മിശിഹായിൽ പ്രിയപ്പെട്ട തിരുമേനിമാരേ... ഞങ്ങൾ വെള്ളമടിക്കണമോ എന്നു തീരുമാനിക്കുന്നത് നിങ്ങളല്ല...

അപ്പോഴെന്താണ് കേരളത്തിലെ കത്തോലിക്കാ പാതിരിമാരുടെ പ്രശ്നം? വിഷയം വിശ്വാസവും ജനങ്ങളുടെ ആരോഗ്യവുമൊന്നുമല്ലെന്നു വ്യക്തം. ആണെങ്കിൽ ലോകമെങ്ങും അവരീ നിലപാട് എടുക്കേണ്ടതാണ്. ലോകത്തേറ്റവുമധികം വൈൻ ഉപഭോഗം വത്തിക്കാനിലാണ്. കാലിഫോർണിയ വൈൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് പ്രതിവർഷം വത്തിക്കാൻകാരൻ അകത്താക്കുന്നത് 74 ലിറ്റർ വൈനാണ്.

മിശിഹായിൽ പ്രിയപ്പെട്ട തിരുമേനിമാരേ... ഞങ്ങൾ വെള്ളമടിക്കണമോ എന്നു തീരുമാനിക്കുന്നത് നിങ്ങളല്ല...

2011ലെ സെൻസസ് അനുസരിച്ച് കേരള ജനതയിൽ ക്രിസ്ത്യാനികളുടെ എണ്ണം അറുപതു ലക്ഷമാണ്. ആകമാന ക്രിസ്ത്യാനികളിൽ അറുപതു ശതമാനമാണത്രേ കത്തോലിക്കർ. ഒരു 37 ലക്ഷം. കേരളത്തിന്റെ ജനസംഖ്യ മൂന്നു കോടി മുപ്പത്തിനാലു ലക്ഷം. ജനസംഖ്യയിൽ കത്തോലിക്കരുടെ എണ്ണം പത്തു പതിനൊന്നു ശതമാനം. ഈ പതിനൊന്നു ശതമാനത്തിന്റെ ആത്മീയാചാര്യന്മാരാണത്രേ, സംസ്ഥാനത്ത് ആരൊക്കെ മദ്യപിക്കണം, ആർക്കൊക്കെ ബാർ ലൈസൻസ് ആകാം... എന്നൊക്കെ തീരുമാനിക്കുന്നത്.

എൽഡിഎഫ് സർക്കാർ മദ്യനയം അട്ടിമറിക്കുന്നുവെന്ന ആക്ഷേപവുമായി തെരുവു സമരത്തിന് കോപ്പുകൂട്ടുകയാണ് കത്തോലിക്കാസഭ. പ്രഖ്യാപനം വന്നു കഴിഞ്ഞു. കെസിബിസിയുടെ മദ്യവിരുദ്ധ സമിതി മാർച്ച് പത്തിന് സഭാ ആസ്ഥാനത്ത് പ്രക്ഷോഭപരിപാടികൾക്കു തുടക്കമായി. സംസ്ഥാനത്താകമാനം മദ്യവിരുദ്ധ പ്രക്ഷോഭം അലയടിക്കുകയാണത്രേ. മദ്യവിരുദ്ധ സമിതി അതിൽ ഇടപെട്ട് ബഹുജനപ്രക്ഷോഭത്തിന് ശക്തിപകരുമെന്ന് പത്രക്കുറിപ്പുമിറങ്ങി.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിസ്ത്യാനികളുള്ള സംസ്ഥാനമാണ് നാഗാലാൻറ്. മദ്യം നിരോധിച്ച സംസ്ഥാനം. ആസാമിൽ നിന്ന് വ്യാജചാരായം ഒഴുകുകയാണവിടെ. മിസോറാമിലും നിരോധനമുണ്ടായിരുന്നു. ആസാം, മേഘാലയ എന്നിവിടങ്ങളിൽനിന്ന് മദ്യം കടത്തുന്നത് സ്ത്രീകളടക്കമുള്ളവരുടെ പ്രധാന വരുമാനമാർഗമായിരുന്നു.

2014 ജൂലൈ 10ന് മിസോറം അത്യഭൂതപൂർവമായ ഒരു കാഴ്ചയ്ക്കു സാക്ഷ്യം വഹിച്ചു. ജനത മുഴുവൻ നിയമസഭാ നടപടികളുടെ ലൈവ് ടെലികാസ്റ്റ് വീർപ്പടക്കി വീക്ഷിച്ചു. ഏഴു മണിക്കൂറോളം. അഞ്ചു മണിയ്ക്ക് മിസോറാം മദ്യനിരോധന നിയന്ത്രണ ബിൽ സഭ പാസാക്കി. ജനത നെടുവീർപ്പിട്ടു.

പെർമിറ്റുള്ളവർക്ക് മദ്യം വാങ്ങാൻ അനുമതി. ആറു ബോട്ടിൽ മദ്യവും പത്തു ബോട്ടിൽ ബിയറും വൈനും പെർമിറ്റുള്ളവർക്കു കൈവശം വെയ്ക്കാം. 520 രൂപ ബാങ്ക് ചെല്ലാനടച്ചാൽ പെർമിറ്റ് കാർഡു കിട്ടും. ആയിരങ്ങൾ ക്യൂ നിന്നു കാർഡു വാങ്ങി. ജനസംഖ്യയുടെ എൺപത്തേഴു ശതമാനവും ക്രിസ്ത്യാനികളാണ് മിസോറാമിൽ. ഒരു സഭയ്ക്കും പാതിരിയ്ക്കും പരാതിയുണ്ടായില്ല.

എന്തിനു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേയ്ക്കു പോകണം? ശതമാനക്കണക്കിൽ നോക്കിയാൽ ഗോവാ ജനസംഖ്യയിൽ രണ്ടാമത് ക്രിസ്ത്യാനികളാണ്. ഗോവയെന്നാൽ കുടിയന്മാരായ മലയാളികളുടെ പറുദീസയാണ്. ഒരു കുപ്പി ഫെനിയുടെ പറഞ്ഞറിയിക്കാനാവാത്ത ലഹരിയാണ് ഗോവയെന്ന സ്ഥലനാമം.

അപ്പോഴെന്താണ് കേരളത്തിലെ കത്തോലിക്കാ പാതിരിമാരുടെ പ്രശ്നം? വിശ്വാസവും ജനങ്ങളുടെ ആരോഗ്യവുമൊന്നുമല്ലെന്നു വ്യക്തം. ആണെങ്കിൽ ലോകമെങ്ങും അവരീ നിലപാട് എടുക്കേണ്ടതാണ്. ലോകത്തേറ്റവുമധികം വൈൻ ഉപഭോഗം വത്തിക്കാനിലാണ്. കാലിഫോർണിയ വൈൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് പ്രതിവർഷം വത്തിക്കാൻകാരൻ അകത്താക്കുന്നത് 74 ലിറ്റർ വൈനാണ്.

കർത്താവീശോമിശിഹ എന്തിനാണ് വെള്ളം വീഞ്ഞാക്കി മാറ്റിയത്? ദൈവം ലഹരിയ്ക്കെതിരാണെങ്കിൽ വീഞ്ഞിനെ വെള്ളമാക്കുകയല്ലേ വേണ്ടത്? തൃപ്തികരമായ വിശദീകരണം ഫ്രാൻസിസ് മാർപ്പാപ്പയുടേതാണ്. വൈൻ സൽക്കാരമില്ലാത്ത വിവാഹാഘോഷം നാണംകെട്ട പരിപാടിയാണെന്ന് ഈയിടെ അദ്ദേഹം തുറന്നടിച്ചു. ജീവിക്കാൻ വെള്ളമാണ് വേണ്ടത്. പക്ഷേ, മാർപ്പാപ്പയുടെ ദൃഷ്ടിയിൽ വീഞ്ഞ് ആനന്ദത്തിന്റെയും ആഘോഷത്തിന്റെയും സമൃദ്ധിയെ സൂചിപ്പിക്കുന്നു. അക്കാര്യം അദ്ദേഹം മറച്ചുവെച്ചില്ല. ആഴ്ചതോറുമുള്ള മതബോധന പ്രഭാഷണത്തിലൊരിക്കൽ തുറന്നു പറയുകയും ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ അക്കാര്യം റിപ്പോർട്ടു ചെയ്യുകയും ചെയ്തു. അതും പോരാഞ്ഞ്, കല്യാണപ്പാർടിയിൽ വീഞ്ഞിനു പകരം ചായ വിളമ്പുന്നത് ബോറൻ പരിപാടിയെന്നും മാർപ്പാപ്പ പറഞ്ഞുവച്ചു.

ഒരു തുള്ളി വീതം ഇറ്റിച്ചു കൊടുക്കുന്ന ഏർപ്പാടിനെപ്പറ്റിയല്ല മാർപ്പാപ്പ പറഞ്ഞത്. മൂക്കറ്റം വീഞ്ഞു മോന്തി, ഉന്മാദത്തിൽ പൂത്തുലയുന്നതിനെക്കുറിച്ചാണ്. ആനന്ദത്തിന്റെയും ആഘോഷത്തിന്റെയും ഉന്മാദം. അതിനാണ് വീഞ്ഞ്.

2015 മെയ് 20: എറണാകുളം - അങ്കമാലി അതിരൂപത വക ഒരപേക്ഷ സംസ്ഥാനത്തെ എക്സൈസ് വകുപ്പിനു ലഭിച്ചു. അതിരൂപതയുടെ കീഴിലുള്ള വീഞ്ഞു വാറ്റിന്റെ പരിധി 1600 ലിറ്ററിൽ നിന്ന് അയ്യായിരം ആക്കണമെന്നായിരുന്നു അപേക്ഷ. സംസ്ഥാനത്തെ ക്രിസ്ത്യാനികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവെന്ന് സെൻസസ് കണക്കുകളിൽ തെളിയാത്ത സാഹചര്യത്തിൽ മാർപ്പാപ്പ വിശദീകരിച്ചതാവണം കാര്യം. ആനന്ദത്തിന്റെ ധാരാളിത്തം!

പക്ഷേ, കത്തോലിക്കാസഭയുടെ അത്യുന്നത പാതിരിമാർക്ക് അതുക്കുംമേലെ ലഹരി കിട്ടുന്ന വേറൊരു കാഴ്ചയുണ്ട്. ഉമ്മൻചാണ്ടിയും കെ എം മാണിയുമൊക്കെ അധികാരക്കസേരയിൽ അമർന്നിരിക്കുന്ന കാഴ്ച. സംശയമുള്ളവർക്ക് 2016 ഏപ്രിലിൽ തൃശൂർ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയിൽ മാർ ആൻഡ്രൂസ് താഴത്ത് എഴുതിയ ലേഖനം വായിക്കാം. മദ്യം തന്നെ മുഖ്യവിഷയം എന്നു തലക്കെട്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പ് മദ്യാനുകൂലികളും മദ്യവിരോധികളും തമ്മിലുള്ള പോരാട്ടമായിരുന്നത്രേ. ഉമ്മൻചാണ്ടിയും കെ എം മാണിയുമൊക്കെ മദ്യവിരോധികളാണെന്ന താഴത്തിൽ പിതാവിന്റെ പ്രസ്താവന വായിച്ച് മറിയാമ്മയും കുട്ടിയമ്മയും ചിരിച്ചു ചിരിച്ചു ശീർഷാസനത്തിലായത്രേ.

അധികാരം പിടിച്ചെടുക്കാന്‍ വര്‍ഗീയ ധ്രുവീകരണം നടത്തുന്ന ഛിദ്രശക്‌തികളെയും മദ്യത്തെ വാഴ്‌ത്തിപ്പാടുന്നവരെയും ജനം ഒരേ തുലാസില്‍ അളക്കുമെന്നും താഴത്തിൽ പിതാവ് മുന്നറിയിപ്പു നൽകി. അക്രമവും അഴിമതിയും രാഷ്‌ട്രീയ ശൈലിയാക്കിയവരെ ജനം സമ്മതിദാനത്തിന്റെ പ്രതിക്കൂട്ടില്‍ വിചാരണ ചെയ്യുന്ന ദിവസമാണ്‌ മേയ്‌ 16 എന്നു തുറന്നടിച്ചു.

ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയ്ക്കെതിരെയും പാതിരിയുടെ വാളുയർന്നു. 10 വര്‍ഷം കൊണ്ട്‌ 10 ലക്ഷം പേര്‍ക്ക്‌ ജോലി വാഗ്‌ദാനം ചെയ്യുന്നവര്‍ സംസ്‌ഥാനത്ത്‌ പുതിയൊരു വ്യവസായമോ ഫാക്‌ടറിയോ വന്നാല്‍ അതിനെ തകര്‍ക്കാനായിരിക്കുമത്രേ ആദ്യം ശ്രമിക്കുക. യുഡിഎഫിന്റെ പ്രകടനപത്രികയ്ക്കു നേരെ താഴത്തിൽ പിതാവ് ലില്ലിപ്പൂക്കൾ വാരിയെറിഞ്ഞു. മദ്യവിഷത്തിനെതിരേ രണ്ടുവര്‍ഷം മുമ്പ്‌ നടപടിയെടുത്ത യു.ഡി.എഫിനു ജനസമക്ഷത്തു നില്‍ക്കാനാവുമെന്നു ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. മറുവശത്ത് മദ്യവര്‍ജനം പറയുന്ന എല്‍.ഡി.എഫ്‌., യു.ഡി.എഫ്‌. പൂട്ടിയ 730 ലേറെ ബാറുകള്‍ തുറക്കുമെന്നും മദ്യനിരോധന നയം പൊളിച്ചെഴുതുമെന്നും മുന്നറിയിപ്പ്‌ നല്‍കി.

തൃശൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ. കരുണാകരന്റെ മകൾ പത്മജയെ പ്രത്യേകം അഭിനന്ദിക്കാൻ താഴത്തിൽ പിതാവ് ലേഖനത്തിൽ സമയം നീക്കിവച്ചു. പത്മജയുടെ സ്ഥാനാർത്ഥിത്വം ഒരു ചരിത്രനിയോഗമാണെന്നായിരുന്നു പൊന്നുതിരുമേനിയുടെ തങ്കവെളിപാട്. ഈ സുവർണാവസരം വേണ്ടവിധം പ്രയോജനപ്പെടുത്തണമെന്ന്‌ അദ്ദേഹം വോട്ടർമാരെ ഉപദേശിച്ചു.

വോട്ടെണ്ണിയപ്പോൾ പത്മജ എട്ടുനിലയിൽ പൊട്ടി. തൃശൂർ ജില്ലയിൽ താഴത്തുപിതാവിന്റെ മുന്നണിയ്ക്കു കിട്ടിയത് ഒരേ ഒരു സീറ്റ്. ബാക്കി പന്ത്രണ്ടും എൽഡിഎഫ് തൂത്തുവാരി.

അപ്പോൾ മിശിഹായിൽ പ്രിയപ്പെട്ട പിതാവേ...

മദ്യം തന്നെ മുഖ്യവിഷയം എന്ന തലക്കെട്ടിൽ ഏപ്രിൽ ലക്കം കത്തോലിക്കാസഭയിൽ എഴുതിയ ലേഖനത്തിലെ വാദം ശരിയാണെങ്കിൽ ജനഹിതം മദ്യാനുകൂലികൾക്കാണ്. യുഡിഎഫിന്റെ മദ്യനയം സമ്പൂർണ തട്ടിപ്പും ഒന്നാന്തരം ഉഡായിപ്പുമാണെന്ന് കേരളത്തോട് വിളിച്ചു പറഞ്ഞുകൊണ്ടാണ് എൽഡിഎഫ് മത്സരിച്ചത്. ആ വാദം കേരള ജനതയുടെ മഹാഭൂരിപക്ഷം ശരിവച്ചു. 2016 ഏപ്രിൽ മാസത്തെ ജനവിധിയുടെ പച്ചമലയാളം അതാണ്.

അതായത്, മിശിഹായിൽ പ്രിയപ്പെട്ട പിതാവേ...

ഉമ്മൻചാണ്ടിയുടെ മദ്യനയം നടപ്പാക്കുകയല്ല പിണറായി വിജയന്റെ നിയോഗം. തട്ടിപ്പു പരിപാടിയ്ക്ക് എത്രയും വേഗം തിരശീല വീഴണം. അതാണ് ഈ നാടിന്റെ ആവശ്യം. അതിനു ജനസമ്മതി കിട്ടിക്കഴിഞ്ഞു.

അതുകൊണ്ട് മിശിഹായിൽ പ്രിയപ്പെട്ട പിതാവേ...

മദ്യത്തിനെതിരെയുള്ള കുരിശുയുദ്ധം സഭയിലെ വിശ്വാസികളോടു മതി. പൊതുസമൂഹത്തോടു വേണ്ട. നിങ്ങളെ അനുസരിക്കാനോ ആശയങ്ങൾ പങ്കുവെയ്ക്കാനോ ഈ സമൂഹത്തിൽ മഹാഭൂരിപക്ഷത്തിനും യാതൊരു ബാധ്യതയുമില്ല. ക്രിസ്ത്യൻ പുരോഹിതർ സത്യക്രിസ്ത്യാനികളെ ഭരിച്ചാൽ മതി.

മദ്യം വിശ്വാസികളിൽ വിലക്കി ആത്മാർത്ഥത തെളിയിക്കൂ. മദ്യം വിൽക്കുന്നവനും മൂക്കറ്റം മോന്തുന്നവനും വിവാഹം, മാമോദീസ, കുമ്പസാരം തുടങ്ങിയ കൂദാശകൾ വിലക്കി സമൂഹത്തിന്റെ വിശ്വാസം നേടൂ. മൂക്കറ്റം കുടിക്കുന്നവർക്കും ഇന്ത്യൻ നിർമ്മിത വിദേശമദ്യവും ബീയറും എമ്പാടും വിറ്റ് കൊള്ളലാഭം കൊയ്യുന്ന ബാർ മുതലാളിമാർക്കും തെമ്മാടിക്കുഴികൾ റിസർവു ചെയ്യൂ. മദ്യത്തിന്റെ പേരിൽ യുഡിഎഫ് മുന്നണിയ്ക്കുള്ള ഒളിസേവ അവസാനിപ്പിക്കൂ..

എന്നിട്ട് മിശിഹായിൽ പ്രിയപ്പെട്ട പിതാവേ...

വത്തിക്കാൻകാരുടെ ആളോഹരി വൈൻ ഭ്രാന്ത് അവസാനിപ്പിക്കാൻ നമുക്കൊരുമിച്ച് സന്ധിയില്ലാ സമരം പ്രഖ്യാപിക്കാം. സമസ്ത സൃഷ്ടികളുടെയും മകുടമായി ദൈവം സൃഷ്ടിച്ച വത്തിക്കാനിലെ മനുഷ്യൻ തന്നെ നിയോഗിച്ചവന്റെ വിളി മറന്ന് പ്രതിവർഷം 74 ലിറ്റർ അമറൻ വീഞ്ഞ് അകത്താക്കി നന്മയുടെ മുഖം നഷ്ടമാക്കുന്ന സമകാലിക ചിത്രം നമ്മെയെല്ലാവരെയും നൊമ്പരപ്പെടുത്തുന്നുണ്ട്. മദ്യാസക്തി ദുർമ്മോഹങ്ങളിലേയ്ക്കു നയിക്കുന്നതാണെന്നും അന്ധകാരത്തിന്റെ പ്രവൃത്തിയാണെന്നുമുള്ള തിരുവചനം മൂക്കറ്റം വൈൻ മോന്തുന്ന വത്തിക്കാൻകാരൻ മറന്നു പോയിരിക്കുന്നു. മദ്യപാനി ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന പൗലോസ് ശ്ലീഹായുടെ പ്രഖ്യാപനത്തിന്റെ പൊരുളും അവർ ഓർക്കുന്നേയില്ല.

മിശിഹായിൽ പ്രിയപ്പെട്ട പിതാവേ...

വത്തിക്കാൻ സമൂഹത്തെ മദ്യലഹരി വിമുക്തമാക്കുകയെന്ന വിശുദ്ധ ദൌത്യത്തിൽ നമുക്ക് ഓരോരുത്തർക്കും പങ്കാളിയാകാം. ഇതിനാവശ്യമായ ബോധ്യവും പ്രവർത്തനക്ഷമതയും നൽകി ഉത്തരവാദിത്തപ്പെട്ടവരെ അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുകയുമാവാം...

ബാറിലോ ബിവറേജിലോ പോയി രണ്ടെണ്ണം അടിക്കാനുള്ള വക സംഘടിപ്പിക്കുന്ന പാവം കേരളീയന്റെ ചെലവിൽ വേണോ, ഉമ്മൻചാണ്ടിയ്ക്കും കെ എം മാണിയ്ക്കുമുള്ള രാഷ്ട്രീയവയാഗ്ര... ?

വായിക്കുക-