞ്ഞുള്ള ഈ ദാസ്യവേല. 2015ലെ മനോരമ ഓണപ്പതിപ്പില്‍ പത്രപ്രവര്‍ത്തകന്റെ സ്വാഭാവിക ജിജ്ഞാസയെ കഴുത്തുഞെരിച്ചു തയ്യാറാക്കിയ വിശദമായ ഒരു ഫീച്ചര്‍ സ്റ്റോറിയുണ്ടായിരുന്നു,പോലീസിലെ കണ്ണൂര്‍ സ്‌ക്വാഡിനെക്കുറിച്ച്. സ്‌ക്വാഡ് അംഗങ്ങള്‍ മനോരമയുടെ വി ആര്‍പ്രതാപിനോട് ഇങ്ങനെ ഓര്‍മ്മ പങ്കുവച്ചു.

അക്കാലത്ത് ഇരിക്കൂര്‍ സ്റ്റേഷനില്‍ ഒരു പരാതിയെത്തി. സ്ഥലത്തെ പ്രമാണിയാണു പരാതിക്കാരന്‍. വീട്ടില്‍നിന്നും പണം, സ്വര്‍ണം, കുരുമുളക്, ബൈനോക്കുലര്‍, മൊബൈല്‍ ഫോണ്‍, കാമറ എന്നിവ വു പോയി. പൊലീസിന്റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകാത്തപ്പോള്‍ പരാതിക്കാരന്‍ എസ്‌പിയെക്കണ്ടു. പൊലീസ് എഴുതിത്തളളാനിരുന്ന കേസാണ്. പക്ഷേ, കാര്യക്ഷമമായി അന്വേഷിക്കാന്‍ എസ്‌പിയുടെ ഉത്തരവു വന്നു. അതു സ്‌ക്വാഡിന്റെ തലയിലായി.
വീട്ടില്‍ നിന്നും മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ചുളള അന്വേഷണം പോയി നിന്നത് ഒരു കോണ്‍വെന്‍ന്റില്‍. ഫോണ്‍ കൈവശം വച്ചിരുന്ന സിസ്റ്റര്‍ കൈ മലര്‍ത്തി. സഹോദരന്‍ സമ്മാനിച്ച ഫോണായിരുന്നു അത്. സഹോദരനെ ചോദ്യ ചെയ്തപ്പോള്‍ ഫോണ്‍ കൈമാറി വന്ന ഉറവിടം തെളിഞ്ഞു. സ്ഥലത്ത് അറിയപ്പെടുന്ന ഒരു ബിജെപി നേതാവായിരുന്നു കക്ഷി.
ഒട്ടേറെ സമ്പാദ്യങ്ങളും വലിയ വീടും സുഹൃദ്ബന്ധവും ഒക്കെയുളള ആള്‍. പക്ഷേ, സ്‌ക്വാഡിന്റെ ചോദ്യം ചെയ്യലില്‍ വിയര്‍ത്തു. കുറ്റമേറ്റു. സുഹൃത്തുക്കളുമൊത്തുളള യാത്രകള്‍ മോഷണത്തിനു വേണ്ടിയായിരുന്നുവെന്നു വെളിപ്പെട്ടു. കക്ഷിക്കു പുല്‍പ്പളളിയില്‍ വലിയൊരു റബ്ബര്‍ എസ്റ്റേറ്റുണ്ട്. അവിടേയ്ക്കുളള യാത്രയ്ക്കിടെ കാണുന്ന സ്ഥലങ്ങളിലൊക്കെ കയറി മോഷ്ടിക്കും. സ്വന്തം എസ്റ്റേറ്റിലേയ്ക്കു റബ്ബര്‍ ഷീറ്റ് അടിക്കുന്ന മെഷീന്‍ വരെ അങ്ങനെ മോഷ്ടിച്ചെടുത്തതായിരുന്നു. പൊതുവേ കളളന്‍മാര്‍ ഒന്നും സമ്പാദിക്കാറില്ല. എന്നാല്‍ മോഷണം കൊണ്ടു സമ്പാദ്യമുണ്ടാക്കിയതായി ഇയാളെ മാത്രമേ കണ്ടിട്ടുളളൂ.
മൂന്നു പള്ളികളില്‍ കയറി നടത്തിയ മോഷണവും ഈ പ്രതികള്‍ സമ്മതിച്ചു. പളളികളിലെ മോഷണത്തിന്റെ പേരില്‍ നാട്ടുകാര്‍ കപ്യാരെ ക്രൂശിക്കാന്‍ തയ്യാറെടുത്തിരിക്കുമ്പോഴാണ് ഈ കുറ്റസമ്മതം വരുന്നത്.

മോഷണം കുലത്തൊഴിലാക്കിയ, മോഷണമുതല്‍ കൂമ്പാരം കൂട്ടിവച്ച് സമ്പന്നനായ, പളളികള്‍ക്കുളളില്‍ കയറിയും മോഷ്ടിക്കുന്ന കണ്ണൂരിലെ ഈ ബിജെപി നേതാവ് ആരാണ്? അയാളുടെ പേര് മനോരമയിലില്ല. ആ കേസിന് പിന്നീടെന്തുസംഭവിച്ചുവെന്നും.

ആരാണിയാള്‍? പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠം അറിയുന്ന ആരിലും ഉണ്ടാകുന്ന ജിജ്ഞാസയാണത്. സ്റ്റോറി തയ്യാറാക്കിയ വി ആര്‍ പ്രതാപിന്റെ മനസില്‍ ആ ചോദ്യം ഉയര്‍ന്നില്ലെന്നു വിശ്വസിക്കാന്‍ പ്രയാസം. അപ്പോള്‍ ആ പേര് മനോരമ ഒളിച്ചുവച്ചതു തന്നെയാണ്.

കണ്ണൂരിലെ ഒരു ബിജെപി നേതാവ് പ്രമാണിയായ വിധമാണ് പോലീസിലെ സ്‌ക്വാഡ് അംഗങ്ങള്‍ വിളിച്ചു പറഞ്ഞത്. വീടെന്നോ ആരാധനാലയമെന്നോ വ്യത്യാസമില്ലാതെ മോഷണം. മോഷണസമ്പാദ്യത്തിന് ആദായനികുതി. പൊതുപ്രവര്‍ത്തകരുടെ ഇത്തരം അധോലോകഭാവങ്ങള്‍ വകവച്ചുകൊടുക്കുന്ന സമൂഹമല്ല കേരളം. ഏതു പാര്‍ടിയിലോ ആകട്ടെ, എത്ര ഉന്നതനോ ആകട്ടെ, ഇത്തരം കൈയിലിരിപ്പുകള്‍ പുറത്തു വന്നാല്‍ അന്നു തീരേണ്ടതാണ് പൊതുജീവിതം. പക്ഷേ, മനോരമ പരിചയപ്പെടുത്തിയ വില്ലന്‍ ഭാഗ്യവാനാണ്. ആ കഥാപാത്രത്തിന്റെ പേരു പറയാനുള്ള നട്ടെല്ല് ഒരു മാധ്യമങ്ങള്‍ക്കുമില്ല. ആരുടെയും ജിജ്ഞാസ ഉണരുന്നില്ല. വിശദാംശങ്ങള്‍ക്കു വേണ്ടിയുളള പരക്കംപാച്ചിലില്ല. ചര്‍ച്ചകളില്ല. ആരോപണങ്ങളില്ല. വിശദീകരണം ചോദിക്കുന്നില്ല.

ഈ നിശബ്ദതയുടെ അര്‍ത്ഥമെന്ത് എന്ന ചോദ്യം മാധ്യമങ്ങളുടെ ഉടമസ്ഥതയും മാധ്യമപ്രവര്‍ത്തകരുടെ രാഷ്ട്രീയതാല്‍പര്യങ്ങളും കടന്ന് വലതുപക്ഷരാഷ്ട്രീയാധികാരത്തിന്റെ വികാസപരിണാമങ്ങളിലേയ്ക്കു നീളണം. കൊല്ലിനുംകൊലയ്ക്കും സമൂഹത്തിലുണ്ടായിരുന്ന അധികാരം മുന്‍കാല പ്രാബല്യത്തോടെ വലതുപക്ഷത്തിനു വകവച്ചുകൊടുക്കുകയാണ്, നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍. ആ യാഥാര്‍ത്ഥ്യവും വിശകലനം ചെയ്യപ്പെടണം.