പ്രമുഖനായ ജനപ്രിയ നായകാ... ന്തൊരു ബെർപ്പിക്കലാണ് ങ്ങള്...

അതുകൊണ്ട് മഞ്ഞപ്പത്രമെന്നൊക്കെ ആക്ഷേപങ്ങൾ സൂക്ഷിച്ചു വേണം. ജനപ്രിയ സിനിമയിലെ ഊച്ചാളി നായകന്മാരുടെ ആരാധകർ തന്നെയാണ് ഇത്തരം പത്രവായനക്കാരിൽ മുക്കാലേ മുണ്ടാണിയും. എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയല്ല, ഇത്തരം ആരോപണങ്ങളും വാർത്തകളും പ്രസിദ്ധീകരിക്കുന്നത് എന്നും ഓർമ്മിക്കണം.

പ്രമുഖനായ ജനപ്രിയ നായകാ... ന്തൊരു ബെർപ്പിക്കലാണ് ങ്ങള്...

തൃശൂർ വടക്കുംനാഥനെ സാക്ഷിയാക്കി മലയാളത്തിന്റെ പ്രമുഖ ജനപ്രിയ നായകൻ ഈയിടെ ആരാധകരോടു മനസു തുറന്നു:

"ശരിക്കും പറഞ്ഞാൽ മനസ്സ് തകർന്ന് ജീവിതം മടുത്ത ദിവസങ്ങളായിരുന്നു. ഞാൻ എന്ത് തെറ്റാണ് ചെയ്തത്. എന്റെ സഹ പ്രവർത്തകയുടെ... അതിന്റെ സത്യാവസ്ഥ പോലീസ് കണ്ടു പിടിക്കണം എന്നുള്ളത് എന്റെ കൂടെ ആഗ്രഹമാണ്, ആവശ്യമാണ്. അതിനു വേണ്ടിയാണു ഞാൻ പ്രാർത്ഥിക്കുന്നത്.."
അദ്ദേഹം തുടർന്നു:

"ഏറ്റവും കൂടുതൽ സ്ത്രീകളെ ബഹുമാനിക്കുന്ന ഒരാളാണ്. എനിക്ക് 17 വയസ്സുള്ള ഒരു മകളുണ്ട്, എനിക്ക് ഒരു അമ്മയുണ്ട്, ഒരു സഹോദരിയുണ്ട്. എന്റെ ജീവിതം എന്താ എന്ന് കേരള ജനതയ്ക്ക് മുന്നിൽ ഒരു തുറന്ന പുസ്തകമാണ് .."

സമൂഹത്തിനു മുന്നിൽ തുറന്ന പുസ്തകം പോലെ ജീവിക്കുന്ന എണ്ണത്തിൽ അടുത്തകാലത്തായി വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജനത്തിന്റെ ഓർമ്മയിൽത്തന്നെ ഒരു മഹാത്മാഗാന്ധിയൊക്കെയേ ഉണ്ടാകൂ. ആ ഗണത്തിലേയ്ക്ക് കേരളത്തിൽ നിന്നൊരാളുണ്ടാവുന്നതിൽ താരാരാധന തലയ്ക്കു പിടിക്കാത്തവർക്കും സന്തോഷമേയുണ്ടാകൂ.

ഇനി ഫ്ലാഷ് ബാക്ക്.

2015 ഡിസംബർ 17. 'Yes, I am being denied roles' എന്ന തലക്കെട്ടിൽ ഡെക്കാൻ ക്രോണിക്കിൾ ഒരു അഭിമുഖം പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ അഭിമുഖം. തന്റെ സുഹൃത്തിന്റെ കുടുംബജീവിതത്തിൽ ഒരു പ്രശ്നമുണ്ടായപ്പോൾ ഒപ്പം നിന്നതിന്റെ പേരിൽ ഒരു നടന്റെ ആജ്ഞാനുസരണം മലയാള സിനിമാ മേഖലയിൽ തനിക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്നായിരുന്നു അവരുടെ വെളിപ്പെടുത്തൽ

ഒരു കുടുംബപ്രശ്നത്തിൽ ഇടപെട്ടതിന്റെ പേരിൽ നടൻ മുഖാന്തരം നടിക്ക് തൊഴിൽ വിലക്ക്. ആ വിലക്കിനു പിന്നിൽ ജനപ്രിയനായകനാണെന്ന് പത്രങ്ങളെഴുതി. കാര്യകാരണ സഹിതം. അമ്മയും അമ്മായിയമ്മയും നടിയുടെ അഭിമുഖം കണ്ടില്ലെന്നു നടിച്ചു. പക്ഷേ, മാധ്യമങ്ങൾക്കതു വാർത്തയായിരുന്നു.

എവിടെയും ആരും നിഷേധക്കുറിപ്പു കണ്ടില്ല. ഫേസ് ബുക്ക് പ്രതികരണങ്ങളുണ്ടായില്ല. ജനപ്രിയനും ദി നെക്സ്റ്റ് ഡോർ ബോയിയുമായ സൂപ്പർതാരത്തിന്റെ കരുത്തും സ്വാധീനവും പതിയെപ്പതിയെ വെളിപ്പെടുകയായിരുന്നു. സൽഗുണസമ്പന്നനായ സിനിമയിലെ നായകന് ഇൻഡസ്ട്രിയിൽ ഒരു ആന്റി ഹീറോ ഇമേജുണ്ടെന്ന് പലരും അടക്കം പറഞ്ഞു തുടങ്ങി. തനിക്ക് അഹിതമുള്ളവർക്കു മുന്നിൽ തൊഴിൽ വിലക്കു സൃഷ്ടിച്ച് പച്ചരി മുട്ടിക്കാൻ നിർമ്മാതാക്കളെയും സംവിധായകരെയും സ്വാധീനിക്കുന്ന ഉപജാപകന്റെ മുഖം. അങ്ങനെയൊരു പ്രചരണമുണ്ടായിരുന്നു. പക്ഷേ, ജനപ്രിയ നടൻ ഒരക്ഷരം പ്രതികരിച്ചില്ല.

അദ്ദേഹം ആ പ്രചരണം ആവോളം ആസ്വദിക്കുകയായിരുന്നോ..? തന്നോടു കളിച്ചാൽ ഇങ്ങനെയിരിക്കും എന്നായിരുന്നോ ആ മൌനത്തിന്റെ മഹാസന്ദേശം? അദ്ദേഹം എന്നെങ്കിലും തുറന്നു പറയുമായിരിക്കും. വടക്കുംനാഥൻ അവിടെത്തന്നെയുണ്ടല്ലോ.

പിന്നീട് അദ്ദേഹം വിവാഹമോചിതനായി. വിവാഹമോചിതയായ ഭാര്യ ഫേസ് ബുക്കിൽ ചില കാര്യങ്ങൾ വിശദീകരിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്കൊപ്പം നിന്ന സിനിമയിലെ സുഹൃത്തുക്കളുടെ സ്വകാര്യജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും തന്നെച്ചൊല്ലി പ്രശ്നങ്ങളുണ്ടായിത്തുടങ്ങിയെന്നും തന്റെ തീരുമാനങ്ങളിൽ അവർക്കൊരു പങ്കുമില്ലെന്നും വിശദീകരണമുണ്ടായി. ആ പട്ടികയിലും കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുണ്ടായിരുന്നു.

2014 ഏപ്രിൽ 12. ജനപ്രിയതാരത്തിന്റെ റിംഗ് മാസ്റ്റർ എന്ന സിനിമ റിലീസായി. വിവാഹമോചന വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന കാലം. ക്ലൈമാക്സിലെ ഒരു ഡയലോഗ് തകർപ്പനായിരുന്നു. അതിങ്ങനെയായിരുന്നു.
"ഇന്നത്തെ വാർത്തയിൽ നീയില്ല. നിന്റെ പേരുള്ള ഒരു പട്ടിയാണുള്ളത്. കണ്ടോ... വാർത്തയിൽ ഇടംപിടിക്കാനും സ്ഥാനമാനങ്ങൾ നേടിയെടുക്കാനും ഏതു പട്ടിയ്ക്കും പറ്റുമെന്ന് ഇപ്പോ മനസിലായില്ലേ. പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി മുറിച്ചു മാറ്റുന്ന ബന്ധങ്ങളില്ലേ.. അതുപിന്നെ കൂട്ടിച്ചേർക്കാൻ ഒരിക്കലും കഴിയില്ല".
നായകന് പട്ടിയോടുള്ള ആത്മബന്ധം ബോധ്യപ്പെട്ടാണ് ഉടമസ്ഥാവകാശം കോടതി വിട്ടു നൽകുന്നത്. ഈ ഡയലോഗ് ഒരിക്കൽ കൂടി കേട്ടു നോക്കണം. പട്ടിയെന്ന വാക്കുച്ചരിക്കുമ്പോൾ ആ മുഖത്തു വിരിയുന്ന പുച്ഛവും നാവിൽ വഴിഞ്ഞൊഴുകുന്ന അവജ്ഞയും പരനിന്ദയും അനുഭവിച്ചറിയുക. ഒരു സ്ത്രീയോടാണേ...

പ്രിയപ്പെട്ട വടക്കുംനാഥനാ.. ആ ഡയലോഗ് ഒന്നു കൂടി കേൾക്കൂ...

"ഞാൻ ഏറ്റവും കൂടുതൽ സ്ത്രീകളെ ബഹുമാനിക്കുന്ന ഒരാളാണ്. എനിക്ക് 17 വയസ്സുള്ള ഒരു മകളുണ്ട്, എനിക്ക് ഒരു അമ്മയുണ്ട്, ഒരു സഹോദരിയുണ്ട്. എന്റെ ജീവിതം എന്താ എന്ന് കേരള ജനതയ്ക്ക് മുന്നിൽ ഒരു തുറന്ന പുസ്തകമാണ് .. "
മേൽപ്പറഞ്ഞ പട്ടി ഡയലോഗ് വാങ്ങിയ പെൺകഥാപാത്രം അദ്ദേഹത്തിന്റെ വേർപിരിഞ്ഞ ഭാര്യയുടെ തിരരൂപമായിരുന്നു എന്ന് വ്യാപകമായി വിമർശനമുയർന്നു. അപ്പോഴും മൌനമായിരുന്നു പ്രതികരണം. "ആവശ്യം കഴിഞ്ഞ കുടുംബിനി പട്ടിയെക്കാൾ താണവളാണെന്നു പുലമ്പുന്ന റിംഗ് മാസ്റ്റർമാരുടെയും മൃഗശിക്ഷകൻമാരുടെയും കുടിലവും വൃത്തികെട്ടതുമായ പ്രലപനങ്ങൾക്ക് കുലീനവും ഉചിതവും വ്യക്തവുമായ മറുപടി"യാണ് ഹൌ ഓൾഡ് ആർ യു എന്ന മഞ്ജുവാര്യർ ചിത്രമെന്ന് നിരൂപകർ പുകഴ്ത്തിയിട്ടും ജനപ്രിയ നായകൻ കേട്ട ഭാവം നടിച്ചില്ല.

ആ സിനിമയ്ക്ക് ജനപ്രിയ ചലച്ചിത്രങ്ങളിൽ റിംഗ് മാസ്റ്റർക്ക് വേറിട്ടൊരു സ്ഥാനമുണ്ട്. നായകനും നായികയും തമ്മിൽ തെറ്റിദ്ധാരണ മൂലം അകലുന്നതും പരസ്പരം പാരവെയ്ക്കുന്നതുമൊക്കെ ഉണ്ടായാലും ക്ലൈമാക്സിൽ അവർ ഒന്നായി, കുടുംബഭദ്രതയുടെ സന്ദേശം വിളമ്പും. പക്ഷേ, നായികയെ പുഴുത്ത പട്ടിയെപ്പോലെ വലിച്ചെറിയുന്ന നായകൻ മുഖ്യധാരാ കമേഴ്സ്യൽ ചിത്രത്തിൽ ഇതാദ്യമാണ്. വാർത്തയിൽ ഇടംപിടിക്കാൻ മോഹിക്കുക, സ്ഥാനമാനങ്ങൾ കൊതിക്കുക, പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി ആഗ്രഹിക്കുക തുടങ്ങിയ കൊടും വില്ലത്തരങ്ങളാണ് റിംഗ് മാസ്റ്ററിലെ ഡയാനയുടെ കൈയിലിരിപ്പ്. ഇമ്മാതിരി വില്ലത്തരങ്ങൾക്ക് കടുത്ത ശിക്ഷയും അവമതിപ്പും ഏറ്റുവാങ്ങുന്ന പെൺകഥാപാത്രം ലോകസിനിമയിൽത്തന്നെ ആദ്യമായിരിക്കും.

മീശ മാധവനിലെ വിഗ്രഹമോഷണം ഓർമ്മയില്ലേ. സംഗതി അടിച്ചു മാറ്റുന്നത് ഈപ്പൻ പാപ്പച്ചിയും സംഘവുമാണെങ്കിലും ഗ്രാമം സംശയിക്കുന്നത് പാവം മാധവനെയാണ്. ഗ്രാമത്തിന്റെ തെറ്റിദ്ധാരണ മാറ്റാൻ ഒരു വഴിയേ മാധവന്റെ മുന്നിലുണ്ടായിരുന്നുള്ളൂ. തൊണ്ടിസഹിതം ഈപ്പൻ പാപ്പച്ചിയെ ഗ്രാമം കാണണം.

മോഷണത്തിനു പിന്നിൽ മാധവനാണെന്ന് ഗ്രാമം തെറ്റിദ്ധരിക്കാൻ കാരണമുണ്ട്. ചേക്കിലെ ഭഗവതിയെ നോക്കി മാധവൻ മീശപിരിച്ചു. അറിഞ്ഞൊന്നു വിളിച്ചാൽ ഭഗവതി കൂടെപ്പോരും എന്ന ഡയലോഗു വിട്ടു... അതുമതിയായിരുന്നു ഗ്രാമത്തിനു സംശയിക്കാൻ...

ചില മുന്നറിവുകളും അനുഭവങ്ങളുമാണ് ജനത്തെ തെറ്റിദ്ധരിക്കാൻ പ്രേരിപ്പിക്കുന്നത്. അതുകൊണ്ടാണ് വിഗ്രഹമോഷണമുണ്ടായപ്പോൾ മാധവനെ ഗ്രാമം സംശയിച്ചത്. ആ സംശയം ന്യായമായിരുന്നു. അതുകൊണ്ടാണ് ആ തെറ്റിദ്ധാരണ മാറ്റും വിധത്തിൽ ഈപ്പൻ പാപ്പച്ചിയെ കസ്റ്റഡിയിലെടുക്കാൻ തന്ത്രമൊരുങ്ങിയത്. മാധവന്റെ ശീലങ്ങളും സാഹചര്യത്തെളിവുകളും ചേർത്തുവെച്ചു ചിന്തിച്ചപ്പോൾ പാവം ചേക്കിലെ ജനത ഒരു നിമിഷത്തേയ്ക്ക് കള്ളൻ മാധവന്റെ സത്യസന്ധത വിസ്മരിച്ചുപോയി. അതവരുടെ കുറ്റമല്ല.

മീശ മാധവനെ അനശ്വരനാക്കിയ നടൻ ജീവിതത്തിലും നേരിട്ടത് അത്തരമൊരു പ്രതിസന്ധിയാണ്. ഡെക്കാൻ ഹെറാൾഡിലെ അഭിമുഖവും റിംഗ് മാസ്റ്റർ സിനിമയിലെ വിവാദ ഡയലോഗും സൃഷ്ടിച്ച കോലാഹലങ്ങളിൽ പാലിച്ച ബുദ്ധിപരമായ മൌനമാണ് കൊച്ചി സംഭവത്തിൽ അദ്ദേഹത്തെ സംശയമുനയുടെ തുഞ്ചത്ത് നിർത്തിയത്. അതു സ്വാഭാവികമാണ്. യാഥാർത്ഥ്യമല്ല, വളച്ചൊടിക്കലും വക്രീകരണവും പൊലിപ്പിക്കലുമൊക്കെയാണല്ലോ ജനപ്രിയ സിനിമകളുടെ തിരക്കഥയ്ക്ക് എരിയും പുളിയും പകരുന്നത്. സാമാന്യബുദ്ധിയ്ക്കു നിരക്കാത്ത ട്വിസ്റ്റുകൾ കണ്ടുകണ്ടു മയങ്ങിപ്പോയ ജനതയുടെ നിത്യജീവിതം കടുംനിറത്തിലുള്ള വിവാദങ്ങളില്ലാതെ മുന്നോട്ടു പോകില്ല. തൊഴിൽവിലക്കു നേരിട്ട നടിയും പട്ടി ഡയലോഗ് ഏറ്റു വാങ്ങിയ റിംഗ് മാസ്റ്ററിലെ നായികയിലൂടെ അവമതിക്കപ്പെട്ട സിനിമാതാരവുമെല്ലാം അവരുടെ മുന്നിലെത്തിയപ്പോഴും വിവാദങ്ങളുണ്ടായി. ഊഹാപോഹങ്ങളും സംശയങ്ങളും പ്രചരിപ്പിക്കപ്പെട്ടു. ഏതു സംഭവമുണ്ടായാലും ഇത്തിരി മസാല കൂടിയേ തീരൂവെന്ന് ജനം ചിന്തിച്ചു പോകുന്നതിൽ നമ്മുടെ ജനപ്രിയ ചിത്രങ്ങൾക്കുള്ള പങ്കു ചെറുതല്ല. റിംഗ് മാസ്റ്ററെക്കണ്ട് കൈയടിക്കേണ്ടതും പട്ടി ഡയലോഗ് ആർപ്പുവിളിയോടെ സ്വീകരിക്കേണ്ടതും അവരാണല്ലോ.

അതുകൊണ്ട് മഞ്ഞപ്പത്രമെന്നൊക്കെ ആക്ഷേപങ്ങൾ സൂക്ഷിച്ചു വേണം. ജനപ്രിയ സിനിമയിലെ ഊച്ചാളി നായകന്മാരുടെ ആരാധകർ തന്നെയാണ് ഇത്തരം പത്രവായനക്കാരിൽ മുക്കാലേ മുണ്ടാണിയും. എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയല്ല, ഇത്തരം ആരോപണങ്ങളും വാർത്തകളും പ്രസിദ്ധീകരിക്കുന്നത് എന്നും ഓർമ്മിക്കണം.

ഏതായാലും പുതിയ ആരോപണം ഉണ്ടായപ്പോൾ തെറ്റിദ്ധാരണ മാറ്റാൻ തീപ്പൊരി പ്രസംഗവും ഫേസ് ബുക്ക് കുറിപ്പുകളും ഉണ്ടായത് നന്നായി. ആദ്യത്തെ ആരോപണം ഒരു സ്ത്രീയുടെ തൊഴിൽ വിലക്കിനു കാരണക്കാരനായി എന്നതായിരുന്നു. മറ്റേതാണെങ്കിൽ വിവാഹമോചിതയായ ഭാര്യയെ നാണംകെടുത്താൻ ബോധപൂർവം ഒരു കഥാപാത്രത്തെ സൃഷ്ടിച്ചുവെന്നും. മൂന്നാമത്തെ ആരോപണത്തിനുള്ള പ്രാധാന്യം മറ്റുള്ളവയ്ക്കില്ല. പോരെങ്കിൽ അക്കാലത്തൊക്കെ ആരോപണ വിധേയന്റെ ജീവിതം കേരളത്തിനു മുന്നിൽ സാമാന്യം തുറന്ന പുസ്തകമായിരുന്നു.

പക്ഷേ, മൂന്നാമത്തെ ആരോപണം ആരെങ്കിലും വിശ്വസിച്ചിട്ടുണ്ടോ എന്നൊരു കാരണമില്ലാത്ത ആധി. തുറന്ന ജീവിതപുസ്തകത്തിലെ ചില പേജുകളൊക്കെ കാറ്റടിച്ചു മടങ്ങിപ്പോയോ എന്ന ആശങ്ക. അതു മാറാൻ വടക്കുംനാഥനെ കൂവളമാലയണിയിച്ച് നെയ്യഭിഷേകവും ഇളനീരഭിഷേകവും നടക്കട്ടെ. പിൻവിളക്കു കഴിഞ്ഞ് കതിനവെടിയുടെ ഒച്ച നിലയ്ക്കുമ്പോൾ കിഴക്കേ ചക്രവാളത്തിൽ ഒരശരീരി മുഴങ്ങും:

"ഞാൻ ഏറ്റവും കൂടുതൽ സ്ത്രീകളെ ബഹുമാനിക്കുന്ന ഒരാളാണ്. എനിക്ക് 17 വയസ്സുള്ള ഒരു മകളുണ്ട്, എനിക്ക് ഒരു അമ്മയുണ്ട്, ഒരു സഹോദരിയുണ്ട്. എന്റെ ജീവിതം എന്താ എന്ന് കേരള ജനതയ്ക്ക് മുന്നിൽ ഒരു തുറന്ന പുസ്തകമാണ് .. "